Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൽഡിഎഫ് എംഎൽഎമാരിൽ ചങ്ങനാശ്ശേരി ചാരന്മാർ; നാട്ടിൽ ഏതു സർക്കാർ വന്നാലും സവർണ ലോബി ഹൈജാക്ക് ചെയ്യും; ചങ്ങനാശേരിയിൽ നിന്നും കിട്ടിയ കത്ത് മാത്രം വച്ച് എൽഡിഎഫ് സർക്കാർ മുന്നാക്കക്കാർക്ക് ദേവസ്വം ബോർഡുകളിൽ സംവരണം നൽകി; വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ; പിന്നിൽ നിന്നു കുത്തുന്ന ബ്രൂട്ടസുകളുമുണ്ട്; എസ്എൻഡിപി യോഗത്തെ തകർക്കാൻ അധികാരമത്ത് തലയ്ക്കു പിടിച്ച ചിലർ ശ്രമിക്കുന്നെന്ന് സുഭാഷ് വാസുവിനെയും സെൻകുമാറിനെയും ഉന്നംവെച്ച് യോഗം ജനറൽ സെക്രട്ടറി

എൽഡിഎഫ് എംഎൽഎമാരിൽ ചങ്ങനാശ്ശേരി ചാരന്മാർ; നാട്ടിൽ ഏതു സർക്കാർ വന്നാലും സവർണ ലോബി ഹൈജാക്ക് ചെയ്യും; ചങ്ങനാശേരിയിൽ നിന്നും കിട്ടിയ കത്ത് മാത്രം വച്ച് എൽഡിഎഫ് സർക്കാർ മുന്നാക്കക്കാർക്ക് ദേവസ്വം ബോർഡുകളിൽ സംവരണം നൽകി; വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ; പിന്നിൽ നിന്നു കുത്തുന്ന ബ്രൂട്ടസുകളുമുണ്ട്; എസ്എൻഡിപി യോഗത്തെ തകർക്കാൻ അധികാരമത്ത് തലയ്ക്കു പിടിച്ച ചിലർ ശ്രമിക്കുന്നെന്ന് സുഭാഷ് വാസുവിനെയും സെൻകുമാറിനെയും ഉന്നംവെച്ച് യോഗം ജനറൽ സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: എൽഡിഎഫ് എംഎൽഎമാരിൽ ചിലർ ചങ്ങനാശ്ശേരി ചാരന്മാരാണെന്ന വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പകലിനെ പറഞ്ഞ് ഇരുട്ടാക്കിച്ച് അവകാശങ്ങളും അധികാരങ്ങളും സവർണർ കൊണ്ടുപോകുന്നുവെന്ന വിമർശനമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. ഈഴവനു സംവരണം നൽകരുതെന്നാണ് ചങ്ങനാശേരിയിൽ നിന്നു കോടതിയിൽ നൽകിയ സത്യവാങ്മൂലമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈഴവന്മാർ സമ്പന്നരാണെന്നാണു പറഞ്ഞ കാരണം. ഈ പച്ചക്കള്ളത്തിനെതിരെ ആരെങ്കിലും പ്രതികരിച്ചോ? നാട്ടിൽ ഏതു സർക്കാർ വന്നാലും സവർണ ലോബി ഹൈജാക്ക് ചെയ്യും. സമരം നടത്തുക പോലും ചെയ്യാതെയാണ് എൽഡിഎഫ് സർക്കാർ ചങ്ങനാശേരിയിൽ നിന്നു കിട്ടിയ കത്ത് മാത്രം വച്ച് മുന്നാക്കക്കാർക്ക് ദേവസ്വം ബോർഡുകളിൽ സംവരണം നൽകിയതെന്നും എൽഡിഎഫ് എംഎൽഎമാരിൽ ചങ്ങനാശേരിയുടെ ചാരന്മാരുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

അടുത്തകാലത്തായി വെള്ളാപ്പള്ളി പാളയത്തിൽ നിന്നും ഇടഞ്ഞ മാവേലിക്കര എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസുവിനെതിരെയും വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചു. എസ്എൻഡിപി യോഗത്തെ തകർക്കാൻ അധികാരമത്ത് തലയ്ക്കു പിടിച്ച ചിലർ ശ്രമിക്കുന്നതായാണ് വെള്ളാപ്പള്ളിയുടെ വിമർശനം. സുഭാഷ് വാസുവിനെ കൂടാതെ ടി.പി.സെൻകുമാറിനെതിരെയും വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചു.

ഡിസംബർ 25 നു മുൻപ് യോഗത്തെ റിസീവർ ഭരണത്തിനു കീഴിലാക്കുമെന്നും അതിന്റെ ചെയർമാനായി ഒരു മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ വരുമെന്നും ചിലർ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നുണ്ടെന്ന് മാവേലിക്കര എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസുവിനെപ്പറ്റി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. പ്രചാരണം നടത്തുന്നയാൾ സെക്രട്ടറിയാകുമെന്നാണ് രാവിലെ മുതൽ ഫോൺ വിളിച്ച് വിവിധ യൂണിയൻ ഭാരവാഹികളോടു പറയുന്നത്. എസ്എൻഡിപി യോഗമെന്ന സ്വന്തം കുഞ്ഞിനെ കൊല്ലാനാണ് ഇവരുടെ ശ്രമം.- വെള്ളാപ്പള്ളി ആരോപിച്ചു.

'മാവേലിക്കര യൂണിയനിലുൾപ്പെടെ മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട ക്രമക്കേടുകളുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതെല്ലാം തന്റെ തലയിൽ കെട്ടിവയ്ക്കാനാണു ശ്രമം. കട്ടവനു കുഴപ്പമില്ല, കട്ടതു കണ്ടുപിടിച്ചവനാണ് കുറ്റം. മാവേലിക്കര യൂണിയനിലെ ക്രമക്കേടുകളെപ്പറ്റിയുള്ള അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയതു സംസ്ഥാന പൊലീസ് മേധാവിയാണ്. അതിന് എന്നെ ചീത്ത പറഞ്ഞിട്ടു കാര്യമുണ്ടോ? വാട്‌സാപ്പും ഫേസ്‌ബുക്കുമല്ല ഈ രാജ്യത്തെ നയിക്കുന്നത്. ഇരുട്ടിന്റെ മറവിൽ നിന്നു ഡ്യൂപ്പുകളെ നിർത്തി ഹൈക്കോടതിയിൽ കേസ് കൊടുത്തിരിക്കുന്നു. ഇങ്ങനെ ചില ശക്തികളുണ്ട്. പിന്നിൽ നിന്നു കുത്തുന്ന ബ്രൂട്ടസുകളാണ് ഇവർ. നേർക്കുനേർ നിന്നു പറയാൻ ധൈര്യവും തന്റേടവും ഇവർക്കില്ല. പണം കൊണ്ട് പിടിച്ചെടുക്കാൻ സാധിക്കുന്ന സംഘടനയല്ല എസ്എൻഡിപി യോഗം' - വെള്ളാപ്പള്ളി പറഞ്ഞു.

ആദ്യം അപ്പനും മോനും (വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും) തമ്മിൽ തർക്കമാണെന്നും മോൻ (തുഷാർ) തനിക്കൊപ്പമാണെന്നും പ്രചാരണം നടത്തിയ ഇയാൾ ഇപ്പോൾ അപ്പനെയും മകനെയും ഒതുക്കണമെന്നാണ് പ്രചരിപ്പിക്കുന്നത്. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് ഈ നീക്കമെന്നു പ്രചരിപ്പിക്കുന്നയാൾ അമിത് ഷായുടെ രോമം പോലും അടുത്തു നിന്നു കണ്ടിട്ടില്ലാത്തയാളാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലും കോന്നിയിലും എൻഎസ്എസ് പരസ്യമായി യുഡിഎഫിനു വേണ്ടി വോട്ടു പിടിച്ചിട്ട് ഏതെങ്കിലും ബിജെപിക്കാരൻ അവരെ തള്ളിപ്പറഞ്ഞോ? എൻഎസ്എസ് പരസ്യമായി നിലപാടെടുത്താൽ അതിനെ എതിർക്കാൻ ധൈര്യമില്ല. രണ്ടു മണ്ഡലങ്ങളിലും തോറ്റപ്പോൾ കോൺഗ്രസ് എൻഎസ്എസിനെ വെള്ളപൂശുകയും ചെയ്തു. ഇതേ സ്ഥാനത്ത് എസ്എൻഡിപി യോഗമായിരുന്നെങ്കിൽ തന്നെ കുത്തിക്കൊല്ലാൻ ആരെല്ലാം തയ്യാറാകുമെന്നും അദ്ദേഹം ചോദിച്ചു.

ശബരിമല യുവതീ പ്രവേശം അടഞ്ഞ അധ്യായമാണ്. എന്നാലും കൂട്ടത്തോടെ ചെല്ലുന്നത് ശരിയല്ല. ആചാരങ്ങളും അനാചാരങ്ങളുമുണ്ട്. അനാചാരങ്ങൾ മാറണം. ശബരിമലയിലേത് ആചാരമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP