Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കന്യാസ്ത്രീ ആയതിന് ശേഷം വൈദികർ പീഡിപ്പിക്കാൻ ശ്രമിച്ചത് മൂന്ന് തവണ; കൊട്ടിയൂരിലെ പീഡകൻ ഫാ റോബിൻ വടക്കാഞ്ചേരിക്ക് പല കന്യാസ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു; മഠത്തിലെ കന്യാസ്ത്രീ പ്രസവിച്ചപ്പോൾ അച്ചനെ സംരക്ഷിച്ചത് സഭ തന്നെ; പള്ളിമേടകളിലേക്ക് പറഞ്ഞ് വിടുന്ന യുവതികളായ കന്യാസ്ത്രീകൾ അനുഭവിക്കേണ്ടി വരുന്നത് അസാധാരണ വൈകൃതങ്ങൾ; സ്വവർഗ്ഗഭോഗത്തിന് പിന്നാലെ സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയിലെ കൂടുതൽ ഭാഗം പുറത്ത്; കർത്താവിന്റെ നാമത്തിൽ സഭയെ വെട്ടിലാക്കുമ്പോൾ

കന്യാസ്ത്രീ ആയതിന് ശേഷം വൈദികർ പീഡിപ്പിക്കാൻ ശ്രമിച്ചത് മൂന്ന് തവണ; കൊട്ടിയൂരിലെ പീഡകൻ ഫാ റോബിൻ വടക്കാഞ്ചേരിക്ക് പല കന്യാസ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു; മഠത്തിലെ കന്യാസ്ത്രീ പ്രസവിച്ചപ്പോൾ അച്ചനെ സംരക്ഷിച്ചത് സഭ തന്നെ; പള്ളിമേടകളിലേക്ക് പറഞ്ഞ് വിടുന്ന യുവതികളായ കന്യാസ്ത്രീകൾ അനുഭവിക്കേണ്ടി വരുന്നത് അസാധാരണ വൈകൃതങ്ങൾ; സ്വവർഗ്ഗഭോഗത്തിന് പിന്നാലെ സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയിലെ കൂടുതൽ ഭാഗം പുറത്ത്; കർത്താവിന്റെ നാമത്തിൽ സഭയെ വെട്ടിലാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികർ ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയിലെ പരാമർശം വീണ്ടും വെട്ടിലാക്കുന്നത് സഭയെ. സിസ്റ്റർ ലൂസി എഴുതിയ 'കർത്താവിന്റെ നാമത്തിൽ' എന്ന പുസ്തകത്തിലാണ് വൈദികർക്കെതിരെ ഗുരുതര ആരോപണം ഉയർത്തിയിരിക്കുന്നത്. കന്യാസ്ത്രീയായതിന് ശേഷം തനിക്ക് നേരെ പീഡനശ്രമം ഉണ്ടായെന്നും സിസ്റ്റർ ലൂസി പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

മൂന്ന് തവണ വൈദികർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സിസ്റ്റർ ആരോപിക്കുന്നത്. കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്. പോക്‌സോ കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലുള്ളയാളാണ് റോബിൻ. ഇയാളെ രക്ഷിക്കാൻ സഭ നടത്തിയ ഇടപെടൽ വലിയ വിവാദമുണ്ടാക്കിയിരുന്നു. കർത്താവിന്റെ നാമത്തിൽ എന്ന പുസ്തകത്തിലെ വിവാദങ്ങളുടെ ആദ്യ ഭാഗം കഴിഞ്ഞ ദിവസം മറുനാടൻ പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് റോബിനെ കുറ്റപ്പെടുത്തുന്ന ഭാഗവും ചർച്ചകളിലെത്തുന്നത്. കൊട്ടിയൂർ പീഡനക്കേസിലെ ഫാദർ റോബിൻ വടക്കാഞ്ചേരിയെ എന്തിന് സഭ സംരക്ഷിച്ചുവെന്നതാണ് ഇതോടെ ഉയരുന്ന ചോദ്യം.

മഠത്തിൽ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചുവെന്നും പുസ്തകത്തിൽ ആരോപിക്കുന്നു. ചില മഠങ്ങളിൽ നിന്ന് യുവതികളായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിർബന്ധപൂർവ്വം പറഞ്ഞ് വിടുന്ന പതിവുണ്ട്. അവർ അനുഭവിക്കാറുള്ളത് അസാധാരണ വൈകൃതങ്ങളാണ്. മുതിർന്ന കന്യാസ്ത്രീകൾ യുവതികളായ കന്യാസ്ത്രീകളെ സ്വവർഗ്ഗഭോഗത്തിന് വിധേയരാക്കാറുണ്ടെന്നും പുസ്തകത്തിലൂടെ സിസ്റ്റർ ലൂസി ആരോപിച്ചിരുന്നു. അങ്ങനെ സഭയെ എല്ലാ അർത്ഥത്തിലും വെട്ടിലാക്കുകയാണ് ലിസിയുടെ തുറന്നെഴുത്തലുകൾ. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടത്തിയ പ്രതിഷേധമാണ് ലിസിയെ സഭയിൽ നിന്ന് പുറത്താക്കിയത്. ഇതിന് ശേഷം ആത്മകഥയിലൂടെ സഭയെ പ്രതിക്കൂട്ടിലാക്കുകയാണ് സിസ്റ്റർ.

'കർത്താവിന്റെ നാമത്തിൽ' എന്ന പുസ്തകത്തിലൂടെ നടത്തിയ ഗുരുതരമായ വെളിപ്പെടുത്തൽ സത്യമെന്ന് ആവർത്തിച്ചെന്ന് സിസ്റ്റർ ലൂസി കളപ്പുര രംഗത്ത് വന്നിട്ടുണ്ട്. നിരവധി കന്യാസ്ത്രീകളുടെ മനസാക്ഷിയിൽ സമാനമായ പുസ്തകം തയ്യാറായിട്ടുണ്ട്. ഉള്ളിന്റെയുള്ളിൽ അവർ അതിന്റെ വരികൾ ആവർത്തിച്ച് എഴുതിയിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ പുസ്തകമായി അവതരിപ്പിക്കാനോ പുറത്തേക്ക് വരാനോ ഉള്ള സാമൂഹ്യ അവസ്ഥ കേരളത്തിലില്ല. തന്റെ പുസ്തകം ചെറിയൊരു ഭാഗം മാത്രമാണെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി. മതമേലദ്ധ്യക്ഷന്മാരിൽ നിന്നും പീഡനങ്ങളും ചൂഷണങ്ങളും അനുഭവിക്കുന്നതിനാലാണ് പുസ്തകവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. സമൂഹം പുതിയ ബോധ്യത്തിലും അറിവിലേക്കും മാറ്റത്തിലേക്കും വരേണ്ടതുണ്ട്. വരികൾക്കും അപ്പുറം എത്രയോ യാഥാർത്ഥ്യങ്ങളുണ്ട്. അജണ്ടയുള്ള സ്ത്രീയെന്ന് പറഞ്ഞ് മാറ്റിനിർത്താതെ മാറ്റത്തിനായി എല്ലാവരും ഒന്നിച്ച് നിന്ന് മുന്നേറണമെന്നും സിസ്റ്റർ ലൂസി പറഞ്ഞു.

സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ മഠത്തിൽ നിന്നും സിസ്റ്റർ ലൂസിയെ പുറത്താക്കിയിരുന്നു. സഭാ നടപടി റദ്ധാക്കണമെന്ന ആവശ്യമുന്നയിച്ച് സിസ്റ്റർ ലൂസികളപ്പുര നൽകിയ അപ്പീൽ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം തള്ളിയിരുന്നു. മഠത്തിൽനിന്നും പുറത്താക്കിക്കൊണ്ടുള്ള നടപടി റദ്ധാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റർ ലൂസികളപ്പുര വത്തിക്കാനിലേക്ക് വീണ്ടും അയച്ച അപ്പീലിൽ എഫ്‌സിസി അധികൃതർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിനൊപ്പം കേരളത്തിൽ കത്തോലിക്കാ സഭയ്ക്ക് നേരെ ഉയർന്ന ആരോപണങ്ങളും സഭാ അധികൃതരുൾപ്പെട്ട കേസുകളും അക്കമിട്ടുനിരത്തുന്നുണ്ട്.

കേരളത്തിൽ കത്തോലിക്കാ സഭ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ബലാൽസംഗ കേസുകളിലും ഭൂമികുംഭകോണ കേസുകളിലും ഉന്നത സഭാ അധികൃതർ ഉൾപ്പെടുന്നത് വിശ്വാസികളെ സഭയിൽനിന്നും അകറ്റാൻ കാരണമാകുന്നു. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയക്കൽ പീഡനത്തിനിരയാക്കിയ കന്യാസ്ത്രീക്ക് നീതി ലഭിക്കാൻ ഇനിയും വൈകുന്നത് അനീതിയാണെന്നും അപ്പീലിൽ ലൂസി കളപ്പുര വ്യക്തമാക്കിയിരുന്നു. കന്യാസ്ത്രീ മഠങ്ങളിലും ആത്മീയ ഇടങ്ങളിലും ലൈംഗിക ചൂഷണങ്ങൾ ഇനിയും അധികം പുറത്തുവരാത്ത യാഥാർഥ്യങ്ങളാണെന്ന് സിസ്റ്റർ ലൂസി കളപ്പുരക്കൽ ആത്മകഥയിൽ വെളിപ്പെടുത്തുന്നു. ഡി.സി. ബുക്സ് അടുത്തുതന്നെ പ്രസിദ്ധീകരിക്കുന്ന എന്ന ആത്മകഥയിലെ ഭാഗം സമകലാലീന മലയാളം വാരികയാണ് പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലും എത്തുന്നത്. ഈ ആത്മകഥയിൽ ഇനിയും വിവാദങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് സൂചന.

അത്മകഥയുടെ പ്രസക്തഭാഗങ്ങൾ 

ലൗകിക ജീവിതതൃഷ്ണയെ ശമിപ്പിക്കാനായി പ്രാർത്ഥനയിൽ അഭയം തേടുന്ന സന്ന്യാസിനികൾ അവരിൽ അന്തർലീനമായ ലൈംഗികാഭിനിവേശം പ്രകടിപ്പിക്കുന്ന സന്ദർഭങ്ങൾക്കു ഞാൻ മൂകസാക്ഷിയായിട്ടുണ്ട്. വീടും നാടും കയ്യൊഴിഞ്ഞു വൈയക്തിക ബന്ധങ്ങളെ നിരാകരിച്ച് സന്ന്യാസിനി ആവാൻ എത്തിയവരിൽ ഭൂരിഭാഗം പേരും മാനുഷികമായ വികാരത്തെ നിയന്ത്രിക്കാൻ കെൽപ്പില്ലാത്തവരാണ്. ഇവരുടെ ചേഷ്ടകൾക്ക് എത്രയോ തവണ ഞാൻ കാഴ്ചക്കാരി ആയിട്ടുണ്ട്. പുരോഹിതന്മാരുമായാണ് കന്യാസ്ത്രീകളിൽ നല്ലൊരു പങ്കിനും ക്രൈസ്തവചിന്താവിരുദ്ധമായ അടുപ്പമുള്ളത്. മഠത്തിലും സന്ന്യാസിനി ജീവിതത്തിന്റെ എല്ലാ തലങ്ങളിലും വൈദികർക്കുള്ള സ്ഥാനം തന്നെയാണ് ഇത്തരം ബന്ധങ്ങൾ വളരാനുള്ള കാരണവും. സഹവാസികളായ സന്ന്യാസിനികളിൽ നിരവധി പേർക്ക് ഇത്തരം ബന്ധങ്ങളുണ്ട്. സ്വകാര്യ നിമിഷങ്ങളിൽ അവരതിനെ പരിപോഷിപ്പിക്കുകയും ചെയ്യും. മണിക്കൂറുകളോളം ഫോണുകളിലൂടെ ഇവർ സല്ലപിക്കും. കന്യാസ്ത്രീകളുടെമേൽ അദൃശ്യമായ ആണധികാരം പുരോഹിതർ പുലർത്തുന്നതിന്റെ തെളിവുകൾ ഏറെയുണ്ട്. ഇവർ പതിവായി ലൈംഗികബന്ധത്തിലേർപ്പെടുന്ന കഥകൾ ഞാൻ കേട്ടിട്ടുണ്ട്.

കലാശാല അദ്ധ്യാപകനായ ഒരു പുരോഹിതൻ ജോലിക്കുശേഷം സമീപത്തുള്ള മഠത്തിലാണ് സ്ഥിരമായി വിശ്രമിക്കാറുള്ളത്. കന്യകാമഠത്തിൽ വൈദികനു പ്രത്യേക മുറിയുണ്ട്. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചാണ് സ്ഥിരമായി പ്രഭാഷണം നടത്തിക്കൊണ്ടിരുന്നത്. കേൾക്കാൻ മാത്രമല്ല, ഇവിടെ കന്യാസ്ത്രീകൾ വിധിക്കപ്പെട്ടത്. പ്രായോഗിക പരിശീലനത്തിൽ മനംമടുത്ത ഒരു സന്ന്യസ്ത അവരുടെ പുരുഷ സുഹൃത്തിനോട് ഇക്കാര്യം വെളിപ്പെടുത്തി. അദ്ദേഹത്തിനു പ്രതികരിക്കാൻ പ്രാപ്തിയുണ്ടായിരുന്നില്ല. മഠത്തിലെ ഏതാണ്ടെല്ലാ സന്ന്യാസിനികൾക്കും തറവായ പരിശീലനം നൽകിയ പുരോഹിതൻ അദ്ധ്യാപകവൃത്തിയിൽനിന്നു വിരമിക്കുന്നതുവരെ ഇതു തുടർന്നു. എന്റെ സുഹൃത്തിന്റെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ മകൾ പാഠഭാഗത്തിലെ സംശയങ്ങൾ ദൂരീകരിക്കാൻ എന്നെ സമീപിച്ചു. ഈ വിഷയത്തിൽ വൈദഗ്ദ്ധ്യമുള്ള ഒരു വൈദികനെ ഞാൻ ചൂണ്ടിക്കാണിച്ചു. എന്നോടൊപ്പം സുഹൃത്തും മകളും ചേർന്നാണ് അദ്ദേഹത്തിന്റെ അടുത്തു പോയത്. ദേവാലയ സംബന്ധമായ തിരക്കിന്റെ ഭാഗമായി ഞാൻ നേരത്തെ അവിടെനിന്നും തിരിച്ചു. അവരുടെ ആവശ്യം നിറവേറ്റി വീട്ടിലെത്തിയ അവർ എന്നെ വിളിച്ചു നന്ദി അറിയിച്ചു.

അടുത്ത ദിവസം പുരോഹിതൻ പെൺകുട്ടിയെ ഫോണിൽ വിളിച്ചു. എടീ നിനക്കു സുഖമാണോ. അവൾ നിഷ്‌കളങ്കയായി അതേ എന്നു മറുപടി നൽകി. മറുതലക്കൽ പുരോഹിതൻ കാമപരവശനായി സംഭാഷണം തുടർന്നു. നിന്റെ കഴുത്തിനു താഴെ മൂന്നു സ്ഥലത്ത് എനിക്ക് ഉമ്മ വെക്കണം. അശ്ലീലം നിറഞ്ഞ അയാളുടെ വാക്കുകൾക്കു മുന്നിൽ ആ പെൺകുട്ടി പകച്ചുപോയി. അമ്മേയെന്ന് അലറിക്കരഞ്ഞ് അവൾ ഫോൺ അമ്മയ്ക്കു കൈമാറി. ഈ സംഭവം കുടുംബത്തെ ആകെ ഉലച്ചു. അവരെന്നോട് പരാതിപ്പെട്ടു. ദിവസങ്ങൾ നീണ്ട അനുരഞ്ജനത്തിന് ഒടുവിലാണ് അവർ ശാന്തരായത്. അയാളെ നേരിൽ വിളിച്ചു കുടുംബത്തിന്റെ പ്രതിഷേധം അറിയിച്ചു. പുരോഹിതന്റെ മാപ്പോടെയാണ് പ്രശ്നം അവസാനിച്ചത്. ദേവാലയ പരിസരത്തെ സങ്കീർത്തിയിൽ വെച്ച് പുരോഹിതനാൽ ലൈംഗിക ചൂഷണത്തിനിരയായ കന്യാസ്ത്രീ വിവരം എന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്. അവർ എന്നോടൊപ്പം സന്യാസവൃത്തി തുടങ്ങിയവരാണ്. ആ അനുഭവത്തിൽ ഈ സന്ന്യാസിനി സംഭ്രമിച്ചില്ലെന്നു മാത്രമല്ല, അത് അവർ രസിക്കുകയും ചെയ്തു. തൃപ്തികരമായ ഒരു ചൂഷണചരിതം മാത്രമായി ഇത് അവശേഷിക്കുന്നു.

ഒരിക്കൽ ഒരു ചെറുപ്പക്കാരൻ അവന്റെ ആന്റിയായ കന്യാസ്ത്രീയും പുരോഹിതനുമായുള്ള തുടർച്ചയായ ബന്ധത്തെക്കുറിച്ച് രോഷത്തോടെ എന്നോട് പ്രതികരിച്ചു. അവിവാഹിതനായ എന്നെ നേർവഴി നടക്കാൻ സ്ഥിരമായി ഉപദേശം തരുന്നയാളാണ് ഈ വൈദികനെന്ന് അയാൾ പറഞ്ഞു. മിണ്ടാവ്രത കാലത്തെ പ്രത്യേക കുമ്പസാരങ്ങളിൽ വൈദികൻ നോവീസിന്റെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചത് വേദനയോടെ ഒരു കന്യാസ്ത്രീ എന്നോട് പങ്കുവെച്ചിട്ടുണ്ട്. ആത്മീയ ശുശ്രൂഷാ വേളകളിലും കാമവെറിയോടെയാണ് തന്റെ മുന്നിൽ കുമ്പസരിക്കുന്ന കന്യാസ്ത്രീകളെ പുരോഹിതന്മാരിൽ ചിലർ സമീപിക്കുക.

ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായം ഉള്ളതായി എനിക്കറിയാം. ഈ സഹോദരിമാർക്കു പള്ളിമേടയിൽനിന്ന് അനുഭവിക്കേണ്ടിവരുന്നത് അസാധാരണ വൈകൃതമാണ്. നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും. മടുത്ത് എന്നു പറഞ്ഞാൽ പോലും ചെവിക്കൊള്ളാത്ത കാമഭ്രാന്തന്മാരാണ് ചില വൈദികർ. മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകളും സ്വവർഗ്ഗ ഭോഗത്തിന് ഉപയോഗിക്കുന്ന വിവരവും പലരിൽനിന്നായി ഞാനറിഞ്ഞിട്ടുണ്ട്. ആത്മസംഘർഷം ലഘൂകരിക്കുന്നതിനായുള്ള മനപ്പരിചരണം കന്യാസ്ത്രീകളിൽ പലർക്കും കുരിശായി മാറുകയാണ് പതിവ്. വൈദികരായ കൗൺസലിങ് വിദഗ്ദ്ധർ ഈ സ്ത്രീകളെ നിരന്തരമായി പിന്തുടരുന്ന സാഹചര്യവും ഉണ്ട്. ഒരു മുതിർന്ന കന്യാസ്ത്രീയോടൊപ്പം പള്ളിമേടയിലെത്തിയ കൊച്ച് സഹോദരിക്കു സഹിക്കേണ്ടിവന്നത് അസാധാരണ അനുഭോഗമാണ്. ഒറ്റയ്ക്കുനിന്ന ഈ പെൺകുട്ടിയെ പുരോഹിതൻ പൊക്കിയെടുത്ത് മടിയിൽ കിടത്തി മണിക്കൂറുകളോളം ദർശനസുഖം അനുഭവിച്ചു. കാമം നിറഞ്ഞ അനുഭവത്തിലേക്കാണ് ഇത് തന്നെ നയിച്ചതെന്ന് ഈ പെൺകുട്ടി എന്നോട് പറഞ്ഞിട്ടുണ്ട്.

സെമിനാരിയിൽനിന്നും സ്വവർഗ്ഗരതിക്കു വിധേയനായി മാനസികമായി തകർന്ന സഹോദരന്റെ കഥയും അനുകമ്പാർഹമാണ്. ഒരു വർഷത്തോളം നിരന്തരമായി അദ്ദേഹത്തിന് ഈ ലൈംഗിക വൈകൃതം സഹിക്കേണ്ടിവന്നു. മാനസികരോഗിയായി വീട്ടിലെത്തിയ അദ്ദേഹം സന്ന്യാസം ഉപേക്ഷിക്കുകയാണ് ചെയ്തത്. മറ്റൊരു വൈദികവിദ്യാർത്ഥിയും സമാന പരാതി എന്റെ മുന്നിൽ വെളിപ്പെടുത്തിയിട്ടുണ്ട്. സെമിനാരിയിലെ അധികാരികളിലൊരാളായ വൈദികൻ ഈ കുട്ടിയെ സ്വന്തം മുറിയിൽ സ്വവർഗ്ഗരതിക്കു പ്രേരിപ്പിച്ചു. വിസമ്മതിച്ച ആ സഹോദരനെ ബലം പ്രയോഗിച്ചു കട്ടിലിൽ കെട്ടിയിട്ട് ലൈംഗികത രുചിച്ചു. ഈ അതിക്രമം വീട്ടുകാരുടെ മുന്നിൽ അവതരിപ്പിക്കാനുള്ള ഭയത്തിൽ ഈ ചെറുപ്പക്കാരൻ മറ്റൊരു ആശ്രമം തേടി പുറത്തുപോകുകയായിരുന്നു. കേരളത്തിലെ സീറോ മലബാർ സഭയോടൊപ്പം മറ്റു സന്ന്യാസ പുരോഹിത സഭകളും ലൈംഗിക അരാജക കേന്ദ്രങ്ങളാണ്. - സിസ്റ്റർ ലൂസി കളപ്പുരക്കൽ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP