Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമീപവാസികളുടെ ഇൻഷുറൻസ് കാര്യത്തിൽ ഉടൻ പരിഹാരം; പ്രീമിയം സർക്കാർ വഹിക്കും; ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന്റെ ഭാഗമായിട്ടല്ല സമീപത്തുള്ള വീടുകളിൽ വിള്ളൽ വീഴുന്നതെന്ന് നിയന്ത്രിത സ്‌ഫോടന വിദഗ്ധൻ എസ്.ബി.സർവാതെ; മാറി താമസിക്കുന്നവരുടെ വീട്ട് വാടക നഗരസഭ വഹിക്കും; മരട് ഫ്‌ളാറ്റ് നിയന്ത്രിത സ്‌ഫോടനത്തിന് വിധേയമാകാൻ ആഴ്‌ച്ചകൾ ബാക്കി നിൽക്കേ ആശങ്കകൾ പൂർണ്ണമായും ഒഴിയാതെ നാട്ടുകാരും, പരിഹാരം തേടി സർക്കാരും

സമീപവാസികളുടെ ഇൻഷുറൻസ് കാര്യത്തിൽ ഉടൻ പരിഹാരം; പ്രീമിയം സർക്കാർ വഹിക്കും; ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന്റെ ഭാഗമായിട്ടല്ല സമീപത്തുള്ള വീടുകളിൽ വിള്ളൽ വീഴുന്നതെന്ന് നിയന്ത്രിത സ്‌ഫോടന വിദഗ്ധൻ എസ്.ബി.സർവാതെ; മാറി താമസിക്കുന്നവരുടെ വീട്ട് വാടക നഗരസഭ വഹിക്കും; മരട് ഫ്‌ളാറ്റ് നിയന്ത്രിത സ്‌ഫോടനത്തിന് വിധേയമാകാൻ ആഴ്‌ച്ചകൾ ബാക്കി നിൽക്കേ ആശങ്കകൾ പൂർണ്ണമായും ഒഴിയാതെ നാട്ടുകാരും, പരിഹാരം തേടി സർക്കാരും

സുവർണ്ണ പി എസ്

കൊച്ചി: മരട് ഫ്‌ളാറ്റ് നിയന്ത്രിത സ്‌ഫോടനത്തിന് വിധേയമാകാൻ ആഴ്‌ച്ചകൾ ബാക്കി നിൽക്കേ ആശങ്കകൾ ഒഴിയാതെ നാട്ടുകാരും, പരിഹാരം തേടി സർക്കാരും. ഫ്ളാറ്റ് പൊളിക്കുന്നതിന്റെ ഭാഗമായി സമീപത്തെ വീടുകളുടെ സുരക്ഷ ഉറപ്പാക്കാനായി 125 കോടി രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്തുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു, എന്നാൽ ഇതിൽ തുടർനടപടികൾ ഉണ്ടായിട്ടില്ലെന്ന പരിസരവാസികളുടെ പരാതിക്ക് അറുതിയാവുകയാണ് ഇപ്പോൾ. ഇതുവരെയും ഇൻഷുറൻസ് കമ്പനിയുമായി കരാറിൽ ഒപ്പുവച്ചിട്ടില്ലെന്നായിരുന്നു പരിസരവാസികളുടെ ആരോപണം. പരിസരവാസികളുടെ ആശങ്ക കുറയ്ക്കുന്ന തരത്തിലാണ് ഫോർട്ട് കൊച്ചി സബ് കലക്ടർ സ്‌നേഹിൽകുമാറിന്റെ വാക്കുകൾ എത്തിയിരിക്കുന്നത്. മരടിലെ ഫ്്‌ളാറ്റുകൾ പൊളിക്കുമ്പോൾ സമീപവാസികൾക്ക് ഇൻഷുറൻസ് ലഭ്യമാക്കുന്നതിനുള്ള പ്രീമിയം തുക സംസ്ഥാന സർക്കാർ വഹിക്കുമെന്നും, 125 കോടി രൂപയുടെ ഇൻഷുറൻസിന് വേണ്ടി പൊതുമേഖല ഇൻഷുറൻസ് കമ്പനിയുമായുള്ള ചർച്ച അന്തിമ ഘട്ടത്തിലാണെന്നും പൊളിക്കലിന്റെ ചുമതലയുള്ള ഫോർട്ട് കൊച്ചി സബ് കലക്ടർ

സ്‌നേഹിൽകുമാർ സിങ് പറഞ്ഞത്

നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളിലായുള്ള അഞ്ച് ടവറുകളിൽ ഓരോന്നിനും 25 കോടി രൂപ വീതമാണ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നത്. എന്നാൽ ഫ്‌ളാറ്റുകളിൽ നിയന്ത്രിത സ്‌ഫോടനം നടത്തുന്ന ജനുവരി 11 മുതൽ ഒരു വർഷത്തേക്കായിരിക്കും ഇൻഷുറൻസ് ഉണ്ടാവുക. അതേസമയം ഫ്‌ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇൻഷുറൻസ് ഫ്‌ളാറ്റ് പൊളിക്കാൻ കരാറെടുക്കുന്ന കമ്പനിയായിരിക്കും നോക്കുക എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് അത് സർക്കാർ ഏറ്റെടുക്കുകയായിരുന്നു. കാരണം ടെൻഡറിൽ ഇൻഷുറൻസ് കാര്യം ഉൾപ്പെടുത്താതിരുന്നിനാൽ തന്നെ ഇൻഷുറൻസ് കാര്യം സർക്കാർ വഹിക്കണമെന്ന് കമ്പനി വ്യക്തമാക്കുകയായിരുന്നു. സമീപവാസികളുടെ ഇൻഷുറൻസ് തുകയ്ക്ക് പുറമേ വൈബ്രേഷൻ ടെസ്റ്റ് നടത്തുന്നതിന്റെ ചിലവും സർക്കാർ തന്നെ വഹിക്കണം. ഇതിനുള്ള ചർച്ചകൾ മദ്രാസ് ഐഐടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി നടക്കുകയാണ്.

ഫ്‌ളാറ്റിന് സമീപത്തുള്ള വീടുകൾക്ക് ഇൻഷുറൻസ് നൽകുമെന്ന് സർക്കാർ വ്യക്തമാക്കുകയും അതിനായുള്ള നടപടികൾ പുരോഗമിക്കുകയുമാണ്. അതേസമയം ഇൻഷുറൻസ് ലഭ്യമാകുന്നത് വരെ സമീപത്തെ വീടുകൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ പൊളിക്കുന്ന കമ്പനികൾ പരിഹരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ സമീപ പ്രദേശത്തുള്ള വീടുകൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയേറെയാണ്. ഫ്‌ളാറ്റുകൾ പോളിക്കുമ്പോഴുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ഇത്തരം കേടുപാടുകൾ വീടുകൾക്ക് ഉണ്ടാകാൻ കാരണം. പൊളിക്കുന്ന കമ്പനിക്കുണ്ടായ വീഴ്‌ച്ചയുടെ ഉദാഹരണമാണ് നെട്ടൂർ ആൽഫ സെറിൻ ഫ്‌ളാറ്റ് പൊളിച്ചപ്പോൾ സമീപമുള്ള വീടുകൾക്ക് ഉണ്ടായ കേടുപാടുകൾ. മതിലിൽ ഇരുമ്പുമറ സ്ഥാപിക്കണമെന്ന നിർദ്ദേശം പോലും വളരെ വൈകിയാണ് കമ്പനി നടപ്പാക്കിയത്. കൂടാതെ ഇത്തരം പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണമെന്ന കർശന നിർദ്ദേശം നൽകുകയും സേഫ്റ്റി ഓഫീസറെ നിയമിക്കാനും ആവശ്യപ്പെട്ടു. ഇതിനെല്ലാം പുറമേ എച്ച്2ഒ ഹോളിഫെയ്ത് ഫ്‌ളാറ്റിന് സമീപം വിള്ളലുണ്ടായിട്ടുണ്ടങ്കിൽ അത് പരിഹരിക്കാൻ കരാർ കമ്പനിയോട് നിർദ്ദേശിക്കുമെന്ന് ഫോർട്ട് കൊച്ചി സബ് കലക്ടർ സ്‌നേഹൽകുമാർ സിങ് പറഞ്ഞു.

വീടുകൾക്ക് വിള്ളൽ വീഴില്ലെന്ന് സ്‌ഫോടന വിദഗ്ധൻ

ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന്റെ ഭാഗമായാണ് സമീപത്തുള്ള വീടുകളിൽ വിള്ളൽ വീഴുന്നതെന്നാണ് ഇപ്പോഴുള്ള ആരോപണം. എന്നാൽ ഈ ആരോപണത്തെ പാടെ തള്ളിക്കളയുന്ന വാക്കുകളാണ് നിയന്ത്രിത സ്‌ഫോടന വിദഗ്ധൻ എസ്.ബി സർവാതെ പറയുന്നത്. ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എൻജിനീയേഴസ് ഇൻഡോർ കേന്ദ്രത്തിലെ പ്രമുഖ മൈനിങ് എൻജിനീയറായ സർവാതെ ഫ്‌ളാറ്റ് പൊളിക്കുന്നതിനുള്ള വിദഗ്‌ധോപദേശം നൽകാൻ സർക്കാർ നിയോഗിച്ച സാങ്കേതിക സമിതി അംഗമാണ്. മരടിലെ ഫ്‌ളാറ്റുകളുടെ സമീപത്തുള്ള വീടുകളിൽ കാണുന്ന വിള്ളലുകൾ ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ടതല്ലെന്നും. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ സമീപത്തെ പാർപ്പിടങ്ങൾക്കും കെട്ടിടങ്ങൾക്കും ഒരു ആഘാതവും ഉണ്ടാവില്ലെന്നുമാണ് സർവാതെ പറഞ്ഞത്. മാത്രമല്ല സാധാരണ നിർമ്മിതികളിൽ 5 വർഷത്തിന് ശേഷം വിവിധ കാരണങ്ങളാൽ ചെറിയ വിള്ളലുകൾ രൂപപ്പെടാറുണ്ട്. കൊച്ചിയിലെ മണ്ണിന്റെ ഘടന ഇതിന് ആക്കം കൂട്ടുന്ന തരത്തിലുള്ളതാണ്. അതിനാൽ തന്നെ പാർപ്പിടങ്ങളിൽ ഇപ്പോൾ കാണുന്ന ചെറു വിള്ളലുകൾ ഇത്തരത്തിലുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുമ്പോഴുണ്ടാവുന്ന അവശിഷ്ടങ്ങളിലൂടെ സർക്കാരിന് ലഭിക്കാൻ പോകുന്നത് ലക്ഷങ്ങളാണ്. അതായത് ഫ്‌ളാറ്റുകൾ പൊളിക്കുമ്പോളുണ്ടാകുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങളിലൂടെ 36.06 ലക്ഷം രൂപയാണ് സർക്കാരിന് ലഭിക്കുക. ആലുവ കേന്ദ്രമായ പ്രോംപ്റ്റ് എന്റർ പ്രൈസസിനാണ് കോൺക്രീറ്റ് അവശിഷ്ടങ്ങൾ വിൽക്കുക. ഇങ്ങനെ ലഭിക്കുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങൾ റോഡ് നിർമ്മാണത്തിന് അടിത്തറ ഒരുക്കുന്നതിനായി ഉപോഗിക്കുമെന്നാണ് പ്രോംപ്റ്റ് എന്റർ പ്രൈസസ് പ്രൊപ്പറേറ്റർ വി.എ.അൻസാർ പറഞ്ഞത്. മാത്രമല്ല അവശിഷ്ടങ്ങൾ സ്വരൂപിക്കുന്നതിനായുള്ള സ്ഥലവും ലഭ്യമായിട്ടുണ്ട്. അതേസമയം ആൽഫ സെറിൻ ഫ്‌ളാറ്റ് പൊളിക്കുമ്പോൾ കോൺക്രീറ്റ് അവശിഷ്ടങ്ങൾ കൂടുതലായി ലഭിക്കുമെങ്കിലും ചെറു ലോറികളിൽ മത്രമേ അവ നീക്കം ചെയ്യാൻ കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ ഇവയ്ക്ക് കുറഞ്ഞ വിലയാണ് ലഭിച്ചിരിക്കുന്നത്.

ഫ്‌ളാറ്റ് നിയന്ത്രിത സ്‌ഫോടനത്തിന് വിധേയമാകാൻ ആഴ്‌ച്ചകൾ ബാക്കി നിൽക്കേ ഇൻഷുറൻസ് കാര്യങ്ങളിലും മറ്റും ഉടൻ തീരുമാനം ഉണ്ടാവും. സമീപ പ്രദേശത്തുള്ള വീടുകൾക്ക് കേടുപാടുകൾ ഉണ്ടാവാത്ത വിധത്തിലാണ് നടപടികൾ. എങ്കിലും സമീപ പ്രദേശത്ത് നിന്നും ചില വീട്ടുകാർ മാറി താമസിക്കുന്നുമുണ്ട്. മാറി താമസിക്കുന്നവരുടെ വീട്ടു വാടക നഗരസഭ വഹിക്കുന്ന കാര്യം പരിഗണനയിലാണ്. എന്നാൽ വീട്ടുവാടക ആവശ്യപ്പെട്ട് ഒരു അപേക്ഷ പോലും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP