Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കയർ കോമ്പോസ്റ്റ് ബോർഡുകളുടെ അനന്തസാധ്യത തുറന്നിട്ട് ഫോം മാറ്റിങ്‌സ് സ്റ്റാൾ

കയർ കോമ്പോസ്റ്റ് ബോർഡുകളുടെ അനന്തസാധ്യത തുറന്നിട്ട് ഫോം മാറ്റിങ്‌സ് സ്റ്റാൾ

സ്വന്തം ലേഖകൻ

ആലപ്പുഴ: കയർ കേരളയുടെ രാജ്യാന്തര പവലിയൻ സന്ദർശിക്കവെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അൽപം കൂടുതൽ സമയം ചെലവഴിച്ച ഒരിടമുണ്ട്. ഫോം മാറ്റിങ്ങ്സ് ഇന്ത്യയുടെ മനോഹരമായ സ്റ്റാളാണ് അത്. ആരേയും ഒരു നിമിഷം പിടിച്ചുനിറുത്തുന്ന ആ സ്റ്റാളിന്റെ മേന്മ മറ്റൊന്നുമല്ല, കയർ ഉൽപന്നങ്ങളെപ്പറ്റി ഇതുവരെയുണ്ടായിരുന്ന സങ്കൽപങ്ങളെയൊക്കെ പൊളിച്ചെഴുതുന്ന വൈവിധ്യമാണ്. സുവർണ്ണ നാരുകളെ യന്ത്രങ്ങളുടെ സഹായത്തോടെ രൂപപ്പെടുത്തിയെടുക്കുന്ന കയർ കോംപോസിറ്റ് ബോർഡിൽ തീർത്ത ബെഞ്ചും മേശയും കട്ടിലും ചെറിയ അലമാരയും ടൈലുകളും ഒക്കെ ഉപയോഗിച്ച് ഇവിടെ ഒരു മുറി തീർത്തിരിക്കുന്നു അവർ. കയറിൽ തീർത്ത ബെഞ്ചിൽ അൽപനേരം ഇരുന്ന് അതേപ്പറ്റി വിശദമായി ചോദിച്ചറിഞ്ഞാണ് ഉദ്ഘാടന ദിവസം ഗവർണർ പോയത്.

കയർ കോമ്പോസിറ്റിൽ നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങളും കയർ ഭൂവസ്ത്രവുമാണ് ഇത്തവണ കയർ കേരളയിൽ ഏറ്റവുമധികം ശ്രദ്ധ നേടുന്നത്. ഗാർഡൻ ബെഞ്ച്, വട്ടമേശ, അക്വാസ്റ്റിക്ക് പാനൽസ്, ബെഡ് സൈഡ് ടേബിൾ, ബോർഡ് ഫ്ളോർ ആൻഡ് വാൾ പാനൽസ്, ടിവി സ്റ്റാൻഡ് തുടങ്ങി കയർ കോംപോസിറ്റ് ബോർഡുകളിൽ നിർമ്മിച്ച പത്തിലധികം ഉൽപ്പന്നങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോം മാറ്റിങ്ങ്സിന്റെ ആലപ്പുഴ ഫാക്ടറിയാണ് കോംപോസിറ്റ് ബോർഡുകളുടെ ആശയവും രൂപീകരണവും നിർവഹിച്ചിരിക്കുന്നത്. ഉൽപ്പന്നങ്ങളുടെ പ്രാഥമിക മാതൃകകളാണ് ഇപ്പോൾ നിർമ്മിച്ചിരിക്കുന്നത്. വരും മാസങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ച് ഇവ വിപണിയിലെത്തിക്കാനാണ് ഫോം മാറ്റിങ്ങ്സിന്റെ തീരുമാനം.

ഇവയുടെ വില അൽപം കൂടുതലാണെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ കോംപോസിറ്റ് ബോർഡുകൾ നിർമ്മിക്കുമ്പോൾ ഉൽപ്പന്നങ്ങളുടെ വില നാലിലൊന്നോളം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചകിരിയും റെസിൻ മിശ്രിതവും കൃത്യമായ അളവിൽ ഉപയോഗിച്ചാണ് കോംപോസിറ്റ് ബോർഡുകൾ നിർമ്മിക്കുന്നതെന്ന് ഫോം മാറ്റിങ്ങ്സ് കമേഴ്സ്യൽ ഓഫീസർ എം. സെന്തിൽകുമാർ പറഞ്ഞു. കോംപോസിറ്റ് ഉൽപ്പന്നങ്ങളിൽ കൂടുതൽ ഗവേഷണങ്ങൾ നടത്തിവരികയാണ്. തേക്കിൻ തടിയേക്കാൾ രണ്ടിരട്ടി ഗുണമേന്മയാണ് കോംപോസിറ്റ് പാനലുകൾക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വൈവിദ്ധ്യമായ ഒട്ടനവധി പുത്തൻ സംരംഭങ്ങളുമായിട്ടാണ് കേരള സർക്കാർ സ്ഥാപനമായ ഫോം മാറ്റിങ്ങ്സ് ഇന്ത്യ പ്രദർശനത്തിൽ എത്തിയിരിക്കുന്നത്. പിവിസി ബാക്കഡ് കയർ ഡോർമാറ്റ്, ഫൈർ പ്രിന്റഡ് ഡോർ മാറ്റ്സ്, ഫൈബർ ഇൻലാഡ് ഡോർ മാറ്റ്സ്, ഡോർമാറ്റ് ക്രീൽസ്, ഡിസൈനർ റഗ്സ്, കയർ ഭൂവസ്ത്രം, 35 തരം ഫോം മാട്രസ് അങ്ങനെ വിവിധ ഉൽപ്പന്നങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്.

യന്ത്രവൽക്കരണത്തിൽ നേർക്കാഴ്ചയായി

മെഷീനറി ഫാക്ടറി സ്റ്റാൾ

ആലപ്പുഴ: കേരള സർക്കാർ സ്ഥാപനമായ കയർ മെഷിനറി മാനുഫാക്ച്ചറിങ് കമ്പനി കയർ മേഖലയ്ക്കായി നിർമ്മിച്ച വിവിധ യന്ത്രങ്ങൾ കയർ കേരള 2019 പ്രദർശന നഗരിയിലെ ശ്രദ്ധാകേന്ദ്രമായി മാറുന്നു. ഫാക്ടറിയിൽ വികസിപ്പിച്ച വിവിധ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തത്സമയ ഉൽപ്പന്ന നിർമ്മാണ കാഴ്ച കാണാൻ വിദേശീയരും തദ്ദേശീയരുമായ നിരവധി പേരാണ് ഇഎംഎസ് സ്റ്റേഡിയത്തിൽ എത്തുന്നത്. തൊണ്ട് കഴുകി ജലാംശത്തോടെതന്നെ യന്ത്രത്തിലേക്ക് നിക്ഷേപിച്ച് അതിനെ നാരായി മാറ്റുകയും ചകിരിച്ചോറ് വേർതിരിച്ചെടുക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് ഇന്റഗ്രേറ്റഡ് ഫൈബർ എക്സ്ട്രേഷൻ യൂണിറ്റിൽ നടക്കുന്നത്. തുടർന്ന് നാരുകൾ ഇലക്ട്രോണിക്ക് റാട്ടു വഴി കയറാക്കി മാറ്റും. ഇങ്ങനെ കയറാക്കി മാറ്റുന്നവയെ ഇലക്ട്രോണിക് സ്പിന്നിങ് മില്ലുവഴി വിവിധ ഉൽപ്പന്നങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇവയെല്ലാം കെ.എസ്.സി.എം.എം.സിയുടെ സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഇന്റഗ്രേറ്റഡ് ഫൈബർ എക്സ്ട്രേഷൻ യൂണിറ്റിൽ ഡീഫൈബറിങ് മെഷീൻ, റോട്ടറി ക്രഷർ, ഡ്രം ടൈപ്പ് വില്ലേവിങ് മെഷീൻ, കൺവെയർ ഫോർ റിമൂവർ പിത്ത് ആൻഡ് ബേബി ഫൈബർ, അഡീഷണൽ കൺവെയർ ഫ്രം ക്രഷർ ടൂ ഡീഫൈബറിങ് മെഷീൻ, സ്‌ക്രീനർ ഫോർ ഫൈബർ, സ്‌ക്രീനർ വിത്ത് റിഡക്ഷൻ ഗിയർ ബോക്സ് ഫോർ സെഗ്രഗേറ്റിങ് പിത്ത് ഫ്രം ബേബി ഫൈബർ, കൺവെയർ ഫോർ പിത്ത് എന്നീ എട്ടു യന്ത്ര ഘടകങ്ങളാണ് പ്രവർത്തിക്കുന്നത്. ഈ മെഷീന് ശൃംഖലയുടെ പ്രവർത്തനങ്ങളെല്ലാം കെ.എസ്.സി.എം.എം.സിയുടെ സ്റ്റാളിൽ എത്തുന്നവർക്ക് മനസിലാക്കാം. ഇതെല്ലാം വിശദീകരിക്കാൻ കമ്പനിയുടെ ജീവനക്കാരും സദാസമയം സേവന സന്നദ്ധരായി സ്റ്റാളിലുണ്ട്. കയർ രൂപപ്പെടുത്തുമ്പോൾ അവശിഷ്ടമായി വരുന്ന ചകിരിച്ചോറിൽ നിന്ന് വിവിധ ഉപഉൽപ്പന്നങ്ങളും ഉണ്ടാക്കുന്നു. അതിൽ പ്രധാനം വിവിധ വലുപ്പത്തിലുള്ള കയർ ചെടിച്ചട്ടികളുടെ നിർമ്മാണമാണ്. ഗാർഡൻ ആർട്ടിക്കിൾസ് മേക്കിങ്ങ് പ്രെസ്സ് എന്നാണ് ഈ യന്ത്രം അറിയപ്പെടുന്നത്. മണിക്കൂറിൽ 150 പീസ് ചെടിച്ചെട്ടികൾ ഉണ്ടാക്കാം. അഞ്ച് എച്ച്പിയിൽ പ്രവർത്തിക്കുന്ന യന്ത്രത്തിൽ നിന്ന് ഒരേ സമയം നാല് ചട്ടികൾ ഉണ്ടാക്കാം. ലാറ്റക്സുമായി കുഴച്ച മിശ്രിതമാണ് ചെട്ടിയുടെ ഉറപ്പിനും കാലപ്പഴക്കത്തിനും ഉപയോഗിക്കുന്നത്. അഞ്ച് വർക്ക് സ്റ്റേഷനിൽ നാല് ചെടിച്ചട്ടികളും അവയെ പൂർണരൂപത്തിലാക്കിയെടുക്കുന്ന ഒരു യന്ത്രവും പ്രവർത്തിക്കുന്നു.

ഈ രണ്ടു പ്രധാന യന്ത്രങ്ങൾക്കും പുറമെ സ്പൂളിങ് മെഷീൻ, മിനി വില്ലേവിങ് മെഷീൻ, ഹൈഡ്രോളിക്ക് ബെയിലിങ് പ്രസ്, അൺ ബണ്ടലിങ് വില്ലോവിങ് മെഷീൻ, ഡീഫൈബറിങ് മെഷീനുകൾ, ഇലക്ട്രോണിക് റാട്ടുകൾ തുടങ്ങി മറ്റു കയർ അനുബന്ധ യന്ത്രങ്ങളും നിർമ്മിക്കുകയും വിപണനം ചെയ്യുന്ന കെ.എസ്.സി.എം.എം.സിയുടെ പ്രവർത്തനങ്ങൾ ഈ മേഖലയ്ക്ക വൻ മുതൽക്കൂട്ടാണ്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉൽപ്പാദനം പരമാവധി വർധിപ്പിക്കാനും വ്യവസായ രംഗത്ത് തനതായ മാറ്റം വരുത്താനും കമ്പിനിക്ക് സാധിക്കുന്നു.

ആലപ്പുഴയിൽ 40,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിട സമുച്ചയത്തിലാണ് കെ.എസ്.സി.എം.എം.സിയുടെ മാനുഫാക്ച്ചറിങ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ആത്യന്താധുനിക യന്ത്രങ്ങളായ സിഎൻസി ലെയ്ത്ത് മെഷീൻ, കൺവെൻഷണൽ മില്ലിങ് മെഷീൻ, ഹെവി ഡ്യൂട്ടി ഷിയറിങ് മെഷീൻ, ബെൻഡിങ് മെഷീൻ, ഡ്രില്ലിങ് മെഷീൻ, ഹാബ്രിക്കേഷൻ ഷോപ്പ്, ഹീറ്റ് ട്രീറ്റ്മെന്റ് പ്ലാന്റ് തുടങ്ങിയവയെല്ലാം ഫാക്ടറിയിലുണ്ട്. പരിചയസമ്പന്നരായ പ്രൊഫഷലുകളാണ് ഇവയെല്ലാം നിയന്ത്രിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP