Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സമവായത്തിലൂടെ ആണെങ്കിലും യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാകാൻ താനില്ലെന്ന് ഹൈബി ഈഡൻ എംപി; നിലപാട് പുത്തൻ തലമുറക്ക് അവസരം നൽകുന്നതിനായെന്നും ഫേസ്‌ബുക്ക് പോസ്റ്റ്

സമവായത്തിലൂടെ ആണെങ്കിലും യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാകാൻ താനില്ലെന്ന് ഹൈബി ഈഡൻ എംപി; നിലപാട് പുത്തൻ തലമുറക്ക് അവസരം നൽകുന്നതിനായെന്നും ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ലോക്‌സഭാംഗം ഹൈബി ഈഡൻ. പുതു തലമുറക്ക് അവസരം നൽകുന്നതിനായാണ് താൻ ഇത്തരം ഒരു നിലപാടെടുത്തതെന്നും ഹൈബി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. താൻ മത്സരിക്കാൻ നോമിനേഷൻ നൽകുന്നില്ലെന്നും തെരഞ്ഞെടുപ്പല്ലാതെ സമവായമാണെങ്കിലും തന്റെ പേര് പരിഗണിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കെപിസിസിയുടെ എതിർപ്പ് നിലനിൽക്കവെയാണ് യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലേക്കു നീങ്ങിയത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ യോഗ്യരായവരുടെ പത്തംഗ പട്ടികയാണ് യൂത്ത് കോൺഗ്രസ് പുറത്തിറക്കിയത്. ഹൈബിക്കു പുറമേ, രമ്യാ ഹരിദാസ് എംപി, എംഎ‍ൽഎമാരായ ഷാഫി പറമ്പിൽ, കെ.എസ് ശബരീനാഥൻ എന്നിവരും പട്ടികയിലുണ്ട്.

ഹൈബി ഈഡന്റെ ഫേസ്‌ബുക്ക് പോസ്റ്റ്..

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള യോഗ്യത പട്ടികയിൽ എന്റെ പേര് ഉൾപ്പെട്ടിട്ടുള്ളത് സംഘടനയുടെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രകാരമുള്ള ഒരു പ്രക്രിയ മാത്രമാണ്. തിരഞ്ഞെടുപ്പിൽ നിഷ്‌കർഷിച്ചിട്ടുള്ള പ്രായപരിധിക്കുള്ളിലായതിനാലും സംഘടനയിൽ നിരവധി സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളത് കണക്കിലെടുത്തുമാണ് മാനദണ്ഡപ്രകാരമുള്ള ലിസ്റ്റ്. ആ പെർഫോർമേഴ്സ് ലിസ്റ്റിൽ ഉള്ളവർക്ക് മാത്രമേ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാൻ കഴിയുകയുള്ളു എന്ന് മാത്രമാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ എന്റെ നിലപാട് കഴിഞ്ഞ വർഷം ഈ പ്രക്രിയ തുടങ്ങിയപ്പോൾ തന്നെ ഞാൻ വ്യക്തമാക്കിയിരുന്നു. അന്ന് എംഎ‍ൽഎ.യായിരുന്നെങ്കിൽ ഇന്ന് കൂടുതൽ ഉത്തരവാദിത്വമുള്ള എംപി.യാണ്. സംഘടനയുടെ തലപ്പത്ത് പുതിയ നേതൃത്വത്തിന് അവസരം ഉണ്ടാക്കാൻ സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്ന എന്റെ മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നു. ഈ പ്രസ്ഥാനം ചെറുപ്രായത്തിൽ തന്നെ എനിക്ക് ഏറെ അവസരങ്ങൾ നൽകിയിട്ടുണ്ട്.

കെ.എസ്.യു. ജില്ലാ ഘടകത്തിന്റെയും സംസ്ഥാന ഘടകത്തിന്റെയും പ്രസിഡന്റ്, എൻ.എസ്.യു. ദേശീയ അധ്യക്ഷൻ, രണ്ടു വട്ടം എംഎ‍ൽഎ., എംപി. തുടങ്ങി ലഭിച്ച അംഗീകാരങ്ങൾ മുഴുവൻ പാർട്ടിയിൽ ലഭിച്ച അവസരങ്ങൾ കൊണ്ടായിരുന്നു.

പുതിയ യുവാക്കൾക്ക് ഈ അവസരങ്ങൾ ലഭിച്ചെങ്കിൽ മാത്രമെ പുതിയ നേതൃത്വം ഉയർന്നു വരികയുള്ളു. കെ.എസ്.യു., യൂത്ത് കോൺഗ്രസ് സംഘടനാ തലത്തിൽ കഴിവ് തെളിയിച്ച നിരവധി ചെറുപ്പക്കാർക്ക് കൂടി ഈ പട്ടികയിൽ ഇടം നൽകി അവസരങ്ങൾ നൽകേണ്ടതായിരുന്നു എന്ന അഭിപ്രായവും എനിക്കുണ്ട്.

അതിനാൽ ഈ സംഘടനാ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കാൻ നോമിനേഷൻ നൽകുന്നില്ല എന്ന നിലപാട് ഒരിക്കൽ കൂടി ആവർത്തിക്കുന്നു. തിരഞ്ഞെടുപ്പല്ലാതെ സമവായം ആണെങ്കിലും എന്റെ പേര് പരിഗണിക്കേണ്ടതില്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP