Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യമൊട്ടാകെ പാർക്കിങ് പ്ലാസകൾ നിർമ്മിക്കാനൊരുങ്ങി ദേശീയ പാത അഥോറിറ്റി; ഒരു വർഷത്തിൽ 50എണ്ണത്തിന്റെ നിർമ്മാണം പൂർത്തിയാക്കും; സ്ഥലലഭ്യതയനുസരിച്ച് 1000 കാറുകൾ വരെ പാർക്ക് ചെയ്യാനാകും; റോഡിനു നടുവിൽ റസ്റ്റോറന്റുകളും പെട്രോൾ പമ്പുകളും വിശ്രമമുറികളും കൈത്തറി, ഖാദി ഷോറൂമുകളും ഉൾപ്പെടുന്ന പ്ലാസകൾ സംസ്ഥാന ദേശീയ പാതകളുടെ മുഖം മാറ്റും; അനധികൃത പാർക്കിംഗിന് പിഴയിടാക്കാനും തീരുമാനം

രാജ്യമൊട്ടാകെ പാർക്കിങ് പ്ലാസകൾ നിർമ്മിക്കാനൊരുങ്ങി ദേശീയ പാത അഥോറിറ്റി; ഒരു വർഷത്തിൽ 50എണ്ണത്തിന്റെ നിർമ്മാണം പൂർത്തിയാക്കും; സ്ഥലലഭ്യതയനുസരിച്ച് 1000 കാറുകൾ വരെ പാർക്ക് ചെയ്യാനാകും; റോഡിനു നടുവിൽ റസ്റ്റോറന്റുകളും പെട്രോൾ പമ്പുകളും വിശ്രമമുറികളും കൈത്തറി, ഖാദി ഷോറൂമുകളും ഉൾപ്പെടുന്ന പ്ലാസകൾ സംസ്ഥാന ദേശീയ പാതകളുടെ മുഖം മാറ്റും; അനധികൃത പാർക്കിംഗിന് പിഴയിടാക്കാനും തീരുമാനം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; ദേശീയ പാത അഥോറിറ്റി രാജ്യമൊട്ടാകെ പാർക്കിങ് പ്ലാസകൾ നിർമ്മിക്കാൻ ഒരുങ്ങുന്നു. ഈ മുറയ്ക്കു ദേശീയ പാതകളിലെ അനധികൃത പാർക്കിങിനു വൻ പിഴ വരും. ഇതിനുള്ള നിയമം കേന്ദ്രസർക്കാരിന്റെ ആലോചനയിലുണ്ടെന്നു ഗതാഗത സഹമന്ത്രി വി.കെ.സിങ് പറഞ്ഞു. പാർക്കിങ് പ്ലാസകൾ തയാറാകാതെ ഇതു നടപ്പാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാതയോരങ്ങളിൽ ചരക്കു സംഭരണത്തിന് ലോജിസ്റ്റിക്‌സ് പാർക്കുകൾ ആരംഭിക്കാനും സർക്കാരിന് ഉദ്ദേശ്യമുണ്ട്. ചെന്നൈ, ഇൻഡോർ അടക്കം രാജ്യത്ത് ഇത്തരം 35 സ്ഥലങ്ങൾ അഥോറിറ്റി കണ്ടെത്തിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും സ്ഥലലഭ്യത വലിയ പ്രശ്‌നമാണ്. കേരളത്തിലാണു സ്ഥലം ഏറ്റെടുക്കുന്നതിന് ഏറ്റവും കൂടുതൽ പണം നൽകേണ്ടി വരുന്നതെന്നു ഗതാഗത മന്ത്രി നിതിൻ ഗഡ്കരി സൂചിപ്പിച്ചിരുന്നു. റോഡുകളുടെ നിർമ്മാണച്ചെലവു സംസ്ഥാനവും കേന്ദ്രവും പകുതി വീതം എടുക്കണമെന്നാണു വ്യവസ്ഥ. പക്ഷേ, പല സംസ്ഥാനങ്ങൾക്കും ഇതു താങ്ങാനാവുന്നില്ലെന്നതും പദ്ധതിയെ പിന്നോട്ടടിക്കുന്നു.

സംസ്ഥാന ഹൈവേകളിലും ദേശീയ പാതകളിലും എക്സ്‌പ്രസ് വേകളിലും റോഡിനു നടുവിൽ റസ്റ്റോറന്റുകളും പെട്രോൾ പമ്പുകളും വിശ്രമമുറികളും കൈത്തറി, ഖാദി ഷോറൂമുകളും ഉൾപ്പെടുന്ന പ്ലാസകൾ നിർമ്മിക്കാനും പദ്ധതിയുണ്ട്. ഇതിനുള്ള ടെൻഡറുകൾ വിളിച്ചു കഴിഞ്ഞു.പെട്രോൾ പമ്പുകളിൽ നിന്നുള്ള വരുമാനം അഥോറിറ്റിക്കു ലഭിക്കുന്ന വിധമായിരിക്കും സ്ഥാപിക്കുക. ഒരു വർഷത്തിനുള്ളിൽ 50 പാർക്കിങ് പ്ലാസകൾ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്ഥലലഭ്യതയനുസരിച്ച് 1000 കാറുകൾ വരെ പാർക്ക് ചെയ്യാനാകും.

റോഡ് നിർമ്മിക്കുമ്പോൾ അതിന്റെ ചെലവിനു തുല്യമായ സ്ഥലം സംസ്ഥാനങ്ങൾ നൽകിയാൽ ലോജിസ്റ്റിക്‌സ് പാർക്കുകളും പാർക്കിങ് പ്ലാസകളും നിർമ്മിക്കാനാവും. അങ്ങനെ വരുമ്പോൾ പകുതി നിർമ്മാണ ചെലവു വഹിക്കുന്നതിൽ നിന്ന് സംസ്ഥാനങ്ങൾ മാറിനിൽക്കാൻ പറ്റും. പാതകളുടെ 500 മീറ്ററുകളിൽ നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ നിന്നുള്ള വരുമാനം അഥോറിറ്റിക്കു നൽകുക, ലോജിസ്റ്റിക്‌സ് പാർക്കിനു സ്ഥലം നൽകുക തുടങ്ങിയവ വഴി ചെലവു പങ്കുവയ്ക്കാനാവും. ഇതിനായി സംസ്ഥാനങ്ങളുടെ യോഗം വൈകാതെ വിളിച്ചു ചേർക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ രൂക്ഷമായ പാർക്കിങ് പ്രശ്‌നത്തിന് പരിഹാരമായി സംസ്ഥാനത്ത് 14 സ്ഥലങ്ങളിലാണ് പാർക്കിങ് പ്ലാസകൾ സ്ഥാപിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതായി ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്ക്കരി ലോക്‌സഭയിൽ പറഞ്ഞിരുന്നു. മോട്ടോർ വാഹന ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയുടെ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാന നഗരങ്ങൾ ഉൾപ്പടെ 14 സ്ഥലങ്ങളിൽ പാർക്കിങ് പ്ലാസകൾ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ അനുമതി തേടിയിരുന്നു.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ വാഹന പാർക്കിങ് രൂക്ഷമായ പ്രശ്‌നമായി മാറുന്നുണ്ട്. അനധികൃതമായ പാർക്കിങ് ഗതാഗതകുരുക്ക് വർദ്ധിക്കാനും കാരണമാകുന്നുണ്ട്. കേരളത്തിലെ മറ്റ് പട്ടണങ്ങളിലും പാർക്കിങ് പ്രശ്‌നം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് പാർക്കിങ് പ്ലാസ എന്ന ആശയവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP