Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചെന്നൈയിലെ ലെനോക്‌സ് ഇന്ത്യ ടെക്‌നോളജിയിൽ ആപ്പും വെബ് സൈറ്റും ഉണ്ടാക്കുന്ന മിടുമിടുക്കൻ; കാലാവസ്ഥാ വിവരങ്ങൾ നൽകുന്ന 'ചെന്നൈ റെയിൻ' പേജിന്റെ എല്ലാമെല്ലാം; 'നാസ'യ്ക്കുപോലും 'ലാൻഡർ' കണ്ടെത്താൻ സാധിക്കാതെവന്നപ്പോൾ പഠിക്കാൻ ഉറക്കമൊഴിച്ചത് ഏഴ് ദിവസം; ചെറുപ്പം മുതൽ ഐഎസ്ആർഒയുടെ ഓരോ ഉപഗ്രഹ വിക്ഷേപണവും ദൂരദർശനു മുന്നിലിരുന്നു കണ്ട മധുരക്കാരൻ കണ്ടെത്തിയത് 'വിക്രം ലാൻഡറിന്റെ' ചന്ദ്രോപരിതലത്തിലെ യഥാർത്ഥ സ്ഥാനം; ഷൺമുഖ സുബ്രഹ്മണ്യൻ കൈയടി നേടുമ്പോൾ

ചെന്നൈയിലെ ലെനോക്‌സ് ഇന്ത്യ ടെക്‌നോളജിയിൽ ആപ്പും വെബ് സൈറ്റും ഉണ്ടാക്കുന്ന മിടുമിടുക്കൻ; കാലാവസ്ഥാ വിവരങ്ങൾ നൽകുന്ന 'ചെന്നൈ റെയിൻ' പേജിന്റെ എല്ലാമെല്ലാം; 'നാസ'യ്ക്കുപോലും 'ലാൻഡർ' കണ്ടെത്താൻ സാധിക്കാതെവന്നപ്പോൾ പഠിക്കാൻ ഉറക്കമൊഴിച്ചത് ഏഴ് ദിവസം; ചെറുപ്പം മുതൽ ഐഎസ്ആർഒയുടെ ഓരോ ഉപഗ്രഹ വിക്ഷേപണവും ദൂരദർശനു മുന്നിലിരുന്നു കണ്ട മധുരക്കാരൻ കണ്ടെത്തിയത് 'വിക്രം ലാൻഡറിന്റെ' ചന്ദ്രോപരിതലത്തിലെ യഥാർത്ഥ സ്ഥാനം; ഷൺമുഖ സുബ്രഹ്മണ്യൻ കൈയടി നേടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: സോഷ്യൽ മീഡിയയിലെ പുതിയ താരമാണ് തമിഴ്‌നാട് മധുര സ്വദേശിയായ ഐ.ടി. ജീവനക്കാരൻ ഷൺമുഖ സുബ്രഹ്മണ്യൻ. 'ചന്ദ്രയാൻ- രണ്ട്' പേടകത്തിന്റെ ഭാഗമായ 'ലാൻഡർ' കണ്ടുപിടിക്കാൻ സഹായമായത് ഷൺമുഖ സുബ്രഹ്മണ്യൻ ഉന്നയിച്ച സംശയമാണെന്ന് 'നാസ' ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയതാണ് ഈ ഹീറോ പരിവേഷത്തിന് കാരണം. ഇതോടെ വിക്രം എന്നുപേരിട്ടിരുന്ന 'ലാൻഡർ' പതിക്കുന്നതിന് മുമ്പും അതിനുശേഷവുമുള്ള ചന്ദ്രോപരിതലചിത്രങ്ങൾ താരതമ്യം ചെയ്ത് ലാൻഡറിന്റെ അവശിഷ്ടം കണ്ടെത്തുകയും ചെയ്തു.

ചന്ദ്രോപരിതലത്തിൽ നിയന്ത്രണംവിട്ടു പതിച്ച 'ചന്ദ്രയാൻ- രണ്ട്' പേടകഭാഗത്തിന്റെ അവശിഷ്ടങ്ങൾ അമേരിക്കൻ ബഹിരാകാശഗവേഷണ ഏജൻസിയായ 'നാസ' കണ്ടെത്തിയത് ഈ മധുരക്കാരനിലൂടെയാണ്. 'ലാൻഡർ' ഇടിച്ചിറങ്ങിയ ഭാഗത്തുനിന്ന് 750 മീറ്റർ വടക്കുപടിഞ്ഞാറ് ചന്ദ്രോപരിതലത്തിലുണ്ടായ മാറ്റം ശ്രദ്ധയിൽപ്പെട്ട ഷൺമുഖ സുബ്രഹ്മണ്യൻ വിവരം ഇ-മെയിൽ മുഖേന 'നാസ'യിലെ ശാസ്ത്രജ്ഞരെ അറിയിക്കുകയായിരുന്നു. അവർ നടത്തിയ വിശദമായ പഠനത്തിൽ 'ലാൻഡർ' കണ്ടെത്തി. മെക്കാനിക്കൽ എൻജിനിയറിങ് ബിരുദധാരിയായ മുപ്പത്തിമൂന്നുകാരനായ ഷൺമുഖ സുബ്രഹ്മണ്യൻ ചെന്നൈ തരമണിയിലുള്ള ഐ.ടി.കമ്പനിയിലാണ് ജോലിചെയ്യുന്നത്.

രണ്ടു കംപ്യൂട്ടറുകൾ, ഒരാഴ്ചയോളം 7 മണിക്കൂർ നീണ്ട കഠിനാധ്വാനത്തിന് ഒടുവിലാണ് തന്റെ നിഗമനത്തിലേക്ക് ഷൺമുഖ സുബ്രഹ്മണ്യൻ എത്തിയത്. ചെന്നൈയിൽ ലെനോക്‌സ് ഇന്ത്യ ടെക്‌നോളജി സെന്ററിൽ ടെക്‌നിക്കൽ ആർക്കിടെക്റ്റാണ് ഷൺമുഖം. ആപ്, വെബ്‌സൈറ്റ് നിർമ്മാണത്തിലും സജീവം. ചെന്നൈയിലെ കാലാവസ്ഥാ വിവരങ്ങൾ തൽസമയം നൽകുന്ന ചെന്നൈ റെയിൻ എന്ന ഫേസ്‌ബുക് പേജ് നടത്തുന്നു. 'നാസ'യ്ക്കുപോലും 'ലാൻഡർ' കണ്ടെത്താൻ സാധിക്കാതെവന്നതോടെയാണ് ഇതേക്കുറിച്ച് പഠിക്കാൻ തീരുമാനിച്ചതെന്ന് ഷൺമുഖ സുബ്രഹ്മണ്യൻ പറഞ്ഞു. 'നാസ' പുറത്തുവിട്ട ചിത്രങ്ങൾ കമ്പ്യൂട്ടറിൽ സസൂക്ഷ്മം നിരീക്ഷിച്ചു. ദിവസം നാലുമണിക്കൂർവരെ ഇതിനായി ചെലവഴിച്ചു. സെപ്റ്റംബർ 26-ന് 'നാസ' പുറത്തുവിട്ട ചിത്രം മുൻ ചിത്രങ്ങളുമായി താരതമ്യംചെയ്തപ്പോഴാണ് ചന്ദ്രോപരിതലത്തിലെ മണ്ണിൽ ദൃശ്യമായ വ്യത്യാസവും സമീപം കണ്ടെത്തിയ വസ്തുവും സംശയത്തിനിടയാക്കിയത്.

ഒരാഴ്ച ജോലിക്കു ശേഷം 7 മണിക്കൂറോളം നീക്കിവച്ചാണു പരിശോധന നടത്തിയത്. രാത്രി 10 മണിക്കു ജോലി കഴിഞ്ഞെത്തിയ ശേഷം പുലർച്ചെ 3 വരെ ചിത്രങ്ങളുടെ പരിശോധന. രാവിലെ 6ന് ഓഫിസിൽ പോകുന്നതുവരെ ഇതാവർത്തിച്ചു. ചെറുപ്പം മുതൽ ഐഎസ്ആർഒയുടെ ഓരോ ഉപഗ്രഹ വിക്ഷേപണവും ദൂരദർശനു മുന്നിലിരുന്നു കാണുമായിരുന്നു. ഈ താൽപ്പര്യം വലുതായപ്പോഴും തുടർന്നു. ഇതാണ് ഇപ്പോൾ ഈ മധുരക്കാരനെ ലോകശ്രദ്ധിയിലേക്ക് എത്തിക്കുന്നതും. തന്റെ കണ്ടെത്തലുകൾ ആദ്യം ട്വിറ്ററിലൂടെ അറിയിച്ചു. പിന്നീട് മെയിലും അയച്ചു. നാസയ്ക്കും ഐ എസ് ആർ ഒയ്ക്കും മെയിൽ അയച്ചിരുന്നു.

മെയിലിൽ സന്ദേശം അയച്ചിട്ട് നാളുകൾ കഴിഞ്ഞും ഷൺമുഖ സുബ്രഹ്മണ്യന് മറുപടി ലഭിച്ചില്ല. എന്നാൽ, ചൊവ്വാഴ്ച 'നാസ'യിലെ ലൂണാർ റീകണയ്സൻസ് ഓർബിറ്റർ(എൽ.ആർ.ഒ.)മിഷനിലെ ശാസ്ത്രജ്ഞൻ ജോൺ കെല്ലറുടെ ഇ-മെയിൽ സന്ദേശമെത്തി. 'ലാൻഡറി'ന്റെ സാന്നിധ്യം കണ്ടെത്താൻ സഹായിച്ചതിന് നന്ദി അറിയിച്ചതിനൊപ്പം മറുപടി വൈകിയതിൽ ക്ഷമാപണവും. സെപ്റ്റംബറിലെ ചിത്രത്തിൽ ദൃശ്യം അവ്യക്തമായിരുന്നതിനാൽ ഒക്ടോബർ 14, 15, നവംബർ 11 തീയതികളിൽ പതിഞ്ഞ ചിത്രങ്ങൾകൂടി പരിശോധിച്ചാണ് 'നാസ'യിലെ ശാസ്ത്രജ്ഞർ 'ലാൻഡർ' കണ്ടെത്തിയത്.

സെപ്റ്റംബർ 26നു നാസ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിക്രം ലാൻഡ് ചെയ്യാൻ ലക്ഷ്യമിട്ടിരുന്ന ഭാഗത്തെ ചിത്രം പുറത്തുവിട്ടു. നാസയുടെ നിരീക്ഷണ ഓർബിറ്റർ എടുത്ത, വിക്രം ഇടിച്ചിറങ്ങിയതിനു ശേഷമുള്ളതും മുൻപുള്ളതുമായ ചിത്രങ്ങൾ പരിശോധിച്ചു വിക്രം മറഞ്ഞിരിക്കുന്നത് എവിടെയെന്നു കണ്ടെത്തുന്നതിനു സഹായിക്കാൻ ലോകത്തെമ്പാടുമുള്ള ബഹിരാകാശ കുതുകികളോടുള്ള അഭ്യർത്ഥനയും ഒപ്പമുണ്ടായിരുന്നു. ഈ ചിത്രങ്ങൾ സ്വന്തം കംപ്യൂട്ടറിലേക്കു ഡൗൺലോഡ് ചെയ്ത് ഷൺമുഖവും ശ്രമം തുടങ്ങി. പുതിയതും പഴയതുമായി ചിത്രങ്ങൾ രണ്ടു കംപ്യൂട്ടറുകളിലാക്കി സൂക്ഷ്മമായി പരിശോധിച്ചു.

ദക്ഷിണ ധ്രുവത്തിന്റെ വടക്കു ഭാഗത്തു കൂടിയാണു വിക്രം ലാൻഡിങ്ങിനൊരുങ്ങിയിരുന്നത്. അതിനാൽ, ആ സ്ഥലത്തിന്റെ 2 കിലോമീറ്റർ ചുറ്റളവിൽ സൂക്ഷ്മമായി പരിശോധിച്ചു. പുതിയ ചിത്രത്തിൽ വടക്കു പടിഞ്ഞാറൻ ദിശയിൽ 750 മീറ്റർ മാറി ചെറിയൊരു വെളുത്ത പൊട്ട് ശ്രദ്ധയിൽപ്പെട്ടതങ്ങനെയാണ്. 9 വർഷംവരെ പഴക്കമുള്ള ചിത്രങ്ങൾ താരതമ്യപ്പെടുത്തി നോക്കിയപ്പോൾ ഈ പൊട്ട് പുതിയതാണെന്നു സ്ഥിരീകരിച്ചു. ഇതാണു തുടർപരിശോധനയിലൂടെ നാസ സ്ഥിരീകരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP