Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കയ്യേറ്റ കുത്തകകളെ ഭൂവുടമകളാക്കാൻ ഇടതു സർക്കാർ ശ്രമിക്കുന്നു - ഹമീദ് വാണിയമ്പലം

കയ്യേറ്റ കുത്തകകളെ ഭൂവുടമകളാക്കാൻ ഇടതു സർക്കാർ ശ്രമിക്കുന്നു - ഹമീദ് വാണിയമ്പലം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഹാരിസൺ അടക്കമുള്ള വൻകിട കയ്യേറ്റക്കാർ അനധികൃത രേഖകളുണ്ടാക്കി കൈവശം വെച്ചിരിക്കുന്ന അഞ്ചു ലക്ഷത്തോളം ഏക്കർ ഭൂമി കയ്യേറ്റക്കാർക്ക് തന്നെ തിരിച്ചുനൽകി അവരെ ഭൂവുടമകളാക്കി മാറ്റാനുള്ള കുത്സിത ശ്രമങ്ങളാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിജിലൻസ് അന്വേഷണത്തിലൂടെ ഹാരിസണിന്റെ ഉടമസ്ഥാവകാശ രേഖകൾ വ്യാജമാണെന്നും കൃത്രിമ രേഖകളുണ്ടാക്കി നേടിയെടുത്തതാണെന്നും കണ്ടെത്തിയിരുന്നു. കൃത്രിമ രേഖകളുണ്ടാക്കാൻ ഹാരിസണിനെ സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെ സർവീസ് ചട്ടങ്ങളനുസരിച്ച നടപടികൾക്കും വിജിലൻസ് ശുപാർശ നൽകിയിരുന്നു. രാജമാണിക്യം കമ്മീഷനും ഇതേകാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. മുൻഘട്ടങ്ങളിലെല്ലാം അന്വേഷിച്ച സർക്കാർ കമ്മീഷനുകളും നിയമസഭാ സമിതികളും അനധികൃതമായാണ് ഇവർ ഭൂമി കൈവശം വെച്ചിരിക്കുന്നതെന്ന് കണ്ടെത്തുകയും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തിരുന്നതാണ്.

എന്നാൽ, ഇപ്പോൾ വിജിലൻസിനെ ഉപയോഗിച്ചുകൊണ്ട് കയ്യേറ്റക്കാർക്ക് ക്ലീൻ ചീട്ട് നൽകുകയും അവർ കൈവശം വെച്ചിരിക്കുന്ന ഭൂമി വിലയാധാര പ്രകാരം തന്നെ നേടിയെടുത്തതാണെന്നും സ്ഥാപിക്കുകയാണ് സർക്കാർ ചെയ്യുന്നത്. കയ്യേറിയ ഭൂമി തിരിച്ചുപിടിക്കുന്നതിന് സിവിൽ കോടതി വഴി നിയമവ്യവഹാരങ്ങളിൽ ഏർപ്പെടാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും അത് സംബന്ധിച്ച യാതൊരു നടപടിയും സ്വീകരിക്കാത്ത സർക്കാർ ഇപ്പോൾ വിജിലൻസിനെ ഉപയോഗിച്ച് ഭൂവുടമസ്ഥത തന്നെ അംഗീകരിച്ചു കൊടുക്കുവാനാണ് ശ്രമിക്കുന്നത്. ഇത് ഗുരുതരമായ പ്രത്യാഘാതമാണ് സംസ്ഥാനത്ത് ഉണ്ടാക്കാൻ പോകുന്നത്.

ഈ വഞ്ചനയിലൂടെ സംസ്ഥാന സർക്കാരിന് അവകാശപ്പെട്ടതും ഭൂരഹിതർക്ക് വിതരണം ചെയ്യേണ്ടതുമായ ലക്ഷക്കണക്കിന് ഏക്കർ ഭൂമിയാണ് വൻകിട കയ്യേറ്റക്കാർക്ക് സർക്കാർ വിട്ടുനൽകാൻ പോകുന്നത്. സാധാരണക്കാരുടെ സർക്കാർ എന്ന് വീമ്പിളക്കുന്ന ഇടതുപക്ഷ സർക്കാർ കയ്യേറ്റ മാഫിയകൾക്ക് അനുകൂലമായി മാത്രമാണ് പ്രവർത്തിക്കുന്നത്. കോടതികളിൽ കേസുകൾ തോറ്റുകൊടുത്തും ഇപ്പോൾ വിജിലൻസിനെ ഉപയോഗിച്ച് ഭൂവുടമസ്ഥത സ്ഥാപിച്ചുകൊടുത്തും ഇടതുപക്ഷം കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ്. ഈ ജനവഞ്ചനക്കെതിരെ അതിശക്തമായ ജനരോഷം സംസ്ഥാനത്ത് ഉയർന്നുവരണമെന്നും സംഘടിത ഭൂപ്രക്ഷോഭത്തിലൂടെ സർക്കാരിനെ തിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP