Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാർ ധൂർത്തും വിദേശ യാത്രകളും തുടരുമ്പോൾ സംസ്ഥാനം മുഴു പട്ടിണിയിലേക്ക്; ശമ്പളം കൊടുക്കാൻ പോലും കാശ് തികയാത്തതിനാൽ സകല സേവന നികുതികളും വർദ്ധിപ്പിക്കാൻ ആലോചന; വകുപ്പ് മേധാവികളുടെ യോഗം വിളിച്ചപ്പോൾ കണ്ടെത്തിയത് കെട്ടിട നികുതിയും ഭൂ നികുതിയും വർദ്ധിപ്പിക്കാൻ; ആശുപത്രികളിലെ ഒപി ടിക്കറ്റ് നിരക്കും കോളേജ് ഫീസുകളും ഇരട്ടിയാകും; പണി കിട്ടാതിരിക്കാൻ ക്ഷേമ പെൻഷൻ കടം വാങ്ങി നൽകും

സർക്കാർ ധൂർത്തും വിദേശ യാത്രകളും തുടരുമ്പോൾ സംസ്ഥാനം മുഴു പട്ടിണിയിലേക്ക്; ശമ്പളം കൊടുക്കാൻ പോലും കാശ് തികയാത്തതിനാൽ സകല സേവന നികുതികളും വർദ്ധിപ്പിക്കാൻ ആലോചന; വകുപ്പ് മേധാവികളുടെ യോഗം വിളിച്ചപ്പോൾ കണ്ടെത്തിയത് കെട്ടിട നികുതിയും ഭൂ നികുതിയും വർദ്ധിപ്പിക്കാൻ; ആശുപത്രികളിലെ ഒപി ടിക്കറ്റ് നിരക്കും കോളേജ് ഫീസുകളും ഇരട്ടിയാകും; പണി കിട്ടാതിരിക്കാൻ ക്ഷേമ പെൻഷൻ കടം വാങ്ങി നൽകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ ധൂർത്തും മന്ത്രിമാരുടെ വിദേശ യാത്രകളും ഖജനാവിന്റെ നല്ലൊരു പങ്കും അപഹരിക്കുമ്പോൾ സംസ്ഥാനം മുഴു പട്ടിണിയിലേക്ക്. എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന കാശ് രണ്ട് നേരെ അരി വാങ്ങാൻ തികയാതെ സാധാരണക്കാരൻ വട്ടം കറങ്ങുമ്പോൾ കൂനിൻ മേൽ കുരു എന്ന പോലെ സകല സേവന നികുതികളും വർദ്ധിപ്പിക്കാൻ ആലോചിക്കുകയാണ് സർക്കാർ. നടപ്പിലായാൽ സാധാരണക്കാരൻ പണി എടുത്താൽ കിട്ടുന്ന കാശിൽ നിന്നും ആശുപത്രി ചിലിവിനും നികുതിക്കും ഇനിയും കൂടുതൽ പണം മാറ്റി വയ്‌ക്കേണ്ടി വരും. ആശുപത്രികളിലെ ഒപി ടിക്കറ്റ് നിരക്കും കോളേജ് ഫീസുകളും ഇരട്ടിയാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ സാധാരണക്കാരിൽ നിന്നും പണി കിട്ടാതിരിക്കാൻ ക്ഷേമ പെൻഷൻ കടം വാങ്ങി നൽകാനാണ് സർക്കാർ ആലോചിക്കുന്നത്.

സകല സേവന നികുതികളും വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചിരുന്നു. ഇതിൽ കെട്ടിട നികുതിയും ഭൂ നികുതിയും വർദ്ധിപ്പിക്കാനാണ് നിർദ്ദേശം. ഇതിന് പുറമേ ആശുപത്രി ചിലവടക്കമുള്ള സേവന നിരക്കുകളും ഉയരും. വരുമാനമാർഗങ്ങൾ നിർദ്ദേശിക്കാനായി നിയോഗിച്ച വകുപ്പുമേധാവികളുടെ യോഗം വിവിധ വകുപ്പുകളിൽനിന്ന് നിർദ്ദേശംതേടി. ഇതിൽ നിന്നും സാമ്പത്തികപ്രതിസന്ധി തരണംചെയ്യുന്നതിന് വരുമാനംകൂട്ടാൻ സേവനനിരക്കുകളും ഭൂനികുതി, കെട്ടിടനികുതി എന്നിവ വർധിപ്പിക്കാനുമാണ് യോഗത്തിൽ നിർദ്ദേശം ഉയർന്നത്.

ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി മനോജ് ജോഷിയുടെ നേതൃത്വത്തിലുള്ള സമിതി പ്രാഥമിക ചർച്ചകൾ നടത്തി. ആശുപത്രിയിലെ ചികിത്സാ-സേവന നിരക്കുകൾ, കോളേജുകളിലെ ഫീസ് തുടങ്ങി നികുതിയേതര വരുമാനം കിട്ടാവുന്ന മേഖലകളിലെല്ലാം വർധന വരുത്തിയാലേ പ്രതിസന്ധി പരിഹരിക്കൂവെന്നാണ് സമിതിയുടെ നിഗമനം. കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ കെട്ടിടനികുതി വർധിപ്പിക്കാമെന്ന നിർദ്ദേശമാണ് തദ്ദേശവകുപ്പ് നൽകിയത്. ഭൂനികുതി കൂട്ടണമെന്നും സർക്കാരിനോട് ശുപാർശ ചെയ്തേക്കും. അടുത്തയോഗത്തിൽ കോളേജ് ഫീസ് വർധിപ്പിക്കുന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ സമിതി ശുപാർശകൾ നൽകും. ഏതൊക്കെ ശുപാർശകൾ നടപ്പാക്കണമെന്ന് മന്ത്രിസഭ തീരുമാനിക്കും.

ട്രഷറി നിയന്ത്രണത്തിൽ മാറ്റമില്ല
ട്രഷറി നിയന്ത്രണം ഇപ്പോഴുള്ളത് പോലെ തന്നെ തുടരാനാണ് തീരുമാനം. അതിൽ മാറ്റമില്ല. അനിശ്ചിതമായി തന്നെ നിയന്ത്രണം തുടരുമെന്ന് സർക്കാർ വ്യക്തമാക്കി. രണ്ടാം തിയതിയായ തിങ്കളാഴ്ച ശമ്പളവും പെൻഷനും നൽകാൻതുടങ്ങി. ശമ്പളത്തിന് ഒരുമാസം 2500 കോടിരൂപയും പെൻഷന് 1860 കോടിരൂപയുമാണ് വേണ്ടത്. രൂക്ഷമായ പ്രതിസന്ധികാരണം വരുമാനമെല്ലാം കരുതിവച്ചാണ് ശമ്പളവും പെൻഷനും നൽകുന്നത്.

ക്ഷേമപെൻഷന് വേണം 1800 കോടി
ഡിസംബറിൽ സാമൂഹികക്ഷേമ പെൻഷന്റെ മൂന്നുഗഡുക്കൾ നൽകാൻ 1800 കോടിരൂപ വേണം. പതിവുപോലെ ഈ പണം പൊതുമേഖലാ സ്ഥാപനങ്ങളിലും ക്ഷേമനിധികളിലും നിന്ന് വായ്പയായി എടുക്കാനാണ് തീരുമാനം. പെൻഷൻ എന്നു നൽകണമെന്ന് തീരുമാനിച്ചിട്ടില്ല.

മരിച്ചവരുടെപേരിൽ ബന്ധുക്കൾ പെൻഷൻ വാങ്ങുന്നതും ഒരാൾതന്നെ ഒന്നിലധികം പെൻഷൻ വാങ്ങുന്നതും തടയാനായാൽ 400-500 കോടി രൂപയെങ്കിലും കുറയ്ക്കാനാവുമെന്നാണ് ധനവകുപ്പ് പ്രതീക്ഷിക്കുന്നത്. 48.6 ലക്ഷം പേരാണ് ഇപ്പോൾ മാസം 1200 രൂപവീതം ക്ഷേമപെൻഷൻ വാങ്ങുന്നത്.

റിസർവ് ബാങ്കിൽനിന്ന് നിത്യച്ചെലവിന് എടുക്കാവുന്ന വായ്പകൂടി (വെയ്സ് ആൻഡ് മീൻസ് അഡ്വാൻസ്) ചേർത്താണ് ഇപ്പോൾ ശമ്പളം നൽകുന്നത്. സർക്കാർ അംഗീകരിച്ച പട്ടികയിലുള്ള അഞ്ചുലക്ഷം രൂപവരെയുള്ള ബില്ലുകൾ മാത്രമാണ് ട്രഷറിയിൽനിന്ന് ഇപ്പോൾ മാറാനാവുന്നത്. ഇതു തുടരും. മാസത്തിലെ ആദ്യ ഏഴ് പ്രവൃത്തിദിനങ്ങളിലാണ് ശമ്പളവും പെൻഷനും നൽകുന്നത്. അത് കഴിയുമ്പോഴേക്കും ട്രഷറി ഓവർ ഡ്രാഫ്റ്റിലേക്ക് പോയേക്കും.

ജി.എസ്.ടി: കേന്ദ്ര കുടിശ്ശിക 3000 കോടിയിലേക്ക്
ജി.എസ്.ടിയാണ് സർക്കാരിന് ഉണ്ടായ മറ്റൊരു ബാധ്യത. കൊട്ടിഘോഷിച്ച് ജി.എസ്.ടി നടപ്പിലാക്കി എങ്കിലും പ്രതീക്ഷിച്ചതു പോലൊരു വരുമാനം ജി.എസ്.ടിയിൽ നിന്നും കിട്ടിയിട്ടില്ല. എന്നു മാത്രമല്ല. സാധഘാരണക്കാരനെയും സർക്കാരിനെയും ജി.എസ്.ടി കടക്കെണിയിലാക്കുകയും ചെയ്തു. ജി.എസ്.ടി.യിലൂടെ പ്രതീക്ഷിച്ച വരുമാനം കിട്ടാത്തതിന് നഷ്ടപരിഹാരമായി കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകേണ്ട കുടിശ്ശിക ഏകദേശം 3000 കോടി രൂപയായി. ഒക്ടോബറിൽ കിട്ടേണ്ട ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തെ കുടിശ്ശികയായ 1600 കോടിരൂപ കിട്ടിയിട്ടില്ല. ഒക്ടോബർ, നവംബർ മാസത്തെ നഷ്ടപരിഹാരം ഈ മാസമാണ് കിട്ടേണ്ടത്. അത് എത്രയെന്ന് ഇതുവരെ കേന്ദ്രം അറിയിച്ചിട്ടില്ല്‌ല. കുടിശ്ശിക ആവശ്യപ്പെട്ട് ധനമന്ത്രി ഡോ. തോമസ് ഐസക്കും മറ്റ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും ചൊവ്വാഴ്ച കേന്ദ്രമന്ത്രി നിർമലാ സീതാരാമനെ കാണും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP