Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കെ.എസ്.യുവിന്റെ പഠിപ്പ് മുടക്കിന് എൽപി സ്‌കൂളിന് അവധി നൽകാത്ത കലിപ്പിൽ പറഞ്ഞത് കുട്ടികൾക്കുള്ള ഭക്ഷണത്തിൽ വിഷം കലർത്തുമെന്ന്; പ്രഥമാധ്യാപികക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ആക്ഷേപം എഴുതിയിട്ടും യൂത്ത് കോൺഗ്രസ് നേതാവിന്റെ കലിപ്പ് തീർന്നില്ല; രാത്രിയിൽ നശിപ്പിച്ചത് സ്‌കൂളിലെ ചുവർ ചിത്രങ്ങളും എഴുതിവെച്ചത് അദ്ധ്യാപകരെ ചേർത്ത് അശ്ലീലവും

കെ.എസ്.യുവിന്റെ പഠിപ്പ് മുടക്കിന് എൽപി സ്‌കൂളിന് അവധി നൽകാത്ത കലിപ്പിൽ പറഞ്ഞത് കുട്ടികൾക്കുള്ള ഭക്ഷണത്തിൽ വിഷം കലർത്തുമെന്ന്; പ്രഥമാധ്യാപികക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ആക്ഷേപം എഴുതിയിട്ടും യൂത്ത് കോൺഗ്രസ് നേതാവിന്റെ കലിപ്പ് തീർന്നില്ല; രാത്രിയിൽ നശിപ്പിച്ചത് സ്‌കൂളിലെ ചുവർ ചിത്രങ്ങളും എഴുതിവെച്ചത് അദ്ധ്യാപകരെ ചേർത്ത് അശ്ലീലവും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കെ എസ് യു ആഹ്വാനം ചെയ്ത പഠിപ്പ് മുടക്കിന് എൽപി സ്‌കൂൾ വിടാത്തതിന്റെ പേരിൽ പ്രഥമാധ്യാപികക്ക് നേരെ അസഭ്യ വർഷവും സ്‌കൂളിലെ ചുമരുകളിൽ തെറിയഭിഷേകവും. കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട സർക്കാർ എൽപിഎസിലാണ് അദ്ധ്യാപകരെ കുറിച്ചുള്ള അശ്ലീല പരാമർശങ്ങൾ സോഷ്യൽ മീഡിയയിലും സ്‌കൂളിന്റെ ചുമരുകളിലും എഴുതി പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ സ്‌കൂളിലെ ചുവർ ചിത്രങ്ങൾ വികൃതമാക്കുകയും അദ്ധ്യാപകരെ മോശക്കാരായി ചിത്രീകരിക്കുന്ന പദപ്രയോഗങ്ങൾ ചെറിയ കുട്ടികൾ പഠിക്കുന്ന ക്ലാസ് മുറിയുടെ ചുവരുകളിൽ എഴുതി വെക്കുകയുമായിരുന്നു.

തിങ്കളാഴ്‌ച്ചയാണ് സ്‌കൂളിൽ പ്രശ്‌നങ്ങളുടെ തുടക്കം. കെ എസ് യു ആഹ്വാനം ചെയ്ത പഠിപ്പ് മുടക്കിനോടനുബന്ധിച്ച് എൽപി സ്‌കൂളും വിടണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്തെ യൂത്ത് കോൺഗ്രസുകാർ സ്‌കൂളിലെത്തിയിരുന്നു. എന്നാൽ ചെറിയ കുട്ടികളാണെന്നും അവരെ വിട്ടാൽ ഇപ്പോൾ വീട്ടിൽ രക്ഷിതാക്കൾ പലരും ഉണ്ടാകില്ല എന്നും പ്രഥമാധ്യാപിക പ്രവർത്തകരെ അറിയിച്ചു. ഇത്തരത്തിൽ സ്‌കൂൾ വിടുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകും എന്നും അദ്ധ്യാപകർ ചൂണ്ടിക്കാട്ടി. മാത്രമല്ല ഉച്ചഭക്ഷണത്തിനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട് എന്നും സ്‌കൂൾ അധികൃതർ അറിയിച്ചു. ഇതോടെ, ഉച്ചഭക്ഷണത്തിൽ വിഷം കലർന്നാൽ ടീച്ചർ സ്‌കൂളിന് അവധി കൊടുക്കുമോ എന്നായി യൂത്ത് കോൺഗ്രസ് നേതാക്കൾ. എന്തായാലും സ്‌കൂൾ വിടാൻ കഴിയില്ലെന്നും ഇതെല്ലാം കാട്ടി പൊലീസിൽ പരാതി നൽകും എന്നും പറഞ്ഞതോടെ സമരക്കാർ പിന്മാറി.

എന്നാൽ, പിന്നീട് സോഷ്യൽ മീഡിയയിലൂടെ സ്‌കൂളിനും പ്രഥമാധ്യാപികക്കും എതിരെ കടുത്ത ദുഷ്പ്രചരണങ്ങൾ പ്രദേശത്തെ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നടത്തുകയായിരുന്നു. പ്രഥമാധ്യാപിക ഉളുപ്പില്ലാത്ത ജന്മം ആണെന്നും ടീച്ചറിന്റെ സെന്റ് ഓഫ് തന്റെ വകയാണെന്നുമെല്ലാം ഇയാൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു. ഇതോടെ സംഭവം മറ്റുള്ളവരും അറിഞ്ഞു. എന്നാൽ, കോൺഗ്രസ് നേതൃത്വം ഉൾപ്പെടെ വിഷയത്തിൽ സ്‌കൂളിനൊപ്പം നിന്നതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലിയടങ്ങാതെ കഴിഞ്ഞ ദിവസം രാത്രിയിൽ സ്‌കൂളിലെ ചുവർ ചിത്രങ്ങൾ നശിപ്പിക്കുകയായിരുന്നു.

ഈയടുത്താണ് ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് സ്‌കൂളിലെ ചുവരുകളിൽ പാഠഭാഗങ്ങളുടെ ചിത്രങ്ങൾ വരച്ച് വെച്ചത്. ഇതത്രയും സാമൂഹിക വിരുദ്ധർ രാത്രിയിൽ നശിപ്പിച്ചു. ഇതിനൊപ്പമാണ് സ്‌കൂളിലെ പ്രഥമാധ്യാപികയെ കുറിച്ച് അശ്ലീല കമന്റുകൾ എഴുതിവെച്ചത്. കുട്ടികളുടെ കണ്ണിൽ പെടാതിരിക്കാൻ അശ്ലീല പരാമർശങ്ങൾ അദ്ധ്യാപകർ തന്നെ മായ്ച്ച് കളഞ്ഞെങ്കിലും ചുവർ ചിത്രങ്ങളത്രയും വൃത്തികേടായി.

സംഭവത്തിൽ കോൺഗ്രസ് നേതൃത്വം ഇടപെടണം എന്നും തങ്ങളുടെ കുട്ടികളുടെ ജീവന് പോലും ഭീഷണിയുള്ള സാഹചര്യമാണ് നിലനിൽക്കുന്നത് എന്നുമാണ് രക്ഷകർത്താക്കളിൽ പലരും ചൂണ്ടിക്കാണിക്കുന്നത്. ഉച്ചഭക്ഷണത്തിൽ വിഷം കലർത്തും എന്ന് പറഞ്ഞത് അപ്പോഴത്തെ ദേഷ്യത്തിനെന്ന് തള്ളിക്കളയാനാകില്ലെന്നും വാശി ജയിക്കാൻ എന്തും പറയുകയും ചെയ്യുകയും ചെയ്യുന്ന ആളുകളാണ് ഇവരെന്നും രക്ഷകർത്താക്കൾ ചൂണ്ടിക്കാട്ടുന്നു. പ്രദേശത്തെ പാവപ്പെട്ട തൊഴിലാളികളുടെയും പൊതുവിദ്യാഭ്യാസത്തെ ഇഷ്ടപ്പെടുന്നവരുടെയും മക്കളാണ് ഈ സ്‌കൂളിൽ പഠിക്കുന്നത്. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ സ്‌കൂളിൽ ആദ്യകാല വിദ്യാർത്ഥികളുടെ ചെറുമക്കളാണ് ഇപ്പോൾ പഠിക്കുന്നത്. അതുകൊണ്ട് തന്നെ ഈ വിദ്യാലയത്തോട് പ്രദേശവാസികൾക്ക് വൈകാരികമായ ബന്ധമാണ് ഉള്ളത്.

വിദ്യാർത്ഥി രാഷ്ട്രീയത്തോട് എതിർപ്പില്ലെങ്കിലും ചെറിയ കുട്ടികളെ സ്‌കൂൾ സമയം കഴിയുന്നതിന് മുമ്പ് വിടുന്നതിനോട് എല്ലാ രാഷ്ട്രീയ പാർട്ടികളും നേരത്തേ തന്നെ എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ളതാണ്. ഭൂരിഭാഗം രക്ഷകർത്താക്കളും ജോലിക്ക് പോകുന്നതിനാൽ സ്ഥിരം സമയത്തിനും മുമ്പേ സ്‌കൂൾ വിട്ട് കുട്ടികൾ വീട്ടിലെത്തിയാലും തനിച്ചേ ഉണ്ടാകു എന്നതാണ് ഇതിന് കാരണമായി പ്രാദേശത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ചൂണ്ടിക്കാണിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP