Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്നു നില കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് അരക്ക് താഴേക്ക് തളർന്ന മനുവിനോട് ഡോക്ടർമാർ ഉപദേശിച്ചത് വീൽച്ചെയർ ശീലമാക്കാൻ; കോതമംഗലം പീസ് വാലിയിൽ എത്തുന്നത് 'മറുനാടൻ' വാർത്ത സുഹൃത്ത് ശ്രദ്ധയിൽ പെടുത്തിയതോടെ; ചികിത്സ പൂർത്തിയാക്കി നടന്നിറങ്ങുന്ന മനുവിന് കുടുംബം പുലർത്താൻ ആപേ ഓട്ടോറിക്ഷയും; ഇത് സമാനതകളില്ലാത്ത നന്മയുടെ നേർചിത്രം

മൂന്നു നില കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് അരക്ക് താഴേക്ക് തളർന്ന മനുവിനോട് ഡോക്ടർമാർ ഉപദേശിച്ചത് വീൽച്ചെയർ ശീലമാക്കാൻ; കോതമംഗലം പീസ് വാലിയിൽ എത്തുന്നത് 'മറുനാടൻ' വാർത്ത സുഹൃത്ത് ശ്രദ്ധയിൽ പെടുത്തിയതോടെ; ചികിത്സ പൂർത്തിയാക്കി നടന്നിറങ്ങുന്ന മനുവിന് കുടുംബം പുലർത്താൻ ആപേ ഓട്ടോറിക്ഷയും; ഇത് സമാനതകളില്ലാത്ത നന്മയുടെ നേർചിത്രം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: 'നിശ്ചയദാർഢ്യത്തിന്റെയും സമാനതകളില്ലാത്ത നന്മയുടേയും നമ്പർ ആണ് കെഎൽ 69 -4201'. 'ഇനിയൊരിക്കലും നടക്കാൻ കഴിയില്ല.. വീൽചെയർ ഉപയോഗിച്ച് ശീലിക്കൂ'- ഡോക്ടറുടെ ഈ വാക്കുകളോടെ ജീവിതം തന്റെ മുന്നിൽ ഇരുളടയുകയായിരുന്നു എന്ന് മനു ഓർക്കുന്നു. ഇരുപത്തി അഞ്ചുകാരനായ കുമളി വണ്ടന്മേട് സ്വദേശി മനു ലാൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 8 ന് കുമളി പുറ്റടി വേളാങ്കണ്ണി മാതാ പാരിഷ് ഹാളിന്റെ പണിക്കിടെ മൂന്നു നില കെട്ടിടത്തിന്റെ ഉയരത്തിൽ നിന്ന് കൈവിട്ടു താഴേക്കു വീണത്. വീഴ്ചയിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. കോട്ടയം മെഡിക്കൽ കോളേജിലും, എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിയിലുമായി രണ്ടര മാസത്തോളം ആശുപത്രിയിൽ.

നട്ടെല്ലിന് ശസ്ത്രക്രിയ അടക്കം സങ്കീർണമായ ചികിത്സകൾ. അപകടത്തിൽ അരക്ക് താഴേക്ക് ചലന ശേഷി നഷ്ടപെട്ടിരിക്കുന്നു എന്ന യാഥാർഥ്യം ഇടക്കൊരു ദിവസം ഡോക്ടർ മനുവിനെ ധരിപ്പിച്ചു. ഒപ്പം വീൽ ചെയർ ഉപയോഗിച്ച് ശീലിക്കാനും. ഫിസിയോ തെറാപ്പി പോലുള്ള ചികിത്സകൾ തുടർച്ചയായി ദീർഘകാലം ലഭിച്ചാൽ സഹായ ഉപകരണങ്ങളുടെ സഹായത്തോടെ നടക്കാൻ കഴിഞ്ഞേക്കും എന്ന് ഡോക്ടർ പറഞ്ഞെങ്കിലും ആ നിർധന തോട്ടം തൊഴിലാളി കുടുംബത്തെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും രണ്ടു മാസത്തെ ആശുപത്രി വാസത്തോടെ തീർന്നിരുന്നു.

ആയിടക്കാണ് കോതമംഗലം പീസ് വാലിയിൽ നട്ടെല്ലിന് പരുക്കേറ്റ ആളുകൾ മൂന്നു മാസത്തോടെ ഫിസിയോ തെറാപ്പി ചികിത്സയിലൂടെ സ്വയം പര്യാപ്തരായി മടങ്ങുന്ന 'മറുനാടൻ' വാർത്ത കൂട്ടുകാരിലൊരാൾ മനുവിന്റെ ശ്രദ്ധയിൽ പെടുത്തുന്നത്. പീസ് വാലിയുമായി ബന്ധപ്പെട്ടപ്പോൾ മെഡിക്കൽ റിപ്പോർട്ടുകളുമായി അപേക്ഷ നൽകാൻ പറഞ്ഞതനുസരിച്ചു അപേക്ഷ കൊടുക്കുകയും ചെയ്തു. നിർധന രോഗികൾക്കു തീർത്തും സൗജന്യമായാണ് പീസ് വാലിയിൽ ചികിത്സ. സെപ്റ്റംബർ 24 നു ആണ് മനു പീസ് വാലിയിൽ എത്തുന്നത്. വിദഗ്ദരായ ഫിസിയാട്രിസ്റ്റുകളുടെ നേതൃത്വത്തിൽ ഫിസിയോതെറാപ്പി ആരംഭിച്ചു.

ദിവസവും 5 മണിക്കൂർ നേരമാണ് ചികിത്സ ചെയ്തത്. ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ നല്ല മാറ്റം അനുഭവപ്പെട്ടതായി മനു പറയുന്നു. പതിയെ പതിയെ മനു ജീവിതത്തിലേക്ക് തിരികെ എത്തുകയായിരുന്നു. ചികിത്സ രണ്ടു മാസം പിന്നിട്ടപ്പോൾ തന്നെ കാലിപ്പർ ഇട്ടു നടക്കാൻ ആരംഭിച്ചു. മറ്റൊരാളുടെ സഹായമില്ലാതെ സ്വന്തം കാര്യങ്ങൾ നിർവഹിക്കാൻ മനു പര്യാപ്തനായിരുന്നു.

മുന്നോട്ടുള്ള ജീവിതം മനുവിന്റെ മുന്നിൽ അപ്പോഴും ചോദ്യചിഹ്നനമായി നിൽക്കുകയായിരുന്നു. ഭാര്യയും മൂന്നു മാസവും 4വയസ്സുമുള്ള രണ്ടു മക്കളും ആണ് മനുവിന്റെ കുടുംബം. ഇളയ കുട്ടിക്ക് മൂന്നു മാസം പ്രായം ഉള്ളപ്പോഴാണ് മനുവിന് അപകടം സംഭവിക്കുന്നത്. ഒന്നെടുത്തു ഓമനിക്കാൻ പോലും കഴിയാത്ത മനുവിനെ വല്ലാതെ ഉലച്ചിരുന്നു. പീസ് വാലി അധികൃതരാണ് ഭിന്ന ശേഷിക്കാർക്ക് അനുയോജ്യമായ രീതിയിൽ മാറ്റം വരുത്തിയ ഓട്ടോ റിക്ഷ എന്ന ആശയം മനുവിനോട് പങ്കുവെക്കുന്നത്. തന്റെ സന്തത സഹചാരി ആയിരുന്ന പൾസർ ബൈക്ക് വിറ്റാൽ കിട്ടുന്ന പണം മാത്രമാണ് മനുവിന്റെ മൂലധനം.

ഇതിനിടെ പീസ് വാലി സന്ദർശിക്കാൻ എത്തിയ ആസ്റ്റർ ഡി എം ഫൗണ്ടേഷൻ പ്രതിനിധികളോട് പീസ് വാലി അധികൃതർ ചികിത്സ കഴിഞ്ഞു പോകുന്ന നിർധനരായ ഭിന്നശേഷിക്കാർക്കു അവരുടെ പഴയ തൊഴിൽ തുടരാൻ പറ്റാത്ത അവസ്ഥയിൽ അനുയോജ്യമായ സ്വയം തൊഴിൽ സംരംഭങ്ങളിലൂടെ പുനരധിവാസം ഉറപ്പാക്കുന്ന പദ്ധതി അവതരിപ്പിച്ചത്. ഇതേ തുടർന്ന് മനുവിന്റെ കാര്യത്തിൽ ഇടപെടാനുള്ള താല്പര്യം ആസ്റ്റർ ഡി എം ഫൗണ്ടേഷൻ അറിയിച്ചത്. തുടർന്ന് നെടുംകണ്ടത്തു നിന്ന് ഒന്നര ലക്ഷം രൂപക്ക് ആപേ ഓട്ടോറിക്ഷ വാങ്ങുകയും പെഡൽ ബ്രേക്ക് ഹാൻഡിൽ ബ്രേക് ആക്കി മാറ്റം വരുത്തുകയും ചെയ്തു. പീസ് വാലിയിൽ എത്തിച്ച വാഹനത്തിൽ ഒരാഴ്ചകാലം മനു പരിശീലനം നടത്തി.

ചികിത്സ പൂർത്തിയാക്കി മനു ഡിസംബർ ആദ്യം വാരം നാട്ടിലേക്ക് മടങ്ങും. വീൽ ചെയറിൽ ഒതുങ്ങി പോകുമായിരുന്ന ജീവിതത്തിൽ അപ്രതീക്ഷിതമായ വഴിത്തിരിവുകൾക്ക് കാരണമായ എല്ലാവരോടും ജീവിതം കൊണ്ട് നന്ദി പറയുന്നുവെന്ന് മനു.. വീൽ ചെയർ ഉരുളേണ്ടിയിരുന്ന വണ്ടന്മേട് രാജാക്കണ്ടത്തുള്ള മനുവിന്റെ വീടിന്റെ മുറ്റത്ത് നിശ്ചയദാർഢ്യത്തിന്റെയും സമാനതകളില്ലാത്ത നന്മയുടെയും പ്രതീകമായി കെഎൽ 69 4201 നമ്പർ ഓട്ടോറിക്ഷ ഉണ്ടാവും..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP