Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗോവിന്ദച്ചാമിയേയും വെടിവെച്ച് കൊന്നിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു; വെടിവെച്ച് കൊല്ലരുതെന്ന് പറയുന്നവരുടെ മകൾക്ക് എന്റെ കുട്ടിക്ക് സംഭവിച്ചത് പോലെ സംഭവിക്കണം; അപ്പോഴേ അവർക്ക് അതിന്റെ വേദന മനസിലാകൂവെന്നും സൗമ്യയുടെ അമ്മ

ഗോവിന്ദച്ചാമിയേയും വെടിവെച്ച് കൊന്നിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു; വെടിവെച്ച് കൊല്ലരുതെന്ന് പറയുന്നവരുടെ മകൾക്ക് എന്റെ കുട്ടിക്ക് സംഭവിച്ചത് പോലെ സംഭവിക്കണം; അപ്പോഴേ അവർക്ക് അതിന്റെ വേദന മനസിലാകൂവെന്നും സൗമ്യയുടെ അമ്മ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹൈദരാബാദിലെ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ നാല് പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നതിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ഒരു വിഭാഗം ആളുകൾ പൊലീസിന്റെ നടപടിയെ പുകഴ്‌ത്തുമ്പോൾ മറ്റൊരു വിഭാഗം ആശങ്കയോടെയാണ് ഇതിനെ കാണുന്നത്. രാജ്യത്ത് ആരെയും വെടിവെച്ച് കൊല്ലുന്നതിന് പൊലീസിന് അവസരം ഒരുങ്ങുന്നത് നീതിയുടെ നിഷേധമാണെന്നും അരാജകത്വത്തിന്റെ ആരംഭമാണെന്നും പലരും വാദമുയർത്തുന്നുണ്ട്.

അതേസമയം, പലരും പൊലീസിന്റെ നടപടിയെ പ്രകീർത്തിക്കുന്നുണ്ട്. തങ്ങൾക്ക് നീതി ലഭിച്ചുവെന്ന് കൊല്ലപ്പെട്ട വെറ്ററിനറി ഡോക്ടറുടെ കുടുംബം പ്രതികരിച്ചു. രാജ്യത്തെ നടുക്കിയ നിർഭയ കേസിലെ പെൺകുട്ടിയുടെ കുടുംബവും അനുകൂല പ്രതികരണമാണ് അറിയിച്ചത്.

കേരളത്തെ നടുക്കിയ ഷൊർണ്ണൂർ പാസഞ്ചറിൽ നടന്ന പീഡന കൊലപാതകത്തിൽ മരണപ്പെട്ട സൗമ്യയുടെ അമ്മയും സംഭവത്തോട് പ്രതികരിച്ചു. ഗോവിന്ദച്ചാമിക്കും ഈ ശിക്ഷ ലഭിച്ചിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോകുന്നുവെന്നാണ് ആ അമ്മയുടെ വാക്കുകൾ. വെടിവെച്ച് കൊല്ലരുതെന്ന് പറയുന്നവരുടെ മകൾക്ക് എന്റെ കുട്ടിക്ക് സംഭവിച്ചത് പോലെ സംഭവിക്കണം. അപ്പോഴേ അവർക്ക് അതിന്റെ വേദന മനസിലാകൂവെന്നും ആ അമ്മ കൂട്ടിച്ചേർത്തു.

കൊച്ചിയിൽ നിന്ന് ഷൊർണ്ണൂരിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് പെൺകുട്ടി ദാരുണമായി പീഡിപ്പിക്കപ്പെട്ട് ഒടുവിൽ മരണത്തിന് കീഴടങ്ങിയത്. കേസിലെ മുഖ്യപ്രതി ഗോവിന്ദ ചാമി ഇപ്പോഴും ജയിലിൽ തുടരുകയാണ്. ജീവപര്യന്തം ശിക്ഷയാണ് ഗോവിന്ദ ചാമിക്ക് വിധിച്ചത്. ഈ സാഹചര്യത്തിലാണ് പെൺകുട്ടിയുടെ അമ്മ ഇത്തരത്തിൽ പ്രതികരണം അറിയിച്ചത്.

2011 ഫെബ്രുവരി ഒന്നിനാണ് തീവണ്ടിയാത്രയ്ക്കിടെ സൗമ്യയെ ഗോവിന്ദച്ചാമി ആക്രമിച്ചത്. ഗോവിന്ദച്ചാമി സൗമ്യയെ ബലാത്സംഗം ചെയ്തതായും ഗുരുതരമായി പരിക്കേൽപ്പിച്ചതായും സുപ്രീംകോടതിയും കണ്ടെത്തിയിരുന്നു. എന്നാൽ, കൊലക്കുറ്റം തെളിയിക്കാനായില്ല. തലയ്ക്കേറ്റ രണ്ടു മുറിവുകളാണ് സൗമ്യയുടെ മരണത്തിലേക്ക് നയിച്ചത്. ഒന്നാമത്തെ മുറിവിന് ഉത്തരവാദി ഗോവിന്ദച്ചാമിയാണെങ്കിലും ഇതുമാത്രം മരണകാരണമല്ല എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഹൈക്കോടതി വിധിച്ച ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. കൊലക്കുറ്റം ഒഴിവാക്കുകയും ചെയ്തു. ഇതിനെതിരേ സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മയും നൽകിയ പുനഃപരിശോധനാ ഹർജി തള്ളിയതിനെത്തുടർന്നാണ് അവസാന ആശ്രയമെന്നനിലയിൽ തിരുത്തൽ ഹർജി നൽകിയിരുന്നെങ്കിലും അതും സുപ്രീംകോടതി തള്ളിയിരുന്നു.

തീവണ്ടിയിൽനിന്ന് ചാടിയപ്പോഴുണ്ടായതാണ് രണ്ടാമത്തെ സാരമായ മുറിവ്. ഇതിനുത്തരവാദി ഗോവിന്ദച്ചാമിയാണെന്ന് തെളിയിക്കാനും കഴിഞ്ഞിട്ടില്ല. അതായത് ഗോവിന്ദച്ചാമിയാണ് സൗമ്യയെ തള്ളിയിട്ടത് എന്ന് വ്യക്തമായിട്ടില്ലെന്നും സുപ്രീംകോടതി കണ്ടെത്തിയിരുന്നു. സൗമ്യ തീവണ്ടിയിൽനിന്ന് ചാടിരക്ഷപ്പെടുന്നത് കണ്ടുവെന്ന് യാത്രക്കാരനായ മധ്യവയസ്‌കൻ പറഞ്ഞതായി സാക്ഷിമൊഴിയും പ്രോസിക്യൂഷന് ഒടുവിൽ വിനയായി. സൗമ്യയെ ഗോവിന്ദച്ചാമി തള്ളിയിട്ടതാണെന്ന് തെളിയിക്കാനായില്ല. സൗമ്യ തീവണ്ടിയിൽനിന്ന് ചാടിയതാകാമെന്ന നിഗമനത്തിലാണ് സുപ്രീംകോടതി എത്തിയത്.

ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം ഒഴിവാക്കിയെങ്കിലും ബലാത്സംഗക്കുറ്റത്തിന് വിധിച്ച ജീവപര്യന്തം, കൊള്ളനടത്തുന്നതിനിടെ മുറിവേൽപ്പിക്കലിനും അതിക്രമിച്ചുകടക്കലിനും വിധിച്ച ഏഴുവർഷവും മൂന്നുമാസവും കഠിനതടവ് എന്നിവ സുപ്രീംകോടതി ശരിവെച്ചിരുന്നു. കൂടാതെ, മാരകമായി മുറിവേൽപ്പിക്കലിന് ഏഴുവർഷം കഠിനതടവും സുപ്രീംകോടതി വിധിച്ചു. എല്ലാ ശിക്ഷകളും ഒന്നിച്ചനുഭവിച്ചാൽമതി.

നവംബർ 28 വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളിൽ നിന്നാണ് സൈബർബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു.

 ഇന്ന് പുലർച്ചെയോടെയാണ് തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാല് പ്രതികളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഡോക്ടർ മൃഗീയമായി കൊല്ലപ്പെട്ട അതേ സ്ഥലത്ത് വെച്ച് തന്നെയാണ് നാലു പേരും വെടിയേറ്റ് പിടഞ്ഞ് വീണത്. ലോറി ഡ്രൈവർ മുഹമ്മദ് അരീഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നീ നാല് പ്രതികളുമാണ് തോക്കിന്റെ മുനയിൽ തീർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP