Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാർ ഓടിച്ചത് അർജുൻ എന്ന് തെളിയിച്ചിട്ടും സ്ഥിരകരിക്കുന്നില്ല; സൗണ്ട് റിക്കോർഡിസ്റ്റ് എങ്കിലും ജമീലിന് വയലിനിസ്റ്റുമായി ഉണ്ടായിരുന്നത് ആത്മബന്ധം; കാർ ഡ്രൈവറായി പലപ്പോഴും കൂടെ സഞ്ചരിച്ച കഴക്കൂട്ടത്തുകാരൻ പള്ളിപ്പറത്തെ അപകട ശേഷം സ്വർണം കടത്താൻ ദുബായിൽ പോയത് 14 തവണ; വിഷ്ണു സോമസുന്ദരവുമായി ഉണ്ടായിരുന്നതും അടുത്ത ബന്ധം; ഡിആർഎ വെളിപ്പെടുത്തലുകളോട് മുഖം തിരിച്ച് ക്രൈംബ്രാഞ്ച്; ക്രൈംഫയൽ തുറന്ന് ഒരു വർഷമായിട്ടും ബാലഭാസ്‌കറിന്റെ അപകടത്തിലെ ദുരൂഹത മാത്രം ബാക്കി

കാർ ഓടിച്ചത് അർജുൻ എന്ന് തെളിയിച്ചിട്ടും സ്ഥിരകരിക്കുന്നില്ല; സൗണ്ട് റിക്കോർഡിസ്റ്റ് എങ്കിലും ജമീലിന് വയലിനിസ്റ്റുമായി ഉണ്ടായിരുന്നത് ആത്മബന്ധം; കാർ ഡ്രൈവറായി പലപ്പോഴും കൂടെ സഞ്ചരിച്ച കഴക്കൂട്ടത്തുകാരൻ പള്ളിപ്പറത്തെ അപകട ശേഷം സ്വർണം കടത്താൻ ദുബായിൽ പോയത് 14 തവണ; വിഷ്ണു സോമസുന്ദരവുമായി ഉണ്ടായിരുന്നതും അടുത്ത ബന്ധം; ഡിആർഎ വെളിപ്പെടുത്തലുകളോട് മുഖം തിരിച്ച് ക്രൈംബ്രാഞ്ച്; ക്രൈംഫയൽ തുറന്ന് ഒരു വർഷമായിട്ടും ബാലഭാസ്‌കറിന്റെ അപകടത്തിലെ ദുരൂഹത മാത്രം ബാക്കി

എം മനോജ് കുമാർ

തിരുവനന്തപുരം: ട്രൂപ്പിലുണ്ടായിരുന്ന സൗണ്ട് റെക്കോർഡിസ്റ്റ് ജമീൽ ജബ്ബാർ കൂടി സ്വർണം കടത്ത് കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ ബാലഭാസ്‌ക്കറിന്റെ അപകട മരണം കൂടുതൽ ദുരൂഹമാകുന്നു. അപകടമരണവും സ്വർണം കടത്തും തമ്മിൽ ബന്ധം വന്നതോടെയാണ് ബാലഭാസ്‌ക്കറിന്റെ അപകടമരണം കൂടുതൽ ദുരൂഹമായി മാറിയത്. ഇതോടെ ദിശ തെറ്റിയത് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിനു കൂടിയാണ്. അന്വേഷണം ആരംഭിച്ച് ഇപ്പോൾ ഒരു വർഷം പൂർത്തിയാകുന്ന വേളയിലും നേരെ ചൊവ്വെ ഒരന്വേഷണ റിപ്പോർട്ട് കോടതിയിൽ കൊടുക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. അന്വേഷണം ആരംഭിച്ച് ഒരു വർഷം തികയുന്ന ഈ വേളയിൽ പോലും അപകട സംയാത് ആരാണ് കാർ ഓടിച്ചത് എന്ന് സ്ഥിരീകരിക്കാൻ പോലും ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു സാധിച്ചിട്ടില്ല. അപകട സമയത്ത് വണ്ടി ഓടിച്ചത് ഡ്രൈവർ അർജുൻ തന്നെയാണെന്ന് ക്രൈംബ്രാഞ്ച് സംഘത്തിനു ബോധ്യമായിട്ടുണ്ടെങ്കിലും ആ കാര്യവും അന്വേഷണ സംഘം പൂർണമായും സ്ഥിരീകരിച്ചിട്ടില്ല.

ബാലഭാസ്‌ക്കറിന്റെ മരണത്തിലുള്ള അന്വേഷണം മുന്നോട്ടു നീങ്ങവേയാണ് ട്രൂപ്പിലുള്ളവർക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണം കടത്തുമായി ബന്ധമുണ്ടായിരുന്നെന്ന ഡിആർഐയുടെ സ്ഥിരീകരണം വരുന്നത്. ഇതോടെയാണ് ബാലഭാസ്‌ക്കറിന്റെ അപകടമരണത്തിന്റെ അന്വേഷണവും ഇഴയാൻ തുടങ്ങിയത് .ബാലഭാസ്‌ക്കറിന്റെ ട്രൂപ്പിലുണ്ടായിരുന്ന പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരെ സ്വർണ കടത്തിൽ പ്രതികളാക്കി അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രകാശൻ തമ്പി കൊഫെപോസെ നിയമ പ്രകാരം അഴിക്കുള്ളിൽ തുടരുമ്പോൾ വിഷ്ണു ഇപ്പോഴും ഒളിവിൽ തന്നെയാണ്. തിരുവനന്തപുരം വഴിയുള്ള സ്വർണം കടത്ത് കേസിൽ ഏറ്റവും ഒടുവിലായി ഡിആർഐ പ്രതിചേർത്തിരിക്കുന്നത് ബാലഭാസ്‌ക്കറിന്റെ സംഘത്തിലുണ്ടായിരുന്ന സൗണ്ട് റിക്കോർഡിസ്റ്റ് ജമീൽ ജബ്ബാറാണ്. ജമീലും ഒളിവിൽ തുടരുകയാണ്. ദുബായിൽ നിന്ന് കേരളത്തിലേക്ക് സ്വർണം കടത്തുന്ന സംഘത്തിലെ അംഗമാണ് ജമീലെന്നും പലതവണ സ്വർണം കടത്തിയെന്നുമാണ് ഡിആർഐ കണ്ടെത്തിയിരിക്കുന്നത്.

ജമീലിനെതിരെ കൊഫേപോസെ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഡി.ആർ.ഐ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ബാലഭാസ്‌ക്കറിന്റെ മരണത്തിനു പിന്നാലെയാണ് സ്വർണ കടത്തുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വന്നത്. വിഷ്ണുവും പ്രകാശൻ തമ്പിയും ചേർന്ന് ഇരുന്നൂറ് കിലോയിലേറെ സ്വർണമാണ് കടത്തിയത് എന്ന റിപ്പോർട്ടുകൾ വന്നത്. ബാലഭാസ്‌ക്കറുമായി അടുപ്പമുണ്ടായിരുന്ന സൗണ്ട് റിക്കോർഡിസ്റ്റാണ് ജമീൽ ജബ്ബാർ. കഴക്കൂട്ടം സ്വദേശിയാണ് ജമീൽ. അടുപ്പമായത് മുതൽ ബാലഭാസ്‌ക്കർക്കൊപ്പമുണ്ട് ഇയാൾ. സൗണ്ട് റെക്കോർഡിസ്റ്റ് ആണെങ്കിലും ബാലുവിന്റെ സുഹൃത്ത് എന്ന രീതിയിലാണ് ജമീൽ ഒപ്പമുണ്ടായിരുന്നത്. ബാലുവിന്റെ കാർ ആ ഘട്ടങ്ങളിൽ മിക്കപ്പോഴും ഓടിച്ചിരുന്നത് ജമീൽ ആയിരുന്നു. ഒന്ന് രണ്ടു തവണ ബാലുവിന്റെ വീട്ടിലും ജമീൽ പോയിട്ടുണ്ട്. ബാലുവിന്റെ മരണത്തിനു ശേഷം 14 തവണ ദുബായ് ജമീൽ സന്ദർശിച്ചുവെന്നാണ് ഡിആർഐ കണ്ടെത്തിയിരിക്കുന്നത്. ഈ യാത്ര സ്വർണം കടത്തിനായിരുന്നു എന്ന സ്ഥിരീകരണമാണ് ഡിആർഐ നടത്തിയത്. അതുകൊണ്ട് തന്നെയാണ് സ്വർണം കടത്ത് കേസിൽ ഇപ്പോൾ ജമീലിനെ കൂടി ഡിആർഐ പ്രതി ചേർത്തിരിക്കുന്നത്. 14 തവണ ജമീളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബാലുവിന്റെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു ഡിആർഐ കൈമാറിയിട്ടുണ്ട് എന്നാണ് സൂചന.

ബാലഭാസ്‌ക്കറിന്റെ ട്രൂപ്പിലുണ്ടയിരുന്നവർക്ക് സ്വർണം കടത്ത് ബന്ധം പുറത്ത് വന്നതോടെ നേരെ പോയിരുന്ന ക്രൈംബ്രാഞ്ച് അന്വേഷണവും ദിശ തെറ്റാൻ തുടങ്ങി. ബാലഭാസ്‌ക്കറിന്റെ കുടുംബത്തിനും ക്രൈംബ്രാഞ്ച് അന്വേഷണത്തിനെക്കുറിച്ച് പരാതി വന്നു. അതിനെ തുടർന്നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ബാലഭാസ്‌ക്കറിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ആ പരാതിയിലും നടപടികൾ ഒന്നും വന്നിട്ടില്ല. വരുന്ന ആഴ്ച ഈ ആവശ്യം മുൻനിർത്തി മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്നു ബാലഭാസ്‌ക്കറിന്റെ പിതാവ് ഉണ്ണി മറുനാടനോട് പറഞ്ഞു. അതേസമയം ബാലഭാസ്‌ക്കറിന്റെ മരണത്തെക്കുറിച്ച് സ്വർണം കടത്ത് അന്വേഷിക്കുന്ന ഡിആർഐ സംഘത്തിനും സംശയങ്ങളുണ്ട്. അപകട സമയത്ത് അവിടെക്കൂടി കടന്നുപോയ കലാഭവൻ സോബിനും ഈ സംശയങ്ങൾ തന്നെയാണ് ഡിആർഐ സംഘത്തിനു മുന്നിൽ നിരത്തിയത്.

ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെടുമ്പോൾ സ്വർണ്ണക്കടത്തുമായി ബന്ധമുള്ള ചിലർ അവിടെ ഉണ്ടായിരുന്നുവെന്നാണ് ഡിആർഐയുടെയും സ്ഥിരീകരണം. കലാഭവൻ സോബിനെ വിളിച്ചു വരുത്തിയ ഡിആർഐ സ്വർണ്ണക്കടത്തുമായി ബന്ധമുള്ള 32 പേരുടെ ഫോട്ടാകളാണ് പരിശോധനയ്ക്കായി നൽകിയത്. വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയ കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്നവരുടെയും കാരിയർമാരായി പ്രവർത്തിച്ച 10 സ്ത്രീകളുടെയും ഫോട്ടോകൾ അതിൽ ഉണ്ടായിരുന്നു. അപകടം നടന്ന സ്ഥലത്ത് ഇവർ ആരെങ്കിലും ഉണ്ടായിരുന്നോ എന്നാണ് ഡിആർഐ ചോദിച്ചത്. കാർ അപകടത്തിൽപ്പെട്ടപ്പോൾ തന്നോട് വാഹനം നിർത്താതെ പോകാൻ ആക്രോശിച്ച ഒരാളെ ഫോട്ടോയിൽ സോബിൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വിവരങ്ങൾ ബാലഭാസ്‌ക്കറിന്റെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറിയിട്ടുണ്ടെന്നാണ് സൂചനകൾ.

2018 സെപ്റ്റംബർ 25നാണ് ബാലഭാസ്‌കറും ഭാര്യയും മകൾ തേജസ്വിനി ബാലയും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. തൃശ്ശൂരിൽ ക്ഷേത്രദർശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമെത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് ഒരു മരത്തിലിടിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ഒരാഴ്‌ച്ചയോളം വെന്റിലേറ്ററിൽ കിടക്കുന്നതിന്നിടെ ഹൃദയാഘാതം വന്ന് കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനാണ് ബാലഭാസ്‌ക്കർ മരിച്ചത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അപകടസമയത്ത് കാറിനു പിന്നിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവർ അജിയുടെ മൊഴിയിലും ക്രൈംബ്രാഞ്ച് സംഘം പൊരുത്തക്കേട് കണ്ടെത്തിയിരുന്നു.

കാർ മരത്തിലേക്കിടിച്ചു കയറിയതിന് അജി സാക്ഷിയാണ്. ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ബാലഭാസ്‌കറാണെന്നാണ് അജിയുടെ മൊഴി. വേഷം ടീഷർട്ടും ബർമുഡയുമാണെന്ന് അജി പറയുന്നു. എന്നാൽ, ഈ വേഷം ധരിച്ച് കാറിലുണ്ടായിരുന്നത് അർജുനായിരുന്നു. ബാലഭാസ്‌ക്കറിന്റെ പത്നി ലക്ഷ്മിയുടെ മൊഴി പ്രകാരം വാഹനമോടിച്ചിരുന്നത് അർജുൻ ആണെന്നായിരുന്നു. അത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. അതേസമയം താനല്ല വാഹനമോടിച്ചിരുന്നതെന്ന് അർജുൻ ആവർത്തിച്ചു പറഞ്ഞിരുന്നു. കൊല്ലം വരെ താനാണ് വണ്ടിയോടിച്ചിരുന്നതെന്നും അത് കഴിഞ്ഞ് ഒരു കടയിൽ കയറി ഷെയ്ക്ക് കുടിച്ചുവെന്നും കാറിനു പിൻസീറ്റിൽ കിടന്നുറങ്ങിപ്പോയെന്നും പിന്നീട് യാത്ര തുടർന്നപ്പോൾ ഓടിച്ചത് ബാലഭാസ്‌കറാണെന്നുമാണ് അർജുൻ മൊഴി നൽകിയത്. അപകടശേഷം ബോധം വരുമ്പോൾ താൻ ആശുപത്രിയിൽ ആയിരുന്നുവെന്നും ലക്ഷ്മിയുടെ മൊഴിയാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയതെന്നും അർജുൻ പറഞ്ഞിരുന്നു. ബാലഭാസ്‌കർ കാർ എടുത്ത സമയത്ത് ലക്ഷ്മി ഉറക്കത്തിലായിരുന്നുവെന്നും അർജുൻ പറഞ്ഞിരുന്നു.

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രമാക്കി നടന്ന സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായവർ ബാലുവിന്റെ ട്രൂപ്പിലെ അംഗങ്ങൾ ആയിരുന്നുവെന്നത് അപകടവും മരണവും ദുരൂഹതകളിലേക്ക് വഴി തുറന്നു. അന്വേഷണം ഒടുവിൽ ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തിട്ടും ദുരൂഹതകൾക്ക് മാറ്റമുണ്ടായില്ല. അപകടത്തിനു പിന്നിൽ ബാഹ്യ ഇടപെടലുകളില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. എന്നാൽ കുടുംബം നേരെ തിരിച്ചുള്ള നിലപാടിലായിരുന്നു. ഇപ്പോൾ സിബിഐയ്ക്ക് അന്വേഷണത്തിനു വേണ്ടിയുള്ള അവശ്യത്തിലാണ് കുടുംബം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP