Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അപകടകരമായി വാഹനം ഓടിച്ചു വില്ലനായ ലൂമിയർ ബസിനെ പൊക്കിയപ്പോൾ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഉടമയുടെ വെല്ലുവിളി; ഡ്രൈവർമാരുടെ ലൈസൻസ് രണ്ടുമാസത്തേക്കു റദ്ദാക്കാനേ കഴിയൂ; രണ്ടു മാസം കഴിഞ്ഞാൽ അതേ ഡ്രൈവർമാർ തന്നെ ബസോടിക്കുമെന്നും വാദം; മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ച സംഭവം പണിയാകും എന്നായതോടെ നിർവ്യാജം ഖേദം രേഖപ്പെടുത്തി ലൂമിയർ ബസ് ഉടമകൾ

അപകടകരമായി വാഹനം ഓടിച്ചു വില്ലനായ ലൂമിയർ ബസിനെ പൊക്കിയപ്പോൾ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഉടമയുടെ വെല്ലുവിളി; ഡ്രൈവർമാരുടെ ലൈസൻസ് രണ്ടുമാസത്തേക്കു റദ്ദാക്കാനേ കഴിയൂ; രണ്ടു മാസം കഴിഞ്ഞാൽ അതേ ഡ്രൈവർമാർ തന്നെ ബസോടിക്കുമെന്നും വാദം; മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ച സംഭവം പണിയാകും എന്നായതോടെ നിർവ്യാജം ഖേദം രേഖപ്പെടുത്തി ലൂമിയർ ബസ് ഉടമകൾ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: കൊല്ലം അഞ്ചൽ സ്‌കൂളിൽ അപകടകരമാംവിധം ബസ് ഓടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ചു കൊണ്ടു രംഗത്തുവന്ന ലൂമിയർ ബസ് ഉടമകൾ ഒടുവിൽ പത്തിമടക്കി. ഫേസ്‌ബുക്കിലൂടെ വെല്ലുവിളിച്ചു കൊണ്ടിട്ട പോസ്റ്റ് പണിയാകും എന്ന ഘട്ടത്തിൽ പിൻവലിച്ച് നിർവ്യാജം മാപ്പു പറഞ്ഞു കൊണ്ടാണ് ബസ് ഉടമകൾ ഒടുവിൽ രംഗത്തെത്തിയത്. ഡ്രൈവർമാരുടെ ലൈസൻസ് രണ്ടുമാസത്തേക്കു റദ്ദാക്കാനേ കഴിയൂവെന്നും രണ്ടുമാസം കഴിഞ്ഞാൽ അതേ ഡ്രൈവർമാർ തന്നെ ബസോടിക്കുമെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഉടമ വെല്ലുവിളിച്ചിരുന്നു.

നിയമലംഘനം തുടരുമെന്നു പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റ്. സ്‌കൂൾ മൈതാനത്ത് ബസുകളുടെ അഭ്യാസപ്രകടനത്തെപ്പറ്റി മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടതോടെ മോട്ടർ വാഹന വകുപ്പ് ശക്തമായ നടപടികൾ ആരംഭിച്ചിരുന്നു. വിനോദയാത്ര കഴിഞ്ഞു വന്നയുടനെ പുലർച്ചെ തന്നെ മോട്ടർ വാഹന വകുപ്പ് ഈ രണ്ട് ബസുകളും കസ്റ്റഡിയിലെടുക്കുകയും ഫിറ്റ്‌നസ് റദ്ദാക്കുകയും ചെയ്തിരുന്നു. ഒപ്പം ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.

എന്തൊക്കെ ചെയ്താലും ഡ്രൈവർമാരുടെ ലൈസൻസ് രണ്ടുമാസത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ മാത്രമേ സാധിക്കൂ എന്നും ആ കാലാവധി കഴിഞ്ഞാൽ ഈ ഡ്രൈവർമാർ തന്നെ വാഹനങ്ങൾ ഓടിക്കുമെന്നും ലൂമിയർ ബസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ കുറിപ്പിൽ പറഞ്ഞിരുന്നു. ദൃശ്യങ്ങൾ സഹിതം പുറത്തു വിട്ട മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുറിപ്പിൽ പറയുന്നു. ഈ പോസ്റ്റ് മാധ്യമങ്ങളിലൂടെ വീണ്ടും വിവാദമാകുകയും ചെയ്തതോടെ ലൂമിയർ ഗ്രൂപ്പ് ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചു ഖേദം പ്രകടിപ്പിക്കുകയായിരുന്നു.

ഖേദ പ്രകടനവുമായി ലൂമിയർ ബസ് ഉടമകൾ. മോട്ടോർ വാഹന വകുപ്പിനെയോ പൊലീസ് ഉദ്യോഗസ്ഥരയോ അപകീർത്തിപ്പെടുത്താനല്ല പോസ്റ്റ്. അത്തരത്തിൽ പ്രചരണം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം രേഖപ്പെടുത്തുന്നു. നിയമ സംവിധാനങ്ങളെ പൂർണമായും അംഗീകരിച്ചുകൊണ്ടാണ് സർവീസ് നടത്തിയിട്ടുള്ളത്. ഇനിയും അങ്ങനെയായിരിക്കും എന്നും ബസ് ഉടമകളുടെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

പ്രിയ സുഹൃത്തുക്കളെ, കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ രേഖപ്പെടുത്തിയ ഒരു പോസ്റ്റ് ഇന്ന് ദൃശ്യ മാധ്യമങ്ങളിൽ സെൻസേഷൻ ആയി കൊണ്ടിരിക്കുകയാണ്. മോട്ടോർ വാഹന വകുപ്പിനെയോ പൊലീസ് ഉദ്യോഗസ്ഥരെയോ അപകീർത്തിപെടുത്താനല്ല ആ പോസ്റ്റ് എന്ന് മനസിയിലാക്കാവുന്നതാണ്. അത്തരത്തിൽ ഉള്ള പ്രചരണം ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ നിർവ്യാജം ഖേദം രേഖപെടുത്തുന്നു..... നിയമ സംവിധാനങ്ങളെ പൂർണ്ണമായും അംഗീകരിച്ചു കൊണ്ട് മാത്രമാണ് ഇതുവരെ ഞങ്ങൾ സർവീസ് നടത്തിയിട്ടുള്ളത്... തുടർന്നും അങ്ങനെ തന്നെ ആയിരിക്കും... ഞങ്ങൾക്കെതിരെ ആസൂത്രിതമായി പ്രവർത്തിക്കുന്നവരോടും തെറ്റായ രീതിയിൽ വാർത്തകൾ നല്ലിയതിലുള്ള പ്രതിഷേധം അറിയിക്കുകയുമാണ് ചെയ്തിട്ടുള്ളത്.

വിദ്യാർത്ഥികളെ മൈതാന മധ്യത്ത് നിർത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ച് അഭ്യാസ പ്രകടനം നടത്തിയതിന്റെ പേരിലാണ് ഈ ടൂറിസ്റ്റ് ബസ് വിവാദത്തിൽ ചാടിയത്. അഞ്ചൽ ഈസ്റ്റ് ഹയർ സെക്കന്ററി സ്‌കൂളിലെ മൈതാനത്ത് അഭ്യാസ പ്രകടനം നടത്തിയ ലൂമിയർ എന്ന പേരിലുള്ള രണ്ട് ടൂറിസ്റ്റ് ബസുകളാണ് കസ്റ്റഡിയിൽ എടുത്തത്. വാഹനങ്ങളുടെ ഡ്രൈവർമാരായ നിയാസ് എം സലീം, എസ് ബിനു എന്നിവരുടെ ലൈസൻസുകൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം ജില്ലാ അതിർത്തിയായ ഏനാത്ത് വച്ചാണ് പുനലൂർ സബ്.ആർ.ടി ഓഫീസിലെ എ.എം വിഐമാരായ രാംജി കെ കരൻ, ജി.ആർ രാജേഷ്, സേഫ് കേരള എൻഫോഴ്‌സ്‌മെന്റ് എ.എം വിഐ ഡി.ശരത് എന്നിവരാണ് ബസുകൾ കസ്റ്റഡിയിലെടുത്തത്.

ബസുകൾ പരിശോധിച്ചപ്പോൾ അനധികൃതമായി ഘടിപ്പിച്ചിരുന്ന മുഴുവൻ സാധനങ്ങളും അഴിച്ചുമാറ്റിയതായി കണ്ടു. എന്നാൽ ബസ് കേരളത്തിൽ പ്രവേശിച്ചപ്പോൾ തന്നെ ഇവരെ പിൻതുടർന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസിലുണ്ടായിരുന്ന സൗണ്ട് സിസ്റ്റവും ലൈറ്റും എയർ ഹോണും വർക്കഷോപ്പിൽ വച്ച് അഴിച്ചു മാറ്റിയതായി കണ്ടെത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. മൂന്നാറിൽ നിന്നും കൊച്ചി വണ്ടർലായിലെത്തിയപ്പോൾ രാവിലെ പതിനൊന്നരയോടെ കുട്ടികളെ ഇറക്കി പുറത്തെ വർക്ക്‌ഷോപ്പിലേക്ക് കൊണ്ടു പോകുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന നിരോധിത ഉപകരണങ്ങളൊക്കെയും അഴിച്ചു മാറ്റി. ബസ് പരിശോധിച്ചപ്പോൾ ഇവയൊക്കെ വാഹനത്തിനുള്ളിൽ തന്നെയുണ്ടായിരുന്നു.

അഭ്യാസ പ്രകടനം നടത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും വാർത്തയാകുകയും ചെയ്തതോടെ വാഹനങ്ങളിലെ ജീവനക്കാർ നാട്ടുകാർ ആക്രമിക്കുമോ എന്ന പേടിയിലായിരുന്നു എന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു. വാഹനം അപടകരമായ രീതിയിലാണ് ഓടിച്ചതെന്നും വിദ്യാർത്ഥികൾ ആവിശ്യപ്പെട്ടിട്ടാണ് ചെയ്തതെന്നും അവർ പറഞ്ഞു. പിന്നീട് മോട്ടോർ വാഹന വകുപ്പിന്റെ എസ്‌ക്കോർട്ടോടെ ബസ് അഞ്ചലിലെത്തിക്കുകയും വിദ്യാർത്ഥികളെ ഇറക്കിയ ശേഷം അഞ്ചൽ പൊലീസിന് കൈമാറുകയും ചെയ്തു. ഇന്ന് വാഹനം വിശദമായി പരിശോധിക്കും.

ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നസ് അപ്പോൾ തന്നെ ഉദ്യോഗസ്ഥർ റദ്ധ് ചെയ്തു. എയർ ഹോൺ ഘടിപ്പിക്കുന്നത് ബ്രേക്ക് സിസ്റ്റത്തിലെ വാൽവിൽ നിന്നാണ്. ഇത് വളരെ അപകടമാണ്. ഇത്തരത്തിൽ ഇവ ഘടിപ്പിക്കുമ്പോൾ എയർ ലീക്കുണ്ടായി ബ്രേക്ക് തകരാറിലാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാലാണ് എയർ ഹോണുകൾ ഘടിപ്പിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് അപ്പോൾ തന്നെ റദ്ദ് ചെയ്യുന്നത്.

അഞ്ചൽ ഈസ്റ്റ് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളെ വിനോദയാത്രയ്ക്ക് കൊണ്ടുപോകാനെത്തിയ ടൂറിസ്റ്റ് ബസ് സ്‌കൂൾ വളപ്പിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയത്. അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും നോക്കിനിൽക്കെയായിരുന്നു സംഭവം. ക്ലാസ് സമയത്ത് സ്‌കൂൾ ഗ്രൗണ്ടിലെത്തിയ ബസ് ഹോണടിച്ച് ശബ്ദമുണ്ടാക്കിയതോടെ മറ്റ് വിദ്യാർത്ഥികളും ബസ് കാണാനെത്തി. കുറെ വിദ്യാർത്ഥികൾ ഫുട്ബോൾ ഗോൾപോസ്റ്റിന് സമീപത്ത് നിൽക്കുമ്പോൾ വളരെവേഗം ബസ് അവർക്കുചുറ്റും കറക്കുകയായിരുന്നു. പൊടിപടലമുയർത്തി രണ്ട് ബസുകളാണ് ഇരമ്പിപ്പാഞ്ഞത്. ഭാഗ്യംകൊണ്ട് അപകടം ഉണ്ടായില്ല.

ടൂറിസ്റ്റ് ബസുകൾ തമ്മിലുള്ള മത്സരമാണ് ഇത്തരം അഭ്യാസ പ്രകടനങ്ങൾക്ക് പിന്നിൽ. വാഹനങ്ങളിൽ അധികമായി സൗണ്ട് സിസ്റ്റം, ലൈറ്റുകൾ, ബലൂണുകൾ എന്നിവവെച്ച് കുട്ടികളെ ആകർഷിക്കുകയാണ് ഇവരുടെ രീതി. ഒരു ബസിന് ഓട്ടംകിട്ടിയില്ലെങ്കിൽ മറ്റ് ബസുകാർ ഗതാഗതവകുപ്പിൽ പരാതിനൽകും. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് മിക്ക സ്‌കൂളുകളിലും വിനോദയാത്രയുടെ സംഘാടനം. വിനോദയാത്രയുടെ തുടക്കം പൊടിപാറിക്കാൻ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകൾ 25000 രൂപയോളം ഈടാക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP