Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോർപ്പറേറ്റുകളുടെ ഇഷ്ടതോഴനും ന്യൂജെൻ ഹൈടെക് രാഷ്ട്രീയക്കാരനുമായിരുന്ന പ്രമോദ് മഹാജന്റെ സഹോദരി മകൾ; സൗമ്യനും ശാന്തനുമായ ഗോപിനാഥ് മുണ്ടെയെന്ന തീ പൊരി നേതാവിന്റെ മകൾ; പങ്കജ് മുണ്ടെ ബിജെപി വിട്ടാൽ ചർച്ചയാകുക വാജ്‌പേയിയുടെ വിശ്വസ്തരുടെ ദുരൂഹ മരണങ്ങൾ; ഫ്ഡാവിസിനെതിരെ ആഞ്ഞടിച്ച് മുണ്ടെയുടെ പുത്രി പോവുക ഉദ്ദവ് താക്കറെയ്‌ക്കൊപ്പമോ? ബിജെപിയുടെ വീഴ്ച ആഘോഷിക്കാൻ ശിവസേന; മഹാരാഷ്ട്രാ രാഷ്ട്രീയം മാറി മറിയുമ്പോൾ

കോർപ്പറേറ്റുകളുടെ ഇഷ്ടതോഴനും ന്യൂജെൻ ഹൈടെക് രാഷ്ട്രീയക്കാരനുമായിരുന്ന പ്രമോദ് മഹാജന്റെ സഹോദരി മകൾ; സൗമ്യനും ശാന്തനുമായ ഗോപിനാഥ് മുണ്ടെയെന്ന തീ പൊരി നേതാവിന്റെ മകൾ; പങ്കജ് മുണ്ടെ ബിജെപി വിട്ടാൽ ചർച്ചയാകുക വാജ്‌പേയിയുടെ വിശ്വസ്തരുടെ ദുരൂഹ മരണങ്ങൾ; ഫ്ഡാവിസിനെതിരെ ആഞ്ഞടിച്ച് മുണ്ടെയുടെ പുത്രി പോവുക ഉദ്ദവ് താക്കറെയ്‌ക്കൊപ്പമോ? ബിജെപിയുടെ വീഴ്ച ആഘോഷിക്കാൻ ശിവസേന; മഹാരാഷ്ട്രാ രാഷ്ട്രീയം മാറി മറിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കോർപ്പറേറ്റുകളുടെ ഇഷ്ടതോഴനും, ന്യൂജെൻ ഹൈടെക് രാഷ്ട്രീയക്കാരനുമായ പ്രമോദ് മഹാജൻ പെട്ടെന്നൊരു ദിവസം സ്വന്തം സഹോദരനാൽ കൊല ചെയ്യപ്പെടുകയായിരുന്നു. ഇതേ സമയത്താണ് നരേന്ദ്ര മോദിയുടെ പാർട്ടിയിലെ വളർച്ചയുണ്ടായത്. ഏതാനും വർഷങ്ങൾക്ക് ശേഷം മഹാജന്റെ ഭാര്യാ സഹോദരനും കേന്ദ്ര മന്ത്രിയുമായ ഗോപിനാഥ് മുണ്ടേയും തീർത്തും ദുരൂഹമായ നിലയിലാണ് ഒരു വാഹനാപകടത്തിൽ കൊല്ലപ്പെടുന്നത്. മഹാരാഷ്ട്രയിലെ ബിജെപി രാഷ്ട്രീയത്തിലെ അവസാന വാക്കായിരുന്നു ഒരു കാലത്ത് പ്രമോദ് മാഹജനും ഗോപിനാഥ് മുണ്ടേയും. മുണ്ടേയുടെ മക്കൾ രാഷ്ട്രീയത്തിലും എത്തി. എന്നാൽ വേണ്ടത്ര പിന്തുണ ബിജെപിയിൽ നിന്ന് ഇവർക്ക് ലഭിച്ചില്ല. ഇത് മഹാരാഷ്ട്രയിലെ ബിജെപിയെ പിളർപ്പിലേക്ക് എത്തിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. എബി വാജ്‌പേയിയുടെ വിശ്വസ്തരായിരുന്നു പ്രമോദ് മാഹജനും ഗോപീനാഥ് മുണ്ടെയും. ഒരുകാലത്ത് മഹാരാഷ്ട്രയിലെ ബിജെപി രാഷ്ട്രീയത്തിലെ കരുത്തർ.

ഗോപിനാഥ് മുണ്ടെയുടെ മകൾ പങ്കജ മുണ്ടെ ബിജെപി വിട്ടേക്കുമെന്നാണ് സൂചന. നിയമസഭ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കുകയോ പാർട്ടിയിൽ മുതിർന്ന സ്ഥാനം നൽകുകയോ ചെയ്തില്ലെങ്കിൽ ശിവസേനയിലേക്ക് പോകുമെന്ന് പങ്കജ മുണ്ടെ മുന്നറിയിപ്പ് നൽകിയതായാണ് സൂചന. തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ബിജെപി നേതാവ് എന്ന വിശേഷണവും അവർ നീക്കിയിട്ടുണ്ട്. ബിജെപിക്ക് മഹാരാഷ്ട്രയിൽ സർക്കാർ ഉണ്ടാക്കാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് വലിയ രീതിയിലുള്ള പൊട്ടിത്തെറി മഹാരാഷ്ട്ര ബിജെപിയിലുണ്ടായത്. ശിവസേനയെ പിളർത്തി ഫ്ഡ്‌നാവീസിനെ മുഖ്യമന്ത്രിയാക്കാൻ പ്രധാനമന്ത്രി മോദി ശ്രമിച്ചിരുന്നു. അമിത് ഷാ നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടു. ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയുമായി. ഇതോടെയാണ് ശിവസേനയുമായി പങ്കജ് മുണ്ടെ അടുക്കുന്നത്.

മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ തന്റെ നിലപാടിൽ മാറ്റമുണ്ടാകും. അത് സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഡിസംബർ 12ന് നടത്തുമെന്നും പങ്കജ മുണ്ടെ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. പാർട്ടി വിടാതിരിക്കാൻ ചില ആവശ്യങ്ങളും അവർ മുന്നോട്ടുവെച്ചിട്ടുണ്ട്. ഒന്നുകിൽ തന്നെ നിയമസഭാ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കണം. അല്ലെങ്കിൽ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം വേണം. ഇല്ലെങ്കിൽ ശിവസേനയിലേക്ക് പോകുമെന്നും തന്നോടൊപ്പം 12 എംഎൽഎമാരുണ്ടെന്നുമാണ് പങ്കജമുണ്ടെ അവകാശപ്പെടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ എൻസിപിയുടെ ധനഞ്ജയ് മുണ്ടെയോട് തിരഞ്ഞെടുപ്പിൽ പങ്കജ മുണ്ടെ തോറ്റിരുന്നു. ബിജെപി നേതാക്കളിൽ ചിലർ എതിരേ പ്രവർത്തിച്ചതാണ് തോൽവിക്ക് കാരണമെന്നാണ് ഇവരുടെ ആരോപണം. ബിജെപി അധികാരത്തിൽ എത്തിയാൽ ഫഡ്നാവിസല്ല താനായിരിക്കും മുഖ്യമന്ത്രി എന്ന പ്രഖ്യാപനം ചില ബിജെപി നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ഇതാകാം വോട്ട് മറിക്കാനുള്ള കാരണമെന്നും ഇവർ ആരോപിക്കുന്നു.

ശിവസേന മുഖപത്രമായ സാമ്‌നയിൽ പങ്കജമുണ്ടെയുടെ അവകാശങ്ങൾ സ്ഥിരീകരിക്കുന്ന ചില റിപ്പോർട്ടുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 170 പേരല്ല 182ലേക്ക് ത്രികക്ഷി സർക്കാരിന്റെ പിന്തുണ പോകുമെന്ന് സാമ്‌നയിലെ ലേഖനത്തിൽ പറയുന്നുണ്ട്. ഇത് കൂട്ടി വായിക്കുമ്പോൾ പങ്കജമുണ്ടെ ശിവസേനയുമായി ധാരണയിലെത്തിയെന്ന വിലയിരുത്തൽ സജീവമാണ്. ഫഡ്‌നാവിസിനോടുള്ള കടുത്ത എതിർപ്പാണ് പങ്കജ മുണ്ടെയുടെ നീക്കത്തിന് പിന്നിലെന്നാണ് മഹാജൻ പക്ഷക്കാർ നൽകുന്ന സൂചന. ബീഡിലെ പർളി നിയമസഭ മണ്ഡലത്തിൽ തന്നെ തോൽപിക്കാൻ ഫഡ്‌നാവിസ് കരുനീക്കിയതിന്റെ തെളിവുകൾ പങ്കജ ചില നേതാക്കളെ കാണിച്ചതായാണ് വിവരം. ഞായറാഴ്ച ഫഡ്‌നാവിസിനെ നിയമസഭയിൽ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പങ്കജ ഭാവി കാര്യങ്ങൾ തീരുമാനിച്ച ശേഷം അണികളെ കാണുമെന്ന് ഫേസ്‌ബുക്കിൽ കുറിപ്പെഴുതിയത്.

അണികൾ തന്നെ കാണാൻ അവസരം ചോദിക്കുന്നതായും അടുത്ത നീക്കം എന്ത്, ഏതുമാർഗം സ്വീകരിക്കണം, ജനങ്ങൾക്കുവേണ്ടി എന്ത് ചെയ്യാൻ കഴിയും, ജനങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത് തുടങ്ങിയ വിഷയങ്ങളിൽ ആത്മവിചാരം നടത്തിയ ശേഷം ഡിസംബർ 12ന് അണികളെ കാണുമെന്നുമാണ് ഫേസ്‌ബുക്ക് പോസ്റ്റ്. നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.സി.പിയിലെ ധനഞ്ജയ് മുണ്ടെയോടാണ് 30,000 വോട്ടിന് പങ്കജ തോറ്റത്്. മുണ്ടെയുടെ സഹോദര പുത്രനാണ് ധനഞ്ജയ്. പ്രമോദ് മഹാജന്റെ സഹോദരിയാണ് പങ്കജയുടെ അമ്മ.

വിനോദ് താവ്‌ഡെ, ഏക്‌നാഥ് ഖഡ്‌സെ ഉൾപ്പെടെ മഹാജൻ പക്ഷക്കാരെ തഴഞ്ഞായിരുന്നു നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടിക. പങ്കജക്കും ഖഡ്‌സെയുടെ മകൾ രോഹിണിക്കും ടിക്കറ്റ് നൽകിയെങ്കിലും രണ്ടുപേരും പരാജയപ്പെട്ടു. മുഖ്യമന്ത്രി പദത്തിൽ ഫഡ്‌നാവിസിന് വെല്ലുവിളി ഉയർത്താൻ ശേഷിയുള്ള ഒ.ബി.സി നേതാക്കളാണ് പങ്കജയും ഏക്‌നാഥ് ഖഡ്‌സെയും. മുൻ ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാറിൽ ഇരുവരും മന്ത്രിമാരായിരുന്നെങ്കിലും അഴുമതി കേസിനെ തുടർന്ന് ഖഡ്‌സെയെ ഒഴിവാക്കുകയും അഴിമതി ആരോപിക്കപ്പെട്ട പങ്കജ മുണ്ടെയെ ഒതുക്കുകയും ചെയ്തു.

നിയമസഭ തെരഞ്ഞെടുപ്പിൽ മഹാജൻ പക്ഷക്കാരെ തഴഞ്ഞെങ്കിലും മഹാജന്റെ മകൾ പൂനം, മുണ്ടെയുടെ മറ്റൊരു മകൾ പ്രീതം, ഖഡ്‌സെയുടെ മരുമകൾ രക്ഷ എന്നിവർ എംപിമാരാണ്. പങ്കജ പാർട്ടി വിടില്ലെന്നും ശിവസേന അഭ്യൂഹം പരത്തുകയണന്നുമാണ് ബിജെപിയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP