Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ടെന്ന തുറന്ന് പറഞ്ഞ രണ്ടാം പ്രതി മാപ്പുസാക്ഷിയാകും; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ലെന്ന തുറന്നു പറച്ചിലും ജോളിയെ കുടുക്കും; കൂടത്തായിയിൽ മാത്യുവിനെ മാപ്പുസാക്ഷിയാക്കാൻ പൊലീസ്; സയനൈയ്ഡ് എത്തിച്ചു നൽകിയ കൂട്ടാളിയുടെ മൊഴി മജിസ്‌ട്രേട്ടിന് മുമ്പിൽ രേഖപ്പെടുത്താൻ തീരുമാനിച്ചത് കേസിന് കൂടുതൽ ബലം നൽകാൻ; സയനൈയ്ഡ് ജോളിയെ കുടുക്കാനുറച്ച് പുതിയ നീക്കം

അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ടെന്ന തുറന്ന് പറഞ്ഞ രണ്ടാം പ്രതി മാപ്പുസാക്ഷിയാകും; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ലെന്ന തുറന്നു പറച്ചിലും ജോളിയെ കുടുക്കും; കൂടത്തായിയിൽ മാത്യുവിനെ മാപ്പുസാക്ഷിയാക്കാൻ പൊലീസ്; സയനൈയ്ഡ് എത്തിച്ചു നൽകിയ കൂട്ടാളിയുടെ മൊഴി മജിസ്‌ട്രേട്ടിന് മുമ്പിൽ രേഖപ്പെടുത്താൻ തീരുമാനിച്ചത് കേസിന് കൂടുതൽ ബലം നൽകാൻ; സയനൈയ്ഡ് ജോളിയെ കുടുക്കാനുറച്ച് പുതിയ നീക്കം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായിയിൽ കേസ് ബലക്കാൻ മാപ്പു സാക്ഷി അനിവാര്യമാണെന്ന് പൊലീസ് തുടക്കത്തിലേ തിരിച്ചറിഞ്ഞിരുന്നു. ജോളിയുടെ ക്രൂരതയിൽ ആറു പേർ മരിച്ചത് ഏറെ നാളുകൾക്ക് മുമ്പാണ്. അതുകൊണ്ട് തന്നെ ശാസ്ത്രീയ-സാഹചര്യ തെളിവുകളിലൂടെ കൊലപാതകം പോലും തെളിയിക്കുക ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിൽ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനേയോ കാമുകൻ ജോൺസണേയോ മാപ്പുസാക്ഷിയാക്കാൻ ആലോചന നടത്തി. എന്നാൽ ഇത് കേസിന് ബലമാകില്ലെന്ന വിലയിരുത്തൽ എത്തി. കുറ്റകൃത്യത്തിൽ പ്രതിയെ സഹായിച്ച ഒരാളെ മാപ്പുസാക്ഷിയാക്കാനുള്ള അന്വേഷണം തീരുകയാണ്. കൂടത്തായി കൊലക്കേസിൽ രണ്ടാം പ്രതി എം.എസ്.മാത്യുവിനെ(ഷാജി) മാപ്പുസാക്ഷിയാക്കാൻ പൊലീസ് തീരുമാനിച്ചു കഴിഞ്ഞു. ഇതിനു മുന്നോടിയായി മജിസ്‌ട്രേട്ടിനു മുന്നിൽ ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയിൽ അപേക്ഷ നൽകി.

വിചാരണവേളയിൽ മൊഴി മാറ്റാതിരിക്കാൻ ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം സാക്ഷികളുടെ രഹസ്യമൊഴിയാണു മജിസ്‌ട്രേട്ടിനു മുന്നിൽ രേഖപ്പെടുത്തുക. എന്നാൽ കേസിൽ പ്രതിയായ മാത്യുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഇയാളെ മാപ്പുസാക്ഷിയാക്കുക എന്ന ലക്ഷ്യത്തോടെയാണ്. കൂടത്തായി കൊലപാതക പരമ്പരയിൽ അന്നമ്മ തോമസ് വധം ഒഴികെയുള്ള 5 കേസുകളിലും രണ്ടാം പ്രതിയാണ് എം.എസ്.മാത്യു. കേസിലെ മുഖ്യപ്രതിയായ ജോളി ജോസഫ് സയനൈഡ് ഉപയോഗിച്ചാണ് ഈ 5 കൊലകളും നടത്തിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ജോളിക്ക് ഇതിനാവശ്യമായ സയനൈഡ് സംഘടിപ്പിച്ചു കൊടുത്തത് താനാണെന്നു മാത്യു മൊഴി നൽകിയിട്ടുണ്ട്. സ്വർണപ്പണിക്കാരനായ മുന്നാം പ്രതി കെ.പ്രജികുമാറിൽ നിന്നു രണ്ടു വട്ടമായി വാങ്ങിയ സയനൈഡാണ് മാത്യു ജോളിക്കു കൈമാറിയത്. ഈ സയനൈഡ് നൽകിയാണ് ടോം തോമസ്, റോയ് തോമസ്, മാത്യു മഞ്ചാടിയിൽ, സിലി ഷാജു, ആൽഫൈൻ എന്നിവരെ കൊലപ്പെടുത്തിയത്. കൊലയിൽ മാത്യുവിന് നേരിട്ടും ബന്ധമില്ല. എന്നാൽ എല്ലാം അറിയാമായിരുന്നു. അതുകൊണ്ടാണ് മാത്യുവിനെ മാപ്പുസാക്ഷിയാക്കുന്നത്.

കൊലപാതകങ്ങൾക്ക് ഉപയോഗിച്ച സയനൈഡ് കൂടത്തായിയിൽ ജോളിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജോളിക്ക് സയനൈഡ് സംഘടിപ്പിച്ചു നൽകിയതു താനാണെന്നു വിചാരണവേളയിൽ മാത്യു കോടതിയിൽ മൊഴി നൽകുക കൂടി ചെയ്താൽ കൊലക്കേസ് തെളിയിക്കുക പൊലീസിന് എളുപ്പമാകും. റോയ് തോമസ് വധം അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ആർ.ഹരിദാസൻ രഹസ്യമൊഴി രേഖപ്പെടുത്താനായി സിജെഎം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കേസ് അന്വേഷണത്തെ സഹായിക്കുന്ന വിധത്തിലാണ് മാത്യു രഹസ്യമൊഴി നൽകുന്നതെങ്കിൽ ഇയാളെ മാപ്പുസാക്ഷിയാക്കും. അതിന് ശേഷംകേസിൽ പ്രതിപ്പട്ടികയിലുള്ള മാത്യുവിനെ സാക്ഷിയാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകും. വിചാരണവേളയിൽ ഇയാൾ മൊഴിമാറ്റുകയാണെങ്കിൽ വീണ്ടും പ്രതിയായി തന്നെ ഇയാളെ പരിഗണിക്കാൻ പൊലീസ് കോടതിയിൽ ആവശ്യപ്പെടും.

ത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ ഭയപ്പെട്ടിരുന്നതായി രണ്ടാംപ്രതി മഞ്ചാടിയിൽ സാമുവൽ മാത്യു എന്ന ഷാജിയുടെ മൊഴി കേസിൽ നിർണ്ണായകമാകുമെന്ന് പൊലീസ് വിലയിരുത്തുന്നത്. ജോളിയിലെ കുറ്റവാസന സ്ഥിരീകരിക്കുന്നതാണ് ഷാജിയുടെ മൊഴി. ഇതേ മൊഴി കോടതിക്ക് മുന്നിലെത്തിയാൽ ജോളി കുടുങ്ങും. ജോളിയിലെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ച് സംശയംതോന്നിയതു മുതൽ ഭയമായിരുന്നു. എന്നാൽ ഇക്കാര്യം ആരോടും തുറന്നുപറയാൻ കഴിഞ്ഞിരുന്നില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ജോളി അകന്നുപോവുമെന്ന് കരുതി എല്ലാം ഉള്ളിലൊതുക്കുകയായിരുന്നുവെന്നും മാത്യു വെളിപ്പെടുത്തി. തന്റെ പിതൃസഹോദരീ പുത്രനായ റോയിയുമായി വിവാഹം കഴിഞ്ഞ് ജോളി കൂടത്തായിയിൽ എത്തി അധികം വൈകാതെ ബന്ധം തുടങ്ങിയതാണ്. എല്ലാതരത്തിലും വളരെ അടുത്ത ബന്ധമായിരുന്നു. അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ടെന്നും മാത്യു പറഞ്ഞിരുന്നു.

ഞങ്ങൾ ഭാര്യാ-ഭർത്താക്കന്മാരെപോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു. റോയ്‌തോമസിന്റെ മരണത്തിനു മുമ്പേ തന്നെ ജോളിയുമായി അടുത്തിരുന്നു. ബന്ധുക്കളായതിനാൽ വീട്ടിൽ സന്ദർശിക്കുന്നതിലും ജോളിയുമായി ഇടപഴകുന്നതിലും ആർക്കും സംശയം തോന്നിയിരുന്നില്ല. അതിനാൽ ബന്ധം തുടരാൻ സാധിച്ചു. ജോളിയുടെ ഭർത്താവ് റോയ് തോമസിന്റെ മദ്യപാനവും ജോളിയുമായുള്ള അടുപ്പത്തിന് അവസരമൊരുക്കി. അക്കാലത്താണ് റോയ്‌തോമസിന്റെ പിതാവ് ടോംതോമസ് 2008 ഓഗസ്റ്റ് 26ന് മരിക്കുന്നത്. മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് ജോളി എന്നോട് സയനൈഡ് വാങ്ങിയിരുന്നു. നായയേയും എലിയേയും കൊല്ലാനാണെന്ന് പറഞ്ഞായിരുന്നു സയനൈഡ് വാങ്ങിയിരുന്നതെന്നും മാത്യു പൊലീസിനോട് ചോദ്യം ചെയ്യലിനിടെ സമ്മതിച്ചിരുന്നു.

മരണശേഷം പൊന്നാമറ്റത്തെ വീട്ടിൽ നിത്യസന്ദർശകനായി. ജോളിയുമായുള്ള ബന്ധത്തിൽ റോയിക്ക് കാര്യമായ എതിർപ്പില്ലായിരുന്നു. റോയ് ദാമ്പത്യവിഷയത്തിൽ പരാജയമാണെന്നു പറഞ്ഞ് എന്നോട് കൂടുതൽ അടുത്തു. പരസ്പരം പിരിയാൻ വയ്യാത്ത അടുപ്പമുണ്ടായി. അതിനിടെ റോയ് തോമസും മരിച്ചു. ടോം തോമസിനു പിന്നാലെ റോയിയും മരിച്ചപ്പോൾ ജോളി കൊലപ്പെടുത്തിയതാവാമെന്ന് സംശയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ ജോളി തന്നെയാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് ഉറപ്പിച്ചു. പുറത്താരോടും പറയാതിരുന്നത് ജോളിയെ നഷ്ടപ്പെടരുതെന്നു കരുതിയാണ്. എന്നാൽ ഒരിക്കൽ പോലും ഇക്കാര്യം ജോളിയോട് ചോദിച്ചിരുന്നില്ല. കൊലപ്പെടുത്തിയതാണെന്ന വിവരം താൻ മനസിലാക്കിയെന്നറിഞ്ഞാൽ തന്റെ ജീവനും അപകടത്തിലാവുമെന്ന് കരുതി-മാത്യു പറയുന്നു.

വീണ്ടും കുടുംബത്തിൽ ഒരു മരണം കൂടിയുണ്ടായി. തന്റെ പിതൃസഹോദരനായ മഞ്ചാടിയിൽ മാത്യുവിനേയും സയനൈഡ് നൽകി ജോളി കൊലപ്പെടുത്തിയതാണെന്ന് ബോധ്യമായി. വിമുക്ത ഭടനായ മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരുനിന്ന ആളാണ്. അതിനിടെയാണ് ഷാജുവിനെ വിവാഹം ചെയ്യുന്നത്. എന്നിട്ടും താനുമായി ബന്ധം തുടർന്നു. ഇതിനിടെ ജോളി വീണ്ടും സയനൈഡ് ആവശ്യപ്പെട്ടപ്പോൾ അത് സംഘടിപ്പിച്ചുനൽകി. ജോളിയിലെ വശ്യതമൂലം എതിർത്തുപറയാൻ തനിക്കു കഴിയുമായിരുന്നില്ലെന്നും മാത്യു പൊലീസിനോടു പറഞ്ഞിട്ടുണ്ട്.

കൂടത്തായിയിൽ കൊല്ലപ്പെട്ട സിലിയുടെ സ്വർണാഭരണങ്ങൾ ജോളി തട്ടിയെടുത്തെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ രക്ഷപ്പെട്ടത് രണ്ടാം ഭർത്താവ് ഷാജുവായിരുന്നു ഷാജുവാണ് ആഭരണങ്ങൾ കൊണ്ടു പോയതെന്നായിരുന്നു ജോളിയുടെ മൊഴി. എന്നാൽ ഈ ആഭരണങ്ങൾ വിറ്റ് താമരശേരിയിലെ ജൂവലറിയിൽനിന്ന് പുതിയത് വാങ്ങിയതായും പരിശോധനയിൽ വ്യക്തമായി. ഷാജുവിനെ കുടുക്കാൻ ജോളി മൊഴി നൽകിയെന്നാണ് വിലയിരുത്തലും. അതുകൊണ്ട് തന്നെ ഷാജു കേസുകളിൽ ഒന്നിലും പ്രതിയാകില്ല.

കുറ്റം ചെയ്തവരുടെ പട്ടികയിൽ ഇല്ലാത്തതിനാൽ മാപ്പുസാക്ഷിയാക്കാനും കഴിയില്ല. ഈ സാഹചര്യത്തിൽ ഷാജു കേസിലെ മുഖ്യ സാക്ഷികളിൽ ഒരാളാകും. ഇതിനിടെയാണ് ജോളിയെ തള്ളുന്ന തരത്തിൽ മാത്യുവെന്ന ഷാജിയുടേയും മൊഴി എത്തുന്നത്. താൻ കൊലപാതകത്തിൽ പങ്കാളിയല്ലെന്ന തരത്തിലാണ് ഷാജി മൊഴി നൽകുന്നത്. ഇത് പരിഗണിച്ചാണ് മാത്.ുവിനെ സാക്ഷിയാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP