Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിർഭയയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന പ്രതികൾക്ക് ഇനി ദയ നൽകേണ്ടതില്ല; പ്രതി വിനയ് ശർമ്മ നൽകിയ ദയാഹർജി തള്ളണമെന്ന് രാഷ്ട്രപതിയോട് ശുപാർശ ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; കേന്ദ്രസർക്കാർ നടപടി ഡൽഹി സർക്കാറും ദയാഹർജി തള്ളിയതിന് പിന്നാലെ; രാജ്യ മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിലെ പ്രതികൾ തൂക്കുകയറിൽ തൂങ്ങിയാടുമോ? വധശിക്ഷ ആസന്നമായിരിക്കുന്ന സാഹചര്യത്തിലും ശിക്ഷ നടപ്പിലാക്കാൻ ആരാച്ചാർ ഇല്ലാത്തത് തിഹാർ ജയിൽ അധികൃതരെ വിഷമത്തിലാക്കുന്നു

നിർഭയയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന പ്രതികൾക്ക് ഇനി ദയ നൽകേണ്ടതില്ല; പ്രതി വിനയ് ശർമ്മ നൽകിയ ദയാഹർജി തള്ളണമെന്ന് രാഷ്ട്രപതിയോട് ശുപാർശ ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; കേന്ദ്രസർക്കാർ നടപടി ഡൽഹി സർക്കാറും ദയാഹർജി തള്ളിയതിന് പിന്നാലെ; രാജ്യ മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിലെ പ്രതികൾ തൂക്കുകയറിൽ തൂങ്ങിയാടുമോ? വധശിക്ഷ ആസന്നമായിരിക്കുന്ന സാഹചര്യത്തിലും ശിക്ഷ നടപ്പിലാക്കാൻ ആരാച്ചാർ ഇല്ലാത്തത് തിഹാർ ജയിൽ അധികൃതരെ വിഷമത്തിലാക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഹൈദരാബാദിലെ വനിതാ വെറ്റിനറി ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ പ്രതികളായവരെ പൊലീസ്് വെടിവെച്ചു കൊന്ന സംഭവത്തെ സ്വാഗതം ചെയ്തു കൊണ്ട് ആദ്യം രംഗത്തുവന്നത് നിർഭയയുടെ മാതാവായിരുന്നു. പ്രതികൾക്ക് കിട്ടിയ ശിക്ഷയിൽ താൻ സന്തോഷവതിയാണ്. പൊലീസുകാർ അവരുടെ ജോലി ഭംഗിയായി നിർവഹിച്ചു എന്നായിരുന്നു അവരുടെ പ്രതികരണം. വെടിവച്ച പൊലീസുകാർക്കെതിരെ നടപടികളൊന്നും എടുക്കരുതെന്നും നിർഭയയുടെ അമ്മ ആശാ ദേവി ആവശ്യപ്പെടുകയുണ്ടായി.

ഈ ഏറ്റുമുട്ടൽ കൊലപാതകത്തോടെ രാജ്യത്ത് വീണ്ടും നിർഭയ കേസും ചർച്ചയായി. രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച നിർഭയ കേസിലെ പ്രതികൾ ഇനിയും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഈ വിഷയത്തോടെ നിർഭയയുടെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കണം എന്ന പൊതുവികാരമാണ് ഒരുങ്ങുന്നത്. ഇതിനുള്ള വഴിയൊരുക്കാൻ കേന്ദ്രസർക്കാറും ഇപ്പോൾ തയ്യാറായി. നിർഭയ കേസിൽ പ്രതിയുടെ ദയാഹർജി തള്ളണമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ശുപാർശ നൽകി. പ്രതി വിനയ് ശർമ്മ നൽകിയ ദയാഹർജിയിലാണ് ആഭ്യന്തരമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. 2012ലെ ഡൽഹി നിർഭയ കൂട്ടബലാൽസംഗ കേസിലെ രണ്ടാം പ്രതിയായ വിനയ് ശർമ്മയുടെ ദയാഹർജി തള്ളണമെന്നാണ് കേന്ദ്രസർക്കാർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയത്.

നേരത്തെ ദയാഹർജി ലഭിച്ച വേളയിൽ രാഷ്ട്രപതി ഡൽഹിസർക്കാരിനോടും കേന്ദ്രസർക്കാരിനോടും വിശദാംശങ്ങൾ തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് ദയാഹർജി ഡൽഹി സർക്കാർ തള്ളിയത്. ഡൽഹി സർക്കാരിന്റെ ശുപാർശ അംഗീകരിച്ചു കൊണ്ട് കേന്ദ്രസർക്കാരും സമാന നിലപാടെടുത്തിരിക്കുകയാണ്. ദയാ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ശുപാർശ കൈമാറിയിരിക്കുകയാണ്. രാഷ്ട്രപതി കൂടി ദയാഹർജി തള്ളിയാൽ പ്രതികളെ തൂക്കിക്കൊല്ലാനുള്ള വാറണ്ട് പുറപ്പെടുവിക്കും. അടുത്ത തിങ്കളാഴ്ചയാണ് വിചാരണ കോടതി ദയാഹർജിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത്.

അടുത്ത തിങ്കളാഴ്ചയാണ് പ്രതികളുടെ ദയാഹർജിയുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കുന്നത്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നൽകിയ അപ്പീൽ നേരത്തേ തള്ളിയിരുന്നു. പ്രതികളിൽ വിനയ് ശർമ്മ മാത്രമാണ് രാഷ്ട്രപതിക്കു ദയാഹർജി നൽകാൻ തയ്യാറായത്. രാഷ്ട്രപതി ദയാഹർജി തള്ളുന്ന സാഹചര്യമുണ്ടായാൽ കോടതി വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകി 'ബ്ലാക്ക് വാറണ്ട്' പുറപ്പെടുവിക്കുന്നതാണ് അടുത്ത ഘട്ടം. 2012ലാണ് ഡൽഹി നിർഭയ കൂട്ട ബലാത്സംഗം നടന്നത്.രാംസിങ്, മുകേഷ് സിങ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് താക്കൂർ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ വിചാരണക്കാലയളവിൽ രാംസിങ് ആത്മഹത്യ ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതി 2015ൽ മോചിതനായി. മറ്റ് നാല് പേർക്കുമാണ് കോടതി വധശിക്ഷ വിധിച്ചിട്ടുള്ളത്.

അതേസമയം പോക്സോ കേസ് പ്രതികൾക്ക് ദയാഹർജിക്ക് അവസരം അനുവദിക്കേണ്ട ആവശ്യമില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജസ്ഥാനിൽ സംസാരിക്കവേ വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ അന്തിമമായ തീരുമാനം എടുക്കേണ്ടത് പാർലമെന്റാണെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്ത് ക്രൂരമായ ബലാത്സംഗ കൊലപാതകങ്ങൾ വർധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പോക്‌സോ കേസ് പ്രതികൾക്ക് ദയാഹർജിക്ക് അവസരം നൽകേണ്ട ആവശ്യമില്ല. ഇക്കാര്യം നിയമനിർമ്മാണ സഭ പരിശോധിക്കണം. സ്ത്രീകൾക്കെതിരേ അതിക്രമം വർധിച്ചു വരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ ആത്മാവ് അസ്വസ്ഥമാണ്. പെൺകുട്ടികളെ ബഹുമാനിക്കാൻ ആൺകുട്ടികളെ പഠിപ്പിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ട്. പെൺകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവർക്ക് ദയാഹർജി അനുവദിക്കരുത്'. ഇക്കാര്യത്തിൽ പാർലമെന്റ് നിയമഭേദഗതി കൊണ്ടുവരണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.

അതിനിടെ നിർഭയ കൂട്ടബലാത്സംഗക്കേസിൽ പ്രതികളുടെ വധശിക്ഷ ആസന്നമായിരിക്കുന്ന സാഹചര്യത്തിലും വധശിക്ഷ നടപ്പിലാക്കാൻ ആരാച്ചാർ ഇല്ലാത്തത് തിഹാർ ജയിൽ അധികൃതരെ വിഷമത്തിലാക്കുന്നുണ്ട്. ഒരു മാസത്തിനുള്ളിൽ തന്നെ വധശിക്ഷ നടപ്പിലാക്കേണ്ടി വരുമെന്നാണ് ജയിൽ അധികൃതരുടെ കണക്കുകൂട്ടൽ. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നൽകിയ അപ്പീൽ തള്ളിയിരുന്നു. ഇനി രാഷ്ട്രപതിക്കു ഹർജി നൽകുക എന്ന മാർഗം മാത്രമാണു മുന്നിലുള്ളത്. എന്നാൽ പ്രതികളിൽ വിനയ് ശർമ്മ മാത്രമാണ് രാഷ്ട്രപതിക്കു ദയാഹർജി നൽകാൻ തയ്യാറായത്. വിനയ് ശർമ്മയുടെ ദയാഹർജി തള്ളണമെന്നു ഡൽഹി സർക്കാർ ആഭ്യന്തര മന്ത്രാലയത്തോട് ശക്തമായി ശുപാർശ ചെയ്തിരുന്നു.

ചെയ്ത കുറ്റത്തിന്റെ തീവ്രത അനുസരിച്ച് ദയാഹർജി തള്ളണമെന്നു ഡൽഹി സർക്കാർ ശക്തമായി വാദിച്ചിരുന്നു. രാഷ്ട്രപതി ദയാഹർജി തള്ളുന്ന സാഹചര്യമുണ്ടായാൽ കോടതി വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകി 'ബ്ലാക്ക് വാറണ്ട്' പുറപ്പെടുവിക്കുന്നതാണ് അടുത്ത ഘട്ടം. വധശിക്ഷ ഉടൻ നടപ്പിലാക്കേണ്ട സാഹചര്യം ഉണ്ടായാൽ എന്ത് ചെയ്യാനാകുമെന്ന് ഉദ്യോഗസ്ഥർ കൂടിയാലോചന നടത്തി. ഉത്തർപ്രദേശിലെ ഗ്രാമങ്ങളിൽ ആരാച്ചാർക്കായി പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. പാർലമെന്റ് ഭീകരാക്രമണ കേസ് പ്രതി അഫ്സൽ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയ സന്ദർഭത്തിലും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. ആരാച്ചാരെ ലഭിക്കാതെ വന്ന സാഹചര്യത്തിൽ ഒരു ജയിൽ ഉദ്യോഗസ്ഥൻ തന്നെയാണ് ലിവർ വലിച്ച് വധശിക്ഷ നടപ്പാക്കിയത്. തിഹാർ ജയിലിൽ ആരാച്ചാർ പോസ്റ്റിൽ സ്ഥിര നിയമനമില്ല. വധശിക്ഷ അപൂർവമായതിനാൽ കരാർ അടിസ്ഥാനത്തിൽ അവശ്യഘട്ടത്തിൽ ആളുകളെ നിയോഗിക്കുകയാണ് നിലവിലെ രീതി.

രാംസിങ്, മുകേഷ് സിങ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് താക്കൂർ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ വിചാരണക്കാലയളവിൽ രാംസിങ് ആത്മഹത്യ ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതി 2015ൽ മോചിതനായി. മറ്റ് നാല് പേർക്കുമാണ് കോടതി വധശിക്ഷ വിധിച്ചിട്ടുള്ളത്. ദയാഹർജി നൽകാൻ ഏഴു ദിവസം സമയം അനുവദിച്ചെങ്കിലും വിനയ് ശർമ്മ ഒഴികെയുള്ള പ്രതികൾ അതിനു തയാറായില്ല. ഇവർക്ക് കൂടുതൽ സമയം അനുവദിക്കണമോയെന്ന കാര്യം കോടതി തീരുമാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP