Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നരേന്ദ്ര മോദിയെ വാനോളം പുകഴ്‌ത്തി എൻഡിഎയിൽ ചേർന്ന പി സി ജോർജ്ജ് മുന്നണി വിടുന്നത് പ്രധാനമന്ത്രി റിസർവ് ബാങ്ക് കൊള്ളയടിക്കുന്നവനെന്ന് ആരോപിച്ച്; കേരളത്തിലെ ബിജെപി പ്രവർത്തകർ നല്ലവരെങ്കിലും രക്ഷപെടണമെങ്കിൽ നേതാക്കളുടെ മനസ് മാറണം എന്നും പൂഞ്ഞാർ എംഎൽഎ; ജനപക്ഷം പാർട്ടി ദേശീയ ജനാധിപത്യ സഖ്യം ഉപേക്ഷിച്ചത് അവഗണനയിൽ മനംനൊന്ത്

നരേന്ദ്ര മോദിയെ വാനോളം പുകഴ്‌ത്തി എൻഡിഎയിൽ ചേർന്ന പി സി ജോർജ്ജ് മുന്നണി വിടുന്നത് പ്രധാനമന്ത്രി റിസർവ് ബാങ്ക് കൊള്ളയടിക്കുന്നവനെന്ന് ആരോപിച്ച്; കേരളത്തിലെ ബിജെപി പ്രവർത്തകർ നല്ലവരെങ്കിലും രക്ഷപെടണമെങ്കിൽ നേതാക്കളുടെ മനസ് മാറണം എന്നും പൂഞ്ഞാർ എംഎൽഎ; ജനപക്ഷം പാർട്ടി ദേശീയ ജനാധിപത്യ സഖ്യം ഉപേക്ഷിച്ചത് അവഗണനയിൽ മനംനൊന്ത്

മറുനാടൻ മലയാളി ബ്യൂറോ

ഒരു വർഷം പോലും മുന്നണിയിൽ നിൽക്കാനാകാതെ പി സി ജോർജ്ജിന്റെ ജനപക്ഷം പാർട്ടി ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ വിട്ടു. പ്രധാനമന്ത്രിയേയും കേരളത്തിലെ ബിജെപി നേതൃത്വത്തേയും രൂക്ഷമായി വിമർശിച്ചാണ് പി സി ജോർജ്ജ് എംഎൽഎ മുന്നണി വിട്ടത്. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്ന കാര്യം നേരത്തേ തന്നെ പൂഞ്ഞാർ എംഎൽഎ വ്യക്തമാക്കിയിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ബിജെപിക്കെതിരെ കടുത്ത ആക്ഷേപങ്ങളാണ് ഇദ്ദേഹം ഉന്നയിച്ചത്. മുന്നണിയിൽ നിന്നും കടുത്ത അവഗണനയാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും പി സി ജോർജ്ജ് പറയുന്നു.

കേരളത്തിലെ നമ്പർ വൺ കേഡർ പാർട്ടിയാണ് ബിജെപി എന്ന് ആരു ചോദിച്ചാലും പറയുമെന്ന് മുന്നണി വിടുമ്പോഴും പറയുന്ന പി സി ജോർജ്ജ് നേതാക്കന്മാരുടെ നിലപാടിനെ അതിശക്തമായി വിമർശിച്ചു. നല്ല പ്രവർത്തകരാണ് ബിജെപിയുടേതെന്ന് പുകഴ്‌ത്തുന്ന പി സി ജോർജ് എന്നാൽ നേതാക്കന്മാർക്ക് ജയിക്കണമെന്ന ആഗ്രഹം ഇല്ലെന്നാണ് പറയുന്നത്. നേതാക്കന്മാരുടെ മനസ്സു മാറാതെ ബിജെപിക്ക് രക്ഷയില്ല. വട്ടിയൂർക്കാവിൽ കുമ്മനത്തെ സ്ഥാനാർത്ഥിയാക്കാതിരുന്നതും, മഞ്ചേശ്വരത്ത് നിന്ന് മാറി കോന്നിയിൽ സുരേന്ദ്രനെ മത്സരിപ്പിച്ചതും തെറ്റായിരുന്നു എന്നും ജോർജ് ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത ആക്ഷേപങ്ങളും പിസി ഉന്നയിച്ചു. മോദിയെ ഇതുവരെ വാനോളം പുകഴ്‌ത്തിയിരുന്ന അദ്ദേഹം നിലപാട് മാറ്റിയിരിക്കുകയാണ്. ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി എന്നാണ് പിസി ജോർജ് ഇപ്പോൾ പറയുന്നത്. റിസർബാങ്ക് കൊള്ളയടിക്കുകയാണ് നരേന്ദ്ര മോദി ചെയ്യുന്നത്.

കഴിഞ്ഞ ഏപ്രിലിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് നരേന്ദ്ര മോദിയെ വാനോളം പുകഴ്‌ത്തി പി സി ജോർജ്ജ് എൻഡിഎയിൽ ചേർന്നത്. അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളക്കൊപ്പം പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ എത്തിയാണ് പി സി ജോർജ് എൻഡിഎ പ്രവേശനം പ്രഖ്യാപിച്ചത്. കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ കാര്യത്തിലും റബ്ബർ കർഷകരുടെ പ്രശ്‌നത്തിലും നല്ല ഇടപടലുകൾ എൻഡിഎ സർക്കാർ നടത്തിയെന്ന് പിസി ജോർജ്ജ് പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാൻ എൻഡിഎക്ക് കഴിയുമെന്നും പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ വൻ വിജയം നേടുമെന്നും പിസി ജോർജ്ജ് അന്ന് പറഞ്ഞു. കെ സുരേന്ദ്രൻ 75,000 വോട്ടിന് വിജയിക്കുമെന്നാണ് പി സി ജോർജ് അവകാശപ്പെട്ടത്. പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിൽ എൻഡിഎ ജയിക്കുമെന്നും പി സി ജോർജ് അന്ന് അവകാശപ്പെട്ടിരുന്നു.

നേരത്തെ ശബരിമല യുവതീപ്രവേശന വിഷയത്തിൽ ബിജെപിയെ പിന്തുണച്ച് പി സി ജോർജ് രംഗത്തുവന്നിരുന്നു. സ്ത്രീകൾ ശബരിമലയിൽ കയറരുതെന്ന നിലപാടിന് പിന്തുണ അറിയിച്ച് ബിജെപി എംഎൽഎ ഒ രാജഗോപാലിനൊപ്പം കറുത്ത വസ്ത്രം ധരിച്ച് നിയമസഭയിലെത്തിയ പി സിയുടെ ചിത്രം വലിയ വാർത്തയാവുകയും ചെയ്തു. മോദിയെ പുകഴ്‌ത്തിയതിനും എൻഡിഎയിൽ ചേർന്നതിനും ജോർജിന് കടുത്ത വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. ഈരാറ്റുപേട്ടയിൽ വിവിധ മത സംഘടനകൾ ജോർജിനെതിരെ രംഗത്തെത്തിയിരുന്നു. ജനപക്ഷം ഭരിച്ചിരുന്ന പല പഞ്ചായത്തിലും ഭരണമാറ്റം ഉണ്ടായിരുന്നു. വീണ്ടും പൂഞ്ഞാറിൽ തന്നെ ജനവിധി തേടാൻ ഉള്ള നീക്കത്തിന് ഇടെയാണ് ജോർജിന്റെ മനംമാറ്റം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP