Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഐസ്ആർഒയ്ക്കും 13നെ പേടിയാണോ! പിഎസ്എൽവി-സി 12 നുശേഷം 13 ഇല്ലാതെ വിക്ഷേപിച്ചത് 14; വേളി, വലിയമല, വട്ടിയൂർക്കാവ് എന്നീ ഐസ്ആർഒ കേന്ദ്രങ്ങളിലേക്ക് 13 റൂട്ട് നമ്പരിലുള്ള ബസുപോലും ഇല്ല; ഇവിടങ്ങളിലേക്കുള്ള ബസ് റൂട്ട് നമ്പരുകൾ തുടങ്ങുന്നത് 14 മുതൽ; അന്ധവിശ്വാസം ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും പിന്തുടരുമ്പോൾ 13 ാം നമ്പർ പേടിയെ ട്രോളി ശാസ്ത്ര പ്രചാരകർ

ഐസ്ആർഒയ്ക്കും 13നെ പേടിയാണോ! പിഎസ്എൽവി-സി 12 നുശേഷം 13 ഇല്ലാതെ വിക്ഷേപിച്ചത് 14; വേളി, വലിയമല, വട്ടിയൂർക്കാവ് എന്നീ ഐസ്ആർഒ കേന്ദ്രങ്ങളിലേക്ക് 13 റൂട്ട് നമ്പരിലുള്ള ബസുപോലും ഇല്ല; ഇവിടങ്ങളിലേക്കുള്ള ബസ് റൂട്ട് നമ്പരുകൾ തുടങ്ങുന്നത് 14 മുതൽ; അന്ധവിശ്വാസം ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും പിന്തുടരുമ്പോൾ 13 ാം നമ്പർ പേടിയെ ട്രോളി ശാസ്ത്ര പ്രചാരകർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോകവ്യാപകമായ അന്ധവിശ്വാസങ്ങളിൽ ഒന്നാണ് 13 എന്ന നമ്പറിനെ ചൊല്ലിയുള്ളത്. ബ്രിട്ടീഷുകാർ വഴി വന്ന ഈ അന്ധവിശ്വാസം ഇന്ത്യയിൽ ഇപ്പോഴും ശക്തമാണ്. ഹൈക്കോടതികൾ പോലും 13ാം നമ്പർ മുറികൾ ഒഴിവാക്കുകയും 12 a എന്നാക്കുകയും ചെയ്യുന്ന നാടാണിത്. അതുപോലെ തന്നെ പിണറായി സർക്കാർ അധികാരമേറ്റപ്പോൾ 13ാം നമ്പർ കാർ ആർക്കും അനുവദിക്കാതിരിക്കയും തുടർന്ന് ഇക്കാര്യം വിവാദമായതോടെ ധനമന്ത്രി തോമസ് ഐസക്ക് ധൈര്യപൂർവം ഈ വാഹനം എടുത്തതും വലിയ ചർച്ചയായിരുന്നു. എന്നാൽ സോഷ്യൽമീഡിയ ഇപ്പോൾ ചൂടൻ ചർച്ചയാക്കിയിരിക്കുന്നത് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐസ്ആർഒയുടെ റോക്കറ്റ് സീരീസിൽനിന്നും 13 ഒഴിവാക്കിയതാണ്.

പിഎസ്എൽവിസി 12നുശേഷം 13 ഇല്ലാതെ 14 വിക്ഷേപിക്കുകയായിരുന്നെന്നാണ് ശാസ്ത്ര പ്രചാരകർ ചൂണ്ടിക്കാട്ടുന്നത്. ഇതുമാത്രമല്ല വേളി, വലിയമല, വട്ടിയൂർക്കാവ് എന്നീ ഐസ്ആർഒ കേന്ദ്രങ്ങളിൽ 13ാം റൂട്ട് നമ്പരിലുള്ള ബസുപോലും ഇല്ല എന്ന് അറിയുമ്പോഴാണ് ഈ അന്ധവിശ്വാസത്തിന്റെ വ്യാപ്തി മനസ്സിലാവുക. 13 ഒഴിവാക്കിയെന്ന് പെട്ടെന്ന് മനസ്സിലാവാതിരിക്കാൻ ഇവിടങ്ങളിലേക്കുള്ള ബസ് റൂട്ട് നമ്പരുകൾ തുടങ്ങുന്നത് തന്നെ 14 മുതലാണ്. ഉപഗ്രഹ വിക്ഷേപണത്തിന് മുമ്പ് തേങ്ങയടിക്കുകയും, ചെറുനാരങ്ങയും പച്ചമുളകും റോക്കറ്റിൽ വെച്ചശേഷം മാത്രം വിക്ഷേപണം നടത്തുകയും ചെയ്യുന്ന ഐസ്ആർഒയിലെ ചില ശാസ്ത്രജ്ഞരുടെ നടപടികൾ മുമ്പും വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്.

13ാം നമ്പർ ഒരു വിദേശ അന്ധവിശ്വാസം മാത്രമാണെന്നും അപ്പോളോ- 13 അപകടത്തിൽപെട്ടതുമൂലം നാസയിലെ ചിലർ കൊണ്ടുനടക്കുന്ന ഈ അന്ധവിശ്വാസം ഐഎസ്ആർഒയും പിന്തുടരുകയുമായിരുന്നെന്നുമാണ് ശാസ്ത്ര പ്രചാരകർ പറയുന്ന്. ഇതുസംബന്ധിച്ച് എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രൻ ഫേസ്‌ബുക്കിൽ എഴുതിയ പോസ്റ്റും വലിയ ചർച്ചയായിട്ടുണ്ട്. മനോരമ ഇംഗ്ലീഷ് ഓൺലൈനിൽ ആർ അയ്യപ്പൻ എഴുതിയ 'PSLV's 50th mission also reveals ISRO's unscientific fear of number 13' എന്ന ലേഖനത്തെ ആസ്പദമാക്കിയാണ് പോസ്റ്റ് തയ്യാറാക്കിയരിക്കുന്നത്. സി രവിചന്ദ്രന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

ചാലക്കമ്പോളത്തിലെ തേങ്ങ

'തുമ്പയിൽ റോക്കറ്റ് വിടുന്ന കാലത്ത് ചാലക്കമ്പോളത്തിൽ തേങ്ങ കിട്ടാത്ത അവസ്ഥയാണ് ..''എന്ന് പല പ്രഭാഷണങ്ങളിലും പറഞ്ഞിട്ടുണ്ട്. സംഗതി ഏറെക്കുറെ ശരിയാണെങ്കിലും പറഞ്ഞതു ലേശം കടന്നുപോയി എന്ന് ISRO യുമായി ബന്ധപെട്ട പല സുഹൃത്തുക്കളും എന്നോട് പറഞ്ഞിട്ടുണ്ട്. ശരിയാണ്, അവിടെയുള്ള എല്ലാവരും അങ്ങനെയല്ല. പറഞ്ഞത് ആക്ഷേപഹാസ്യമായി കണ്ടാൽമതി. യാഥാർത്ഥ്യം ഒട്ടും ഭേദമില്ല എന്നത് വേറെ കാര്യം. പതിമൂന്നാം നമ്പർ മുറി ഒഴിവാക്കി എറണാകുളത്ത് ഹൈക്കോടതി കെട്ടിടം നിർമ്മിച്ചതിനെ പിന്നീട് സുപ്രിംകോടതി കുറ്റപ്പെടുത്തിയിരുന്നു. തങ്ങൾക്കതിനുള്ള അവസരം നിഷേധിച്ചതിലുള്ള കലിപ്പിലാണോ സുപ്രീംകോടതി അങ്ങനെ പറഞ്ഞത് എന്നറിയാൻ മാർഗ്ഗമില്ല :)

ഐസ്ആർഒ യുടെ പിഎസ്എൽവി-സി എന്നതുകൊമേഴ്സ്യൽ (സി)- വിക്ഷേപ പദ്ധതിയാണ്.2019 ഡിസമ്പർ 11 ന് ഐഎസ് ആർഓ PSLV-C48 വിക്ഷേപിക്കുകയാണ്. ശരിക്കും പറഞ്ഞാൽ PSLV-C47! Radar Imaging Satellite (RISAT-2)s ഭ്രമണപഥത്തിൽ എത്തിച്ച PSLV-C12 ന് ശേഷം വരുന്ന അടുത്ത മിഷൻ lPSLV-C14 ആണ്. ഓഷ്യാനോഗ്രാഫി പഠനത്തിനായുള്ള ഉപഗ്രഹമാണ് (OCEARSAT-2) ഈ മിഷൻ ഭ്രമണപഥത്തിൽ എത്തിച്ചത്. ഈ രണ്ട് വിക്ഷേപങ്ങൾക്കും ഇടയിലുള്ള lPSLV-C13 കാണാനില്ല. അന്വേഷണം സിബിഐ ക്ക് വിടാനാവില്ല. കാരണം അവരും ഈ കേസ് എടുത്തേക്കില്ല. ഇത്തരം കേസ് എടുത്താൽ തന്നെ മുടിഞ്ഞുപോകുമെന്ന് ഉറപ്പല്ലേ!

കേരളത്തിലെ വേളി, വലിയമല, വട്ടിയൂർക്കാവ് എന്നീ ഐസ്ആർഒ കേന്ദ്രങ്ങളിൽ 13 റൂട്ട് നമ്പരിലുള്ള ബസ് ഇല്ല. സംഗതി പെട്ടെന്ന് മനസ്സിലാകാതിരിക്കാൻ ബസ് റൂട്ട് നമ്പരുകൾ തുടങ്ങുന്നത് തന്നെ 14 മുതലാണ്. നാസയുടെ ചാന്ദ്രദൗത്യമായ അപ്പോളോ 13 ന്റെ ഭാഗിക പരാജയവും നാസയിലെ പല ഉയർന്ന ഉദ്യോഗസ്ഥർക്കും പതിമൂന്നിനോട് ഉണ്ടെന്ന് പറയുന്ന പേടിയുമാണ് തങ്ങളും 13 ഒഴിവാക്കുന്നതെന്ന് പറയുന്ന ഐസ്ആർഒ ശാസ്ത്രജ്ഞരുണ്ട്. നാസയോട് കിട നിൽക്കാൻ കിട്ടുന്ന അവസരം വേണ്ടെന്ന് വെക്കുന്നത് അന്തസ്സുള്ള പണിയല്ലല്ലോ!

തേങ്ങയടിയും കൂടോത്രവും തിരുപ്പതിയുമായി നടക്കുന്നവർ 13 നെ പേടിക്കുന്നത് (Triskaidekaphobia) എന്തിനാണെന്നൊന്നും ചോദിക്കരുത്. പതിമൂന്ന് ഒരു വിദേശ സെമറ്റിക്ക് അന്ധവിശ്വാസം ആയിരിക്കാം. അറിഞ്ഞസ്ഥിതിക്ക് ഒന്നും വിടാനാവില്ല. എല്ലാ അന്ധവിശ്വാസികളും അന്യരുടെ അന്ധവിശ്വാസങ്ങളെ മാനിക്കാൻ ബാധ്യസ്ഥരാണ്. അങ്ങനെയാണ് അവരുടെ മസ്തിഷ്‌കം പരുവപെട്ടിട്ടുള്ളത്. മതസൗഹാർദ്ദം പോലുള്ള ചില ആശ്വാസപദ്ധതികളുടെ ഒരു പ്രേരണ അന്യരുടെ അന്ധവിശ്വാസങ്ങളെ കുറിച്ചുള്ള ഭയം തന്നെയാണ്. അന്യന്റെ വിശ്വാസം അന്ധവിശ്വാസം. പക്ഷെ എല്ലാ അന്ധവിശ്വാസങ്ങളും ഗൗരവത്തോടെ കാണാതിരിക്കാൻ അന്ധവിശ്വാസങ്ങൾക്ക് വഴങ്ങുന്ന മസ്തിഷ്‌കത്തിന് കഴിയില്ല. അതല്ലെങ്കിൽ അത്രമാത്രം സ്വമതാന്ധതയും തിമിരവും വേരൂന്നണം.- സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP