Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെളിവുകൾ ശേഖരിക്കാനായി പ്രതികളെ കുറ്റകൃത്യം നടന്നിടത്ത് എത്തിച്ചത് മൂന്ന് മണിക്ക്; കുറ്റകൃത്യം പുനരാവിഷ്‌കരിക്കുന്നതിനിടെ പ്രതികൾ വടികളും കല്ലുകളും ഉപയോഗിച്ചു പൊലീസിനെ ആക്രമിച്ചു; ഉദ്യോഗസ്ഥരുടെ ആയുധങ്ങൾ തട്ടിയെടുത്തശേഷം പൊലീസിന് നേരെ വെടിയുതിർത്തു; വെടിവെയ്‌പ്പിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു; ഇതോടെ പ്രതികളെ വെടിവച്ചു കൊല്ലുകയായിരുന്നു; നിറവേറ്റിയത് ഉത്തരവാദിത്തമെന്ന് വി സി.സജ്ജനാർ; കൊല്ലപ്പെട്ട പ്രതികളുടെ കൈയിൽ തോക്കിന്റെ ചിത്രങ്ങളും പുറത്തുവിട്ടു സൈബരാബാദ് പൊലീസ് കമ്മിഷണർ

തെളിവുകൾ ശേഖരിക്കാനായി പ്രതികളെ കുറ്റകൃത്യം നടന്നിടത്ത് എത്തിച്ചത് മൂന്ന് മണിക്ക്; കുറ്റകൃത്യം പുനരാവിഷ്‌കരിക്കുന്നതിനിടെ പ്രതികൾ വടികളും കല്ലുകളും ഉപയോഗിച്ചു പൊലീസിനെ ആക്രമിച്ചു; ഉദ്യോഗസ്ഥരുടെ ആയുധങ്ങൾ തട്ടിയെടുത്തശേഷം പൊലീസിന് നേരെ വെടിയുതിർത്തു; വെടിവെയ്‌പ്പിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു; ഇതോടെ പ്രതികളെ വെടിവച്ചു കൊല്ലുകയായിരുന്നു; നിറവേറ്റിയത് ഉത്തരവാദിത്തമെന്ന് വി സി.സജ്ജനാർ; കൊല്ലപ്പെട്ട പ്രതികളുടെ കൈയിൽ തോക്കിന്റെ ചിത്രങ്ങളും പുറത്തുവിട്ടു സൈബരാബാദ് പൊലീസ് കമ്മിഷണർ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: തെലുങ്കാനയിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് എൻകൗണ്ടറിൽ വെടിവെച്ച് കൊല്ലേണ്ട സാഹചര്യം എങ്ങനെയുണ്ടായി എന്നു വിശദീകരിച്ചു സൈബരാബാദ് പൊലീസ് കമ്മിഷണർ വി സി സജ്ജനാർ രംഗത്തെത്തി. പൊലീസ് നടപടിയെ തീർത്തും ന്യായീകരിച്ചു കൊണ്ടാണ് സജ്ജനാർ രംഗത്തുവന്നത്. വാർത്താസമ്മേളനം വിളിച്ച് എൻകൗണ്ടറിനെ കുറിച്ച് വിശദീകരിച്ചു അദ്ദേഹം പൊലീസിനെ ആക്രമിച്ചപ്പോഴാണ് പ്രതികളെ വെടിവെച്ച് കൊല്ലേണ്ടി വന്നതെന്നും വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് സജ്ജനാർ വിശദമാക്കുന്നത് ഇങ്ങനെയാണ്: കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായി തെളിവെടുക്കുന്നതിനിടെ പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. പ്രതികളെയുമായി ഹൈദരാബാദ് - ബെംഗളൂരു ദേശീയപാതയിൽ കുറ്റകൃത്യം നടന്ന ടോൾ ബൂത്തിന് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് എത്തി. കൂടുതൽ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി കുറ്റകൃത്യം ഭാഗികമായി പുനരാവിഷ്‌കരിക്കാൻ ശ്രമിച്ചു. പെൺകുട്ടിയെ അക്രമിച്ച സ്ഥലത്തു പ്രതികളെ എത്തിച്ചപ്പോൾ അവർ പൊലീസിനു നേരെ തിരിയുകയായിരുന്നെന്ന് സജ്ജനാർ പ്രതികരിച്ചു. പ്രതികൾ വടികളും കല്ലുകളും ഉപയോഗിച്ചു പൊലീസിനെ ആക്രമിച്ചു. ഉദ്യോഗസ്ഥരുടെ ആയുധങ്ങൾ തട്ടിയെടുത്തശേഷം പൊലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു.

പ്രതികളോടു കീഴടങ്ങാൻ നിർദേശിച്ചെങ്കിലും അവർ അനുസരിക്കാൻ കൂട്ടാക്കിയില്ല. പൊലീസിനു നേരെ വെടിയുതിർക്കുന്നതു തുടർന്നു. ഇതോടയാണ് പ്രതികളെ വെടിവെച്ച് കൊലപ്പെടുത്താൻ നിർബന്ധിതരായതെന്നും പൊലീസ് വ്യക്തമാക്കി. നിയമം അതിന്റെ കടമയാണു നിർവഹിച്ചത്. പരുക്കേറ്റ 2 പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സജ്ജനാർ അറിയിച്ചു. പ്രതികളുടെ കൈയിൽനിന്നു 2 തോക്കുകൾ പൊലീസ് പിടിച്ചെടുത്തുവെന്നും സജ്ജനാർ പറഞ്ഞു. പ്രതികൾ കർണാടകയിലും സമാനമായ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി സംശയമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശാസ്ത്രീയമായി പോസ്റ്റുമോർട്ടം ചെയ്യും. നാല് മൃതദേഹങ്ങളും കുടുംബങ്ങൾക്ക് കൈമാറും. പൊലീസ് നിറവേറ്റിയത് സ്വന്തം ഉത്തരവാദിത്തമാണ്. അതേസമയം പൊലീസ് ഓപറേഷന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രതികളുടെ ചിത്രങ്ങളാണു പുറത്തുവന്നത്. വെടിയേറ്റു മരിച്ചു കിടക്കുന്നവരുടെ കൈകളിൽ തോക്കുകളുണ്ടെന്നു ചിത്രങ്ങളിൽനിന്നു വ്യക്തമാണ്. നാലു മൃതദേഹങ്ങളും കുടുംബങ്ങൾക്കു കൈമാറുമെന്നും പൊലീസ് അറിയിച്ചു. ലോറി ഡ്രൈവറായ മുഹമ്മദ് പാഷ, ജോളു നവീൻ, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്. എന്നാൽ ഏറ്റുമുട്ടൽ കൊലപാതകത്തിൽ സംശയമുന്നയിച്ച് മനുഷ്യാവകാശപ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.

വനിതാ ഡോക്ടറെ അതിക്രൂരമായി ബലാൽസംഗം ചെയ്തുകൊലപ്പെടുത്തിയ അതേസ്ഥലത്തുവച്ചാണ് പ്രതികളും തോക്കിനിരയായത്. പത്തുദിവസത്തിനുള്ളിൽ പ്രതികളെ കൊലപ്പെടുത്തിയ പൊലീസിനും സർക്കാരിനും നന്ദി പറയുന്നതായി വനിതാ ഡോക്ടറുടെ പിതാവ് പ്രതികരിച്ചു. കഴിഞ്ഞ നവംബർ 27 നാണ് വനിതാ വെറ്ററിനറി ഡോക്ടറേ പ്രതികൾ അതിക്രൂരമായി ബലാൽസംഗം ചെയ്തുകൊലപ്പെടുത്തിയത്, തുടർന്ന് മൃതദേഹം കത്തിച്ചുകളഞ്ഞു. രണ്ട് ദിവസത്തിനു ശേഷമാണ് ലോറി ഡ്രൈവറടക്കമുള്ള പ്രതികൾ പിടിയിലായത്.

അതിനിടെ തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ കൂട്ടബലാൽസംഗത്തിനിരയാക്കിയ പ്രതികൾ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തിൽ തെലങ്കാന സർക്കാറിന് നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്. തെലങ്കാന സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന സർക്കാറിന് നോട്ടീസയച്ചിട്ടുണ്ട്. പൊലീസ് വെടിവെപ്പിനെ ന്യായികരിച്ചും എതിർത്തും പ്രതികരണങ്ങൾ വരുന്നതിനിടെയാണ് സർക്കാറിന് ഇക്കാര്യത്തിൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്. തെളിവെടുപ്പിനിടെ പ്രതികൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും ഇതിനെ പ്രതിരോധിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസ് ഭാഷ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP