Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദേശസന്ദർശനങ്ങൾ നടത്തിയപ്പോഴൊക്കെ ഗുണം ചെയ്തിട്ടുണ്ട്; അതിനപ്പുറത്തെ എന്തെങ്കിലും വിമർശനങ്ങൾക്ക് ഇപ്പോൾ മറുപടി പറയുന്നില്ല; ജപ്പാൻ-കൊറിയ സന്ദർശനം വൻവിജയം; ജപ്പാനിൽ നിന്ന് 200 കോടിയുടെ നിക്ഷേപം ഉറപ്പാക്കി; നീറ്റ ജലാറ്റിൻ കമ്പനിയിൽ കൂടുതൽ നിക്ഷേപം; ജപ്പാനിലെ വ്യവസായികൾക്ക് കേരളത്തെ കുറിച്ച് നല്ല അഭിപ്രായം; തോഷിബ-ടൊയോട്ട കമ്പനികളുമായി ഉടൻ കരാർ; സംസ്ഥാനത്തെ നിക്ഷേപാന്തരീക്ഷം മാറിയതാണ് സന്ദർശന വിജയകാരണമെന്നും മുഖ്യമന്ത്രി

വിദേശസന്ദർശനങ്ങൾ നടത്തിയപ്പോഴൊക്കെ ഗുണം ചെയ്തിട്ടുണ്ട്; അതിനപ്പുറത്തെ എന്തെങ്കിലും വിമർശനങ്ങൾക്ക് ഇപ്പോൾ മറുപടി പറയുന്നില്ല; ജപ്പാൻ-കൊറിയ സന്ദർശനം വൻവിജയം; ജപ്പാനിൽ നിന്ന് 200 കോടിയുടെ നിക്ഷേപം ഉറപ്പാക്കി; നീറ്റ ജലാറ്റിൻ കമ്പനിയിൽ കൂടുതൽ നിക്ഷേപം; ജപ്പാനിലെ വ്യവസായികൾക്ക് കേരളത്തെ കുറിച്ച് നല്ല അഭിപ്രായം; തോഷിബ-ടൊയോട്ട കമ്പനികളുമായി ഉടൻ കരാർ; സംസ്ഥാനത്തെ നിക്ഷേപാന്തരീക്ഷം മാറിയതാണ് സന്ദർശന വിജയകാരണമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജപ്പാൻ-കൊറിയ സന്ദർശനം വളരെ വിജയകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്പാദനം നല്ല രീതിയിൽ വർദ്ധിപ്പിക്കുകയും വിതരണം കാര്യക്ഷമമാക്കുകയും ചെയ്താൽ മാത്രമേ ജനങ്ങൾക്ക് ഉന്നമനമുണ്ടാവുകയുള്ളു. ജപ്പാനും കൊറിയയും ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ വളരെയേറെ പുരോഗതി കൈവരിച്ച രാജ്യങ്ങളാണ്. വിദേശ സന്ദർശനം ഏതൊക്കെ ഘട്ടത്തിൽ നടത്തിയിട്ടുണ്ടോ അതിന്റെ ഗുണങ്ങൾ മാധ്യമങ്ങളുമായി പങ്കുവച്ചിട്ടുണ്ട്. അതിനപ്പുറത്തെ ഏതെങ്കിലും വിമർശനങ്ങൾക്ക് മറുപടി പറയാനല്ല നിങ്ങളെ കാണുന്നത്. കേരളത്തിന്റെ യുവജനതയെ മുന്നിൽ കണ്ട് ഭാവിക്ക് ഉതകുന്ന സന്ദർശനമായിരുന്നു. യുവാക്കൾക്ക് ഗുണകരമാകുമെന്ന് ഉറപ്പാക്കി. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ സന്ദർശനം ഗുണം ചെയ്തു. ജപ്പാനിലെ സന്ദർശനം ശുഭാരംഭമായിരുന്നു. ജപ്പാനിലെ വ്യവസായികൾക്ക് കേരളത്തെ കുറിച്ച് നല്ല അഭിപ്രായമാണ്. 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കി. നീറ്റ ജലാറ്റിൻ കമ്പനിയുടെ പ്രവർത്തനം വിപുലമാക്കാൻ തീരുമാനിച്ചത് സംസ്ഥാനത്തെ മാറിയ നിക്ഷേപാന്തരീക്ഷത്തെയാണ് സൂചിപ്പിക്കുന്നു. തിരുവനന്തപുരത്തുള്ള ടെറൂമ പെൻപോളിൽ 105 കോടിയുടെ നിക്ഷേപം. ടെയോട്ട-തോഷിബ കമ്പനികളുമായി ഉടൻ കരാറിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരടങ്ങുന്ന സംഘത്തിന്റെയും വിദേശയാത്ര അനാവശ്യ ധൂർത്താണെന്നും അംഗീകരിക്കാൻ സാധിക്കാത്ത നടപടിയാണെന്നും പ്രതിപക്ഷ നേതാവുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യാഗസ്ഥരുമുൾപ്പടെയുള്ള 13 അംഗ സംഘത്തിന്റെ യാത്ര എന്തിന് വേണ്ടിയെന്നും പല കോണുകളിൽ നിന്നും വിമർശനമുയർന്നു. ഇതിനു പിന്നാലെ സർക്കാരിനെതിരെ ഹൈക്കോടതിയും രംഗത്തു വന്നിരുന്നു.ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും മന്ത്രിമാർക്ക് വിദേശയാത്ര നടത്തുന്നതിൽ മാത്രമേ താൽപര്യമുള്ളൂവെന്നായിരുന്നു കോടതി വിമർശനം.

വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ, തന്റെ ജപ്പാൻ,ദക്ഷിണ കൊറിയ സന്ദർശനത്തിന്റെ നേട്ടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ വിവരിച്ചു. വിദേശയാത്ര സംബന്ധിച്ച ഹൈക്കോടതി വിമർശനത്തിന് ഇടയാക്കിയ കേരള നാളികേര വികസന കോർപറേഷന്റെ കേസിൽ ആവശ്യമായ പണം അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. വിദേശ പര്യടനം മൂലമുണ്ടായ നേട്ടങ്ങൾ വിവരിക്കുന്നതിനും വിമർശനങ്ങൾക്കു മറുപടി പറയുന്നതിനുമായി മുഖ്യമന്ത്രി ഇന്നു മാധ്യമങ്ങളെ കാണുമെന്ന് അറിയുന്നു. താനും രണ്ടു മന്ത്രിമാരും ഉദ്യോഗസ്ഥ സംഘവും നടത്തിയ സന്ദർശനം വിജയമായിരുന്നുവെന്നു മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു. ഇതു മൂലം സംസ്ഥാനത്തിന് ഉണ്ടാകാവുന്ന നേട്ടങ്ങളും വിശദീകരിച്ചു. ഹൈക്കോടതി വിമർശനത്തിനു മറുപടി പറഞ്ഞില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട തീരുമാനത്തിന് അദ്ദേഹം അംഗീകാരം നൽകി.

ഐഎഎസുകാർ ഫലപ്രദമായല്ല പ്രവർത്തിക്കുന്നതെന്നും ജനങ്ങളുടെ പ്രശ്നമെന്താണെന്ന് അവർക്ക് അറിയില്ലെന്നും എസി മുറിയിലിരുന്ന് അവർ ഉത്തരവിറക്കുകയാണെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു. മന്ത്രിമാർക്ക് വിദേശ യാത്രകൾ നടത്തുന്നത് മാത്രമാണ് താത്പര്യമെന്നും അവർ ഉദ്യോഗസ്ഥരുടെ തടവറയിലാണെന്നും ഹൈക്കോടതി വിമർശിച്ചു. നാളികേര വികസന കോർപറേഷനിൽ നിന്നു സ്വമേധയാ പിരിഞ്ഞു പോയവരുടെ ആനുകൂല്യങ്ങൾ നൽകാത്ത കേസിലാണ് കോടതി വിമർശനം ഉണ്ടായത്. വിപണി ഇടപെടലിനായി കൃഷി വകുപ്പിന് അനുവദിച്ച തുകയിൽ നിന്ന് ഇതിനായുള്ള തുക വകമാറ്റി നൽകാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. അജൻഡയ്ക്കു പുറത്തുള്ള ഇനമായി കൃഷി മന്ത്രി വി എസ്.സുനിൽകുമാറാണ് ഇതു മന്ത്രിസഭയിൽ അവതരിപ്പിച്ചത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ മുഖ്യമന്ത്രി നടത്തിയ വിദേശയാത്ര ധൂർത്താണെന്നും ഔദ്യോഗിക യാത്രകളിൽ കുടുംബാംഗങ്ങളെ കൊണ്ടു പോകുന്നത് എന്തിനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചിരുന്നു.'നേരിട്ട് ജപ്പാനിലേക്ക് പോകാൻ സാധിക്കുമായിരുന്നിട്ടും മുഖ്യമന്ത്രിയും സംഘവും ദുബായ് വഴിയാണ് പോയത്. ദുബായിയിൽ ഒരു ദിവസം തങ്ങുകയും ചെയ്തു. ഇത് ധൂർത്തിന് തെളിവാണ്', ചെന്നിത്തല ആരോപിച്ചു. പിണറായി വിജയൻ കുടുംബസമേതം വിദേശ യാത്ര നടത്തിയത് പാട്ടപ്പിരിവ് നടത്തി ലഭിച്ച സംഭാവന കൊണ്ടാണോയെന്ന് കെ.മുരളീധരൻ ചോദിച്ചിരുന്നു. ഖജനാവിലെ പണം ഉപയോഗിച്ചാണ് യാത്രയെങ്കിൽ കുടംബാംഗങ്ങളെ കൊണ്ട് പോവാൻ സാധിക്കില്ല. അതല്ല മറ്റാരെങ്കിലും സ്‌പോൺസർ ചെയ്തതാണെങ്കിൽ അത് പെരുമാറ്റ ചട്ട ലംഘനവുമാണ്. അങ്ങനെയിരിക്കെ ആരാണ് യാത്രയുടെ ചെലവ് വഹിച്ചതെന്നും മുരളീധരൻ ചോദിച്ചിരുന്നു.

ഇതിനുമുമ്പും ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കെതിരെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയിരുന്നു. റോമാ നഗരം കത്തിയെരിഞ്ഞപ്പോൾ വീണവായിച്ചു രസിച്ച നീറോ ചക്രവർത്തിയെ പോലെയാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചിരുന്നു.

കഴിഞ്ഞ 23 നാണ് പന്ത്രണ്ട് ദിവസത്തെ ജപ്പാൻ, കൊറിയ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും പുറപ്പെട്ടത്. മന്ത്രിമാരായ ഇ പി ജയരാജൻ, എ കെ ശശീന്ദ്രൻ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഘം തിരിച്ചെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP