Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മയക്കുമരുന്ന് കണ്ടെത്താനും ഇനി മെഷീൻ; നാവിൽ വെച്ച് ഉമിനീർ എടുത്താൽ ലഹരി അറിയാം; മൂത്രം പരിശോധിച്ചാലും ഫലം സെക്കൻഡുകൾക്കുള്ളിൽ; ന്യൂജൻ ലഹരി മരുന്നുകൾ ഉപയോഗിച്ച് കിറുങ്ങിയിട്ടും ഒന്നും സംഭവിക്കാത്തപോലെ നിൽക്കുന്നവരെ ഇനി സ്‌പോട്ടിൽ പിടികൂടാം; വിദേശ രാജ്യങ്ങളിലെ പൊലീസ് ഉപയോഗിക്കുന്ന 'അബോൺ കിറ്റ്' കേരളത്തിലും; ഏറെ പ്രശ്‌നമുള്ള കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ പൊലീസിന് നൽകിയത് 15 കിറ്റ്; ലഹരി വിപത്തിനെതിരെ നിർണ്ണായക ചുവടുവെപ്പുമായി കേരളാ പൊലീസ്

മയക്കുമരുന്ന് കണ്ടെത്താനും ഇനി മെഷീൻ; നാവിൽ വെച്ച് ഉമിനീർ എടുത്താൽ ലഹരി അറിയാം; മൂത്രം പരിശോധിച്ചാലും ഫലം സെക്കൻഡുകൾക്കുള്ളിൽ; ന്യൂജൻ ലഹരി മരുന്നുകൾ ഉപയോഗിച്ച് കിറുങ്ങിയിട്ടും ഒന്നും സംഭവിക്കാത്തപോലെ നിൽക്കുന്നവരെ ഇനി സ്‌പോട്ടിൽ പിടികൂടാം; വിദേശ രാജ്യങ്ങളിലെ പൊലീസ് ഉപയോഗിക്കുന്ന 'അബോൺ കിറ്റ്' കേരളത്തിലും; ഏറെ പ്രശ്‌നമുള്ള കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ പൊലീസിന് നൽകിയത് 15 കിറ്റ്; ലഹരി വിപത്തിനെതിരെ നിർണ്ണായക ചുവടുവെപ്പുമായി കേരളാ പൊലീസ്

എം മാധവദാസ്

തിരുവനന്തപുരം: നടൻ ഷെയിൻ നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നതോടെ കേരളത്തിൽ സജീവ ചർച്ചയായ വിഷയമാണ് ന്യൂജൻ ലഹരി വസ്തുക്കളുടെ ഉപയോഗം. പുതിയ തലമുറ വളരെ വേഗം ഇത്തരം ലഹരി വസ്തുക്കൾക്ക് അടിമപ്പെടുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ പരിശോധനാ സംവിധാനങ്ങൾ ഇല്ലാത്തതാണ് പൊലീസിന് ഏറ്റവും വലിയ തിരിച്ചടിയായത്. ഉദാഹരണമായി ഒരാൾ മദ്യപിച്ച് വണ്ടിയോടിക്കയും മറ്റും ചെയ്താൽ ബ്രീത്ത് അനലൈസർ ഉപയോഗിച്ച് അത് നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിയാൻ കഴിയും. കഞ്ചാവ് ഉപയോഗിച്ചാൽ രൂക്ഷഗന്ധത്തിലൂടെയും ഒരു പരിധിവരെ അറിയാൻ കഴിയും. എന്നാൽ ബാഹ്യലക്ഷണങ്ങൾ ഒന്നും പ്രകടമല്ലാത്ത എൽഎസ്ഡിപോലുള്ള ന്യുജൻ ലഹരിമരുന്നുകൾ ഉപയോഗിച്ച് വാഹനമോടിക്കുകയയോ മറ്റോ ചെയ്താലും തിരിച്ചറിയാൻ കഴിയില്ല. പൊലീസ് വന്ന് ബ്രെത്ത് അനലൈസർ വെച്ച് ഊതി നോക്കിയാൽ അവർ അതിനെ കൂളായി അതിജീവിക്കും.

ഈ പരിമിതിയായിരുന്നു പലപ്പോഴും കേരള പൊലീസിന് വിനയായിരുന്നത്. എന്നാൽ മയക്കുമരുന്നും ന്യൂജൻ ലഹരി ഗുളികളും ഉപയോഗിക്കുന്നവരെ കൈയോടെ പിടികൂടാൻ ഒടുവിൽ കേരള പൊലീസിനും പ്രത്യേക പരിശോധനാ കിറ്റ് വരികയാണ്. വിദേശരാജ്യങ്ങളിലെ പൊലീസ് ഉപയോഗിക്കുന്ന 'അബോൺ കിറ്റ്' ആണു കേരളത്തിലെത്തിയത്. ഗുജറാത്ത് പൊലീസ് ഇതു നേരത്തേ ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇതുപ്രകാരം സംശയം തോന്നുന്നവരുടെ ഉമിനീര് ഈ കിറ്റിൽ പരിശോധിച്ചാൽ ലഹരി ഉപയോഗം അപ്പോൾത്തന്നെ മനസ്സിലാകും. ഏതൊരാളിന്റെയും ഉമിനീരിന്റെയോ മൂത്രത്തിന്റെയോ ഒരു സാമ്പിൾ ഈ ടെസ്റ്റിങ് കിറ്റിൽ എടുത്താൽ നിമിഷ നേരം കൊണ്ടുതന്നെ പ്രസ്തുത വ്യക്തി ഏത് മയക്കുമരുന്നിന്റെ സ്വാധീനത്തിലാണുള്ളത് എന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന അബോൺ കമ്പനിയുടെ മൾട്ടി ഡ്രഗ് ടെസ്റ്റിങ്ങ് കിറ്റുകളാണ് കേരളാപൊലീസ് വാങ്ങിയത്.

നഗരങ്ങളിൽ ലഹരി ഉപയോഗം വ്യാപകമാണെന്നു ബോധ്യപ്പെട്ടതിനാൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ പൊലീസിന് 15 കിറ്റ് വീതം നൽകയിട്ട്ുണ്ട്. കിറ്റ് ഫലപ്രദമാണോയെന്ന് 2 നഗരങ്ങളിലെയും പൊലീസ് കമ്മിഷണർമാരോടു ഡിജിപി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിനു ശേഷം എല്ലാ ജില്ലകളിലും കിറ്റ് ലഭ്യമാക്കും.മുൻ കോട്ടയം ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രൻ ഹൈക്കോടതിക്കു സമർപ്പിച്ച റിപ്പോർട്ടിനെത്തുടർന്നാണു നടപടിയുണ്ടായത്. ലഹരി ഉപയോഗം കണ്ടുപിടിക്കാനാകാതെ പോകുന്ന കേസുകളുടെ കണക്കും അബോൺ കിറ്റ് ഉപയോഗിച്ചാലുള്ള ഗുണവും വ്യക്തമാക്കുന്നതായിരുന്നു റിപ്പോർട്ട്. ഇതെത്തുടർന്ന് നടപടിക്കു ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു ഹൈക്കോടതി നിർദ്ദേശം നൽകുകയായിരുന്നു.

ഹെറോയിൻ, ചരസ്, എക്സ്റ്റസി, മരിജുവാന, മെത്താംഫിറ്റമിൻ, പെത്തഡിൻ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര മയക്കുമരുന്നുകൾ ലഭ്യമാണ് ഇന്ന് കേരളത്തിൽ. അവയിൽ ഏതെങ്കിലുമൊക്കെ ഉപയോഗിച്ച് നിൽക്കുന്നവരെ കണ്ടാൽ സ്പോട്ടിൽ വെച്ചു തന്നെ ഒന്ന് ടെസ്റ്റ് ചെയ്യാൻ വേണ്ട ഒരു മൾട്ടി ഡ്രഗ്ഗ് കിറ്റും ഇന്നോളം കേരളാ പൊലീസിന്റെ കയ്യിൽ ഇല്ലായിരുന്നു. വഡോദരാ പൊലീസിന്റെ വിജയ മാതൃകയെ അനുകരിച്ചുകൊണ്ട് കേരളത്തിലും ഇനി ഇതിനുള്ള സംവിധാനമൊരുങ്ങുന്നത്. അബോണിന്റെ ഒരു തവണമാത്രം ഉപയോഗിക്കാവുന്ന ഒരു കിറ്റിന് ഏകദേശം 500 രൂപയാണ് വില. പരീക്ഷാടിസ്ഥാനത്തിൽ ആദ്യം ഉപയോഗിച്ച്, ഫലപ്രദമെന്ന് ഉറപ്പിച്ചശേഷം സംസ്ഥാനത്തെ സേനയ്ക്ക് മുഴുവൻ തികയുന്നത്ര കിറ്റുകൾ ഓർഡർ ചെയ്യും. ജില്ലാ പൊലീസ് മേധാവികൾ നയിക്കുന്ന ആന്റി നാർക്കോട്ടിക് ആക്ഷൻ ഫോഴ്‌സിനാവും ഇതിന്റെ ചുമതല.

തീരുമാനം കോടതി ഇടപെടലിനെ തുടർന്ന്

മയക്കുമരുന്നിന്റെ സ്വാധീനത്തിൽ നടത്തപ്പെടുന്ന ക്രിമിനൽ കുറ്റങ്ങളെപ്പറ്റിയുള്ള ഒരു പൊതുതാത്പര്യ ഹർജി പരിഗണിക്കുന്നതിനിടെ സർക്കാരിന്റെ ഭാഗത്തുനിന്നും സീനിയർ ഗവണ്മെന്റ് പ്ലീഡർ സുമൻ ചക്രവർത്തിയാണ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെ മയക്കുമരുന്ന് വേട്ടയിലെ പ്രയാസങ്ങൾ അറിയിച്ചത്. പത്രമാധ്യമങ്ങളിൽ മയക്കുമരുന്നിന്റെ വർധിച്ചുവരുന്ന ഉപയോഗത്തെപ്പറ്റി വന്ന എഡിറ്റോറിയൽ ആർട്ടിക്കിളുകൾ, സംസ്ഥാനത്ത് നിലവിൽ മയക്കുമരുന്ന് തത്സമയം ടെസ്റ്റുചെയ്യാൻ പറ്റുന്ന മൾട്ടി ഡ്രഗ് ടെസ്റ്റിങ്ങ് കിറ്റുകളില്ല എന്ന് സൂചിപ്പിച്ചുകൊണ്ട് ഇന്ത്യൻ പൊലീസ് ഫൗണ്ടേഷൻ സ്ഥാപകപ്രസിഡന്റും മുൻ വിജിലൻസ് എസ്‌പിയും ആയിരുന്ന എൻ. രാമചന്ദ്രൻ ഐപിഎസ് കോടതിക്കെഴുതിയ കത്ത് എന്നിവയെ അധികരിച്ചുകൊണ്ട് കോടതി സ്വമോധയാ ആയി ഒരു പൊതു താത്പര്യ ഹർജി രജിസ്റ്റർ ചെയ്യുകയായിരുന്നു. 2019 മെയിലായിരുന്നു ഈ നടപടി.

സംസ്ഥാനത്തെ പൊലീസ് സേനയെ നയിച്ച തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ, ഏറെ നാളായി മയക്കുമരുന്നുകൾക്ക് ക്രിമിനൽ കുറ്റങ്ങളിൽ ഉള്ള സ്വാധീനശക്തിയെപ്പറ്റി പഠനങ്ങൾ നടത്തുകയായിരുന്നു എൻ. രാമചന്ദ്രൻ ഐപിഎസ്. ലിംഗഭേദമെന്യേ, കാട്ടുതീപോലെയാണ് കുട്ടികളിലെ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ലഹരി ഉപഭോക്താക്കൾ മദ്യത്തിൽ നിന്നും വലിയ തോതിൽ മയക്കുമരുന്നുകളിലേക്ക് മാറിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊണ്ടുനടക്കാനുള്ള എളുപ്പം, പിടിക്കപ്പെടാനുള്ള സാധ്യതക്കുറവ്, താരതമ്യേന കൂടിയ വീര്യം എന്നിവയാണ് ആളുകളെ മയക്കുമരുന്നിലേക്ക് അടുപ്പിക്കുന്നത്. ഇങ്ങനെ വർധിച്ച ഉപഭോഗം സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകർക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ മാസങ്ങളായി കണ്ടുവരുന്നത്.

അപൂർവം കേസുകളിൽ മയക്കുമരുന്നിന്റെ ശേഖരവുമായി ഇതിന്റെ വിൽപനക്കാർ പിടിക്കപ്പെടുമ്പോൾ മാത്രമാണ് ഈ മയക്കുമരുന്നുകളുടെ സാന്നിധ്യത്തെപ്പറ്റിപ്പോലും നമ്മൾ അറിയുന്നത്. ഈയടുത്ത് എംഡിഎംഎ എന്ന ഒരു പാർട്ടി ഡ്രഗുമായി കൊച്ചിയിലെ ഒരു സീരിയൽ നടി പിടിക്കപ്പെട്ട സംഭവം തന്നെ ഉദാഹരണം. എന്നാൽ അത് വളരെ അപൂർവമായി മാത്രം നടക്കുന്ന ഒരു സംഭവമാണ്. എന്നാൽ, മയക്കുമരുന്ന് സമൂഹത്തിൽവളരെ ആഴത്തിൽ തന്നെ വേരുറപ്പിച്ചിട്ടുണ്ട് എന്ന് നമ്മളെ ഓർമ്മപ്പെടുത്തുന്ന പല കൊലപാതകങ്ങളും, ആക്രമണങ്ങളും, ബലാത്സംഗങ്ങളും, ശിശുപീഡനങ്ങളും എല്ലാം തന്നെ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നു. നിരവധി ക്വട്ടേഷൻ സംഘങ്ങൾ അവരുടെ കേഡറുകളെ പോറ്റുന്നത് മയക്കുമരുന്നിന്റെ ബലത്തിലാണ്.

ഒരിക്കൽ മയക്കുമരുന്നിന് അടിമപ്പെടുന്നവർ പിന്നീട് അത് കിട്ടാൻ വേണ്ടി കൊല്ലിനും കൊലയ്ക്കും ഒക്കെ തയ്യാറാവുന്നു. കരമനയിലെ അനന്തുവിന്റെ കൊലപാതകം, ശ്രീ വരാഹത്തെ കൊലപാതകം, മയക്കുമരുന്ന് മാഫിയ രണ്ടു യുവാക്കളെ തൃശൂരിൽ അവരുടെ ബൈക്കിൽ വണ്ടിയിടിച്ച് വെട്ടിക്കൊന്ന സംഭവവും ഇതോടു ചേർത്ത് വായിക്കാവുന്നവയാണ്. സംസ്ഥാനത്തെ വിവിധ എഞ്ചിനീയറിങ്ങ്, മെഡിക്കൽ കോളേജുകളിൽ ഉപരിപഠനം നടത്തുന്ന പല വിദ്യാർത്ഥികളും മയക്കുമരുന്നുകൾക്ക് അടിമകളാണ്. കഴിഞ്ഞ വർഷം, കൊച്ചിയിലെ നെട്ടൂരിൽ അനന്തു എന്ന ഒരു പ്ലസ്ടു വിദ്യാർത്ഥി മയക്കുമരുന്നിന് അടിമയായി ഒടുവിൽ തീവണ്ടിക്കുമുന്നിൽ ചാടി ജീവനൊടുക്കുകയുണ്ടായി. വിദ്യാർത്ഥികൾ പലപ്പോഴും കേവലം ഒരു കൗതുകത്തിന്റെ പുറത്തും, പലപ്പോഴും കൂട്ടുകെട്ടുകളിൽ പെട്ടും, അല്ലെങ്കിൽ ഒരിത്തിരി സാഹസികതയ്ക്കും ഒക്കെയായിട്ടാവും മയക്കുമരുന്നുപയോഗിച്ച് തുടങ്ങുക. എന്നാൽ ഒരിക്കൽ തുടങ്ങിയാൽ പിന്നെ നിർത്തിക്കിട്ടാൻ വളരെ പ്രയാസമാകും.

മയക്കുമരുന്നു നിർമ്മാർജ്ജനത്തിന്റെ ആദ്യപടി, സമയാസമയത്ത് അതിന്റെ ഉപയോഗം കണ്ടെത്തുന്നതാണെന്നു എൻ. രാമചന്ദ്രൻ ഐപിഎസ് പറഞ്ഞു. മറ്റു രാജ്യങ്ങളിൽ ഒരാളെ പരിശോധിക്കുമ്പോൾ ആദ്യം ചോദിക്കുന്ന ചോദ്യം, ' ആർ യു ക്ളീൻ ..? ' എന്നാണെന്നും, പരിശോധിക്കുന്ന ഉദ്യോഗസ്ഥന് സംശയം തോന്നുന്ന പക്ഷം ഉടനടി എടുത്തുപയോഗിക്കാൻ പറ്റുന്ന പാകത്തിന് ഇത്തരത്തിലുള്ള ഡിസ്പോസബിൾ സലൈവ ബേസ്ഡ് മൾട്ടി ഡ്രഗ് ടെസ്റ്റിങ്ങ് കിറ്റുകൾ അവിടെ പ്രചാരത്തിലുള്ളതാണ് മയക്കുമരുന്നിനെ നിയന്ത്രിക്കാൻ അവർക്ക് കരുത്തേകുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP