Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അച്ഛന്റെ ചിത കത്തി തുടങ്ങിയതേയുള്ളൂ.. കരയാതിരിക്ക് എന്നെന്നോട് പറഞ്ഞ് കടയിൽ പോയി വന്ന അമ്മ ഉണ്ടാക്കി തന്നത് പാമോയിലിൽ മുക്കിപ്പൊരിച്ച പൂരി; മുഴുക്കുടിയനായ അച്ഛന്റെ ചിതകത്തി തീരും മുമ്പ് അച്ഛന്റേതെന്നടയാളമുണ്ടായിരുന്നതെല്ലാം കായലിൽ കളഞ്ഞതും അമ്മ; നില തെറ്റിയ മനസ്സും അരിപ്പയായിപ്പോയ കരളുമായി അഞ്ചു കൊല്ലത്തോളം കിടന്ന ശേഷമുള്ള അച്ഛന്റെ മരണദിനത്തെ കുറിച്ച് വിനീത വിജയന്റെ ഫേസ്‌ബുക്ക് കുറിപ്പ്

അച്ഛന്റെ ചിത കത്തി തുടങ്ങിയതേയുള്ളൂ.. കരയാതിരിക്ക് എന്നെന്നോട് പറഞ്ഞ് കടയിൽ പോയി വന്ന അമ്മ ഉണ്ടാക്കി തന്നത് പാമോയിലിൽ മുക്കിപ്പൊരിച്ച പൂരി; മുഴുക്കുടിയനായ അച്ഛന്റെ ചിതകത്തി തീരും മുമ്പ് അച്ഛന്റേതെന്നടയാളമുണ്ടായിരുന്നതെല്ലാം കായലിൽ കളഞ്ഞതും അമ്മ; നില തെറ്റിയ മനസ്സും അരിപ്പയായിപ്പോയ കരളുമായി അഞ്ചു കൊല്ലത്തോളം കിടന്ന ശേഷമുള്ള അച്ഛന്റെ മരണദിനത്തെ കുറിച്ച് വിനീത വിജയന്റെ ഫേസ്‌ബുക്ക് കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

അച്ഛന്റെ ചിതകത്തി തുടങ്ങിയ ഉടനെ സാരിമാറി കടയിൽ പോയി ഗോതമ്പ് പൊടി വാങ്ങി വന്ന അമ്മ. പതിവായി ഉണ്ടാക്കുന്ന ചപ്പാത്തിക്ക് പകരം അമ്മ അന്ന് ഉണ്ടാക്കി തന്നത് പാമോയിലിൽ മുക്കിപ്പൊരിച്ച പൂരിയും. ചിത കെട്ടടങ്ങുന്നതിന് മുൻപ് അച്ഛന്റേതായതെല്ലാം കായലിൽ കളഞ്ഞ അമ്മയെ ഓർത്ത് വിനീത വിജയൻ എഴുതിയ കുറിപ്പ് വൈറലാകുന്നു. സങ്കടങ്ങളുടെ വലിയൊരു കടലായിരുന്നു അമ്മയുടെ ജീവിതം. അച്ഛന്റെ ക്രൂരതളെയും അതിൽ നിന്നും അമ്മ നേടിയ മോചനവുമെല്ലാം വിനീത തുറന്നെഴുതുന്നു..

വിനീത വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്..

ഒരു മുഴുക്കുടിയനായിരുന്നു എന്റെ അച്ഛനും. നില തെറ്റിയ മനസ്സും അരിപ്പയായിപ്പോയ കരളുമായി അഞ്ചു കൊല്ലത്തോളം കിടന്ന കിടപ്പിന്റെ അവസാനം അച്ഛൻ മരിച്ച ദിവസമാണോർമ്മയിലിപ്പോൾ.

അച്ഛനെ ചിതയിൽ വച്ചു, തീ കത്തിത്തുടങ്ങിയതേയുള്ളൂ. അമ്മ സാരി മാറുന്നു. കടയിൽ പോവുകയാണ്, കരയാതിരിക്ക് എന്നെന്നോട്പറഞ്ഞു. പതിവായി വാങ്ങാറുള്ള ഗോതമ്പുപൊടി തന്നെ വാങ്ങി വന്നു.പതിവില്ലാത്ത വിധം ചപ്പാത്തിക്ക് പകരം പാമോയിലിൽ മുക്കിപ്പൊരിച്ച് പൂരിയുണ്ടാക്കി! എനിക്കു തന്നു, അനിയന്മാർക്കും കൊടുത്തു. അവരത് കഴിച്ചു. എനിക്കു കഴിക്കാൻ തോന്നിയില്ല. അച്ഛൻ കത്തുന്നതെന്റെ മാത്രം നെഞ്ചിലാണല്ലോ എന്ന് എനിക്ക് അമ്മയോട് വെറുപ്പു തോന്നി... അതു വാങ്ങിക്കഴിച്ചതിന് അനിയന്മാരോട് ദേഷ്യം തോന്നി...

അൽപ്പനേരം കഴിഞ്ഞപ്പോൾ അച്ഛൻ കിടന്നിരുന്ന മുഷിഞ്ഞ പുതപ്പു തിണ്ണയിൽ വിരിച്ചിട്ട് ഒന്നോ രണ്ടോ പിഞ്ഞിയ ഷർട്ട്, മുണ്ട്, ഗുളികകൾ, മരുന്നു ചീട്ട്, പഴയ ഡയറി....അച്ഛന്റേതെന്നടയാളമുണ്ടായിരുന്നതെല്ലാം അമ്മ അതിൽ വാരിയിട്ടു. ഒരു ചെറിയ ഭാണ്ഡക്കെട്ട്.അതു കൈയിലെടുത്ത് എന്നോട് ഒപ്പം വരാൻ പറഞ്ഞു. അമ്മക്കൊപ്പം മിണ്ടാതെ നടന്നു.വീടിനുനേരേ കിഴക്കോട്ട് നടന്നാൽ ചെന്നു നിൽക്കുക വേമ്പനാട്ട് കായൽത്തീരത്താണ്.അച്ഛന്റേതായതെല്ലാം അമ്മ കായലിന് കൊടുത്തു.... അതിലും പഴയഒരോർമ്മ ഇടയിൽ വരുന്നു, അതുകൂടി പറയട്ടേ,പതിനൊന്നു വയസ്സിൽ ,വീടത്രമേൽ നോവിക്കയാൽ ആ കായലിൽ അതേ ഇടത്തുചാടി മരിക്കാൻ പോയിട്ടുണ്ട്, ഞാനും അനിയന്മാരും, ഞാനാദ്യം ചാടും, മുങ്ങിക്കഴിഞ്ഞ് നിങ്ങളും പുറകേ, ചാടണം, ആദ്യം നേരേ ഇളയവൻ,അവസാനം അഞ്ചു വയസ്സുകാരനായ ഒക്കേലും ഇളയവൻ.. അതായിരുന്നു ഉടമ്പടി. ഞാനാദ്യം ചാടി, കായലെന്നെ മുങ്ങാൻ വിടുന്നില്ല.. കക്കാ വാരാൻ അമ്മയ്‌ക്കൊപ്പം പോവാറുള്ളതുകൊണ്ട് നീന്താനറിയുമായിരുന്നു. മുങ്ങുന്നില്ലഎത്ര ശ്രമിച്ചിട്ടും. സുല്ലിട്ടു തിരിച്ചു കയറിയപ്പോൾ അനിയമാർക്കു ചിരി... ഞങ്ങക്കറിയാരുന്നു, നീ ചാവില്ലാന്ന്... എനിക്കുംചിരി വന്നു, തിരിച്ചു പോന്നു .'അന്ന് നിന്നെ എനിക്കു വേണ്ട, എന്ന് എന്നെ തിരിച്ചയച്ച ആ കായലിലേക്കാണ് അമ്മ അച്ഛന്റേതായതെല്ലാം ഇട്ടു കൊടുത്തത്. അച്ഛനങ്ങനെ ഒഴുകിപ്പോയി....

തിരിച്ചു നടക്കുമ്പോൾ ഉള്ളിലെ വെറുപ്പ്‌ദേഷ്യമായി തികട്ടി വന്നു. കണ്ണീരുചവർക്കുന്ന വാക്കുകൾഇപ്പോഴും ഓർമ്മയുണ്ട്''അമ്മേന്താ അച്ഛൻ മരിച്ചിട്ട് കരയാഞ്ഞത്, എന്തിനാ അച്ഛൻ കത്തിത്തീരുംമുമ്പേ പൂരി ഒണ്ടാക്കിയത്, എന്തിനാ എല്ലാം കായലീക്കളഞ്ഞത്.. നോക്കിക്കോ അമ്മ ചാവുമ്പോ ഞാനും അമ്മേടതെല്ലാം കായലീക്കളയും...'

' വീണുപോകും വരെ, കള്ളിന്റെയും പട്ടച്ചാരായത്തിന്റെയും പുറത്ത് അച്ഛൻ ചെയ്തു കൂട്ടിയതൊക്കെ മറന്നോ, കവളമ്മടലിന് നിന്നെ തലങ്ങും വിലങ്ങും തല്ലിയിട്ട ഇടത്തൂന്ന് വലിച്ചുകൊണ്ടുവന്ന് ഇതേ കായലിലിട്ടാ ബോധം തെളിച്ചത്, അയാൾടെ ഇടിയും തൊഴിയും കൊണ്ടു കൊണ്ടാ എനിക്ക്‌ചോര തുപ്പുന്ന ക്ഷയം പിടിച്ചത്.. ഒരു സങ്കടവുമില്ല, കണ്ണീരുമില്ലാ'..

ഞാനൊന്നും മിണ്ടിയില്ല.. ആ വയസ്സിനുള്ളിൽ ഞാനും അത്രമേൽ അസഹ്യമാം വിധംമദ്യപനായ അച്ഛനാൽ ഉപദ്രവിക്കപ്പെട്ടിരുന്നു.എന്നാലുംകള്ളു കുടിക്കാത്ത, ഭ്രാന്തിളകാത്ത നേരത്തെ അച്ഛനോടിഷ്ടമാരുന്നു, അച്ഛനു ഞങ്ങളോടും! എല്ലാ സന്തോഷവും എല്ലാ സ്‌നേഹവും വറ്റിച്ചു കളഞ്ഞത്, അച്ഛന്റെ കുടിയാണ്.. അമ്മയെ മാറാരോഗിയും മനോനില തെറ്റിയവളുമാക്കി അവശേഷിപ്പിച്ചാണച്ഛനും അവസാനിച്ചത്. അമ്മ മരിച്ച ദിവസംഅമ്മയോടു പറഞ്ഞ വാക്കു ഞാനുംചെയ്തു.അമ്മയുടേതെല്ലാം അന്നു വൈകുന്നേരം ഞാനും കായലിനു കൊടുത്തു..

അവരുടെ മരണത്തീയതികൾ ഞാനോർക്കാറില്ല. സ്‌നേഹശൂന്യതയുടെ ഓർമ്മ ദിനങ്ങളാണ്, തീരാ സങ്കടങ്ങളുടെ മുറിവുകൾ .. മരണച്ചുഴികളിൽ നിന്നു തിരിച്ചു കയറി വന്നതുകൊണ്ട് ജീവിതത്തോട്, ലോകത്തോട് വല്ലാത്ത സ്‌നേഹമുണ്ട്, നോവിന്റെ ആവർത്തനം പോലെയുള്ള ജീവിതങ്ങൾ ഉള്ളു പൊള്ളിക്കുന്നത് അതുകൊണ്ടാണ്.... അതിനെ കാൽപ്പനികതയെന്ന് കള്ളവായന നടത്തരുത്... നിങ്ങളറിയാത്ത ജീവിതങ്ങൾ, ജീവിതങ്ങളല്ലാതാവുന്നില്ല! അതു റദ്ദുചെയ്യാനാവാത്ത വാക്കുകളുടെ ചേർത്തെഴുത്തുകൾ മാത്രമാണ്...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP