Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമിഴ്‌നാട്ടിലെ കനത്ത മഴയിൽ മരണം 22 ആയി; മേട്ടുപ്പാളയത്ത് മൂന്നു വീടുകൾ ഇടിഞ്ഞുവീണ് മരിച്ചത് 12 സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടെ 17 പേർ; മഴയ്ക്ക് ശമനമുണ്ടാകുന്നില്ലെങ്കിൽ ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടാൻ മന്ത്രിസഭാ തീരുമാനം; മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം; അറബിക്കടലിൽ ന്യൂനമർദ്ദം ശക്തമായ സാഹചര്യത്തിൽ കേരള-കർണാടക തീരത്തും ജാഗ്രതാ നിർദ്ദേശം

തമിഴ്‌നാട്ടിലെ കനത്ത മഴയിൽ മരണം 22 ആയി; മേട്ടുപ്പാളയത്ത് മൂന്നു വീടുകൾ ഇടിഞ്ഞുവീണ് മരിച്ചത് 12 സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടെ 17 പേർ; മഴയ്ക്ക് ശമനമുണ്ടാകുന്നില്ലെങ്കിൽ ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടാൻ മന്ത്രിസഭാ തീരുമാനം; മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം; അറബിക്കടലിൽ ന്യൂനമർദ്ദം ശക്തമായ സാഹചര്യത്തിൽ കേരള-കർണാടക തീരത്തും ജാഗ്രതാ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട്ടിൽ മഴ ശമനമില്ലാതെ തുടരുന്നു. ശക്തമായ മഴയിൽ സംസ്ഥാനത്താകെ മരിച്ചവരുടെ എണ്ണം 22 ആയി. മഴയിൽ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷംരൂപ വീതം നഷ്ടപരിഹാരം നൽകാനും മഴ ശക്തമാകുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടാനും സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുകയാണ്. കനത്ത മഴയിൽ മേട്ടുപാളയത്ത് മൂന്ന് വീടുകൾ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ 17 പേരാണ് മരിച്ചത്. മരിച്ചവരിൽ 12 സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. സ്ഥലത്ത് കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. കെട്ടിടെ ഇടിഞ്ഞു വീണാണ് തഞ്ചാവൂരിലും തിരുവാരൂരിലും മൂന്ന് പേർ മരിച്ചത്. വടക്കുകിഴക്കൻ മൺസൂൺ ശക്തമായതാണ് മഴയ്ക്ക് കാരണം.

സ്ഥിതി വിലയിരുത്താൻ പ്രത്യേക മന്ത്രിസഭാ യോഗവും മുഖ്യമന്ത്രി പളനിസ്വാമിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗവും ചേർന്നു. മഴയ്ക്ക് ശമനമുണ്ടായില്ലെങ്കിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടുവാനും തമിഴ്‌നാട് മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് വിലയിരുത്തൽ. തീരമേഖലയിൽ കേന്ദ്രസേനയുടെ സഹായം അഭ്യർത്ഥിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. ആറ് തീരദേശ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 1500 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കടലൂരിൽ നൂറിലധികം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കനത്ത മഴയെത്തുടർന്ന് പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ റോഡ് ഗതാഗതത്തേയും ബാധിച്ചിട്ടുണ്ട്.

മഴ തുടരുന്ന സാഹചര്യത്തിൽ സ്‌കൂളുകൾക്കും കോളജുകൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ ഉൾപ്പടെ പതിനാല് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മണ്ണിടിച്ചിൽ ഉള്ളതിനാൽ ഊട്ടിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ചെന്നൈ, തിരുവള്ളൂർ, തൂത്തുക്കുടി, രാമനാഥപുരം, കാഞ്ചീപുരം എന്നിവിടങ്ങളിലെ സ്‌കൂളുകൾക്ക് നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് അണ്ണാ സർവകലാശാലയും മദ്രാസ് സർവകലാശാലയും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

തൂത്തുക്കുടി, തിരുനെൽവേലി എന്നിവടങ്ങളിൽ റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയത്. ചെന്നൈ ഉൾപ്പടെ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിൽ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. 176 ദുരിതാശ്വാസ ക്യാമ്പുകൾ ചെന്നൈയിൽ സജ്ജീകരിച്ചിട്ടുണ്ട്. രണ്ടുദിവസമായി നിലക്കാതെ പെയ്യുന്ന മഴയാണ് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നത്.

ഇറാനിൽ നിന്ന് ഉത്ഭവിച്ച ചുഴലിക്കാറ്റ് ഹിമാലയം കടന്ന് കിഴക്കൻ തീരങ്ങളെ ബാധിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. കാരക്കൽ, കർണ്ണാടകയുടെ തെക്കൻ ഭാഗങ്ങൾ, കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ മഴ രണ്ടുദിവസംകൂടി കനക്കുമെന്നാണ് റിപ്പോർട്ട്. ശക്തമായ കാറ്റ് അറബിക്കടലിനെ ചുറ്റി ലക്ഷദ്വീപിനേയും ബാധിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.

കേരള-കർണാടക തീരത്തും ജാഗ്രതാ നിർദ്ദേശം

അതിനിടെ, അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതിനാൽ കേരള- കർണാടക തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ കേരള, കർണാടക പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള ഗൾഫ് ഓഫ് മാന്നാർ, കോമോറിൻ പ്രദേശങ്ങൾ, തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾകടലിന്റെ ശ്രീലങ്കൻ പ്രദേശങ്ങളിലും, തെക്ക് കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങളിലും, തെക്ക് പടിഞ്ഞാറ് അറബിക്കടലിലും,അതിനോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഇക്വറ്റോറിയൽ പ്രദേശങ്ങളിലും, കേരള കർണ്ണാടക തീരങ്ങളിലും മത്സ്യത്തൊഴിലാളികൾ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് അറിയിപ്പിൽ പറയുന്നു.

മണിക്കൂറിൽ 40 മുതൽ 50 വരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള തെക്ക് കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങളിലും, കേരള കർണ്ണാടക തീരങ്ങളിലും മണിക്കൂറിൽ 50 മുതൽ 60 വരെ (ചില നേരങ്ങളിൽ70 വരെ) കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള തെക്ക് പടിഞ്ഞാറ് അറബിക്കടലിലും ,അതിനോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഇക്വറ്റോറിയൽ പ്രദേശങ്ങളിലും നാലാം തീയതിയും മൽസ്യ ബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP