Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യക്ക് ജയം; 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ലക്ഷ്യം കണ്ടത് 18.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ; ഇന്ന് ഇന്ത്യ സ്വന്തമാക്കിയത് റൺസ് പിന്തുടർന്നുള്ള ഏറ്റവും വലിയ വിജയം

വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യക്ക് ജയം; 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ലക്ഷ്യം കണ്ടത് 18.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ; ഇന്ന് ഇന്ത്യ സ്വന്തമാക്കിയത് റൺസ് പിന്തുടർന്നുള്ള ഏറ്റവും വലിയ വിജയം

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത് റൺസ് പിന്തുടർന്നുള്ള ഏറ്റവും വലിയ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ആറുവിക്കറ്റിനാണ് ജയിച്ചത്. വിൻഡീസ് ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ടീമിനെ മുന്നിൽനിന്നു നയിച്ച ക്യാപ്റ്റൻ വിരാട് കോലിയാണ് വിൻഡീസിനെ നിഷ്പ്രഭമാക്കിയത്. 50 പന്തിൽ നിന്ന് ആറു വീതം ബൗണ്ടറിയും സിക്സുമായി 94 റൺസാണ് കോലി സ്വന്തമാക്കിയത്. കോലിയുടെ 23-ാം അർധ സെഞ്ചുറിയായിരുന്നു ഇത്.

നേരത്തെ തുടക്കംമുതൽ തകർത്തടിച്ച ബാറ്റ്സ്മാന്മാരെ ക്യാച്ചുകൾ കൈവിട്ട് ഇന്ത്യൻ ഫീൽഡർമാർ സഹായിച്ചപ്പോൾ വിൻഡീസ് സ്‌കോർ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 207-ൽ എത്തി. ട്വന്റി 20-യിലെ ആദ്യ അന്താരാഷ്ട്ര അർധസെഞ്ചുറി നേടിയ ഷിംറോൺ ഹെറ്റ്മയറാണ് വിൻഡീസ് നിരയിലെ ടോപ് സ്‌കോറർ. രണ്ടു തവണ ക്യാച്ചിൽ നിന്ന് രക്ഷപ്പെട്ട ഹെറ്റ്മയർ 41 പന്തിൽ നിന്ന് നാലു സിക്സും രണ്ടു ബൗണ്ടറിയുമടക്കം 56 റൺസെടുത്തു.

രണ്ടാം ഓവറിൽ തന്നെ ദീപക് ചാഹർ ലെൻഡൽ സിമ്മൺസിനെ (2) മടക്കിയ ശേഷമായിരുന്നു വിൻഡീസ് വെടിക്കെട്ട്. 17 പന്തിൽ നിന്ന് 40 റൺസടിച്ച എവിൻ ലൂയിസാണ് സന്ദർശകർക്ക് മികച്ച തുടക്കം സമ്മാനിച്ചത്. ലൂയിസിനെ പിന്നീട് വാഷിങ്ടൺ സുന്ദർ പുറത്താക്കി. ബ്രണ്ടൻ കിങ് (23 പന്തിൽ 31), കീറോൺ പൊള്ളാർഡ് (19 പന്തിൽ 37) എന്നിവരും തകർത്തടിച്ചു. 15 സിക്സറുകളാണ് വിൻഡീസ് ബാറ്റ്സ്മാന്മാർ അടിച്ചുകൂട്ടിയത്. ഇന്ത്യയ്ക്കെതിരേ വിൻഡീസ് ഒരു ട്വന്റി 20-യിൽ നേടുന്ന ഏറ്റവും കൂടുതൽ സിക്സറുകളാണിത്.

ജേസൺ ഹോൾഡർ (ഒമ്പതു പന്തിൽ 24*), ദിനേഷ് രാംദിൻ (ഏഴു പന്തിൽ 11) എന്നിവർ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി യൂസ്വേന്ദ്ര ചാഹൽ രണ്ടു വിക്കറ്റ് വീഴ്‌ത്തി. ദീപക് ചാഹർ, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

208 എന്ന വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും തകർത്തടിച്ച കെ.എൽ രാഹുലാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കമേകിയത്. 40 പന്തിൽ 62 റൺസാണ് രാഹുൽ സ്വന്തമാക്കിയത്. രാഹുൽ ട്വന്റി 20-യിലെ ഏഴാം അർധ സെഞ്ചുറിയും കുറിച്ചു. ഇതിനിടെ ട്വന്റി 20 കരിയറിൽ രാഹുൽ 1000 റൺസും തികച്ചു. 29-ാം ഇന്നിങ്സിലാണ് താരത്തിന്റെ ഈ നേട്ടം.

രാഹുൽ പുറത്തായ ശേഷം ആക്രമണം ഏറ്റെടുത്ത കോലി പിന്നീട് വെടിക്കെട്ടിന് തിരികൊളുത്തി. തകർത്തടിച്ച കോലി വിൻഡീസ് ബൗളർ കെസ്രിക്ക് വില്യംസണെതിരേ നോട്ട്ബുക്ക് സെലബ്രേഷനും നടത്തി. രണ്ടാം വിക്കറ്റിൽ കോലി - രാഹുൽ സഖ്യം 100 റൺസ് ചേർത്തു. മൂന്നാം വിക്കറ്റിൽ ഋഷഭ് പന്തിനൊപ്പം (18) 48 റൺസിന്റെ കൂട്ടുകെട്ടിലും കോലി പങ്കാളിയായി. ട്വന്റി 20-യിൽ റൺസ് പിന്തുടർന്നുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്. 2009-ൽ ശ്രീലങ്കയ്ക്കെതിരെ മൊഹാലിയിൽ 207 റൺസ് പിന്തുടർന്നുള്ള ജയം ഇതോടെ രണ്ടാമതായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP