Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിസ്മസിനു മുന്നോടിയായുള്ള നോമ്പിന്റെ വേളയിൽ ഇരു ബാവാമാരെയും ദൈവം കൂടുതൽ ബലപ്പെടുത്തി അനുഗ്രഹിക്കട്ടെയെന്ന് ആശംസ; സഭയുടെ കാനോനിക നിയമം അനുസരിച്ചും സിവിൽ നിയമത്തിനു വിധേയമായും ക്രിസ്തീയമായ രീതിയിൽ ഇരുകൂട്ടർക്കും സ്വീകാര്യമായ തീരുമാനത്തിലേക്കു നീങ്ങാൻ സാധിക്കട്ടെ; അനുരഞ്ജന സംഭാഷണത്തിന് ഏതു തരത്തിൽ സഹായിക്കാൻ തയ്യാർ; സഭാ തർക്കത്തിൽ സർക്കാരിന് ആശ്വാസമായി കേരള കാത്തലിക് ബിഷപ്‌സ് കോൺഫറൻസിന്റെ നീക്കം

ക്രിസ്മസിനു മുന്നോടിയായുള്ള നോമ്പിന്റെ വേളയിൽ ഇരു ബാവാമാരെയും ദൈവം കൂടുതൽ ബലപ്പെടുത്തി അനുഗ്രഹിക്കട്ടെയെന്ന് ആശംസ; സഭയുടെ കാനോനിക നിയമം അനുസരിച്ചും സിവിൽ നിയമത്തിനു വിധേയമായും ക്രിസ്തീയമായ രീതിയിൽ ഇരുകൂട്ടർക്കും സ്വീകാര്യമായ തീരുമാനത്തിലേക്കു നീങ്ങാൻ സാധിക്കട്ടെ; അനുരഞ്ജന സംഭാഷണത്തിന് ഏതു തരത്തിൽ സഹായിക്കാൻ തയ്യാർ; സഭാ തർക്കത്തിൽ സർക്കാരിന് ആശ്വാസമായി കേരള കാത്തലിക് ബിഷപ്‌സ് കോൺഫറൻസിന്റെ നീക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോതമംഗലം പള്ളി സർക്കാർ ഏറ്റൈടുക്കണമെന്ന ഹൈക്കോടതി വിധിയോടെ സഭാ തർക്കം പുതിയ തലത്തിലെത്തുകയാണ്. ഇതിനിടെ ഓർത്തഡോക്‌സ്-യാക്കോബായ സഭകൾ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ അനുരഞ്ജന ചർച്ച നടത്തണമെന്നും എല്ലാ സഹായവും നൽകാൻ തങ്ങൾ തയാറാണെന്നും വ്യക്തമാക്കി അഞ്ചു ക്രിസ്തീയ സഭകളുടെ മേലധ്യക്ഷന്മാർ ഇരു സഭകളുടെയും കാതോലിക്കാ ബാവാമാർക്കു കത്തയച്ചു. ക്രിസ്മസിനു മുന്നോടിയായുള്ള നോമ്പിന്റെ വേളയിൽ ഇരു ബാവാമാരെയും ദൈവം കൂടുതൽ ബലപ്പെടുത്തി അനുഗ്രഹിക്കട്ടെയെന്ന് ആശംസിച്ചാണു കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

കേരള കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് (കെസിബിസി) പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം.സൂസപാക്യം, സിറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർത്തോമ്മാ സഭാ അധ്യക്ഷൻ ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, സിഎസ്‌ഐ സഭാ മോഡറേറ്റർ ബിഷപ് തോമസ് കെ.ഉമ്മൻ എന്നിവരാണ് 27നു തിരുവനന്തപുരം ലാറ്റിൻ ആർച്ച്ബിഷപ്‌സ് ഹൗസിൽ യോഗം ചേർന്ന ശേഷം കത്തെഴുതിയത്. തപാലിലും ഇ മെയിലിലുമായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ എന്നിവർക്ക് അയച്ചുകൊടുത്തു.

ദേവാലയങ്ങളിൽ പ്രവേശിക്കുന്നതും സംസ്‌കാരം നടത്തുന്നതുമായ വിഷയങ്ങളുടെ പേരിൽ സഭയിലുണ്ടായ പ്രതിസന്ധി തങ്ങളെ വേദനിപ്പിക്കുന്നതായി കത്തിൽ പറയുന്നു. സഭാ ഐക്യ രംഗത്തു ദീർഘകാലമായി നിലനിൽക്കുന്ന ബന്ധങ്ങളും അനുരഞ്ജനവും നഷ്ടപ്പെടാതെ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കപ്പെടട്ടെയെന്നാണു പ്രാർത്ഥന. ഇപ്പോഴത്തെ സാഹചര്യത്തെ അതിജീവിക്കാനും രമ്യമായ പരിഹാരം ഉണ്ടാക്കാനും സാധിക്കുമെന്നു വിശ്വസിക്കുന്നു. സഭയുടെ കാനോനിക നിയമം അനുസരിച്ചും സിവിൽ നിയമത്തിനു വിധേയമായും ക്രിസ്തീയമായ രീതിയിൽ ഇരുകൂട്ടർക്കും സ്വീകാര്യമായ തീരുമാനത്തിലേക്കു നീങ്ങാൻ സാധിക്കട്ടെ. അനുരഞ്ജന സംഭാഷണത്തിന് ഏതു തരത്തിലുള്ള സഹായവും വാഗ്ദാനം ചെയ്യുന്നു. പിണറായി സർക്കാരിന് ഇത് വലിയ ആശ്വാസമാണ്. പ്രശ്‌ന പരിഹാരം സാധ്യമായാൽ സർക്കാരിന് വലിയൊരു തലവേദന മാറും.

അതിനിടെ സഭാ തർക്ക പരിഹാരത്തിനായി മുൻകൈയെടുക്കാമെന്ന വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുടെ കത്ത് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായും മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസും അറിയിച്ചു. ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടാണ് കാലങ്ങളായി യാക്കോബായ സഭയ്ക്കുള്ളത്. ഉത്തമമായ ക്രൈസ്തവ സാക്ഷ്യം ലോകത്തിനു മുന്നിൽ പ്രഘോഷിക്കപ്പെടുന്ന രീതിയിലുള്ള പ്രശ്‌നപരിഹാരത്തിനു യാക്കോബായ സഭയുടെ പരിപൂർണ പിന്തുണ ഉണ്ടാവുമെന്ന് അവർ അറിയിച്ചു. കേസിലെ കോടതി വിധി പൂർണ്ണമായും ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമാണ്. അതുകൊണ്ട് തന്നെ അവർ കത്തിനോടും പരസ്യമായി പ്രതികരിച്ചിട്ടില്ല.

ഓർത്തഡോക്സ് യാക്കോബായ തർക്കം നിലനിൽക്കുന്ന കോതമംഗലം മാർത്തോമാ ചെറിയപള്ളി ഏറ്റെടുക്കാൻ എറണാകുളം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ നിർദ്ദേശം ഇന്നലെ ലഭിച്ചിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാത്ത നിലയിൽ ഓർത്തഡോക്സ് വിഭാഗം വൈദികൻ തോമസ് പോൾ റമ്പാന് പള്ളിയിൽ കയറി പ്രാർത്ഥന നടത്താൻ കോടതി അനുമതി നൽകുകയും ചെയ്തു. പള്ളിയിലുള്ള യാക്കോബായ വിശ്വാസികളെ പൂർണമായും ഒഴിപ്പിക്കുന്നതിനു വേണ്ട നടപടികൾ എത്രയും പെട്ടെന്നു സ്വീകരിക്കണമെന്നും കലക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാർത്ഥനയ്ക്ക് എത്തുന്ന തോമസ് പോൾ റമ്പാന് ആവശ്യമായ പൊലീസ് സംരക്ഷണം നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

സുപ്രിംകോടതി വിധി പ്രകാരം ഓർത്തഡോക്‌സ് വിഭാഗത്തിനു ഉടമസ്ഥാവകാശവും പ്രാർത്ഥനയ്ക്കും മറ്റുമുള്ള അനുമതിയും നൽകിയിട്ടുണ്ട്. യാക്കോബായ വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്നു ഓർത്തഡോക്‌സ് വിഭാഗത്തിനു പള്ളിയിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നു പ്രവേശനത്തിനു സംരക്ഷണം ആവശ്യപ്പെട്ടു തോമസ് പോൾ റമ്പാനാണ് കോടതിയെ സമീപിച്ചത്. സഭാ വിശ്വാസികളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്ന കാര്യത്തിൽ തടസമുണ്ടാകരുതെന്നു വ്യക്തമാക്കിയ കോടതി സംസ്‌കാര ചടങ്ങുകൾക്ക് തോമസ് പോൾ റമ്പാൻ ചുമതലവഹിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP