Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വലിയ ചതിയാണ് പൊലീസ് ആസ്ഥാനത്തെ ഏമാന്മാർ ചെയ്തത്; ഞങ്ങളുടെ അവസരം കളഞ്ഞുകുളിച്ചതിൽ ഡിജിപിക്കും ഉണ്ട് ഒരുപങ്ക്; ആംഡ് പൊലീസ് കോൺസ്റ്റബിൾ പട്ടികയിൽ നിയമനം കാത്തിരുന്നത് 181 പേർ; കള്ളക്കളി നടന്നത് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ; മൂന്നാഴ്ചയ്ക്കുള്ളിൽ നിയമനം നടത്തണമെന്ന് അഡ്‌മിനിസ്‌ട്രെറ്റീവ് ട്രിബ്യൂണൽ വിധിച്ച് തൊണ്ണൂറ് ദിവസം കഴിഞ്ഞിട്ടും അനങ്ങാതിരുന്നതോടെ കോടതി അലക്ഷ്യക്കേസുമായി ഉദ്യോഗാർത്ഥികൾ

വലിയ ചതിയാണ് പൊലീസ് ആസ്ഥാനത്തെ ഏമാന്മാർ ചെയ്തത്; ഞങ്ങളുടെ അവസരം കളഞ്ഞുകുളിച്ചതിൽ ഡിജിപിക്കും ഉണ്ട് ഒരുപങ്ക്;  ആംഡ് പൊലീസ് കോൺസ്റ്റബിൾ പട്ടികയിൽ നിയമനം കാത്തിരുന്നത് 181 പേർ; കള്ളക്കളി നടന്നത് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ; മൂന്നാഴ്ചയ്ക്കുള്ളിൽ നിയമനം നടത്തണമെന്ന് അഡ്‌മിനിസ്‌ട്രെറ്റീവ് ട്രിബ്യൂണൽ വിധിച്ച് തൊണ്ണൂറ് ദിവസം കഴിഞ്ഞിട്ടും അനങ്ങാതിരുന്നതോടെ കോടതി അലക്ഷ്യക്കേസുമായി  ഉദ്യോഗാർത്ഥികൾ

എം മനോജ് കുമാർ

തിരുവനന്തപുരം: കേരള അഡ്‌മിനിസ്‌ട്രെറ്റീവ് ട്രിബ്യൂണൽ വിധിക്ക് പുല്ലുവില കൽപ്പിച്ച് പൊലീസ് ഹെഡ് ക്വാർട്ടെഴ്‌സ് അധികൃതർ. 2016 ലെ ആംഡ് പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 181 പേർക്ക് ആറാഴ്ചയ്ക്കുള്ളിൽ നിയമനം നടത്തണമെന്നുള്ള കെഎടിയുടെ വിധിക്കാണ് പൊലീസ് ക്വാർട്ടെഴ്‌സ് അധികൃതർ പുല്ലുവില കൽപ്പിച്ചിരിക്കുന്നത്. ആറാഴ്ചയ്ക്കുള്ളിൽ ഈ റാങ്ക് ലിസ്റ്റിലെ 181 പേർക്ക് നിയമനം നടത്തണമെന്ന് അഡ്‌മിനിസ്‌ട്രെറ്റീവ് ട്രിബ്യൂണലിന്റെ വിധി വന്നത് ഓഗസ്റ്റ് മുപ്പതിനാണ്. 2017ൽ കേസ് ഫയൽ ചെയ്ത കേസിലെ വിധിയാണ് കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിന് വന്നത്.

ഇപ്പോൾ 94 ദിവസങ്ങൾ കഴിഞ്ഞിട്ടും വിധിയോടു പ്രതികരിക്കാനോ അപ്പീൽ നൽകാനോ പൊലീസ് ഹെഡ്ക്വാർട്ടെഴ്‌സ് തയ്യാറായിട്ടില്ല. വിധി വന്നിട്ട് നൂറു ദിവസമായിട്ടും നടപടി കാണാത്തതിനെ തുടർന്ന് കോടതിയലക്ഷ്യക്കേസ് നൽകി കാത്തിരിക്കുകയാണ് ഉദ്യോഗാർത്ഥികൾ. ഇടുക്കി-കോട്ടയം എറണാകുളം ഉൾപ്പെടുന്ന കെഎപി ആംഡ് ബറ്റാലിയനിലെ 181 പേർക്ക് ആറാഴ്ചയ്ക്കുള്ളിൽ നിയമനം നൽകണമെന്നു സംസ്ഥാന ഡിജിപിയോടാണ് കെഎടി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കാര്യത്തിൽ എന്തെങ്കിലും എതിർപ്പ് ഉണ്ടെങ്കിൽ ഡിജിപി അപ്പീൽ ഫയൽ ചെയ്യേണ്ടതുണ്ടായിരുന്നു. പക്ഷെ അപ്പീൽ നൽകുകയോ വിധിയോടു പ്രതികരിക്കുന്ന എന്തെങ്കിലും നടപടി സ്വീകരിക്കാനോ പൊലീസ് ഹെഡ് ക്വാർട്ടെഴ്‌സ് ഇതുവരെ തയ്യാറായിട്ടില്ല. കെഎപി-ഫൈവ് ബറ്റാലിയനിലേക്കുള്ള പൊലീസ് ഓഫീസർ തസ്തികയിൽ ഉൾപ്പെട്ട 181 പേരാണ് പിഎച്ച്ക്യു അധികൃതരുടെ നിസ്സംഗത കാരണം ത്രിശങ്കു സ്വർഗ്ഗത്തിൽ കഴിയുന്നത്. അടുത്ത സിറ്റിംഗിൽ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് അധികൃതർ എന്ത് നടപടി സ്വീകരിക്കും എന്നാണു ഉദ്യോഗാർത്ഥികൾ ഇപ്പോൾ ഉറ്റുനോക്കുന്നത്.

2015-ൽ നോട്ടിഫിക്കേഷൻ വരുകയും 2016-ൽ റാങ്ക് ലിസ്റ്റ് വരുകയും ചെയ്തിരുന്നു. 881 പേരാണ് മെയിൻ ലിസ്റ്റിൽ വന്നത്. 650 പേരെ ഈ മെയിൻ ലിസ്റ്റിൽ നിന്നും എടുത്തിട്ടുണ്ട്. ഈ ലിസ്റ്റിൽ ബാക്കിയായ 181 പേരെ എടുക്കണമെന്നാണ് കെഎടി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്. 2017-ലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് നിയമനം നടത്തും എന്നാണ് ഈ റാങ്ക് ലിസ്റ്റിൽ ഉള്ളവരെ അറിയിച്ചിരുന്നത്. ഈ ബറ്റാലിയനിൽ ഒട്ടനവധി ഒഴിവുകൾ രേഖപ്പെടുത്തപ്പെട്ടെങ്കിലും അതൊന്നും പിഎച്ച്ക്യു കണക്കിലെടുത്തില്ല. പൊലീസ് ക്വാർട്ടെഴ്‌സിലെ ഒരു വിഭാഗം ഈ ഒഴിവുകൾ പൂഴ്‌ത്തിവയ്ക്കുകയായിരുന്നു. അതുകൊണ്ട് തന്നെ പ്രതീക്ഷിത ഒഴിവുകൾ വന്നപ്പോൾ ഇവർ അത് റിപ്പോർട്ട് ചെയ്തില്ല. നിയമനം കാത്തിരുന്നവർ അറിയിപ്പ് വരുന്നതും കാത്തിരുന്നു. പ്രതീക്ഷിത നിയമനം എന്ന് പറഞ്ഞിരുന്നതിനാൽ ഒഴിവുകൾ വരുന്നതിനു അനുസരിച്ചാണ് നിയമനം നടത്തുക പതിവ്. ഒഴിവുകൾ പൊലീസ് ക്വാർട്ടെഴ്‌സിൽ എത്തിയെങ്കിലും എല്ലാം പൂഴ്‌ത്തിവയ്ക്കപ്പെട്ടു. ഒടുവിൽ വിവരാവകാശം ഫയൽ ചെയ്തപ്പോഴാണ് ഈ പൂഴ്‌ത്തിവയ്ക്കൽ ഇവരുടെ ശ്രദ്ധയിൽപ്പെടുന്നത്.

വിവരാവകാശ പ്രകാരം പൊലീസ് ഹെഡ് ക്വാർട്ടെഴ്‌സ് അധികൃതർ നൽകിയ 2017-ൽ നൽകിയ മറുപടിയിൽ തന്നെ പറയുന്നത് കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നും 181 പൊലീസ് കോൺസ്റ്റബിൾമാരുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ്. പ്രതീക്ഷിത ഒഴിവുകളായാണ് ഇവ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ ഒഴിവുകൾ പിഎസ്‌സിയിൽ നിന്നും റിപ്പോർട്ട് ചെയ്യേണ്ടത് പൊലീസ് ആസ്ഥാനത്തു നിന്നുമാണ്. പൊലീസ് ആസ്ഥാനത്ത് നിന്ന് നിർദ്ദേശം വന്നാൽ ഈ ഒഴിവുകളിലേക്ക് പിഎസ്‌സി നിയമനം നടത്തും. പക്ഷെ അഡ്‌മിനിസ്‌ട്രെറ്റീവ് ട്രിബ്യൂണൽ വിധിയോ കോടതി അലക്ഷ്യക്കേസോ അതിന്റെ വരുംവരായ്കകളോ ഇതുവരെ ഗൗരവപൂർവം പൊലീസ് കണക്കിലെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. കോടതി അലക്ഷ്യക്കേസിൽ തന്നെ ഇതുവരെ മൂന്നു സിറ്റിങ് നടന്നു കഴിഞ്ഞു. ഈ ആഴ്ച തന്നെ അടുത്ത സിറ്റിങ് നടക്കും. ഈ സിറ്റിംഗിലാണ് ഉദ്യോഗാർത്ഥികൾ ഇപ്പോൾ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. ഇടുക്കി-കോട്ടയം ഉൾപ്പെടുന്ന ആംഡ് പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് ആണിത്. ഈ റാങ്ക് ലിസ്റ്റിൽ നിന്നും 668 നിയമനങ്ങൾ നടത്തി റാങ്ക് ലിസ്റ്റിലെ നിയമനങ്ങൾ അവസാനിപ്പിച്ച അവസ്ഥയിലാണ്. പ്രതീക്ഷിത ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു എന്ന് പറഞ്ഞുവെങ്കിലും പൊലീസ് ഹെഡ് ക്വാർട്ടെഴ്‌സിൽ നിന്നും ഒഴിവുകൾ പൂഴ്‌ത്തിവെയ്ക്കുകയായിരുന്നു. എന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വിവരാകാശ പ്രകാരമുള്ള പൊലീസ് ഹെഡ് ക്വാർട്ടെഴ്‌സിന്റെ തന്നെ അറിയിപ്പ് കണക്കിലെടുത്ത് ശക്തമായ വിധി തന്നെയാണ് അഡ്‌മിനിസ്‌ട്രെറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ചിരിക്കുന്നത്.

ഉദ്യോഗാർത്ഥികളുടെ പ്രതികരണം ഇങ്ങനെ:

വലിയ ചതിയാണ് പൊലീസ് ഹെഡ്ക്വാർട്ടെഴ്‌സ് അധികൃതർ കാണിച്ചത്. 2016-ൽ വന്ന റാങ്ക് ലിസ്റ്റ് ആണിത്. ഈ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതിൽ പൊലീസ് ഹെഡ് ക്വാർട്ടെഴ്‌സ് അധികൃതർ നടത്തിയ അലംഭാവമാണ് ഞങ്ങൾക്ക് വിനയായത്. വിവരാവകാശപ്രകാരം ചോദിച്ചപ്പോഴാണ് 2017-ൽ 181 പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നു ഞങ്ങൾക്ക് രേഖാമൂലം തന്നെ പൊലീസ് അധികൃതർ മറുപടി നൽകിയത്. അതിനു ശേഷമാണ് അഡ്‌മിനിസ്‌ട്രെറ്റീവ് ട്രിബ്യൂണലിൽ ഞങ്ങൾ കേസ് ഫയൽ ചെയ്യുന്നത്. ഈ കേസിലാണ് കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിന് വിധി വന്നത്. ആറാഴ്ചയ്ക്കകം 181 പേരെ എടുക്കണമെന്നാണ് വിധിച്ചത്. ഇപ്പോൾ 94 ദിവസമായിരിക്കുന്നു. ഒരു നടപടിയും വന്നിട്ടില്ല. ഒരു അപ്പീൽ പോലും അവർ ഫയൽ ചെയ്തിട്ടില്ല.

പിഎസ്‌സിയെ ഈ കാര്യത്തിൽ കുറ്റം പറയാൻ കഴിയില്ല. ഡിജിപിയാണ് വേണ്ട നടപടികൾ സ്വീകരിക്കേണ്ടത്. ഞങ്ങളുടെ അവസരമാണ് പൊലീസ് ഹെഡ്ക്വാർട്ടെഴ്‌സിൽ ഉള്ളവർ കളഞ്ഞു കുളിച്ചത്. അതുകൊണ്ട് തന്നെയാണ് ഞങ്ങൾ കെഎടിയെ സമീപിച്ചത്. ഒരു ലോബി തന്നെ പൊലീസ് ഹെഡ് ക്വാർട്ടെഴ്‌സിൽ ഉണ്ട് എന്നാണ് ഞങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞത്. 2017-ൽ 181 പ്രതീക്ഷിത നിയമനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന വിവരം വന്നപ്പോൾ ഈ ലോബി വിവരം പൂഴ്‌ത്തിവയ്ക്കുകയായിരുന്നു. ഇപ്പോൾ വിധി വന്നിരിക്കുന്നു. അത് നടപ്പില്ലാക്കാത്തതിനാൽ ഞങ്ങൾ കോടതിയലക്ഷ്യക്കേസ് തന്നെ ഫയൽ ചെയ്തിരിക്കുകയാണ്. സാധാരണക്കാരന് പ്രാപ്യമായത് കോടതികളാണ്. ഈ കോടതി വിധി വന്നിട്ടും പൊലീസ് ഹെഡ് ക്വാർട്ടെഴ്‌സ് അനങ്ങിയിട്ടില്ല. ഇനി ഇപ്പോൾ ഞങ്ങൾ അടുത്ത സിറ്റിങ് ആണ് കാത്തിരിക്കുന്നത്-ഉദ്യോഗാർത്ഥികൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP