Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബ്ദസംവിധാനത്തിലെ പാകപ്പിഴമൂലം പ്രസംഗം ശരിക്കു കേൾക്കാനാകാതെ വലഞ്ഞ പ്ലസ് വൺ വിദ്യാർത്ഥിനി; വേണുഗോപാൽ പരിഭാഷകനാകട്ടെയെന്ന് സദസ് നിർദ്ദേശിച്ചപ്പോൾ നോ പറഞ്ഞ് വയനാടിന്റെ എംപി; തുടക്കത്തിൽ ഞാനും ഇങ്ങനെയായിരുന്നുവെന്ന ആശ്വാസവാക്ക് ആത്മവിശ്വാസത്തിന്റെ പുതു കിരണമായി; പദങ്ങളും വാചകങ്ങളും ആവർത്തിച്ച് മിടുമിടുക്കിയെ പ്രോത്സാഹിപ്പിച്ചു; പിന്നെ കണ്ടത് കൈയടി നേടുന്ന വാകേരിക്കാരിയെ; സഫയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിയുടെ പരിഭാഷകയായി പൂജയും താരമാകുമ്പോൾ

ശബ്ദസംവിധാനത്തിലെ പാകപ്പിഴമൂലം പ്രസംഗം ശരിക്കു കേൾക്കാനാകാതെ വലഞ്ഞ പ്ലസ് വൺ വിദ്യാർത്ഥിനി; വേണുഗോപാൽ പരിഭാഷകനാകട്ടെയെന്ന് സദസ് നിർദ്ദേശിച്ചപ്പോൾ നോ പറഞ്ഞ് വയനാടിന്റെ എംപി; തുടക്കത്തിൽ ഞാനും ഇങ്ങനെയായിരുന്നുവെന്ന ആശ്വാസവാക്ക് ആത്മവിശ്വാസത്തിന്റെ പുതു കിരണമായി; പദങ്ങളും വാചകങ്ങളും ആവർത്തിച്ച് മിടുമിടുക്കിയെ പ്രോത്സാഹിപ്പിച്ചു; പിന്നെ കണ്ടത് കൈയടി നേടുന്ന വാകേരിക്കാരിയെ; സഫയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിയുടെ പരിഭാഷകയായി പൂജയും താരമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

വാകേരി: സഫ എന്ന മിടുക്കി ആത്മവിശ്വത്തിന്റെ ആൾ രൂപമായി രാഹുൽ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗം പരിഭാഷപ്പെടുത്തി കൈയടി നേടി. ഇപ്പോൾ മറ്റൊരു പെൺകുട്ടിയും. ഇന്നലെ വയനാട്ടിലെ ഒരു സ്‌കൂളിൽ ഇതേ രാഹുൽ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗം പരിഭാഷപ്പെടുത്തിയത് മറ്റൊരു മിടുക്കി. പേര് പൂജ. പൂജയാണ് ഇപ്പോൾ വയനാട്ടിലെ ചർച്ചാ വിഷയം.

പ്രസംഗം പരിഭാഷപ്പെടുത്താൻ രാഹുൽ ഗാന്ധി വീണ്ടും ഒരു വിദ്യാർത്ഥിനിയെ ക്ഷണിച്ചപ്പോൾ ധൈര്യ സമേതം പൂജ ഏറ്റെടുത്തു. വയനാട് വാകേരി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത് പ്ലസ് വൺ വിദ്യാർത്ഥിനി പി.വി പൂജയാണ്. ഇടയ്ക്ക് വാക്കുകൾ കിട്ടാതെ വിഷമിച്ച പൂജയെ രാഹുൽ ചേർത്തണച്ച് ആശ്വസിപ്പിച്ചു.

'തുടക്കത്തിൽ ഞാനും ഇങ്ങനെയായിരുന്നു. സാരമില്ല.'ചില വാചകങ്ങൾ പൂജയ്ക്ക് വേണ്ടി രാഹുൽ രണ്ടും മൂന്നും തവണ ആവർത്തിച്ചു. അപ്പോൾ പൂജയുടെ പരിഭാഷ നന്നായി. സദസ് കൈയടിച്ചു. ചടങ്ങ് തീരുംവരെ പൂജയെ വേദിയിൽ ഇരുത്തി. ചോക്ലേറ്റ് നൽകി. കാലിൽ വീണ പൂജയെ രാഹുൽ ആശ്ലേഷിച്ചു. രാഹുലിന്റെ പ്രോത്സാഹനം ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരുന്നെന്ന് പൂജ പ്രതികരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മലപ്പുറത്ത് സഫ ഫെബിൻ എന്ന വിദ്യാർത്ഥിനി രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി കയ്യടി നേടിയിരുന്നു. സഫയും മുന്നൊരുക്കങ്ങൾ ഇല്ലാതെയാണ് പരിഭാഷകയായത്. പൂജയും അതേ വഴിയിൽ രാഹുലിന്റെ വാക്കുകൾ മലയാളത്തിലേക്ക് മാറ്റി.

ഇത് അവസരം വാകേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി പി.വി.പൂജയ്ക്ക് ജീവിതത്തിലെ അവിസ്മരണീയ അനുഭവമായി. മൾട്ടി സെക്ടറൽ ഡവലപ്പ്മെന്റ് പ്രോഗ്രാമിൽ വാകേരി സ്‌കൂളിൽ നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു രാഹുൽ. സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടതനുസരിച്ചാണ് വൊക്കേഷനൽ ഹയർ സെക്കൻഡറി ലബോറട്ടറി ടെക്നീഷ്യൻ ഒന്നാംവർഷ വിദ്യാർത്ഥിനി പൂജയെ പരിഭാഷയ്ക്കു ക്ഷണിച്ചത്. ശബ്ദസംവിധാനത്തിലെ പാകപ്പിഴമൂലം രാഹുലിന്റെ പ്രസംഗം പൂജയ്ക്കു ശരിക്കു കേൾക്കാനായില്ല. ഇതായിരുന്നു പരിഭാഷയിൽ താളപ്പിഴയ്ക്കു കാരണമായത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പരിഭാഷ നടത്തട്ടെയെന്നു സദസ്സിൽനിന്നും നിർദ്ദേശം ഉയർന്നെങ്കിലും രാഹുൽ വഴങ്ങിയില്ല.

വേദിയിലിരുന്ന ചിലർ പൂജയെ സഹായിക്കാൻ ശ്രമിച്ചപ്പോൾ കുട്ടിയെ ശല്യം ചെയ്യരുതെന്നും നിർദ്ദേശിച്ചു. പുഞ്ചിരി തൂകി പൂജയെ അടുത്തുവിളിച്ച് സാന്ത്വനിപ്പിച്ചാണ് രാഹുൽ പ്രസംഗം തുടർന്നത്. പൂജയ്ക്ക് മനസ്സിലാകുന്നതിനു ചില പദങ്ങളും വാചകങ്ങളും രാഹുൽ ആവർത്തിച്ചു. പരിഭാഷ പൂജ മനോഹരവുമാക്കി. കേണിച്ചിറ നെല്ലിക്കര പത്മനാഭസദനത്തിൽ വത്സരാജ്-പ്രസീജ ദമ്പതികളുടെ മകളാണ് പൂജ. സ്‌കൂളിൽ ഏകദേശം 20 മിനിറ്റാണ് രാഹുൽ പ്രസംഗിച്ചത്. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിയായിരുന്നു പ്രസംഗം. പാവപ്പെട്ടവരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ പൊതുവിദ്യാലയങ്ങളിലെ സ്ഥിതി മെച്ചപ്പെടണമെന്നു അദ്ദേഹം പറഞ്ഞു. ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ മുൻ എംപി അന്തരിച്ച എം.ഐ.ഷാനവാസ് നൽകിയ സംഭാവനകൾ രാഹുൽ അനുസ്മരിച്ചു.

പരസ്പരവിദ്വേഷത്തിന്റെയും രോഷത്തിന്റെയും അന്തരീക്ഷം രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നും എന്നാൽ, ഈ വിഭജനം കൊണ്ട് രാജ്യത്തിന് മുന്നോട്ടു കുതിക്കാനാവില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെ പേരിലുള്ള വിഭജനം ഒരിക്കലും നമ്മുടെ രാജ്യത്തെ വിജയത്തിലേക്കെത്തിക്കില്ല. ഇത്തരത്തിലുള്ള വിദ്വേഷങ്ങൾ മനസ്സിൽ ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടത് ഓരോ കുട്ടിയുടെയും കടമയാണ്. നമ്മൾ പരസ്പരം വിദ്വേഷം പുലർത്തുമ്പോൾ നമ്മുടെ രാജ്യം ദുർബലപ്പെടുകയാണ്. മതത്തിന്റെയോ വർഗത്തിന്റെയോ പശ്ചാത്തലത്തിന്റെയോ വിവേചനമോ വ്യത്യാസങ്ങളോ ഇല്ലാതെ കേരളത്തിലെ കുട്ടികൾക്ക് ഇത്തരം മനോഹരമായ കെട്ടിടങ്ങളിൽ പഠിക്കാൻ കഴിയുന്നുവെന്നതാണ് പ്രധാനമായ കാര്യം. ഏറ്റവും താഴെത്തട്ടിലുള്ള കുട്ടികൾക്ക് വരെ ഇവിടെ പഠിക്കാൻ കഴിയുന്നു. അത് തന്നെയാണ് കേരളത്തിന്റെ പ്രസരിപ്പും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ രാജ്യം മുഴുവൻ അറിയപ്പെടുന്നതിനുള്ള കാരണവും. വിദ്യാഭ്യാസമേഖലയിലെ സ്വകാര്യവത്കരണത്തിനാണ് ഡൽഹി സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, പാവപ്പെട്ടവന് അത് ഉപകാരപ്പെടുകയില്ല. സ്വകാര്യസ്ഥാപനങ്ങളിൽ പോയി പഠിക്കാനുള്ള പണം പാവപ്പെട്ടവന്റെ ൈകയിലില്ല. മുൻ എംപി. എം.ഐ. ഷാനവാസ് തുടങ്ങിവെച്ച പദ്ധതികളിലൊന്നാണ് വാകേരി സ്‌കൂളിലെ പുതിയ കെട്ടിടം. അദ്ദേഹം ബാക്കിവെച്ച ജോലികളും അദ്ദേഹത്തിന്റെ വീക്ഷണവും തുടരേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വേദിയിലെ ശബ്ദക്രമീകരണത്തിന്റെ പ്രശ്‌നം കാരണം രാഹുലിന്റെ പരിഭാഷകയായ പ്ലസ് വൺ വിദ്യാർത്ഥിനി പി.വി. പൂജ ആദ്യമൊന്ന് പതറി. രാഹുൽ പ്രോത്സാഹിപ്പിച്ചതോടെ പരിഭ്രമമെല്ലാം പമ്പ കടന്നു. താനും ആദ്യമൊക്കെ സംസാരിക്കുമ്പോൾ ഇങ്ങനെയായിരുന്നെന്നും പരിഭ്രമിക്കേണ്ടെന്നും രാഹുൽ പൂജയോട് സ്‌നേഹത്തോടെ പറഞ്ഞപ്പോൾ സദസ്സ് കരഘോഷത്താൽ നിറഞ്ഞു. പരിഭാഷകയ്ക്ക് സമ്മാനമായി മിഠായി നൽകിയാണ് എംപി. വേദി വിട്ടത്. രാഹുലിന്റെ പ്രോത്സാഹനം മറക്കാൻ കഴിയില്ലെന്നും ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരുന്നുവെന്നും പൂജ പിന്നീട് പറഞ്ഞു. സ്‌കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളായ വി.ജെ. ആർച്ച, നയന വിനോദ്, സ്വാതി കൃഷ്ണ എന്നിവർക്ക് എംപി. ഉപഹാരം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP