Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ വളർച്ച താഴേക്കിറങ്ങിയപ്പോൾ കരുത്തുകാട്ടി വിദേശ നാണയങ്ങൾ; പൗണ്ടിന്റെയും ഡോളറിന്റയും വില മുകളിലേക്ക്; ഖജനാവ് കാലിയായ കേരള സർക്കാരിന് ആശ്വാസമായി വിദേശ മലയാളിയുടെ പണം എത്തിയേക്കും; പ്രവാസികളെ തേടി കേരളത്തിൽ നിന്നും ബാങ്കുകളുടെ നിക്ഷേപം; പ്രോത്സാഹന കത്തുകളും ഫോൺ കോളുകളും എത്തിത്തുടങ്ങി; കേരളത്തിൽ ഇനി വിലക്കയറ്റത്തിന്റെ നാളുകൾ

ഇന്ത്യൻ വളർച്ച താഴേക്കിറങ്ങിയപ്പോൾ കരുത്തുകാട്ടി വിദേശ നാണയങ്ങൾ; പൗണ്ടിന്റെയും ഡോളറിന്റയും വില മുകളിലേക്ക്; ഖജനാവ് കാലിയായ കേരള സർക്കാരിന് ആശ്വാസമായി വിദേശ മലയാളിയുടെ പണം എത്തിയേക്കും; പ്രവാസികളെ തേടി കേരളത്തിൽ നിന്നും ബാങ്കുകളുടെ നിക്ഷേപം; പ്രോത്സാഹന കത്തുകളും ഫോൺ കോളുകളും എത്തിത്തുടങ്ങി; കേരളത്തിൽ ഇനി വിലക്കയറ്റത്തിന്റെ നാളുകൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഇന്ത്യൻ സാമ്പത്തിക വളർച്ച താഴേക്കെന്ന സൂചനക്കു ശക്തമായ അടിവരയിട്ടു രൂപ ഓരോ ദിവസവും കൂടുതൽ മെലിയുന്നു. വിദേശ നാണയങ്ങൾക്കൊപ്പം പിടിച്ചു നിൽക്കാൻ കഴിയാതെ മൂല്യം ഇടിയുന്ന രൂപയ്ക്കു എതിരെ പ്രധാന നാണയങ്ങളായ ഡോളർ, പൗണ്ട് എന്നിവയുമായുള്ള വിനിമയത്തിൽ കനത്ത നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൗണ്ട് രൂപക്കെതിരെ 93.60 എന്ന നിലയിലെത്തിയപ്പോൾ ഡോളറാകട്ടെ 71.51 എന്ന നിലയിലാണ് ഇന്നലെ വില രേഖപ്പെടുത്തിയത്. ഈ വർഷം ആദ്യമായാണ് രൂപ ഇത്രയും ഉയർന്ന നിലയിൽ നഷ്ടം നേരിടുന്നത്. കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയിലേക്കാണ് രൂപ നീങ്ങുന്നത് എന്ന റിപ്പോർട്ടുകളും പുറത്തു വന്നു തുടങ്ങിയതോടെ നാണയപ്പെരുപ്പ സാധ്യതയും അതുവഴി വിലക്കയറ്റവും എത്താൻ ഒട്ടും താമസം ഉണ്ടാകില്ല. നിത്യോപയോഗ സാധന വില കുതിച്ചുയരാൻ തയ്യാറെടുക്കുകയാണ് എന്ന് വിപണി ട്രെൻഡുകൾ നൽകുന്ന സൂചന. ആഗോള മാന്ദ്യകാലത്തും പിടിച്ചു നിന്ന രൂപ അതിനേക്കാൾ മോശം അവസ്ഥയിലേക്ക് നീങ്ങും എന്ന സൂചന കിട്ടിയപ്പോൾ സ്വര്ണമുട്ട ഇടുന്ന താറാവുകൾ എന്ന് വിശേഷിപ്പിക്കാവുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ പോലും വിൽക്കാനിടുന്ന ഇന്ത്യൻ സർക്കാരിന്റെ നീക്കം സാമ്പത്തിക നിലയെ കുറിച്ചുള്ള വ്യക്തമായ സൂചനയാണ് നൽകുന്നത്.

അതിനിടെ രൂപയുടെ വിലത്തകർച്ച എല്ലാക്കാലവും പ്രവാസികൾക്ക് ഗുണകരമായി മാറുന്നത് ഇത്തവണയും മുതലാക്കാൻ പ്രവാസി സമൂഹം തയ്യാറെടുക്കുകയാണ്. ക്രിസ്മസ് - പുതുവത്സര ആഘോഷത്തിലേക്ക് ലോകം നീങ്ങുമ്പോൾ കയ്യിൽ ഉള്ള പണം കേരളത്തിൽ എത്തിക്കാൻ പ്രവാസി മലയാളികൾ ശ്രദ്ധ നൽകി തുടങ്ങി. ബാങ്കുകളിൽ അധികമായി വിദേശ മലയാളികൾ പണം എത്തിച്ചു തുടങ്ങിയതോടെ പല ബാങ്കുകളും പ്രവാസികൾക്ക് നേരിട്ട് നിക്ഷേപ ആനുകൂല്യം വിവരിക്കുന്ന ഇമെയിൽ, വാട്സ്ആപ് സന്ദേശങ്ങൾ അയക്കുന്ന തിരക്കിലാണ്. മികച്ച നിക്ഷേപം നടത്തിയിട്ടുള്ള പ്രവാസികളിൽ പലരെ തേടിയും കേരളത്തിൽ നിന്നും ബാങ്ക് മാനേജർമാരുടെ കുശാലാന്വേഷണ വിളികളും എത്തിത്തുടങ്ങിയിട്ടുണ്ട്. ഏതാനും വർഷമായി അനക്കമില്ലാതെ കിടക്കുന്ന കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ നിക്ഷേപിക്കാൻ തൽക്കാലം പ്രവാസികൾ തയ്യാറല്ലാത്ത സാഹചര്യത്തിൽ പണം ബാങ്കിൽ നിക്ഷേപിക്കുക അല്ലാതെ വേറെ വഴിയില്ലെന്ന് അറിയാവുന്നതിനാൽ പരമാവധി നിക്ഷേപം ബാങ്കുകളിൽ എത്തിക്കാൻ ഉള്ള ശ്രമത്തിലാണ് ബ്രാഞ്ച് മാനേജർമാർ. നിലവിലെ സാഹചര്യം തുടർന്നാൽ അടുത്ത വർഷം മധ്യത്തിൽ യുകെ മലയാളികൾക്ക് ഒരു പൗണ്ടിന് നൂറു രൂപ മടക്കി ലഭിക്കും എന്നതാണ് സാമ്പത്തിക വിപണിയുടെ പ്രവചനം. എന്നാൽ ഇത് സാധ്യമാക്കാൻ നിരവധി ആഭ്യന്തര, അന്താരാഷ്ട്ര ഘടകങ്ങൾ ഒത്തിണങ്ങേണ്ടതുണ്ട്.

ഇന്ത്യൻ രൂപയുടെ തകർച്ച തൽക്കാലം ഒഴിവാക്കാൻ സാധിക്കുന്നതല്ലെന്നു വ്യക്തമാക്കുന്നതാണ് ലോക ബാങ്കിങ് വൃത്തങ്ങൾ പങ്കു വയ്ക്കുന്ന സ്ഥിതിവിവര കണക്കുകൾ. അടുത്ത വർഷം പോലും രൂപ ശക്തിപ്രകടനം കാഴ്ചവയ്ക്കാൻ ഉള്ള സാധ്യത വിരളമാണ്. ഇന്ത്യൻ ബിസിനസ് ലോകത്തിനു അത്ര ആശ്വാസം പകരുന്ന വാർത്തകളല്ല പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ലോക നിക്ഷേപകർ ഇന്ത്യയോട് മുഖം തിരിച്ചാൽ കാര്യങ്ങൾ കൂടുതൽ വഷളാകും. ഇന്ത്യൻ ബിസിനസിന്റെ മുഖമായ റിലയൻസ് പോലും തങ്ങളുടെ മാധ്യമ മേഖലയിലെ നിക്ഷേപം വിറ്റു പിന്മാറാൻ ഉള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ മൊബൈൽ ഫോൺ കമ്പനികൾ നിരക്കുകളിൽ 40 ശതമാനം വരെ വർദ്ധന ഒറ്റയടിക്ക് നടപ്പാക്കിയതും ഇതിനൊപ്പം കൂട്ടി വായിക്കണം. ഏഴു ശതമാനത്തിൽ നിന്ന ഇന്ത്യൻ മൊത്ത വളർച്ച നിരക്ക് നാലര ശതമാനമായി ഇടിയുന്നു എന്ന വാർത്ത സർക്കാരിനും ജനങ്ങൾക്കും കടുത്ത പരീക്ഷണ ഘട്ടമാണ് സമ്മാനിക്കുന്നത്.

ലോകം മുഴുവൻ മാന്ദ്യത്തിൽ വീണപ്പോഴും പിടിച്ചു നിന്ന കഥകൾ പറയുന്ന ഇന്ത്യക്കു ഈ പരീക്ഷണ ഘട്ടം എങ്ങനെ തരണം ചെയ്യാൻ സാധിക്കും എന്ന് ലോകം ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. കൂടുതൽ തകർച്ച ഉണ്ടായാൽ ഇന്ത്യൻ വിപണിയുടെ തിരിച്ചു വരവിനു പതിറ്റാണ്ടുകൾ ഒരുപക്ഷെ വേണ്ടി വന്നേക്കാം. ബ്രിട്ടനിൽ ആദ്യം മാന്ദ്യം പിടിമുറുക്കിയപ്പോൾ അതിന്റെ കെടുതികൾ നേരിടാൻ പത്തു വർഷം എടുക്കും എന്ന് ചാൻസലർ അലിസ്റ്റർ ഡാർലിങ് 2008 ൽ പറഞ്ഞതിന് ശേഷം പതിനൊന്നു വർഷം കഴിഞ്ഞിട്ടും ബ്രിട്ടൻ സാമ്പത്തിക മുരടിപ്പിൽ നിന്ന് കരകയറിയില്ല എന്നതാണ് സത്യം. ഇത്തരത്തിൽ ഓരോ വീഴ്ചകളും രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറക്കു ഏൽപ്പിക്കുന്ന ആഘാതം ഏറെ വലുതായിരിക്കും, പ്രതീക്ഷിച്ച വേഗതയിൽ ഒരു കരകയറ്റം പോലും സാധ്യമായി എന്ന് വരില്ല.

രൂപയുടെ മൂല്യം ഉയർത്താൻ കേന്ദ്ര സർക്കാർ കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലവത്താകുന്നില്ല എന്നതാണ് വസ്തുത. ജിഡിപി വളർച്ച നിരക്ക് അടിക്കടി താഴേക്കിറങ്ങുന്നതു ഞെട്ടലോടെയാണ് ഇന്ത്യൻ കോർപറേറ്റ് ലോകം നോക്കികാണുന്നത്. മോട്ടോർ വാഹന വ്യവസായം ഉൾപ്പെടെ സജീവമായ പല മേഖലയും കിതപ്പ് പ്രകടിപ്പിക്കുകയാണ്. ചൈനീസ് വിപണിയുടെ തളർച്ചക്കൊപ്പമാണ് ഇന്ത്യൻ രൂപയും മൂല്യ തകർച്ച നേരിടുന്നത്. കഴിഞ്ഞ 11 വർഷത്തെ ഏറ്റവും മോശം പ്രകടനമാണ് ചൈനീസ് നാണയം യുവാൻ അടുത്തിടെ നടത്തിയത്. അടുത്ത വർഷം അമേരിക്ക പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഡോളർ കൂടുതൽ കരുത്തു കാട്ടുന്ന നടപടികൾ അമേരിക്കൻ കേന്ദ്ര ബാങ്ക് ഫെഡറൽ റിസർവ് സ്വീകരിച്ചേക്കും എന്ന ഊഹങ്ങളും പ്രധാന ലോക കറൻസികളുടെ മൂല്യ തകർച്ചക്ക് വഴി തെളിച്ചേക്കും. ലോകമൊട്ടാകെ വ്യാപാര തകർച്ചയുടെ കഥകൾ കൂടുതൽ എത്തിക്കൊണ്ടിരിക്കുകയാണ്.

അതേസമയം സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെ നീങ്ങുകയാണ് എന്ന് ധന, സാംസ്‌കാരിക മന്ത്രിമാർ പരസ്യമായി പറഞ്ഞതും ഇന്നലെയാണ്. സംസ്ഥാനത്തിന്റെ ഖജനാവിൽ കൂടുതൽ പണം എത്താൻ രൂപയുടെ വിലത്തകർച്ച താൽക്കാലികമായി എങ്കിലും സഹായിക്കും എന്നതാണ് വസ്തുത. പ്രവാസി പണം കൂടുതലായി സംസ്ഥാനത്തു എത്തുമ്പോൾ അതിൽ ഒരു വിഹിതം നിശ്ചയമായും വിപണിയിലേക്ക് തന്നെ എത്തിച്ചേരും. ഇത് വിൽപ്പന നികുതി ഇനമായും സംസ്ഥാന ഖജനാവിന് താങ്ങായി മാറും. പ്രധാനമായും സ്വർണ വിപണിക്ക് ഉണർവ് ലഭിക്കുന്ന നാളുകളാണ് ഇനിയുള്ളത്. അതേ സമയം രൂപയുടെ വിലത്തകർച്ച മൂലം പണപ്പെരുപ്പം ഉയരുകയും തന്മൂലം സാധന വിലകൾ വർധിക്കുകയും ചെയ്യുന്നതോടെ ജനം ചെലവ് ചുരുക്കൽ നടപടികളിലേക്ക് നീങ്ങുന്നത് വിപണിയിൽ കൂടുതൽ പണ ലഭ്യത ഉണ്ടാകുന്നതിനു തടസമായി നിൽക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ സർക്കാരും ചെലവ് ചുരുക്കുക അല്ലാതെ കുറുക്കുവഴികൾ തേടാനാകില്ല. ചുരുക്കത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ, സാമൂഹ്യ രംഗത്തെ ചെലവിടൽ എന്നിവയ്ക്കൊക്കെ താൽക്കാലിക നിയന്ത്രണം തന്നെയാകും കേരളത്തിൽ സംഭവിക്കുക. പ്രധാനമായും പ്രവാസി പണത്തെയും ഉപഭോകൃത വിപണിയിൽ നിന്നുള്ള വരുമാനത്തെയും ആശ്രയിക്കുന്ന കേരളം തന്നെയാകും രൂപയുടെ വിലയിടിവിൽ ഏറ്റവും ക്ലേശിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്ന് എന്ന് വ്യക്തവുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP