Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'രാത്രി നല്ല ഉറക്കത്തിലായിരിക്കുമ്പോഴാണ് എന്നെ ബലമായി പിടിച്ച് ആശുപത്രിയിലാക്കിയത്; മൂന്ന് പുരുഷന്മാർ മുറിയിലേക്ക് ഇടിച്ചുകയറി മരുന്ന് കുത്തി വച്ച് കെട്ടിയിട്ടാണ് എന്നെ മെന്റൽ ഹോസ്പിറ്റലിൽ ആക്കിയത്; അഡ്‌മിറ്റ് ചെയ്ത് രണ്ടുദിവസത്തിന് ശേഷമാണ് ബോധം വീണത്; എന്നെ കട്ടിലിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു അവർ; പ്രണയത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ രണ്ടുപേരെയും തട്ടിക്കളയുമെന്ന് ഭീഷണിയും': ഹൈക്കോടതി ഇടപെടലിൽ മോചിതയായി ഗഫൂറിനൊപ്പമെത്തിയ സാബിക്കയുടെ ഞെട്ടിക്കുന്ന കഥ

'രാത്രി നല്ല ഉറക്കത്തിലായിരിക്കുമ്പോഴാണ് എന്നെ ബലമായി പിടിച്ച് ആശുപത്രിയിലാക്കിയത്; മൂന്ന് പുരുഷന്മാർ മുറിയിലേക്ക് ഇടിച്ചുകയറി മരുന്ന് കുത്തി വച്ച് കെട്ടിയിട്ടാണ് എന്നെ മെന്റൽ ഹോസ്പിറ്റലിൽ ആക്കിയത്; അഡ്‌മിറ്റ് ചെയ്ത് രണ്ടുദിവസത്തിന് ശേഷമാണ് ബോധം വീണത്; എന്നെ കട്ടിലിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു അവർ; പ്രണയത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ രണ്ടുപേരെയും തട്ടിക്കളയുമെന്ന് ഭീഷണിയും': ഹൈക്കോടതി ഇടപെടലിൽ മോചിതയായി ഗഫൂറിനൊപ്പമെത്തിയ സാബിക്കയുടെ ഞെട്ടിക്കുന്ന കഥ

മറുനാടൻ മലയാളി ബ്യൂറോ

പെരിന്തൽമണ്ണ: സ്‌നേഹിക്കാൻ അല്ലെങ്കിൽ പ്രണയിക്കാൻ ഒരാൾ ജീവിതത്തിൽ ഉണ്ടാകുമ്പോഴാണ് അത് ജീവിതമായി തോന്നുന്നത് എന്നൊക്കെ പറയാറുണ്ട്. ജീവിതം ജീവിതമാകുന്നത് അപ്പോഴാണെന്നും പ്രണയികൾ സാക്ഷ്യം പറയും. എന്നാൽ, ജീവിതം പ്രായോഗികതയുടെ കണ്ണിൽ കൂടി മാത്രം കാണുമ്പോൾ പ്രണയത്തിന്റെ ത്രാസ് ഉയർന്നുനിൽക്കും. പെരിന്തൽമണ്ണയിൽ എട്ടുവർഷത്തെ പ്രണയത്തിന് ഒടുവിൽ ഒന്നാകാൻ തീരുമാനിച്ചപ്പോൾ ഗഫൂറിനും സാബിക്കയ്ക്കും മുന്നിൽ തടസ്സമായത് വീട്ടുകാരുടെ എതിർപ്പ് തന്നെ. ഒരേ സമുദായക്കാരായിട്ട് പോലും വന്ന എതിർപ്പ് എന്തിന്റെ പേരിലുമാകട്ട, പ്രണയത്തിൽ നിന്ന് പെൺകുട്ടിയെ പിന്തിരിപ്പിക്കാൻ പെൺവീട്ടുകാർ നടത്തിയ നാടകം അതിക്രമമായി മാറി. പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പെൺകുട്ടിയെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി ബലമായി മരുന്ന് കുത്തി വച്ച് അവശയാക്കിയത് ഗഫൂറിനെ ഞെട്ടിച്ചുകളഞ്ഞു.തന്നോട് വീട്ടുകാർ കാട്ടിയ ക്രൂരത പെൺകുട്ടി മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞു.

എട്ടുവർഷമായി പ്രണയത്തിലായിരുന്നു ഗഫൂറും സാബിക്കയും എന്നു പറഞ്ഞല്ലോ. പെൺകുട്ടിയെ ബന്ധത്തിൽ നിന്ന് പിന്ത്ിരിപ്പിക്കാൻ വീട്ടുകാരുടെ കുത്സിത പ്രവൃത്തി ഇങ്ങനെ:

'ഒരു ദിവസം രാത്രി ഉറങ്ങുകയായിരുന്ന എന്നെ ബലമായി പിടിച്ച്‌
ആശുപത്രിയിലാക്കുകയായിരുന്നു. അപരിചിതരായ മൂന്ന് പുരുഷന്മാർ റൂമിലെത്തി മരുന്ന് കുത്തിവച്ച് കെട്ടിയിട്ടാണ് എന്നെ മെന്റൽ ഹോസ്പിറ്റലിലാക്കിയത്. ആദ്യം എസ്.എച്ച് ഹോസ്പിറ്റലിലാണ് അഡ്‌മിറ്റാക്കിയത്. അവിടെ അഡ്‌മിറ്റ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് എനിക്ക് ബോധം വന്നത്. ഓർമ വന്നപ്പോൾ എന്നെ എന്തിനാണ് ഇവിടെ കൊണ്ടുവന്നതെന്ന് ചോദിച്ചെങ്കിലും ആരും മറുപടി തന്നില്ല. ആ സമയത്ത് എന്നെ കട്ടിലിൽ കെട്ടിയിട്ട നിലയിലായിരുന്നു. അവര് അതിന് ശേഷം ആഹാരമൊന്നും തന്നില്ല. പ്രാഥമിക കാര്യങ്ങൾ പോലും കട്ടിലിലാണ് ചെയ്തത്. പിന്നീട് രണ്ട് ദിവസത്തിന് ശേഷമാണ് ഭക്ഷണം തന്നത്. രണ്ട് ദിവസം മരുന്ന് കുത്തിവച്ചു. ഡോക്ടറെ കാണാൻ അനുവദിച്ചില്ല. ഡോ.കുരുവിളയാണ് എന്റെ ഡോക്ടർ. അദ്ദേഹത്തെ വീട്ടുകാർക്ക് മുൻപരിചയമുള്ളതുകൊണ്ടാണ് ആ ഹോസ്പിറ്റലിൽ കൊണ്ടുവന്നത്. വീട്ടുകാർ ഇടക്കിടക്ക് കാണാൻ വരും. പ്രണയബന്ധത്തിൽ നിന്നും പിന്മാറണമെന്ന് പറയും. ഞാനത് സമ്മതിക്കാത്തതുകൊണ്ട് ഭീഷണിപ്പെടുത്തും. ഞങ്ങളെ രണ്ട് പേരെയും കൊന്നുകളയുമെന്ന് പറയും. ഒരുമിച്ച് ജീവിക്കാൻ സമ്മതിക്കില്ലെന്നായിരുന്നു ഭീഷണി. ഒരു മാസം ആശുപത്രിയിലുണ്ടായിട്ടും മൂന്ന് തവണയാണ് ഡോക്ടറെ കണ്ടിട്ടുള്ളത്. ഒരു കൗൺസിലിങ് പോലും തന്നിട്ടില്ല.

ഇവരെ എതിർത്താൽ പുറംലോകം കാണാൻ സാധിക്കില്ലെന്ന് എനിക്ക് മനസിലായി. പ്രണയബന്ധത്തിൽ നിന്നും പിന്മാറാമെന്ന് പിന്നീട് ഞാൻ പറഞ്ഞു. പിറ്റേദിവസം എന്നെ കൂത്താട്ടുകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ എനിക്ക് മെഡിസിൻ കൂട്ടിത്തന്നു. സംസാരിക്കാൻ പോലും സാധിക്കുമായിരുന്നില്ല. ശരിക്കും പാരലൈസ്ഡ് ആയ പോലെ തോന്നി.'

മരുന്നുകുത്തി വച്ച് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയവരിൽ രണ്ടുപേർ തൊടുപുഴ പൈങ്കുളം സേക്രഡ് ഹാർട്ട് ആശുപത്രിയിലെ നഴ്‌സുമാരാണ്. പിതാവിന്റെ സാന്നിധ്യത്തിലാണ് ബലമായി മരുന്നു കുത്തിവെച്ചത്. ഒരു മാസം മാനസികാരോഗ്യ കേന്ദ്രത്തിൽ പൂട്ടിയിട്ട് നിരവധി മരുന്നുകൾ നൽകിയെന്നും പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.

ഹേബിയസ് കോർപസ് ഹർജി നൽകിയാണ് ഗഫൂർ തന്റെ പ്രണയിനിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത്. സാബിക്കയെ ഇല്ലാത്ത മാനസിക പ്രശ്നത്തിന്റെ പേരിൽ ചികിത്സിച്ച ആശുപത്രിക്കെതിരെയും നടപടി വരും. കേസ് ഡിവൈ.എസ്‌പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാൻ കോടതി ഉത്തരവിട്ടതായി പൊലീസ് അറിയിച്ചിട്ടുണ്ട്. മാനസിക ചികിത്സാകേന്ദ്രങ്ങൾക്കെതിരേയും അന്വേഷണം വേണമെന്ന് അഭിപ്രായപ്പെട്ട കോടതി ഇരുവർക്കും പൊലീസ് സംരക്ഷണം നൽകാൻ തൃശ്ശൂർ റൂറൽ എസ്‌പിക്ക് നിർദ്ദേശവുംനൽകി. പെൺകുട്ടിയുടെ വീട്ടുകാർ വീണ്ടും ഭീഷണിയുമായി എത്തുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് പൊലീസ് കൂടുതൽ സുരക്ഷ ഒരുക്കുന്നത്. ഒരു മാസത്തോളമാണ് യുവാവുമായുള്ള പ്രണയബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻവേണ്ടി വീട്ടുകാർ 27കാരിയായ യുവതിയെ മാനസിക രോഗ കേന്ദ്രത്തിലാക്കിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്

കോഴിക്കോട് മുക്കത്ത് ബി.ഡി.എസിന് പഠിക്കുന്ന യുവതി ഏഴുവർഷമായി യുവാവുമായി പ്രണയത്തിലാണ്. ഒരേ സമുദായത്തിൽപ്പെട്ടവരാണെങ്കിലും വീട്ടുകാർ വിവാഹത്തെ എതിർത്തു. പെരിന്തൽമണ്ണ ചെറുകര മലറോഡ് സ്വദേശിനി സാബിക്ക (27)യാണ് ദുരഭിമാനത്തെ തുടർന്ന മാനസികരോഗ ആശുപത്രിയിൽ കഴിയേണ്ടി വന്നത്. ഗഫൂർ എന്ന യുവാവിനോടുള്ള പ്രണയമാണ് പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തത്. ഈ പ്രണയം വിവാഹത്തിൽ എത്തുമെന്ന് ഭയന്ന പിതാവ് യുവതിയെ തട്ടിക്കൊണ്ട് പോയി മാനസികാരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്ു. ബിഡിഎസ് വിദ്യാർത്ഥിനിയെ സ്‌നേഹിക്കുന്ന യുവാവുമായുള്ള വിവാഹം നടത്തിത്തരാമെന്നു വാഗ്ദാനം ചെയ്താണ് മാനസികാരോഗ്യ ആശുപത്രിയിലാക്കിയത്.

ഹൈക്കോടതി യുവതിയെ കാമുകനായ തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശി ഗഫൂറിനൊപ്പം വിട്ടയക്കുകയായിരുന്നു. ഗഫൂറുമായുള്ള വിവാഹം നടത്തിത്തരാമെന്നു വിശ്വസിപ്പിച്ച പിതാവ് വിളിച്ചു വരുത്തിയ ശേഷം തന്നെ തട്ടിക്കൊണ്ടുപോവുകയും മാനസികാരോഗ്യ കേന്ദ്രങ്ങളിൽ തളയ്ക്കുകയായിരുന്നു എന്നാണ് സാബിക്ക പൊലീസിൽ മൊഴി നൽകിയത്. ഈ മൊഴി നിർണായകമായതോടെ ഹൈക്കോടതിയിൽ നിന്നും നടപടിയും വന്നു. കുടുംബം വിവാഹത്തെ എതിർത്തതിനെ തുടർന്ന് നിയമപ്രകാരം വിവാഹത്തിന് ശ്രമിച്ച് വരുന്നതിനിടെയായിരുന്നു യുവതിയെ മാനസിക രോഗ ആശുപത്രിയിലാക്കിയത്.

കഴിഞ്ഞ മാസം അഞ്ചിന് കാണാതായ ഇവരെ വ്യാഴാഴ്ചയാണ് പൊലീസിന് കണ്ടെത്താനായത്. ഗഫൂർ ഹേബിയസ് കോർപ്പിയസ് ഹർജി നൽകിയതിനെ തുടർന്ന് ഹൈക്കോടതി നിർദ്ദേശ പ്രകാരമായിരുന്നു അന്വേഷണം. ഇടുക്കി, എറണാകുളം ജില്ലകളിലെ പല മാനസിക ചികിത്സാ കേന്ദ്രങ്ങളിൽ തന്നെ മാറിമാറി താമസിപ്പിക്കുകയായിരുന്നുവെന്ന് സാബിക്ക പൊലീസിനെ അറിയിച്ചു. ഏഴ് വർഷമായി തൃശൂർ സ്വദേശി ഗഫൂറുമായി പ്രണയത്തിയിരുന്നു സാബിക്ക. സാമ്പത്തിക ശേഷി ഇല്ലെന്നു പറഞ്ഞായിരുന്നു വിവാഹത്തെ വീട്ടുകാർ എതിർത്തത്.

അതോടെ വീടുവിട്ട് ഗഫൂറിനൊപ്പം താമസിച്ചു വരികയായിരുന്നു യുവതി. തുടർന്ന് നിയമപ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടെ വിവാഹം നടത്തി തരാമെന്ന് വാഗ്ദാനം നൽകി നവംബർ മൂന്നിന് പിതാവ് ഫോണിൽ ബന്ധപ്പെടുകയും വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. പിന്നീട് സാബിക്കയെ കാണാതായതോടെയാണ് ഗഫൂർ ഹൈക്കോടതിയെ സമീപിച്ചത്. മകൾ തങ്ങളുടെ കൈവശമില്ലെന്ന സത്യവാങ്മൂലമാണ് ഹൈക്കോടതിയിൽ പിതാവ് നൽകിയത്. ഹൈക്കോടതി രണ്ട് തവണ നോട്ടീസ് നൽകിയപ്പോഴും ഇതായിരുന്നു നിലപാട്.

പൊലീസ് അന്വേഷണത്തിൽ സാബിക്കയെ കൂത്താട്ടുകുളത്തെ മാനസിക ചികിത്സാ കേന്ദ്രത്തിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. മാനസിക രോഗങ്ങളൊന്നും ഇല്ലാതിരുന്ന തന്നെ പിതാവും ബന്ധുക്കളും കൂടി തൊടുപുഴ പൈങ്കുളം മാനസിക ചികിത്സാ കേന്ദ്രത്തിലും പിന്നീട് കൂത്താട്ടുകുളം മാനസിക ചികിത്സാ കേന്ദ്രത്തിലും തടവിൽ പാർപ്പിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് സാബിക്ക പറഞ്ഞു. നവംബർ അഞ്ചിന് രാത്രി ബന്ധുക്കളും പൈങ്കുളം ആശുപത്രി ജീവനക്കാരും ബലമായി പിടിച്ചു കെട്ടി ഏതോ ഇൻജക്ഷൻ നൽകി മയക്കിയാണ് ആശുപത്രിയിലെത്തിച്ചത്.

പൊലീസെത്തിയ ശേഷമാണ് പുറംലോകം കാണാനായത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നേരത്തെ മാനസിക പ്രശ്നങ്ങൾ ഉള്ളതിന്റെ രേഖകളൊന്നും കണ്ടെത്താനായില്ല. ആശുപത്രിയിൽ കഴിയവെ എടുത്ത ചിത്രങ്ങളിൽ മാനസിക ചികിത്സയെ തുടർന്ന് അവശനിലയിലായതായി മനസിലാവുകയും ചെയ്തു. ഗഫൂറിന്റെ പരാതി പ്രകാരം തട്ടിക്കൊണ്ട്പോയതിനും അന്യായമായി തടങ്കലിൽ വച്ച് പീഡിപ്പിച്ചതിനും പിതാവ് ഏലംകുളം വാഴത്തൊടി അലി, സഹോദരൻ ഷഫീഖ്, ബന്ധു നാട്ടുകൽ 53 സ്വദേശി ഷഹീൻ എന്നിവർക്കെതിരെ കേസെടുത്തതായി എസ് ഐ മൻജിത്ത് ലാൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP