Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൈദരാബാദ് പൊലീസ് വെടിവെയ്‌പ്പിനെ പുകഴ്‌ത്തി ടൊവിനോ തോമസ്; ഫേസ്‌ബുക്കിൽ കുറിച്ചത് 'നീതി നടപ്പാക്കിക്കഴിഞ്ഞു' എന്ന്; മഹത്തായ കാര്യമാണ് പൊലീസ് ചെയ്തതെന്നു പറഞ്ഞ സൈന ട്വിറ്ററിൽ കുറിച്ചത് ഞങ്ങൾ നിങ്ങളെ സല്യൂട്ട് ചെയ്യുന്നുവെന്ന്; പൊലീസ് നടപടികളിലൂടെ ഭാവിയിൽ ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങൾ നടക്കില്ലെന്ന് ഉറപ്പു വരുത്താനാവുമോ? ചോദ്യങ്ങളുയർത്തി ജ്വാല ഗുട്ടയും: ഹൈദരാബാദ് എൻകൗണ്ടറിൽ സെലബ്രിറ്റികളുടെ പ്രതികരണങ്ങൾ ഇങ്ങനെ

ഹൈദരാബാദ് പൊലീസ് വെടിവെയ്‌പ്പിനെ പുകഴ്‌ത്തി ടൊവിനോ തോമസ്; ഫേസ്‌ബുക്കിൽ കുറിച്ചത് 'നീതി നടപ്പാക്കിക്കഴിഞ്ഞു' എന്ന്; മഹത്തായ കാര്യമാണ് പൊലീസ് ചെയ്തതെന്നു പറഞ്ഞ സൈന ട്വിറ്ററിൽ കുറിച്ചത് ഞങ്ങൾ നിങ്ങളെ സല്യൂട്ട് ചെയ്യുന്നുവെന്ന്; പൊലീസ് നടപടികളിലൂടെ ഭാവിയിൽ ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങൾ നടക്കില്ലെന്ന് ഉറപ്പു വരുത്താനാവുമോ? ചോദ്യങ്ങളുയർത്തി ജ്വാല ഗുട്ടയും: ഹൈദരാബാദ് എൻകൗണ്ടറിൽ സെലബ്രിറ്റികളുടെ പ്രതികരണങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: ഹൈദരബാദിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന് കത്തിച്ച കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തെ എതിർത്തും അനുകൂലിച്ചും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. തെലുങ്കാന ജനത ഹൈദരാബാദ് പൊലീസിന് കൈയടിക്കുന്ന സാഹചര്യം ഉണ്ടാകുന്നു. വലിയ പിന്തുണയാണ് പൊലീസിന് ലഭിക്കുന്നത്. കോടതിയിലൂടെ ശിക്ഷ നടപ്പാക്കാൻ എടുക്കുന്ന കാലതാമസത്തെ ചൂണ്ടിക്കാട്ടിയാണ് ഇവർ പൊലീസ് നടപടിയെ അഭിനന്ദിക്കുന്നത്. അക്കൂട്ടത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ ടൊവിനോ തോമസ്.

'നീതി നടപ്പാക്കിക്കഴിഞ്ഞു' എന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. എന്നാൽ പോസ്റ്റിന് എതിരെ പൊലീസ് നടപടിയിൽ സംശയം പ്രകടിപ്പിക്കുന്നവർ രംഗത്തെത്തി. ടൊവിനോ അഭിനയിച്ച 'ഒരു കുപ്രസിദ്ധ പയ്യൻ' എന്ന ചിത്രത്തലെ കഥാപരിസരം ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ ഉയരുന്നത്. മധുപാൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പൊലീസ് കള്ളക്കേസിൽ കുടുക്കിയ ഒരു യുവാവിന്റെ ജീവിതമാണ് പറയുന്നത്. അതുപോലെ ജനവികാരം നിയന്ത്രിക്കാൻ വേണ്ടി ഹൈദരബാദ് വിഷയത്തിലും നാല് യുവാക്കളെ പൊലീസ് കുടുക്കി വെടിവെച്ചതായിരിക്കാം എന്നാണ് ഒരുവിഭാഗം സംശയം പ്രകടിപ്പിക്കുന്നത്.

അതേസമയം ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗംചെയ്തുകൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന തെലങ്കാന പൊലീസ് നടപടിയെ അനുകൂലിച്ച് ബാഡ്മിന്റൺ താരം സൈന നേവാളും രംഗത്തെത്തി.. മഹത്തായ കാര്യമാണ് ഹൈദരാബാദ് പൊലീസ് ചെയ്തതെന്നു പറഞ്ഞ സൈന, ഞങ്ങൾ നിങ്ങളെ സല്യൂട്ട് ചെയ്യുന്നുവെന്നും ട്വിറ്ററിൽ കുറിച്ചു.

അതേസമയം പൊലീസ് നടപടിയെ അനുകൂലിച്ചും വിമർശിച്ചും വിവിധ കോണുകളിൽ നിന്നും പ്രതികരണങ്ങൾ വരുന്നുണ്ട്. പൊലീസ് നടപടി രാജ്യത്ത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. എന്നാൽ പൊലീസ് നടപടിയോട് ചോദ്യങ്ങളുമായാണ് മറ്റൊരു ബാഡ്മിന്റൺ താരമായ ജ്വാല ഗുട്ട പ്രതികരിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള പൊലീസ് നടപടികളിലൂടെ ഭാവിയിൽ ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങൾ നടക്കില്ലെന്ന് ഉറപ്പു വരുത്താനാവുമോ എന്ന് ജ്വാല ഗുട്ട ചോദിക്കുന്നു. സാമൂഹിക സ്വാധീനം കണക്കിലെടുക്കാതെ ബലാത്സംഗത്തിലേർപ്പെടുന്ന എല്ലാവർക്കും ഇതേ രീതിയിലാവുമോ ശിക്ഷ? എന്നും അവർ ട്വിറ്ററിൽ കുറിച്ചു.

നവംബർ 28-നാണ് 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഷാദ്‌നഗർ ദേശീയപാതയിൽ പാലത്തിനടിയിൽ കാണപ്പെട്ടത്. ഈ സംഭവത്തിൽ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീൻ, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികൾ പൊലീസിന്റെ വെടിയേറ്റു മരിച്ചത്.

ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുക്കുന്നതിനായി പ്രതികളെ എത്തിച്ചപ്പോഴാണ് സംഭവം. പ്രതികളായ നാലുപേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുടെ മൃതദേഹം ഷാദ്‌നഗർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പുലർച്ചെ 3.30-ന് ഇവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നെന്ന് സൈബരാബാദ് പൊലീസ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP