Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെക്രട്ടറിയേറ്റിൽ നിന്ന് ഒരു കിലോമീറ്റർ ദൂരം; പഴയ കളക്ടറേറ്റിന് 100 മീറ്റർ മാത്രം അകലെ; റെയിൽവേ പുറമ്പോക്കിൽ കുടിൽ കെട്ടി കഴിയുന്നത് 20-ഓളം തെങ്ങ് കയറ്റ തൊഴിലാളി കുടുംബങ്ങളുടെ തീരാ ദുഃഖത്തിന്റെ അടയാളമായി ശ്രീദേവിയും ആറു മക്കളും; സ്വന്തം കണ്ണീർ വീണു കുഴഞ്ഞ മണ്ണു വാരിത്തിന്നു വിശപ്പടക്കുന്ന നാലു കുട്ടികൾ; പട്ടിണി കൊണ്ടു മുലപ്പാൽ വറ്റിയ അമ്മയുടെ നിലവിളിക്കുന്ന രണ്ടു കൈക്കുഞ്ഞുങ്ങൾ; എല്ലാത്തിനും കാരണം ഭർത്താവിന്റെ മദ്യപാനവും; കരഞ്ഞ് തളർന്ന കുടുംബത്തിന് നീതി എത്തുമ്പോൾ

സെക്രട്ടറിയേറ്റിൽ നിന്ന് ഒരു കിലോമീറ്റർ ദൂരം; പഴയ കളക്ടറേറ്റിന് 100 മീറ്റർ മാത്രം അകലെ; റെയിൽവേ പുറമ്പോക്കിൽ കുടിൽ കെട്ടി കഴിയുന്നത് 20-ഓളം തെങ്ങ് കയറ്റ തൊഴിലാളി കുടുംബങ്ങളുടെ തീരാ ദുഃഖത്തിന്റെ അടയാളമായി ശ്രീദേവിയും ആറു മക്കളും; സ്വന്തം കണ്ണീർ വീണു കുഴഞ്ഞ മണ്ണു വാരിത്തിന്നു വിശപ്പടക്കുന്ന നാലു കുട്ടികൾ; പട്ടിണി കൊണ്ടു മുലപ്പാൽ വറ്റിയ അമ്മയുടെ നിലവിളിക്കുന്ന രണ്ടു കൈക്കുഞ്ഞുങ്ങൾ; എല്ലാത്തിനും കാരണം ഭർത്താവിന്റെ മദ്യപാനവും; കരഞ്ഞ് തളർന്ന കുടുംബത്തിന് നീതി എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാട്ടക്കടയിലെ പട്ടിണി മരണം... ബോണക്കാട്ടെ സമാന സംഭവം.. അങ്ങനെ ദാരിദ്രത്തിന്റെ ദുരന്ത മുഖങ്ങൾ പലത് കണ്ടിട്ടുണ്ട് സെക്രട്ടറിയേറ്റ് ഉൾക്കൊള്ളുന്ന തിരുവനന്തപുരം. അതിൽ ഏറ്റവും പുതിയതാണ് കൈതമുക്കിലെ സംഭവങ്ങൾ. ഇത് നഗരഹൃദയത്തിലാണ്. പട്ടിണിയും പരിവെട്ടവുമായി ഒരു കുടുംബം സെക്രട്ടറിയേറ്റിന് തൊട്ടു താഴെ ഒരു കിലോമീറ്റർ ചുറ്റളവിൽ കഴിയുന്നു. അശരണർക്ക് താങ്ങാവേണ്ടവർ അറിയുമ്പോൾ അത് ആശ്രയത്തിന്റെ പുതിയ രൂപമായി അവതരിക്കുന്നു. അങ്ങനെ കൈതമുക്കിലെ കുടുംബത്തിനും നീതി കിട്ടുകയാണ്. ഇനി ഇവർക്ക് മണ്ണ് വാരി തിന്നേണ്ടി വരില്ല. മദ്യപാനത്തിന്റെ ക്രൂരതയാണ് ഈ കുട്ടികളേയും അമ്മയേയും ഭരണകൂടത്തിന് മുന്നിൽ കൈനീട്ടാൻ നിർബന്ധിതരാക്കിയത്. ഏതായാലും രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിക്കുമ്പോൾ ശ്രീദേവിക്ക് ആശ്വാസമെത്തുകയാണ്.

സർക്കാരിന്റെ മൂക്കിന് താഴെയാണ് കൈതമുക്ക്. ഇവിടെ ഉപ്പിലാമൂട് പാലത്തിന് താഴെയുള്ള റെയിൽവേയുടെ സ്ഥലത്ത് കുടിൽ കെട്ടി താമസിക്കുന്നത് 20ഓളം കുടുംബങ്ങളാണ്. പലരും തെങ്ങുകയറ്റ തൊഴിലാളികൾ. തൊട്ടടുത്ത് കരിക്ക് കച്ചവടം ചെയ്യുന്നവരുമുണ്ട്. തിരുവനന്തപുരം നഗരത്തിൽ മറ്റൊരിടത്തും ചെറ്റ കുടിലുകളിൽ കഴിയുന്ന കുടുംബങ്ങളെ കാണാനില്ലെന്നതാണ് വസ്തുത. നാടോടികൾ പോലും ടെന്റ് കെട്ടി കഴിയുന്നത് തിരുവനന്തപുരത്ത് കാണാൻ കഴിയാത്ത കാര്യം. ഇത്തരമൊരു സ്ഥലത്താണ് പതിറ്റാണ്ടുകളായി കുടുംബങ്ങൾ പരിമിതമായ ജീവിത സാഹചര്യത്തിൽ കഴിയുന്നത്. ഇവിടെയാണ് ശ്രീദേവിയും കുട്ടികളുമുള്ളത്. ആമയിഴഞ്ചാൻ തോടിന്റെ ദുർഗന്ധവും വൃത്തി ഹീനതയുമെല്ലാം പേറിയാണ് ഇവരുടെ ജീവിതം. അച്ഛന്റെ കുടിയും കൂടിയായപ്പോൾ ഈ കുടുംബം വേദനയിൽ ആണ്ടു പോവുകയായിരുന്നു.

സ്വന്തം കണ്ണീർ വീണു കുഴഞ്ഞ മണ്ണു വാരിത്തിന്നു വിശപ്പടക്കുന്ന നാലു കുട്ടികൾ. പട്ടിണി കൊണ്ടു മുലപ്പാൽ വറ്റിയ അമ്മയുടെ മടിയിൽ വിശന്നു നിലവിളിക്കുന്ന രണ്ടു കൈക്കുഞ്ഞുങ്ങൾ. ഇതാണ് ആമയിഴഞ്ഞാൻ തോടിന് ചേർന്നുള്ള കുടിലിൽ താമസിക്കുന്നവരുടെ ജീവിത സാഹചര്യങ്ങൾ. നിസ്സഹായയായ ആ അമ്മ തൊഴുകൈകളോടെ കെഞ്ചി നാലു മക്കളെ ശിശുക്ഷേമ സമിതിക്കു കൈമാറി. സെക്രട്ടേറിയറ്റിന് ഒരു കിലോമീറ്റർ മാത്രം അകലെ, ഉപ്പിടാംമൂട് പാലത്തിനു സമീപം റെയിൽവേ പുറമ്പോക്ക് കോളനിയിലാണ് ആ കുടിൽ. അതിൽ മൂന്നു മാസം മുതൽ 7 വയസ്സു വരെയുള്ള 6 കുരുന്നുകൾ. അതിനകത്തെ ദാരിദ്ര്യം മനസ്സിലാക്കിയ നാട്ടുകാരാണു സംസ്ഥാന ശിശുക്ഷേമ സമിതി ഓഫിസിൽ അറിയിച്ചത്. ഈ കോളനിയിൽ സ്വാധീനം കൂടുതലുള്ളത് ഭരണ പാർട്ടിയായ സിപിഎമ്മിനാണ്. തൊട്ടടുത്ത് തന്നെ സിപിഎമ്മിന്റെ പാർട്ടി ഓഫീസുമുണ്ട്. ഇതിന് തൊട്ടടുത്താണ് സമൂഹത്തെ നടുക്കുന്ന സംഭവം അരങ്ങേറിയത്. പഴയ കളക്ടറേറ്റിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് ഈ സ്ഥലം.

എല്ലാം അറിഞ്ഞ് ഞായറാഴ്ച ഉച്ചയ്ക്കു സമിതി ജനറൽ സെക്രട്ടറി എസ്‌പി.ദീപക്കും ജീവനക്കാരും അവിടെ ചെല്ലുമ്പോൾ കാണുന്നത് വിശപ്പു സഹിക്കാതെ മൂത്ത ആൺകുട്ടി മണ്ണുവാരി തിന്നുന്നതാണ്. താഴെയുള്ള മൂന്നു പേരും മണ്ണു തിന്നാറുണ്ടല്ലോയെന്ന് അവൻ നിഷ്‌കളങ്കമായി പറഞ്ഞു. ആ മണ്ണോ... അഴുക്കും മാലിന്യങ്ങളും കുഴഞ്ഞത്. കാരണം ആമയിഞ്ചാൻ തോടിലെ മാലിന്യമാണ് ഈ വീട്ടിന് കരയിലുമുള്ളത്. ഫ്‌ളെക്‌സ് കൊണ്ടു മേഞ്ഞ, ബോർഡുകൾ വച്ചു മറച്ച ഒറ്റമുറിക്കുടിൽ അത് നൊമ്പരക്കാഴ്ചയാണ്. ഇതിനുള്ളിൽ അമ്മ ശ്രീദേവിയുടെ മടിയിൽ കിടന്നു വിശന്നു കരയുകയാണ് മൂന്നു മാസവും ഒന്നര വയസ്സുമുള്ള കുഞ്ഞുങ്ങൾ.അച്ഛനെ അന്വേഷിച്ചപ്പോൾ കുട്ടികൾ ഭയന്നുവിറച്ചു: ''അച്ഛൻ വന്നാൽ അടിക്കും, അമ്മയെയും അടിക്കും''. തുങ്ങുകയറ്റ തൊഴിലാളിയാണ് കുഞ്ഞുമോൻ.

ശ്രീദേവിയുടെയും കുട്ടികളുടെ ശരീരത്തിൽ ക്രൂരതയുടെ മർദനപ്പാടുകൾ. സമിതി പ്രവർത്തകർ അടിയന്തരമായി എല്ലാവർക്കും ഭക്ഷണമെത്തിച്ചു. നിയമനടപടി പൂർത്തിയാക്കിയ ഇന്നലെ ഉച്ചയ്ക്കു വീണ്ടും എത്തിയപ്പോൾ തൊഴുകൈകളോടെ ശ്രീദേവി അപേക്ഷിച്ചു: 'എന്റെ മക്കളെ ഏറ്റെടുക്കാമോ? ഭക്ഷണമെങ്കിലും കിട്ടുമല്ലോ?' ഏഴും അഞ്ചും വയസ്സുള്ള ആൺകുട്ടികളെയും നാലും രണ്ടരയും വയസ്സുള്ള പെൺകുട്ടികളെയും അപ്പോൾ തന്നെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. സർക്കാർ സംവിധാനങ്ങളുടെ തണലും ഈ കുടുംബത്തിന ഇല്ല. ആകെയുള്ളത് പട്ടിണി മാത്രം. ദീപക്കിന്റെ ഇടപെടൽ അറിഞ്ഞതോടെ മേയർ കെ.ശ്രീകുമാർ സ്ഥലത്തെത്തി. ശ്രീദേവിക്ക് ഇന്നു തന്നെ കോർപറേഷനിൽ താൽക്കാലിക ജോലി നൽകുമെന്ന് ഉറപ്പു നൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വി എം.സുധീരനും ഇവിടം സന്ദർശിച്ചു. ഇളയ കുഞ്ഞുങ്ങൾക്കൊപ്പം ശ്രീദേവിയെ രാത്രിയോടെ പൂജപ്പുര മഹിളാ മന്ദിരത്തിലേക്കും മാറ്റി. ശ്രീദേവിയുടെ മക്കളെ സർക്കാർ ഏറ്റെടുക്കുമെന്നു മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

പണിപൂർത്തിയായ ഒരു ഫ്‌ളാറ്റ് അടിയന്തരമായി ഇവർക്ക് നൽകുമെന്നും മേയർ വ്യക്തമാക്കി. ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിന് വിട്ടു നൽകിയ കുട്ടികളുടെ വിദ്യാഭ്യാസം നഗരസഭ ഏറ്റെടുക്കുമെന്നും മേയർ കൂട്ടിച്ചേർത്തു. കേരളത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായത് നാണക്കേടാണെന്നും വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. അതേ സമയം താൻ സ്ഥിരമായി മദ്യപിക്കാറുണ്ടെന്ന് കുട്ടികളുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഇപ്പോഴുണ്ടായ പ്രശ്‌നങ്ങൾ തെറ്റിദ്ധാരണമുലമാണെന്നും ഭാര്യയാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും കുട്ടികളുടെ പിതാവ് പറയുന്നു

വഞ്ചിയൂരിനടുത്ത് ഉപ്പിടാംമൂട് പാലത്തിനു താഴെ പനമൂട് റെയിൽവേ കോളനിയിൽ 20ലേറെ ഷെഡുകളുണ്ട്. ഒരിടത്തും അടിസ്ഥാന സൗകര്യങ്ങളില്ല. വാതിൽ ഇല്ലാത്ത വീടുകളിൽ അന്തിയുറങ്ങുന്നവർ. ഇവരെ പുനരധിവസിപ്പിക്കാൻ നടപടികളില്ല. ഭവന രഹിതർക്കു വേണ്ടിയുള്ള ലൈഫ് പദ്ധതി പ്രകാരം വീടുകൾ ലഭിക്കുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ചിരിക്കുകയാണ് അവർ. എന്നാൽ അതിന്റെ പട്ടികയിൽ തന്റെ കുടുംബം ഇല്ലെന്നു 6 മക്കൾക്ക് ഒരു നേരത്തേ ഭക്ഷണം പോലും നൽകാൻ സാധിക്കാത്ത ശ്രീദേവി പറയുന്നു. എല്ലാ വീടുകളിലും പരിശോധന നടത്തി കുട്ടികൾക്കു പോഷകാഹാരക്കുറവുണ്ടോയെന്നു പരിശോധിക്കാൻ കോർപറേഷനിൽ വിപുലമായ സംവിധാനം ഉണ്ട്. എന്നാൽ ഒന്നിനും നടപടിയില്ല. വിവരമറിഞ്ഞ് ഇവിടെ എത്തിയ മേയർ കെ.ശ്രീകുമാർ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നു പറഞ്ഞു. കുഞ്ഞുമോൻശ്രീദേവി ദമ്പതികളുടെ 6 മക്കളിൽ മൂത്തവരായ 2 പേരും ചെട്ടിക്കുളങ്ങര യുപി സ്‌കൂളിലെ രണ്ടാം ക്ലാസിലെയും യുകെജിയിലെയും വിദ്യാർത്ഥികളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP