Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മുസ്‌ലിം സ്ത്രീകൾ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിർത്താൻ സ്റ്റെറിലൈസ് ചെയ്യണം' എന്ന വിദ്വേഷ പ്രസ്താവനയിൽ കെ.ആർ ഇന്ദിരക്കെതിരായ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല; വംശീയ വിദ്വേഷ പ്രസ്താവനയിൽ പ്രതിഷേധിച്ച എസ്‌ഐ.ഒ പ്രവർത്തകർക്ക് തടവ് ശിക്ഷയും പിഴയും; വ്യക്തമായത് നീതി നിർവ്വഹണത്തിലെ ആഭ്യന്തര മന്ത്രി പിണറായി വിജയൻ പൊലീസിന്റെ ഇരട്ടത്താപ്പെന്ന് വിമർശനം

'മുസ്‌ലിം സ്ത്രീകൾ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിർത്താൻ സ്റ്റെറിലൈസ് ചെയ്യണം' എന്ന വിദ്വേഷ പ്രസ്താവനയിൽ കെ.ആർ ഇന്ദിരക്കെതിരായ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല; വംശീയ വിദ്വേഷ പ്രസ്താവനയിൽ പ്രതിഷേധിച്ച എസ്‌ഐ.ഒ പ്രവർത്തകർക്ക് തടവ് ശിക്ഷയും പിഴയും; വ്യക്തമായത് നീതി നിർവ്വഹണത്തിലെ ആഭ്യന്തര മന്ത്രി പിണറായി വിജയൻ പൊലീസിന്റെ ഇരട്ടത്താപ്പെന്ന് വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: 'മുസ്‌ലിം സ്ത്രീകൾ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിർത്താൻ സ്റ്റെറിലൈസ് ചെയ്യണം' എന്ന വംശീയ പ്രസ്താവന നടത്തിയ കെ ആർ ഇന്ദരിക്കെതിരെ അന്വേഷണം പൊലീസ് പ്രഖ്യാപിച്ചിട്ടും കേസ് എങ്ങുമെത്തിയില്ല. അതേസമയം ഈ വിവാദ പ്രസ്താവനയിൽ പ്രതിഷേധം രേഖപ്പെടുത്തിയ എസ്‌ഐ.ഒ പ്രവർത്തകർക്കെതിരെ കുറ്റപത്രവും ശിക്ഷയും എത്തി. സംഭവത്തിൽ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലൂടെ ശക്തമാകുന്നത്.

2019 സെപ്റ്റംബർ 11നാണ് ഇന്ദിരക്കെതിരായ കേസിൽ പൊലീസ് നിരുത്തരവാദപരമായി നീങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടി എസ്‌ഐ.ഒ പ്രവർത്തകർ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് നടത്തിയ 11 എസ്‌ഐ.ഒ പ്രവർത്തകർക്കെതിരെ അന്ന് പൊലീസ് കേസെടുത്തിരുന്നു. കേസിന്റെ തുടർ കോടതി വിധിയിലാണ് എസ്‌ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷഫീഖ് അന്നമനട അടക്കമുള്ള 11 പ്രവർത്തകർക്ക് കൊടുങ്ങല്ലൂർ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒരു ദിവസത്തെ തടവും 750 രൂപ പിഴയും വിധിച്ചത്.

കോടതിപിരിയും വരെയുള്ള തടവും ശിക്ഷയാണ് മാർച്ച് നടത്തിയ 11 പേർക്കെതിരെ കോടതി വിധിച്ചത്. കേസിൽ പ്രതിഷേധിച്ചവർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കുറ്റപത്രവും വിചാരണയും ശിക്ഷയും വിധിച്ചതിലൂടെ ആഭ്യന്തര മന്ത്രി പിണറായി വിജയൻ പൊലീസിന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടാനായെന്ന് എസ്‌ഐ.ഒ സംസ്ഥാന പ്രസിഡണ്ട് സാലിഹ് കോട്ടപ്പള്ളി പറഞ്ഞു. പൊലീസിന്റെ നീതി നിർവ്വഹണത്തിലെ ഇരട്ടത്താപ്പാണ് വെളിവായതെന്നാണ് ഉയരുന്ന വിമർശനം.

അതേസമയം കെ.ആർ ഇന്ദിരക്കെതിരായ കേസിൽ ഫേസ്‌ബുക്കിൽ നിന്ന് രേഖകൾ കിട്ടാത്തത് മൂലമാണ് നടപടി വൈകുന്നതെന്നാണ് പൊലീസ് വാദിക്കുന്നത്. 2019 സെപ്റ്റംബർ രണ്ടിനാണ് കെ.ആർ ഇന്ദിര ഫേസ്‌ബുക്കിൽ വംശീയ വിദ്വേഷം പ്രകടിപ്പിക്കുന്ന കുറിപ്പ് പ്രസിദ്ധീകരിച്ചത്. അസമിലെ അന്തിമ ദേശീയ പൗരത്വ പട്ടികയിൽ നിന്നും പത്തൊമ്പത് ലക്ഷം പേർ പുറത്തായതുമായി ബന്ധപ്പെട്ടാണ് ഇന്ദിര ഫേസ്‌ബുക്കിൽ വംശീയ വിദ്വേഷമടങ്ങിയ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇന്ത്യൻ പൗരർ അല്ലാതാകുന്നവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പിൽ മിനിമം സൗകര്യങ്ങൾ നൽകി പാർപ്പിക്കുകയും സ്റ്റെറിലൈസ് ചെയ്യുകയും വേണമെന്നാണ് കെ.ആർ ഇന്ദിര ഫേസ്‌ബുക്ക് കുറിപ്പിൽ കുറിച്ചത്.

അതുമായി ബന്ധപ്പെട്ട ഫേസ്‌ബുക്ക് ചർച്ചകളിലും വംശീയവും വർഗീയവുമായ രീതിയിലാണ് കെ.ആർ ഇന്ദിര സംസാരിച്ചത്. 'മുസ്‌ലിം സ്ത്രീകൾ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിർത്താനാണ് സ്റ്റെറിലൈസ് ചെയ്യുന്നതെന്നും പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലർത്തി വേണം മുസ്‌ലിംകളുടെ പ്രസവം നിർത്താനെന്നും കെ.ആർ ഇന്ദിര ഫേസ്‌ബുക്കിൽ പറഞ്ഞു.' ആകാശവാണി പ്രോഗ്രാം പ്രൊഡ്യൂസറും എഴുത്തുകാരിയുമായ ഇന്ദിരയുടെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ വ്യാപകമായ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നിരുന്നത്.

കെ.ആർ ഇന്ദിരയുടെ വംശീയ പ്രസ്താവനക്കെതിരെ മനുഷ്യാവകാശ പ്രവർത്തകനായ എം.ആർ വിപിൻ ദാസ്, ദലിത് ആക്റ്റിവിസ്റ്റ് ദിനു വെയിൽ, സുപ്രീംകോടതി അഭിഭാഷകൻ ശ്രീജിത്ത് പെരുമന, മനുഷ്യാവകാശ പ്രവർത്തക രേഖാ രാജ്, എസ്‌ഐ.ഒ നേതാക്കൾ തുടങ്ങിയവർ പരാതി നൽകിയിരുന്നു. തുടർന്ന് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. സമൂഹത്തിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിന് ജാമ്യമില്ല വകുപ്പായ ഐപിസി 153 എ പ്രകാരവും, സാമൂഹ്യ മാധ്യമങ്ങൾ വഴി അപകീർത്തിപരമായ പ്രചാരണം നടത്തിയതിന് 120 ഒ വകുപ്പ് പ്രകാരവുമാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP