Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

485 കോടി ഒറ്റയ്ക്ക് തട്ടിയെടുത്തെന്ന സംശയത്തിൽ ഡെറാഡൂൺ പ്ലാൻ; ഏറ്റവും അടുത്ത സുഹൃത്തിനെ പോലും വഞ്ചിച്ചുവെന്ന തോന്നലിലെ പ്രതികാരം; പാസ് വേർഡ് തട്ടിയെടുക്കാൻ കൂട്ടുകാരനെ കെട്ടിയിട്ട് മർദ്ദിച്ചത് മണിക്കൂറുകൾ; മരിച്ചാൽ പണം എല്ലാം നഷ്ടമാകുമെന്ന തിരിച്ചറിവിൽ ആശുപത്രിയിലെത്തിച്ചിട്ടും ഫലമുണ്ടായില്ല; ബിറ്റ് കോയിൻ തട്ടിപ്പിലെ പ്രധാനിയെ കൊലപ്പെടുത്തിയ മൂന്ന് പേർ കൂടി പിടിയിൽ; അബ്ദുൽ ഷുക്കൂറിന്റെ കൊലപാതകത്തിൽ നിറയുന്നത് മലപ്പുറത്തെ പണമിടപാടുകളിലെ ചതി

485 കോടി ഒറ്റയ്ക്ക് തട്ടിയെടുത്തെന്ന സംശയത്തിൽ ഡെറാഡൂൺ പ്ലാൻ; ഏറ്റവും അടുത്ത സുഹൃത്തിനെ പോലും വഞ്ചിച്ചുവെന്ന തോന്നലിലെ പ്രതികാരം; പാസ് വേർഡ് തട്ടിയെടുക്കാൻ കൂട്ടുകാരനെ കെട്ടിയിട്ട് മർദ്ദിച്ചത് മണിക്കൂറുകൾ; മരിച്ചാൽ പണം എല്ലാം നഷ്ടമാകുമെന്ന തിരിച്ചറിവിൽ ആശുപത്രിയിലെത്തിച്ചിട്ടും ഫലമുണ്ടായില്ല; ബിറ്റ് കോയിൻ തട്ടിപ്പിലെ പ്രധാനിയെ കൊലപ്പെടുത്തിയ മൂന്ന് പേർ കൂടി പിടിയിൽ; അബ്ദുൽ ഷുക്കൂറിന്റെ കൊലപാതകത്തിൽ നിറയുന്നത് മലപ്പുറത്തെ പണമിടപാടുകളിലെ ചതി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: 485 കോടി രൂപയുടെ ബിറ്റ്‌കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് മലപ്പുറം പുലാമന്തോൾ സ്വദേശി അബ്ദുൽ ഷുക്കൂറിന്റെ (25) കൊലയ്ക്ക് കാരണം നഷ്ടം വന്നതിനെ ചൊല്ലിയുള്ള തർക്കം തന്നെ. ഷുക്കൂർ ഡെറാഡൂണിൽ കൊല്ലപ്പെട്ട കേസിൽ പ്രധാന പ്രതികളായ 3 മലപ്പുറം സ്വദേശികളായ പിടിയിലായതോടെ ഗൂഢാലോചനയും പുറത്തു വരികയാണ്. തിരൂരങ്ങാടി വെളിമുക്ക് സ്വദേശി മുനീബ് (29), വെന്നിയൂർ സ്വദേശി ഷിഹാബ് (31), കൊണ്ടോട്ടി സ്വദേശി മുഹമ്മദ് അർഷാദ് (31) എന്നിവരാണ് ഡെറാഡൂണിൽ അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. മലപ്പുറം കേന്ദ്രീകരിച്ചാണ് ഈ തട്ടിപ്പ് നടന്നതെന്നും ഇതോടെ വ്യക്തമായി.

കൊലയ്ക്ക് ശേഷം ഡെറാഡൂണിൽ നിന്ന് കേരളത്തിലേക്കു മുങ്ങിയ ഇവർ കേസിൽ കീഴടങ്ങുന്നതിന് അഭിഭാഷകനെ കാണാനുള്ള യാത്രയ്ക്കിടെയാണു പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയാണ് പ്രതികളെ കുടുക്കിയത്. പിടിയിലായവരിൽ നിന്ന് ഷുക്കൂറിന്റെ ലാപ്‌ടോപ്, വസ്ത്രങ്ങളടങ്ങിയ ബാഗ്, മുദ്രക്കടലാസുകൾ, ആധാരങ്ങൾ എന്നിവ പിടിച്ചെടുത്തു. ജൂൺ 12ന് നാട്ടിൽനിന്ന് ഷുക്കൂറിനെ ഡെറാഡൂണിലെത്തിച്ചത് പ്രതികളാണെന്നു പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 28ന് ആണ് ഷുക്കൂർ കൊല്ലപ്പെടുന്നത്. പിടികൂടിയ ലാപ്‌ടോപ്പിലും മറ്റും നിർണ്ണായക തെളിവുകളുണ്ട്.

ബിറ്റ്‌കോയിൻ ഇടപാടിൽ ഷുക്കൂറിന്റെ കൂട്ടാളികളും മലപ്പുറം സ്വദേശികളുമായ ഫാരിസ് മംനൂൻ, സി. അരവിന്ദ്, പി.ആൻഷിബ്, അഫ്താബ് മുഹമ്മദ്, സുഫൈൽ മുക്താർ, ആഷിഖ്, മുഹമ്മദ് യാസീൻ എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഇതുവരെ പത്ത് പേർ പിടിയിലായി. ബിറ്റ്‌കോയിൻ ഇടപാടിലെ നിക്ഷേപത്തിന് ഉയർന്ന മൂല്യവർധന വാഗ്ദാനം ചെയ്തു മലപ്പുറം, മഞ്ചേരി, പാണ്ടിക്കാട് എന്നിവിടങ്ങളിൽ നിന്ന് ഷുക്കൂറും സംഘവും കോടികൾ പിരിച്ചിരുന്നു. നഷ്ടം വന്നതോടെ ഈ ഗ്രപ്പ് പലവഴിക്കായി. തർക്കവും തുടങ്ങി. ഇതാണ് ഷുക്കൂറിന്റെ കൊലയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

തുടർച്ചയായി മൂന്ന് ദിവസം കെട്ടിയിട്ട് മർദ്ദിച്ചതു കൊണ്ടാണ് ഷുക്കൂർ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം. 'jax.BTC', 'BTC..shukoor' എന്നീ രണ്ട് ബിറ്റ്കോയിൻ എക്സ്ചേഞ്ചുകളുടെ നടത്തിപ്പുകാരനായിരുന്നു ഷുക്കൂർ. ഷൂക്കൂർ അടക്കമുള്ളവർ ചേർന്ന് നടത്തിയ ബിറ്റ്കോയിൻ തട്ടിപ്പിൽ വഞ്ചിതരായവരെ കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത് മറുനാടൻ മലയാളിയായിരുന്നു. ഇതേ തുടർന്ന് ബിറ്റോകോയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണവും തുടങ്ങിയിരുന്നു. ഇതിനിടെയാണ് ഷൂക്കൂറിനെ ബിസിനസ് പങ്കാളികളായവർ ചേർന്ന് കൊലപ്പെടുത്തിത്. ഡെറാഡൂണിയെ ആശുപത്രിയുടെ എമർജൻസി വിഭാഗത്തിൽ ഷുക്കൂറിന്റെ മൃതദേഹം ഉപേക്ഷിച്ച് കൊലയാളികൾ സ്ഥലം വിടുകയായിരുന്നു.

ഒരു വർഷം മുൻപ് ബിറ്റ്കോയിന്റെ മൂല്യമിടിഞ്ഞതോടെയാണ് ഷുക്കൂറിന്റെ ബിസിനസ് തകർച്ച നേരിട്ടത്. നിക്ഷേപകർ പണം ആവശ്യപ്പെട്ടുത്തുടങ്ങി. കാസർകോട് കേന്ദ്രീകരിച്ചാണു ഷുക്കൂർ പ്രവർത്തിച്ചിരുന്നത്. നിക്ഷേപകരിൽ നിന്നുള്ള സമ്മർദം സഹിക്കാനാവാതെ ഓഗസ്റ്റ് 12ന് ഷുക്കൂറും മറ്റ് ഒൻപതു പേരും ഡെറാഡൂണിൽ വിദ്യാർത്ഥിയായ യാസിന്റെ അടുക്കലേക്കു പോയി. തന്റെ ബിറ്റ്കോയിൻ വ്യാപാര അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും വൈകാതെ സ്വന്തമായി വ്യാപാരം ആരംഭിക്കുമെന്നും ലാഭത്തിൽനിന്നു നിക്ഷേപകരുടെ പണം തിരികെ നൽകുമെന്നും ആഷിഖിനോട് ഷുക്കൂർ പറഞ്ഞിരുന്നു. കോടികൾ വിലയുള്ള ബിറ്റ്കോയിൻ ഇപ്പോഴും അബ്ദുൾ ഷുക്കൂറിന്റെ പക്കലുണ്ടെന്നും പാസ് വേർഡ് കണ്ടെത്തി പണം കൈപ്പറ്റാനുമാണു ശ്രമമെന്നും ആഷിഖ് വിശ്വസിച്ചു.

ഓഗസ്റ്റ് 26ന് യാസിന്റെ ഡെറാഡൂണിലെ വാടകവീട്ടിൽ ഷുക്കൂറിനെ കസേരയോടു ചേർത്തു കെട്ടിയിട്ട ശേഷം ക്രൂരമായി മർദനമാരംഭിച്ചെന്നു ഡെറാഡൂൺ സിറ്റി പൊലീസ് സൂപ്രണ്ട് ശ്വേത ചൗബെ പറഞ്ഞു. മർദനം ഓഗസ്റ്റ് 28 വരെ തുടർന്നിട്ടും ബിറ്റ്കോയിൻ വ്യാപാര അക്കൗണ്ട് ലഭിച്ചില്ല. ക്രൂരമായ മർദനത്തെ തുടർന്ന് ഷുക്കൂറിന്റെ ആരോഗ്യസ്ഥിതി മോശമായി. ഷുക്കൂറിന് എന്തെങ്കിലും സംഭവിച്ചാൽ വലിയ തുക ലഭിക്കാതെ പോകുമെന്ന ഭീതിയിൽ ഇവരിൽ അഞ്ച് പേർ ചേർന്ന് രാത്രിയോടെ ആശുപത്രിയിൽ കൊണ്ടുപോയി. നഗരത്തിലെ ഒരു ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഷുക്കൂറിന് മരണം സംഭവിച്ചതായി അറിയിച്ചു. തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി, മരിച്ചതായി സ്ഥിരീകരിച്ചു.

ആശുപത്രി പരിസരത്തെ പാർക്കിങ് മേഖലയിലുണ്ടായിരുന്ന കാറിൽ ഷുക്കൂറിന്റെ മൃതദേഹം ഉപേക്ഷിച്ച് ഇവർ ഡൽഹിയിലേക്കു പോകാൻ ബസിൽ കയറി. ആശുപത്രി അധികൃതരിൽനിന്നു മരണം സംബന്ധിച്ച് വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ നിന്ന് ഷുക്കൂറിന്റെ കേരളത്തിലെ മേൽവിലാസം ലഭിച്ചു. തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലേക്കാണ് ഡെറാഡൂൺ പൊലീസ് വിവരം കൈമാറിയത്. ഇവിടെനിന്ന് പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷൻ വഴി ബന്ധുക്കളെ മരണവിവരം അറിയിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ആശുപത്രി അധികൃതരെ ചോദ്യം ചെയ്യുകയും ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അഞ്ച് പേരെയും പിടികൂടുകയായിരുന്നു.

തന്റെ ഏറ്റവും അടുത്ത കൂട്ടാളിയായ ആഷിഖിനെ പോലും കാശിനോടുള്ള ആർത്തി മൂത്ത് അബ്ദുൾ ഷുക്കൂർ വഞ്ചിച്ചുവെന്നാണ് ചോദ്യം ചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തിയത്. തന്റെ ബിറ്റ്‌കോയിൻ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നാണ് ഷുക്കൂർ ആഷിഖിനെ വിശ്വസിപ്പിച്ചത്. താൻ സ്വന്തമായി ക്രിപ്‌റ്റോ കറൻസി ലോഞ്ച് ചെയ്യാൻ പോവുകയാണെന്നും നുണ പറഞ്ഞു. നിക്ഷേപകരുടെ പണം തിരിച്ചുനൽകാൻ ഇതല്ലാതെ മറ്റുമാർഗ്ഗമില്ലെന്നും ഷുക്കൂർ ആഷിഖിനെ വിശ്വസിപ്പിച്ചു. ഷുക്കൂർ പറഞ്ഞത് പൂർണമായി വിശ്വസിക്കാൻ ആഷിഖും കൂട്ടരും തയ്യാറായില്ല. ഷുക്കൂറിന്റെ ബിറ്റ്‌കോയിൻ അക്കൗണ്ടിന്റെ പാസ് വേഡ് തേടിപ്പിടിക്കാൻ അവർ തീരുമാനിച്ചു.

ഷുക്കൂറിന്റെ അക്കൗണ്ടിൽ ഇപ്പോഴും കോടികളുണ്ടെന്നും പാസ് വേഡ് കിട്ടിയാൽ അത് തങ്ങൾക്ക് കൈക്കലാക്കാമെന്നും ആഷിഖ് കണക്കുകൂട്ടി. ഇതോടെ ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയി ബലമായി പാസ് വേഡ് കൈക്കലാക്കാൻ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP