Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരുപത്തൊന്നാമത്തെ വയസ്സിൽ വിവാഹം; എട്ടു വർഷം കൊണ്ട് ആറു പ്രസവം! ഭാര്യയുടെ മുലപ്പാൽ വറ്റരുതെന്ന നിർബന്ധത്തിൽ പ്രസവം നിർത്താൻ പോലും അനുവദിക്കാത്ത കുടിയനും ക്രൂരനുമായ ഭർത്താവ്; മൂന്ന് തലമുറകളായി കഴിയുന്നത് സാരിയും ഫ്‌ളക്‌സും കൊണ്ട് മറച്ച കുടിലിലും; ഓർമ്മ വെച്ച കാലം മുതൽ ശ്രീദേവി അനുഭവിക്കുന്ന നരകയാതന തുറന്ന് കാട്ടി വിനീത വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഇരുപത്തൊന്നാമത്തെ വയസ്സിൽ വിവാഹം; എട്ടു വർഷം കൊണ്ട് ആറു പ്രസവം! ഭാര്യയുടെ മുലപ്പാൽ വറ്റരുതെന്ന നിർബന്ധത്തിൽ പ്രസവം നിർത്താൻ പോലും അനുവദിക്കാത്ത കുടിയനും ക്രൂരനുമായ ഭർത്താവ്; മൂന്ന് തലമുറകളായി കഴിയുന്നത് സാരിയും ഫ്‌ളക്‌സും കൊണ്ട് മറച്ച കുടിലിലും; ഓർമ്മ വെച്ച കാലം മുതൽ ശ്രീദേവി അനുഭവിക്കുന്ന നരകയാതന തുറന്ന് കാട്ടി വിനീത വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

പഴയ ഫ്‌ളക്‌സുകളും ഷീറ്റും സാരിയും കുത്തി മറച്ച വീടിനുള്ളിൽ ആറു കുഞ്ഞുങ്ങളുമായി നരക യാതന അനുഭവിച്ച യുവതിയെ കുറിച്ച് തുറന്നെഴുതി വിനീത വിജയൻ. ഭർത്താവിന്റെ ആക്രമണത്തെയും പട്ടിണിയേയും മറികടക്കാൻ വഴിയൊന്നും ഇല്ലാതിരുന്ന ഒരു സ്ത്രീ കഴിഞ്ഞ ദിവസം വരെ അനുഭവിച്ച ദുരിതങ്ങളുടെ നേർക്കാഴ്‌ച്ചയാണ് വിനീതയുടെ കുറിപ്പ്

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം..

വഞ്ചിയൂർ കൈതമുക്ക് റെയിൽവേപുറമ്പോക്കു ഭൂമിയിലെ കുഞ്ഞുങ്ങളുടെ വീട്ടിൽ പോയിരുന്നു. മാധ്യമ പ്രവർത്തകരുടെ വാഹനങ്ങളും രാഷ്ട്രീയക്കാരും വിവരമറിഞ്ഞെത്തിയ മറ്റുള്ളവരും തിങ്ങിനിറഞ്ഞ ആ കുടിലിലേക്ക് റോഡരികിലെ മതിലിൽ നിന്ന് താഴേക്ക് ഊർന്നിറങ്ങിയാൽ മാത്രം പോകാനാവുന്ന ചെങ്കുത്തായ ഒറ്റയാൾക്ക് മാത്രം നീങ്ങാൻ പറ്റുന്ന ഒരു വഴിയാണ് ഉള്ളത്.

പഴയ ഫ്‌ളക്‌സുംഷീറ്റും പട്ടിക കഷ്ണങ്ങളും സാരിയും ഒക്കെക്കുത്തിമറച്ച ഒരു ചായ്പ്, അതിലാണ് ശ്രീദേവി എന്ന ഇരുപത്തൊൻപതു വയസ്സുകാരിയായ അമ്മയും അവരുടെ ആറു കുഞ്ഞുങ്ങളും ഭർത്താവും അടക്കം താമസിക്കുന്നത്. ശ്രീദേവിയുടെ അമ്മയും അമ്മൂമ്മയും അടക്കമുള്ള മൂന്നു മുൻ തലമുറകളും അതേ റെയിൽവേ പുറമ്പോക്കു ഭൂമിയിലാണ് പത്തു തൊണ്ണൂറു കൊല്ലക്കാലമായി കഴിഞ്ഞിരുന്നത്.

ചാനൽ വെട്ടങ്ങളുടെയും തിരക്കുകളുടെയും ഇടയിൽ എന്നോട്, ശ്രീദേവി ഭയപ്പാടോടെ ചോദിച്ചത് ചേച്ചീ ഇതെല്ലാം കഴിഞ്ഞ്അയാൾ എന്നെ ഇതിന്റെ പേരിൽ ഉപദ്രവിക്കുമോ, ചേച്ചി താഴേക്കു വരുമ്പോൾ അയാൾ റോഡിലുണ്ടായിരുന്നോ എന്നാണ് ? ഒന്നുമില്ല, ഒന്നും ചെയ്യില്ല എല്ലാവരും ഒപ്പമുണ്ട് വിഷമിക്കേണ്ട എന്നവളെ സമാധാനിപ്പിച്ചു അവൾ തുടർന്നു'' കുഞ്ഞുങ്ങളെയുംഅയാൾ വല്ലാതെ ഉപദ്രവിക്കുന്നുണ്ട്, കുഞ്ഞുങ്ങളെ കാലിൽ പിടിച്ച് നിലത്തടിക്കുക, പൊള്ളിക്കുക, മുറിവേൽപ്പിക്കുക, ഒക്കെയാണ്... മുറിവുകണ്ട് ടീച്ചർമാർ ചോദിച്ചപ്പോൾ ഏഴു വയസ്സുകാരനായ മൂത്ത മകനാണ് ടീച്ചർമാരോട് അച്ഛന്റെ ഉപദ്രവം പറഞ്ഞത് ''മൂത്ത കുഞ്ഞിന് ഏഴുവയസ്സ്, പിന്നെ ആറ്, അഞ്ച്, നാല്, രണ്ട്, ആറു മാസം പ്രായമുള്ള കൈക്കുഞ്ഞ്... ശ്രീദേവിക്ക് വയസ്സ് ഇരുപത്തൊന്നുള്ളപ്പോഴായിരുന്നു വിവാഹം, എട്ടു വർഷം കൊണ്ട് ആറു പ്രസവം ! എന്നിലുമിളയവൾ, അനുഭവിച്ച യാതനകളത്രയും അവളുടെ ശരീരത്തിലുണ്ട്. മുഖത്തുണ്ട്എന്തു പറയാനാണ്!

''പ്രസവം നിർത്താനോ മറ്റു ഗർഭനിരോധന മാർഗ്ഗങ്ങൾ സ്വീകരിക്കാനോ ഒന്നുംആരും പറഞ്ഞു തന്നില്ലേ മോളേ, ?'' എന്റെ ചോദ്യത്തിന് അവൾ ശബ്ദം താഴ്‌ത്തിയാണ് മറുപടി പറഞ്ഞത്
'' ഹെൽത്ത്കാര് വന്നു പറഞ്ഞു ചേച്ചി രണ്ടു പ്രസവമായപ്പോഴേ നിർത്താൻ, പക്ഷേ അയാൾ സമ്മതിച്ചില്ല. എനിക്ക്പാലു വറ്റാൻ പാടില്ലെന്നാണയാളുടെ നിർബ്ബന്ധം.. പേടിച്ചിട്ടാ ചേച്ചി, അയാൾ അറിയാതെ നിർത്തിയാൽ കുഞ്ഞുങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നെ, തുടർച്ചയായുള്ള പ്രസവവും പട്ടിണിയും പാലൂട്ടലും അതിനു പുറമേ കുടിച്ചിട്ടു വന്നിട്ടുള്ള ഉപദ്രവവുംഎല്ലാത്തിനും ഇടയിൽ എനിക്ക് കുഞ്ഞുങ്ങളെ നോക്കാനും അവർക്ക് ഭക്ഷണം തേടിക്കൊടുക്കാനും പറ്റില്ലല്ലോ, ഹെൽത്തീന്ന് അമൃതം പൊടി കിട്ടും, അത് കുറുക്കിക്കൊടുക്കും, അയൽവക്കക്കാരും എന്തേലും തരും, അതു കൊണ്ട് എത്ര നാൾ മുന്നോട്ട് പോവും ,കുഞ്ഞുങ്ങൾ വളർന്നു വരുവല്ലേ, വിശക്കില്ലേ, ഇനിയും പട്ടിണി കിടന്നാൽ അതുങ്ങൾടെ ജീവൻ പോലും കിട്ടില്ല, അതാ ശിശുക്ഷേമ സമിതിനെ ഏൽപ്പിച്ചത്. ഇപ്പോഎനിക്ക് ജോലി തരാന്ന് പറയുന്നുണ്ട്, കൈക്കുഞ്ഞിനെക്കൊണ്ട് ജോലിക്ക് പോകാനൊക്കോ എന്നറിയില്ല, എനിക്ക് പോറ്റാൻ പറ്റുന്ന സ്ഥിതിയായാൽ കുഞ്ഞുങ്ങളെ തിരിച്ചു തരുമെങ്കിൽ എനിക്കു വളർത്തണം, അവർ നന്നായി വളരണം..''.

കുടിവെള്ളമോ ഉടുതുണിക്ക് മറുതുണിയോ ഇല്ലാത്ത ആ ദുരിതക്കൂരയിൽ ഇന്നുവരെ മെഴുകുതിരി വെട്ടമല്ലാതെയിരുട്ടിൽ മറ്റൊരു വെളിച്ചമുണ്ടായിട്ടില്ല. പതിവില്ലാത്ത ഒച്ചയനക്കങ്ങളിലും വെട്ടത്തിലും അസ്വസ്ഥതപ്പെട്ട് തുണിത്തൊട്ടിലിൽ കിടന്ന് കൈക്കുഞ്ഞ് കരഞ്ഞു. കുഞ്ഞിനെ ചാനൽ മൈക്കുകൾക്കിടയിലൂടെ എടുത്തു നിവർന്ന ശ്രീദേവിക്കു നേരേ ചാനൽച്ചോദ്യം: ''കുഞ്ഞുങ്ങൾ പട്ടിണി കൊണ്ട് മണ്ണുവാരിത്തിന്നുന്നതായിട്ടുള്ള വാർത്ത സത്യമാണോ?''

അവർക്കു വിശപ്പു മാറാനുള്ള ഭക്ഷണം ഇവിടെ ഉണ്ടാവാറില്ല. വെറും പൂഴിയിലാണ് കുഞ്ഞുങ്ങൾ ഇരിപ്പും കിടപ്പും എല്ലാം. മണ്ണുവാരി വായിൽ വെക്കാറുണ്ട്, വിശന്നിട്ടാവാം, കുഞ്ഞുങ്ങൾഅല്ലാതെയുമെന്തുമെടുത്തു വായിൽ വെക്കുമല്ലോ അങ്ങനെയുമാവാം''... എല്ലാ ദയനീയതകളോടെയും ചാനൽ വെളിച്ചങ്ങൾക്കു മുന്നിൽ നരകജീവിതത്തിന്റെ നേർസാക്ഷ്യം പോലൊരു പെണ്ണും കുഞ്ഞുങ്ങളും നിൽക്കുമ്പോഴും സത്യത്തിന്റെ തോതുരച്ചു നോക്കുകയാണവർ !

ആകട്ടേ... സത്യം സത്യമായി പറയേണ്ടതുണ്ടല്ലോ, അവർ ചോദിച്ചു തന്നെ പറയട്ടേ!

പട്ടിക വിഭാഗത്തിൽ പെടുന്ന കുടുംബമാണ് ശ്രീദേവിയുടേത്, പരിസര പ്രദേശത്തുള്ള മറ്റേഴു കുടുംബങ്ങളുമതേ. ആ വീടുകളുടെയും ഭൗതിക സാഹചര്യങ്ങൾ ശ്രീദേവിയുടെ കൂരക്ക് സമാനമാണ്... ഈ പുറമ്പോക്കു ഭൂമിയും ഈ മനുഷ്യരും കേരളം കേരളമായി രൂപപ്പെടും മുൻപുംതിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാന നഗരമായി മാറും മുൻപും ഇവിടെയുണ്ട്. കേരളം മാറിയിട്ടുണ്ട്, പക്ഷേ ഇവരുടെയോ ഇവരെപ്പോലനേകരുടെയോ ജീവിതങ്ങൾ മാറിയിട്ടില്ല, ഭരണ സിരാ കേന്ദ്രത്തിലായാലും കേരളത്തിലെവിടെയായാലും അവസ്ഥ സമാനമാണ്. കേരളത്തിലെ പട്ടിക /ആദിവാസിവിഭാഗങ്ങളിൽ പെടുന്ന 73% മനുഷ്യരും ഇതേപോലെ, പന്നിക്കൂടുകൾ പോലുള്ള പുറമ്പോക്കുകളിലും ലക്ഷംവീട് കോളനികളിലുമായാണ് ജീവിക്കുന്നത്..

സാമൂഹ്യഅന്തസ്സിന്റെ അടിത്തറയായ ഭൂവധികാരത്തിൽ നിന്ന് ബഹിഷ്‌കൃതരാക്കപ്പെട്ട അടിസ്ഥാന ജനതയ്ക്ക് കുടുംബാസൂത്രണത്തെപ്പറ്റിയും സന്മാർഗ്ഗജീവിതത്തെപ്പറ്റിയും ക്ലാസെടുക്കയാണ് ഇന്ന് പുരോഗമന കേരളം, അവരോടാണ് പറയാനുള്ളത്, ഈ മനുഷ്യർ ജീവിക്കുന്നത് അവർ ജീവിക്കാനാഗ്രഹിച്ച ജീവിതങ്ങളല്ല, പുഴുക്കളെപ്പൊലീങ്ങനെ അവരരികു മാറ്റപ്പെട്ടതിന് ഉത്തരവാദികൾ ഭൂമിയുടെ അധികാരത്തിൽ നിന്നവരെ കാലാകാലങ്ങളായി പുറത്തു നിർത്തുന്ന മാറി മാറി വന്നഭരണകൂടങ്ങളാണ്. നിസ്സഹായതകൾക്ക് ഇരകളോട് വിശദീകരണമാവശ്യപ്പെടുന്നതും അവരെ വിമർശിക്കുന്നതും വിചാരണ ചെയ്യുന്നതും നെറികേടാണ്, തികഞ്ഞ വിവര ശൂന്യതയും!

ശ്രീദേവിക്കു വീടും, കുഞ്ഞുങ്ങൾക്കു സുരക്ഷിത ഇടവും ഉറപ്പാക്കപ്പെട്ടതിന്റെ സന്തോഷത്തോടൊപ്പം, ഒന്നുറപ്പിച്ചു പറയുന്നൂ, സമാനമോ, അതിലും ദുരിതമയമോ ആയ ലക്ഷക്കണക്കിന് പുറമ്പോക്കു ജീവിതങ്ങളിലേക്ക് ഭരണകൂടത്തിന്റെ കണ്ണുകൾ, തിരിയുക തന്നെ വേണം.. അങ്ങനെയൊരു കേരളമുണ്ടായാൽ അന്നല്ലാതെ ഈ നമ്പർ വൺ എന്നാൽ, ബിഗ്‌സീറോ മാത്രമാണ്!

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP