Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങളുടെ മകന്റെയോ മകളുടെയോ പ്രായമുള്ള എന്നെ എന്തിനാണ് ലൈംഗിക അടിമയാക്കിയത്; ഞാനൊരു യസീദി വനിതയായതുകൊണ്ടോ? ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാതെ തലകുനിച്ച് ഐഎസ് ഭീകരൻ: മുൻ ഉടമയ്ക്ക് മുന്നിൽ കുഴഞ്ഞ് വീണ് ലൈംഗിക അടിമ

നിങ്ങളുടെ മകന്റെയോ മകളുടെയോ പ്രായമുള്ള എന്നെ എന്തിനാണ് ലൈംഗിക അടിമയാക്കിയത്; ഞാനൊരു യസീദി വനിതയായതുകൊണ്ടോ? ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാതെ തലകുനിച്ച് ഐഎസ് ഭീകരൻ: മുൻ ഉടമയ്ക്ക് മുന്നിൽ കുഴഞ്ഞ് വീണ് ലൈംഗിക അടിമ

സ്വന്തം ലേഖകൻ

14-ാം വയസ്സിൽ ലൈംഗിക അടിമയായ യുവതി ജയിലിലെത്തി തന്റെ ഉടമയായിരുന്ന ഐഎസ് ഭീകരനെ സന്ദർശിച്ചു. അഷ്‌റഖ് ഹാജി ഹമീദ് എന്ന യുവതിയാണ് ജയിലിലെത്തി തന്നെ അടിമയാക്കി വെച്ചിരുന്ന ഐഎസ് ഭീകരൻ അബു ഹമാമിനെ സന്ദർശിച്ചത്. കയ്യിൽ വിലങ്ങണിച്ച് തനിക്ക് മുന്നിൽ കുമ്പിട്ടു നിന്ന അബു ഹമാമിനോട് ചോദിക്കാൻ അഷ്‌റഖിന് ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു. 14-ാം വയസ്സിൽ തന്നെ എന്തിന് ഒരു ലൈംഗിക അടിമയാക്കി എന്നതടക്കമുള്ള യുവതിയുടെ ചോദ്യത്തിന് മൗനമായി തലകുമ്പിട്ട് നിൽക്കുകയാണ് അബു ഹമാം ചെയ്തത്. യുവതിയുടെ ഒരു ചോദ്യത്തിനും അബു ഹമാമിന് മറുപടി ഇല്ലായിരുന്നു. വിലങ്ങണിഞ്ഞ കൈകൾ ദേഹത്തോട് ചേർത്തുവച്ച് അയാൾ നിലത്തുനോക്കി നിന്നു.

യസീദി വനിതയായ അഷ്‌റഖ് 14-ാം വയസ്സിലാണ് ലൈംഗിക അടിമയായി വിൽക്കപ്പെടുന്നത്. ഐഎസ് ഭീകരസംഘടന അംഗമായ അബു ഹാമാം ആണ് അവളെ വാങ്ങിയത്; ലൈംഗിക അടിമയാക്കി. വർഷങ്ങൾക്കുശേഷം അഷ്‌റഖ് മോചിതയായി. അബു ഹമാം ജയിലിലുമായി. ഇപ്പോൾ തടവുശിക്ഷ അനുഭവിക്കുന്ന അബു ഹമാമിനെ കാണാൻ ജർമനിയിൽ നിന്നും എത്തിയതായിരുന്നു അഷ്‌റഖ്. അയാളുടെ മുഖത്തു നോക്കി തനിക്ക് നേരിട്ട പീഡനങ്ങളെക്കുറിച്ച് ഓർമിപ്പിക്കാനായിരുന്നു അഷ്‌റഖിന്റെ വരവ്. അബു ഹമാമിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട് ജർമനിയിലേക്ക് ചേക്കേറിയ അഷ്‌റഖ് അഞ്ച് വർഷത്തിന് ശേഷമാണ് അബു ഹമാമിനെ നേരിട്ടു കാണുന്നത്. പഴയ കണക്കുകൾ ചോദിക്കാനും ഓർമ്മ പെടുത്താനും ആയിരുന്നു അഷ്‌റഖിന്റെ വരവ്.

അബു ഹമാം..എന്റെ മുഖത്തേക്കു നോക്കൂ. എന്തിനാണ് നിങ്ങൾ എന്നോട് ക്രൂരമായി പെരുമാറിയത്. ഞാനൊരു യസീദി വനിതയായതുകൊണ്ടോ ? അഷ്‌റഖിന്റെ ആദ്യത്തെ ചോദ്യം ഇതായിരുന്നു. എന്റെ 14-ാം വയസ്സിലാണ് നിങ്ങൾ എന്നെ ബലാൽസംഗം ചെയ്യുന്നത്. നേരേ നോക്കൂ. നിങ്ങൾക്ക് ഇപ്പോൾ എന്താണ് തോന്നുന്നത്. അഭിമാനം എന്നൊന്ന് നിങ്ങൾക്കില്ലേ ? ജയിൽ യൂണിഫോമിൽ വിലങ്ങണിഞ്ഞു നിൽക്കുന്ന അബു ഹമാം ഒരു വാക്കുപോലും പറഞ്ഞില്ല. ഇറാഖിലെ ജയിലിലാണ് ഇപ്പോഴയാൾ. ജയിൽ അധികൃതർ തന്നെയാണ് പഴയ അടിമയ്ക്കും ഉടമയെ നേരിൽ കാണാനുള്ള സൗകര്യം ഒരുക്കിക്കൊടുത്തത്.

എനിക്കന്ന് 14-ാം വയസ്സ്. നിങ്ങളുടെ മകന്റെയോ മകളുടെയോ പ്രായം. നിങ്ങൾ എന്റെ ജീവിതം നശിപ്പിച്ചു. എന്റെ സ്വപ്നങ്ങൾ തകർത്തു. ഒരിക്കൽ നിങ്ങൾ ഉൾപ്പെട്ട ഐഎസ് സംഘടനയുടെ അടിമയായിരുന്നു ഞാൻ. അതേ ഞാൻ ഇപ്പോൾ സ്വതന്ത്രയായിരിക്കുന്നു. നിങ്ങളാകട്ടെ തടവിലും. തടവിലാക്കപ്പെടുക എന്നാൽ എന്താണെന്ന് ഇനിയെങ്കിലും നിങ്ങൾ അറിയും. ഏകാന്തവാസത്തിന്റെയും പീഡനത്തിന്റെയും അർഥവും നിങ്ങൾ അറിയാൻ പോകുന്നതേയുള്ളൂ. നിങ്ങൾക്ക് അൽപമെങ്കിലും നാണമുണ്ടായിരുന്നെങ്കിൽ സ്വന്തം മകളുടെ പ്രായം പോലും ഇല്ലാത്ത എന്നോട് ക്രൂരത കാണിക്കുമായിരുന്നോ ?

ചോദ്യങ്ങൾ ഇത്രയുമായപ്പോഴേക്കും അഷ്‌റഖ് നിലത്തേക്ക് കുഴഞ്ഞുവീണു. ഐഎസിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ടതിനുശേഷം ഇതാദ്യമായല്ല അഷ്‌റഖ് അബു ഹമാമിനെ നേരിടുന്നത്. ഭീകര സംഘടനയുടെ പിടിയിൽനിന്ന് ജർമനിയിലേക്ക് രക്ഷപ്പെട്ടതിനുശേഷം ജർമനിയിലെ സ്റ്റർട്ട്ഗട്ട് നഗരത്തിൽവച്ച് അബു ഹമാം അഷ്‌റഖിനെ കണ്ടിരുന്നു. അപ്പോഴും അയാൾ അവളെ ഭീഷണിപ്പെടുത്തി. നീ താമസിക്കുന്നത് എവിടെയാണെന്ന് എനിക്കറിയാം എന്നാണ് ഭീഷണിസ്വരത്തിൽ അയാൾ അവളോട് പറഞ്ഞത്. 100 ഡോളറിന് തന്നെ ലൈംഗിക അടിമയായി വാങ്ങിക്കുകയും ഒരു ദിവസം തന്നെ പല തവണ ക്രൂരമായി ബലാൽസംഗം ചെയ്യുകയും ചെയ്ത പുരുഷനെ നേരിൽകണ്ടപ്പോൾ യസീദി വനിതയായ അഷ്‌റഖിന് ദേഷ്യവും രോഷവും അടക്കിവയ്ക്കാനായില്ല. ഒരവസരം കിട്ടിയപ്പോൾ അഷ്‌റഖ് ജർമനിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് അബു ഹമാം ഉൾപ്പെടെയുള്ള തീവ്രവാദികൾ പിടിക്കപ്പെടുകയും ജയിലിലാകുകയും ചെയ്തു.

ഇറാഖി ചാനലിൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിൽ അഷ്‌റഖ്, യസീദികളായ തങ്ങളെ ഇറാഖിനെ സിൻജാറിൽനിന്ന് ഐഎസുകാർ എങ്ങനെയാണ് തട്ടിക്കൊണ്ടുപോയതെന്ന് വിവരിക്കുന്നുണ്ട്. അന്ന് ഭീകരർ ഗ്രാം വളഞ്ഞ തടവിലാക്കുമ്പോൾ എന്താണെ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. കൊല്ലപ്പെടും എന്നുതന്നെയായിരുന്നു അന്നത്തെ ഭീതി. ആദ്യമൊക്കെ ഞങ്ങൾ കുറേപ്പേർ ഒരുമിച്ചായിരുന്നു. മരിച്ചാലും ഒന്നിച്ചാണല്ലോ മരിക്കുതെന്നായിരുന്നു അപ്പോഴത്തെ ആശ്വാസം. പക്ഷേ, പിന്നീട് ഐഎസുകാർ ഞങ്ങളെ വേർപിരിച്ചു.

ഓരുരുത്തരെയും പ്രത്യേകം പ്രത്യേകമാക്കി. 300 മുതൽ 400 വരെ യസീദികളാണ് അന്ന് പിടിക്കപ്പെട്ടത്. 9 വയസ്സിനു മുകളിലുള്ള പെൺകുട്ടികളെ വരെ അവർ തടവിലാക്കിയിരുന്നു. സിൻജാറിൽനിന്ന് മൊസൂളിലേക്കാണ് ആദ്യം കൊണ്ടുപോയത്. സഹോദരിമായെയും ബന്ധുക്കളെയുമൊക്കെ സിറിയയിലേക്കാണ് കൊണ്ടുപോയത്. അബു ഹമാമാണ് എന്നെ തിരഞ്ഞെടുത്തത്. അന്നയാൾ എന്നെ മുടിയിൽ പിടിച്ചു വലിച്ചുകൊണ്ടുപോയി. എനിക്കന്ന് 14 വയസ്സേയുള്ളൂ. ബലാൽസംഗം ചെയ്യാനാണ് കൊണ്ടുപോകുന്നതെന്ന് എനിക്ക് മനസ്സിലായില്ല.

ഞാനൊരു കൊച്ചുകുട്ടിയല്ലേ. ആദ്യം ഇരുമ്പ് വിലങ്ങ് അവർ എന്റെ കൈകളിലിട്ടു. അതിനുശേഷം ക്രൂരമായ ബലാൽസംഗം. ഞങ്ങളെ ഓരോരുത്തരെയായി അവർ മാറി മാറി ബലാൽസംഗം ചെയ്തുകൊണ്ടിരുന്നു. ഉടൻ സ്വതന്ത്രയാക്കാമെന്നു പറഞ്ഞാണ് ആദ്യം എന്നെ പീഡിപ്പിച്ചത്. പിന്നീടത് ദിവസം മൂന്നുനേരം വരെയായി. ഞാനാകട്ടെ ഒന്നുമറിയാത്ത ഒരു കുട്ടിയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP