Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുപിയിൽ കുറ്റവാളികൾ സർക്കാരിന്റെ അതിഥികൾ; "ഹെെദരാബാദ് പൊലീസ് മാതൃക, യുപി, ഡൽഹി പൊലീസ് പ്രചോദനമുൾക്കൊള്ളണം"; പൊലീസ് നടപടിയിൽ അഭിനന്ദിച്ച് മായാവതി

യുപിയിൽ കുറ്റവാളികൾ സർക്കാരിന്റെ അതിഥികൾ;

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: യുവ വനിതാ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ വെടിവെച്ച് കൊന്ന പൊലീസ് നടപടിയെ അഭിനന്ദിച്ച് ബിഎസ്‌പി അധ്യക്ഷ മായാവതി. പീഡനക്കേസിലെ നാല് കുറ്റാരോപിതരെയും കൊലപ്പെടുത്തിയ ഹൈദരാബാദ് പൊലീസിൻറേത് ശക്തമായ നടപടിയാണെന്ന് അവർ പറഞ്ഞു.

മായാവതി ഹെെദർബാദ് പൊലീസ് നടപടിയിൽ ഉത്തർപ്രദേശ് പൊലീസിനോട് പ്രചോദനം ഉൾക്കൊള്ളാനും പറഞ്ഞു. "സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഉത്തർപ്രദേശിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, പക്ഷേ സംസ്ഥാന സർക്കാർ ഉറങ്ങുകയാണ്. ഉത്തർപ്രദേശ് പൊലീസ് ഹൈദരാബാദ് പൊലീസിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണം, പക്ഷേ നിർഭാഗ്യവശാൽ ഇവിടെ കുറ്റവാളികളെ സംസ്ഥാന അതിഥികളെപ്പോലെയാണ് പരിഗണിക്കുന്നതെന്നും മായാവതി വ്യക്തമാക്കി. ഇന്ന് രാവിലെയാണണ് ഹൈദരാബാദിൽ യുവ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത തീ കൊളുത്തിക്കൊന്ന കേസിലെ നാല് പ്രതികളെയും പൊലീസ് വെടിവെച്ചു കൊന്നത്. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ ആക്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കിയത്. നാല് പ്രതികളും സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

പ്രതികളായ മുഹമ്മദ് ആരിഫ്, ജോളു നവീൻ, ചെന്ന കേശവുലു, ജോളു ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു നാല് പ്രതികളെയും പൊലീസ് ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്. തെളിവെടുപ്പിനിടെ പൊലീസിൽ നിന്ന് അയുധം തട്ടിയെടുത്ത് പ്രതികൾ ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നവംബർ 28 ന് രാത്രിയാണ് ഷംഷാബാദിനടുത്തുള്ള തോഡുപള്ളി ടോൾ ഗേറ്റിന് സമീപംവെച്ച് വനിതാ വെറ്റിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ കൊലപ്പെടുത്തി. മൃതദേഹം ലോറിയിൽ കൊണ്ടുപോയി ഷാദ്നഗറിനടുത്തുള്ള ചതൻ പല്ലി അണ്ടർ ബ്രിഡ്ജിൽവെച്ച് കത്തിക്കുകയായിരുന്നു. ഈ സംഭവം തെലങ്കാനയിലും രാജ്യത്തുടനീളവും വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. ഈ കേസിലെ പ്രതികളാണ് കൊല്ലപ്പെട്ടത്.

മുഖ്യപ്രതിയായ ലോറി ഡ്രൈവർ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീൻ, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 28-നാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി ബുധനാഴ്ച വൈകിട്ടു ജോലികഴിഞ്ഞു മടങ്ങുമ്പോഴാണു സംഭവം. ഷംഷാബാദിലെ ടോൾ പ്ലാസയിൽനിന്ന് 100 മീറ്റർ അകലെ വൈകിട്ട് ആറോടെ സ്‌കൂട്ടർ നിർത്തിയ ഇവർ ഗച്ചിബൗളിയിലേക്കു പോയി. ഈ സമയം പ്രതികൾ സമീപത്തുണ്ടായിരുന്നു. നാലു പേരും ഇവിടെയിരുന്നു മദ്യപിക്കുകയായിരുന്നു. യുവതിയെ കണ്ടതോടെ മാനഭംഗപ്പെടുത്താൻ ഇവർ പദ്ധതിയിട്ടു.

പ്രതികളിലൊരാളായ ജോളു ശിവ യുവതിയുടെ സ്‌കൂട്ടറിന്റെ ടയറുകൾ പഞ്ചറാക്കി. യുവതി തിരിച്ചുവന്നപ്പോൾ സഹായം വാഗ്ദാനം ചെയ്തു. തുടർന്ന് ജോളു ശിവ സ്‌കൂട്ടർ നന്നാക്കാനായി തള്ളിക്കൊണ്ടുപോയി. ഇതിനിടെ, സംശയം തോന്നിയ യുവതി തന്റെ ഇളയ സഹോദരിയെ വിളിച്ചു. തന്റെ സ്‌കൂട്ടർ പഞ്ചറായെന്നും സഹായിക്കാനെത്തിയവരെ സംശയമുണ്ടെന്നും അറിയിച്ചു. സ്ഥലത്തുനിന്നു വേഗം പോരാൻ നിർദ്ദേശിച്ച സഹോദരി പിന്നീടു തിരികെ ഫോൺ വിളിച്ചപ്പോൾ ഓഫായിരുന്നു. ഫോൺ വിളിച്ചതിനു പിന്നാലെ മറ്റുമൂന്നുപേരും ചേർന്നു യുവതിയെ ബലമായി പിടിച്ച് അടുത്ത വളപ്പിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

സ്‌കൂട്ടറുമായി തിരിച്ചെത്തിയ ജോളു ശിവയും യുവതിയെ ഉപദ്രവിച്ചു. പിന്നീടു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും മൃതദേഹം ലോറിയുടെ കാബിനിൽ ഒളിപ്പിക്കുകയും ചെയ്തു. പിന്നീട് സംഭവ സ്ഥലത്തുനിന്ന് 20 കിലോമീറ്റർ അകലെ മൃതദേഹം എത്തിച്ചു കത്തിച്ചു. രണ്ടു പേർ ലോറിയിലും മറ്റുള്ളവർ ഡോക്ടറുടെ സ്‌കൂട്ടറിലുമാണുപോയത്. പെട്രോളും ഡീസലും ഉപയോഗിച്ചാണ് മൃതദേഹം കത്തിച്ചത്. സംഭവത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ അരങ്ങേറി. സമൂഹമാധ്യമങ്ങളിലും പ്രതിഷേധ സന്ദേശങ്ങൾ നിറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റിലായ പ്രതികൾ പിന്നീട് പൊലീസ് കസ്റ്റഡിയിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP