Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോയ്മകളും കാമനകളും: സ്ത്രീയുടെ വിമോചന സമരങ്ങൾ

കോയ്മകളും കാമനകളും: സ്ത്രീയുടെ വിമോചന സമരങ്ങൾ

ഷാജി ജേക്കബ്‌

ന്നാ കാതറിൻ മുള്ളൻസ് എന്നും മേരി റിച്ചാർഡ് കോളിൻസ് എന്നും പേരായ രണ്ടു സ്ത്രീകളാണ് യഥാക്രമം ബംഗാളി, മലയാളം ഭാഷകളിൽ നോവൽസാഹിത്യത്തിനു തുടക്കമിട്ടത്. ഇരുവരും പ്രശസ്തരായ ഇംഗ്ലീഷ് മിഷനറിമാരുടെ മക്കളും ഭാര്യമാരുമായിരുന്നു. മീനാക്ഷി മുഖർജി പറയുന്നത്, ഹന്നാ, അവരുടെ സമകാലികയായിരുന്ന വിഖ്യാത നോവലിസ്റ്റ് ജോർജ് എലിയറ്റിന്റെ മിഡിൽ മാർച്ചിലെ ഡൊറോത്താബ്രൂക്ക് എന്ന കഥാപാത്രത്തെ ഓർമ്മിപ്പിക്കുമെന്നാണ്. എഴുത്തിന്റെയും വായനയുടെയും രഹസ്യാനനന്ദങ്ങൾ കൊണ്ട് അന്യഥാ സംഘർഷഭരിതമായിരുന്ന തങ്ങളുടെ ജീവിതം പൂരിപ്പിച്ചു, ഇരുവരും. ആധുനികകാലത്തിന്റെ യഥാതഥ-ജ്ഞാനശാസ്ത്രത്തോടും ആധുനിക സാമൂഹ്യഘടനയിലെ വ്യക്തിവാദത്തോടും ചേർന്നുപോകുന്നതാണ് നോവൽ എന്ന ഇയാൻ വാട്ടിന്റെ നിരീക്ഷണം ഹന്നായുടെയും മേരിയുടെയും രചനകളെ ചരിത്രപരവും ഭാവുകത്വപരവുമായി ഇന്നും പ്രസക്തമാക്കുന്നു. എന്നുമാത്രവുമല്ല, സ്ത്രീയുടെ ആത്മബോധവും ജീവിതനിർണയശേഷിയും കാമനകളും കൈവരിക്കുന്ന ആഖ്യാനസാധ്യതകളിലാണ് നോവൽ അതിന്റെ കലയും രാഷ്ട്രീയവും രൂപപ്പെടുത്തുന്നതെന്നും ഈ സ്ത്രീകൾ തങ്ങളുടെ രചനകളിലൂടെ തെളിയിക്കുകയായിരുന്നു. 1852-ലാണ് ഫൂൽമോണിയെന്നും കോരുണയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ ഹന്നാ എഴുതുന്നത്. ഏഴുവർഷം കഴിഞ്ഞ് മേരി ഘാതകവധവും. ശിഥിലമായ കുടുംബവും ദാമ്പത്യബന്ധവും ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനത്തിലൂടെ ശരിയാക്കിയെടുക്കുന്ന പ്രചാരണസാഹിത്യമെന്ന നിലയിലാണ് ഹന്നയുടെ നോവലിന്റെ രചനയെങ്കിലും ഗുണപാഠകഥകളുടെ ബംഗാളിപാരമ്പര്യത്തിനപ്പുറത്തേക്ക് സ്ത്രീയുടെ കർതൃപദവിക്കു ലഭിക്കുന്ന ദൃശ്യത ഇന്ത്യൻ നോവലിന്റെ ഏറ്റവും പ്രധാനപ്പെട്ട കലയും പ്രത്യയശാസ്ത്രവുമായി രൂപപ്പെടുന്നതിന്റെ ആദ്യമാതൃകയായും മാറുന്നുണ്ട് ഈ നോവൽ. ഘാതകവധവും അങ്ങനെതന്നെ. അടിമവിളംബരത്തിന്റെ സാമൂഹിക രാഷ്ട്രീയത്തിനൊപ്പം, പ്രണയത്തിലും വിവാഹത്തിലും സ്ത്രീക്കുള്ള സ്വയംനിർണയശേഷിയുടെ സാംസ്‌കാരികരേഖയുമാണ് ഈ നോവൽ.

രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’ ഹന്നയുടെ നോവലിനോട് പുലർത്തുന്ന പാഠാന്തരബന്ധത്തിനുള്ളത് ഈ കലാപദ്ധതിയുടെ ഭാവുകത്വത്തുടർച്ചയാണ്. അത് ശീർഷകത്തിൽ മാത്രം ഒതുങ്ങുന്നില്ല. വീട്, ഭൂമി, അക്ഷരം, മൃഗം, പുരുഷൻ, ലൈംഗികത എന്നിങ്ങനെ നിരവധി ജൈവരൂപകങ്ങളിൽ പരസ്പരം ബന്ധിപ്പിക്കാവുന്ന ഭാവതലം ഫുൽമോണിക്കും കല്യാണിക്കുമുണ്ട്. 1858-ലാണ് ഫുൽമോണി മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെടുന്നത് (തൊട്ടടുത്തവർഷം മിസിസ് കോളിൻസ് തന്റെ നോവൽ ഇംഗ്ലീഷിലെഴുതിത്ത്ത്ത്ത്ത്തുടങ്ങി). കൃത്യം 160 വർഷത്തിനുശേഷം രാജശ്രീ തന്റെ രണ്ടു സ്ത്രീകളുടെ കഥയവതരിപ്പിക്കുമ്പോൾ ഗുണപാഠകഥയിലെ വിക്‌ടോറിയൻ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന സ്ത്രീകളല്ല, അവയെ അകമേ പിളർക്കുന്ന പെണ്ണുങ്ങളാണ് കല്യാണിയും ദാക്ഷായണിയും. കുടുംബം സംരക്ഷിച്ചും ലൈംഗികമര്യാദ, സദാചാരം, അനുസരണ, മാന്യത തുടങ്ങിയവ പാലിച്ചും സ്ത്രീപുലർത്തേണ്ട എളിമ (modesty)യെ കുറിച്ചായിരുന്നു ഹന്നയുടെ നോവലെങ്കിൽ, ആണധികാരത്തിന്റെയും ജാതിവെറിയുടെയും സാമ്പത്തികാടിമത്തത്തിന്റെയും അതൃപ്തകാമനകളുടെയും കരിങ്കൽക്കെട്ടായി കുടുംബത്തെ കണ്ട്, ഉള്ളിൽനിന്നുതന്നെ അതു തകർക്കാനുള്ള സ്ത്രീയുടെ ആത്മബോധത്തിന്റെ വിസ്‌ഫോടനമാണ് രാജശ്രീയുടെ നോവൽ. കല്യാണിയും ദാക്ഷായണിയും തങ്ങളുടെ ഇണകളുടെ അടിമകളോ വസ്തുവൽക്കരിക്കപ്പെട്ട ഉടമകളോ ആയി തുടരാൻ തയ്യാറല്ല. അവർ തങ്ങളുടെ ജീവിതത്തിന്റെ ഉടമകളും ആത്മവൽക്കരിക്കപ്പെട്ട ഉടലുകളുമായി സ്വയം പരിണമിക്കുന്നു. കാമനകളുടെ കളിയരങ്ങായി തങ്ങളെത്തന്നെ പരുവപ്പെടുത്തുന്നു. ജൈവികവും സ്വാഭാവികവുമായ മാനസികാനുഭൂതികളെല്ലാം തിരസ്‌കരിക്കപ്പെടുന്നതും ഹിംസാത്മകവുമാണ് വിവാഹമെന്ന വ്യവസ്ഥക്കു പിന്നിലെ സാമൂഹ്യമൂല്യങ്ങൾ. വിവാഹത്തിൽ ഊന്നിയ ദാമ്പത്യം ഈ ഹിംസാത്മകതയെ അതിന്റെ അന്ത്യം വരെ നിലനിർത്തുകയും ചെയ്യും. ഇന്ത്യൻ കുടുംബവ്യവസ്ഥ ജാതി മുതൽ സമ്പത്ത് വരെയും ശരീരം മുതൽ ലൈംഗികത വരെയുമുള്ള മുഴുവൻ തലങ്ങളിലും സ്ത്രീക്കുമേൽ നടപ്പാക്കുന്ന ഈ ഹിംസാത്മകതയുടെ നിശിതമായ പൊളിച്ചെഴുത്താണ് കല്യാണി, ദാക്ഷായണിമാരുടെ കത. കെട്ടഴിച്ചുവിടുന്ന പെൺകാമനകളുടെ കുത്തൊഴുക്കിൽ പൊട്ടിത്തകർന്നു പോകുന്ന കുടുംബമെന്ന ചീട്ടുകൊട്ടാരത്തിന്റെ കഥയാണത്. ആൺകോയ്മയുടെ അനന്തമായ ഭോഗസാധ്യതകളിലേക്ക് തീറെഴുതിക്കൊടുക്കപ്പെടുന്ന മുഴുവൻ പെണ്ണവസ്ഥകളുടെയും അശാന്തലോകത്തെയാണ് രാജശ്രീ അപനിർമ്മിക്കുന്നത്. അതേസമയം, വ്യവസ്ഥകൾക്കും കോയ്മകൾക്കും അടിപണിഞ്ഞുപോകുന്ന സ്ത്രീജീവിതങ്ങളുമുണ്ട് നോവലിൽ. സ്വാത്മവൽക്കരിക്കപ്പെടാനാവാത്ത പെണ്ണുടലുകളുടെ കടങ്കഥകളായി അവർ കാലത്തിൽ ഉറഞ്ഞും തറഞ്ഞും നിൽക്കുന്നു.

കാമനകളുടെ ജീവചരിത്രമാണ് കുടുംബത്തിന്റെയും പെണ്ണുടലിന്റെയും ഭാവഭൂപടത്തിലെഴുതപ്പെടുന്ന ഓരോ നോവലും. അഗ്നിസാക്ഷി, ദൈവമക്കൾ, ആലാഹയുടെ പെൺമക്കൾ, വിലാപ്പുറങ്ങൾ, ആരാച്ചാർ, ആസിഡ്, ദൈവാവിഷ്ടർ.... മലയാളത്തിൽ സ്ത്രീകളെഴുതിയ മികച്ച നോവലുകൾ ഏതും നോക്കൂ. ഘാതകവധം മുതൽ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീയും, കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകവും, ശലഭം, പൂക്കൾ, ഏയറോപ്ലെയിനും, തഥാഗതയും, ബുധിനിയും ഉൾപ്പെടെ ഏതു രചനയും ഈയൊരു തത്വം ഓരോതരത്തിൽ ശരിവയ്ക്കും. രാജശ്രീയുടെ നോവൽ മലയാളത്തിലെ സ്ത്രീനോവലുകളുടെ ഈയൊരു വഴിയിൽ സംഭവിച്ച ഏറ്റവും മൗലികമായ ഭാവനാവിസ്മയമാണ്.

ആറുതലങ്ങളിലാണ് കല്യാണി-ദാക്ഷായണിമാരുടെ കത മലയാളനോവലിലെ സ്ത്രീപക്ഷഭാവനയെ ലാവണ്യവൽക്കരിക്കുന്നതും രാഷ്ട്രീയവൽക്കരിക്കുന്നതും.

ഒന്ന്, മലയാളനോവലിൽ തുടക്കം തൊട്ടിന്നോളം പലതോതിലും സമീപനത്തിലും പ്രകടമാകുന്ന സ്‌ത്രൈണകർതൃത്വത്തെ, കാമനകളുടെ ജൈവരാഷ്ട്രീയമായി പുനഃസൃഷ്ടിക്കുന്ന അതീവ ശ്രദ്ധേയമായ വഴിമാറിനടപ്പ് എന്ന നിലയിൽ.

രണ്ട്, ഫേസ് ബുക്ക് എന്ന മാധ്യമത്തിൽ രചിക്കപ്പെടുകയും പിന്നീട് ഘടനാപരമായും ആഖ്യാനപരമായും പുനർവിന്യസിക്കപ്പെടുകയും ചെയ്ത ആദ്യ മലയാളനോവൽ എന്ന നിലയിൽ.

മൂന്ന്, ഭാഷയും ദേശവും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ വടക്കൻ മലബാറും തിരുവിതാംകൂറും നോവലിൽ സൃഷ്ടിക്കുന്ന (തിരിച്ചും!) സ്ഥലത്തിന്റെ സാംസ്‌കാരിക ഭൂമിശാസ്ത്രം എന്ന നിലയിൽ.

നാല്, ചരിത്രം, ജാതി, രാഷ്ട്രീയം എന്നീ മൂന്നു വ്യവഹാരങ്ങളെ വിമർശനാത്മകമായിത്തന്നെ നോവലിന്റെ അബോധഘടനയിൽ സന്നിവേശിപ്പിക്കുന്നതിന്റെ പാഠമാതൃകയെന്ന നിലയിൽ.

അഞ്ച്, ആണധികാരത്തിനെതിരെയുള്ള യുദ്ധങ്ങളിൽ നാട്ടുവിശ്വാസങ്ങളും പ്രേതസാന്നിധ്യങ്ങളുമൊക്കെ നടപ്പാക്കുന്ന ജീവിതത്തിന്റെ ഭദ്രലോകങ്ങളുടെ അപനിർമ്മിതിയെന്ന നിലയിൽ.

ആറ്, സ്‌ത്രൈണഭാഷയും ഭാഷണവും, നർമബോധം, ശരീരരാഷ്ട്രീയത്തിന്റെ വ്യഞ്ജനാവ്യതിരേകം തുടങ്ങിയവ പ്രത്യയശാസ്ത്രപരമായ ഊർജ്ജം കൈവരിക്കുന്ന പെണ്ണെഴുത്തിന്റെ കലയെന്ന നിലയിൽ.

1940കൾ തൊട്ട് ഇന്നുവരെയുള്ള എട്ടുപതിറ്റാണ്ടിന്റെ ചരിത്രകാലമുണ്ട് നോവലിൽ. അതിലും രണ്ടുപതിറ്റാണ്ടു കുറഞ്ഞ ജീവിതകാലം കല്യാണിക്കും ദാക്ഷായണിക്കും.

“മൂന്നാം ക്ലാസ് വരെയേ രണ്ടുപേരും പഠിച്ചിട്ടുള്ളു. പാവാട പൊക്കി തുടയിൽ നുള്ളിയ മാഷെ, നീ പുയ്ത്ത് പോവ്വടാ നായീന്റെ മോനേ എന്ന് അനുഗ്രഹിച്ചിട്ട് ക്ലാസിൽനിന്ന് ഇറങ്ങിയതാണ് ദാക്ഷായണി. ഒരു മോറൽ സപ്പോർട്ടിന് കല്യാണിയേച്ചിയും കൂടെയിറങ്ങി. പിന്നെ മൂക്കാത്ത നെല്ല് ഊരിത്തിന്നും കളിയാട്ടം കണ്ടും കെട്ടെടുത്തും നാട്ടിപ്പണിക്ക് പോയും കല്ല് കടത്തിയും അവരങ്ങ് മുതിർന്നു. കല്യാണിയേച്ചിക്ക് വലിയ കോപ്പുകാരൻ പുരുവൻ വന്നു. ദാക്ഷായണി വീടിനടുത്ത് പുതുതായി തുടങ്ങിയ പ്ലൈവുഡ് കമ്പനിയിൽ പണിക്ക് പോയിത്തുടങ്ങി. പ്രസവരക്ഷ അറിയാവുന്നതുകൊണ്ട് ആ വഴിക്ക് പുറം വരുമാനവും ഉണ്ടായി. അത്യാവശ്യം കൃഷി, കൊല്ലത്തിൽ കിട്ടുന്നതാണെങ്കിലും ആവശ്യത്തിന് അണ്ടി. അതൊക്കെ അധികസമ്പാദ്യമായ കുറിക്ക് കൊടുക്കാനുള്ളതുമാണ്. ആയിടെ അന്നത്തെ മദ്രാസിൽ ആണി ബിസിനസ് നടത്തുന്ന കൊല്ലം സ്വദേശിയുമായി ദാക്ഷായണിയുടെ കല്യാണം നടന്നു. ഭർത്താവ് മാസത്തിലെ ആദ്യത്തെ ശനിയാഴ്ച പുലർച്ചെ ദാക്ഷായണിയുടെ വീട്ടിൽ വരും. ഞായറാഴ്ച സന്ധ്യയ്ക്ക് തിരിച്ചു പോകും. പ്രേമോദാരയായ ഭാര്യ മേല്പറഞ്ഞ ഇൻകം ഫ്രം അദർ സോഴ്‌സടക്കം സമർപ്പിച്ചാണ് ഭർത്താവിനെ സ്‌നേഹിച്ചത്. ശനിയാഴ്ച രാത്രിയിലെ പ്രഭാഷണത്തിനു ശേഷമുള്ള സാംസ്‌കാരിക പരിപാടികൾ കഴിയുമ്പോഴാണ് ഭർത്താവ് ദാക്ഷായണിയോട് ആ മാസത്തെ ഫോംസിക്സ്റ്റീൻ സമർപ്പിക്കാൻ ആവശ്യപ്പെടുക. എന്താന്നറിയില്ല അതൊരു പതിവായിപ്പോയി. ഞായറാഴ്ച മൂന്നു മണിക്ക് മദ്രാസിലേക്ക് അയാൾ തിരിച്ചുപോകുമ്പോൾ ദാക്ഷായണി ഏറക്കുറെ വിളവെടുത്തു കഴിഞ്ഞ കശുമാവുപോലെ ആയിട്ടുണ്ടാവും”.

കോപ്പുകാരനെന്നാൽ പ്രമാണി, വലിയ കുടുംബക്കാരൻ, സമ്പന്നൻ. കോപ്പുകാരന്റെ രണ്ടാം കെട്ടായിരുന്നു കല്യാണി. അയാൾക്ക് ഉദ്ധാരണശേഷിയുണ്ടായിരുന്നില്ല. കല്യാണി നാരായണന്റെ അനിയൻ ലക്ഷ്മണനിൽ നിന്ന് ഗർഭിണിയായി. നാരായണന്റെയും ലക്ഷ്മണന്റെയും അച്ഛനെ ചേയിക്കുട്ടിയും ചേച്ചിയും പങ്കിട്ടെടുത്തതാണ്. നാരായണൻ ചേച്ചിയുടെ മകനാണ്. ലക്ഷ്മണൻ ചേയിക്കുട്ടിയുടെയും. ചേച്ചി കിണറ്റിൽ ചാടി ചത്തുവെങ്കിലും നാരായണനെ സ്വന്തം മകനായി വളർത്തി, ചേയിക്കുട്ടി. അവരുടെ പെണ്മക്കൾ കല്യാണിയോടു പോരുകുത്തി. കോപ്പുകാരനിൽ മനംമടുത്തും ആ വീട്ടിൽ ജീവിതം മടുത്തും കല്യാണി വീട്ടിലേക്കു മടങ്ങി. എങ്കിലും ചേയിക്കുട്ടി വന്നുവിളിച്ചപ്പോൾ അവൾ തിരിച്ചുപോയി. കല്യാണി ഗർഭിണിയാണെന്നറിഞ്ഞ കോപ്പുകാരൻ എന്നേക്കുമായി നാടുവിട്ടു. ലക്ഷ്മണൻ തടിക്കച്ചവടത്തിനായി വയനാട്ടിലേക്കു പോയി, തിരികെവന്ന് കമലയെ കെട്ടി. ചേയിക്കുട്ടി കിണറ്റിൽ വീണു മരിച്ചതോടെ കുഞ്ഞുമായി ഒറ്റക്കു ജീവിക്കാൻ മടിച്ച കല്യാണി തന്റെ വീട്ടിലേക്കു വീണ്ടുമെത്തി. അമ്മയുടെ മരണത്തോടെ അവളും മകൻ ബിജുവും മാത്രമായി. അയൽക്കാരനായ അബൂബക്കറിനെ ചേർത്ത് നാട്ടുകാരും മകനും അപവാദം പറഞ്ഞുതുടങ്ങിയതോടെ കല്യാണി വലഞ്ഞു. ഏറ്റവും കുറഞ്ഞത് മൂന്നു തലമുറ പുരുഷന്മാരുടെയെങ്കിലും സദാചാരവിചാരണകൾക്കു വിധേയയാണ് മിക്ക സ്ത്രീകളുമെന്ന് കല്യാണിയുടെ ജീവിതം തെളിയിക്കുന്നു. പിതാവ്, ഭർത്താവ്, പുത്രൻ. കുടുംബത്തിനകത്തെ വിചാരണക്കോടതിയാണ് ഇവരെങ്കിൽ കുടുംബത്തിനു വെളിയിലും പെണ്ണിനുള്ളത് ആദ്യന്തം ഒരു തടവുജീവിതമാകുന്നു. വീടും നാടും അവളുടെ മുഴുവൻ ആകാശങ്ങളെയും കവർന്നെടുക്കുന്നു. തുറുകണ്ണുകൾകൊണ്ട് അവളെ നിരീക്ഷിക്കുന്നു.

ദാക്ഷായണിയുടെ ആണിക്കാരൻ അവളെ തന്റെ കീഴിൽ ആണികൊണ്ടു തറച്ചു. അവളുടെ വരുമാനം മാത്രമേ അയാൾക്കു വേണ്ടിയിരുന്നുള്ളു. ഇടംവലം തിരിയാൻ അനുവദിക്കാതെ അയാൾ അവളെ ഉലച്ചു. അവൾക്കെതിരെ അയാൾതന്നെ അപവാദം പറഞ്ഞുണ്ടാക്കി. സഹികെട്ട ദാക്ഷായണി തന്റെ നാടും വീടും വിട്ട് ആണിക്കാരന്റെ നാട്ടിലും വീട്ടിലും താമസമാക്കി. അവിടെയും സഹികെട്ട് ഒരു കൊല്ലത്തിനുള്ളിൽ അവൾക്കു ഭ്രാന്തുപിടിച്ചു. ഒടുവിൽ ആ ബന്ധമുപേക്ഷിച്ച് ദാക്ഷായണി സ്വന്തം വീട്ടിലേക്കു മടങ്ങി.

കല്യാണിയും ദാക്ഷായണിയും തങ്ങളുടെ രണ്ടാം ജീവിതം തുടങ്ങി. പശുക്കളും കിടാങ്ങളും അവരുടെ ജീവിതം നിർണയിച്ചു. നോവലിന്റെ ആഖ്യാനകർതൃത്വത്തിൽ പങ്കുപറ്റുന്നുമുണ്ട്, ഇരു വീടുകളിലെയും പശുക്കൾ (ഹന്നാമുള്ളൻസിന്റെ നോവലിലുമുണ്ട്, നായികയുമായി ജൈവബന്ധം സ്ഥാപിക്കുന്ന പശുവും കിടാവും!). കാലം മാറി. കഥ മാറി.

പെണ്ണിന് ജീവിതത്തിൽ വേണ്ടതെന്താണ് എന്ന ഒറ്റ ചോദ്യമേ ഈ നോവൽ ഉന്നയിക്കുന്നുള്ളു. അത് പക്ഷെ ചരിത്രത്തിൽ ആണിപോലെതറഞ്ഞ ഒരു ചോദ്യമാണ്. സൂക്ഷിച്ചുനോക്കിയാൽ കാണാം. അതിനടിയിൽനിന്ന് എക്കാലത്തും ചോരയിറ്റുവീഴുന്നുണ്ട്. നോവലിലെ ഓരോ പെണ്ണും തന്റെ ജീവിതത്തിൽ തനിക്കുവേണ്ടത് കിട്ടാതെ മുഴുവൻ ലോകത്തോടും പടവെട്ടുന്നു. സ്ത്രീയുടെ ജീവിതം ഒരു സമരമാണ് - ജനനം മുതൽ മരണം വരെ. കുടുംബവും ദേശവും അവളെ ഒരിക്കലും ചേർത്തുനിർത്തുന്നില്ല. കല്യാണിക്കും ദാക്ഷായണിക്കും പുറമെ ഈ നോവലിലുള്ള നാലു സ്ത്രീകളും ഇങ്ങനെ ജീവിതത്തിനു പുറത്തുപോയവരാണ്.

നോവലിന്റെ ആഖ്യാതാവാണ് ഒരു സ്ത്രീ. ബിജുവിന്റെ സഹപാഠിയാണവൾ. കല്യാണിച്ചേച്ചിയുടെ കഥ ഫേസ്‌ബുക്കിൽ എഴുതുകയാണവൾ. അവൾക്കുമുണ്ട് ഏറെക്കുറെ സമാനമായ ഒരു ജീവിതം. ഭർത്താവ് വിനയനുമായുള്ള ബന്ധം ഒഴിയാനുള്ള നിയമപ്പോരാട്ടത്തിലാണവൾ. മകളുമുണ്ട് ഒപ്പം. കൗൺസലിങ് കാലത്ത് അവൾ വീണ്ടും ഗർഭിണിയായി. രണ്ടാമതും പെൺകുഞ്ഞ് പിറന്നതോടെ വിനയന്റെ പുറത്തേക്കുള്ള വഴി എളുപ്പമായി.

കല്യാണിയോട് ദാക്ഷായണി പറയുന്ന കഥയിലാണ് കുഞ്ഞിപ്പെണ്ണുള്ളത്. അവരുടെ ജീവിതംപോലെതന്നെ സംഭവബഹുലവും അനുഭവതീഷ്ണവുമായ ഒന്നാണെങ്കിലും കുഞ്ഞിപ്പെണ്ണിന്റേതാ പ്രണയസുരഭിലവും സ്‌നേഹപൂർണവുമായ ജീവിതമാണ്. ഭർത്തൃഗൃഹത്തിനടുത്ത് ദാക്ഷായണി പരിചയപ്പെട്ടതാണ് കുഞ്ഞിപ്പെണ്ണിനെ. ഒരു പട്ടാളക്കാരനായിരുന്നു അവളുടെ ഭർത്താവ്. ശൂരനാട് കലാപത്തിലും മറ്റും പങ്കെടുത്ത പഴയ വിപ്ലവകാരി ചിത്രസേനനാണ് പട്ടാളക്കാരന്റെ ജ്യേഷ്ഠൻ. പൊലീസ് മർദ്ദനത്തിൽ രോഗിയും ദുർബ്ബലനുമായ ചിത്രസേനന്റെ കൂടി ഭാര്യയാകാൻ അയാളുടെ അമ്മ കുഞ്ഞിപ്പെണ്ണിനെ നിർബ്ബന്ധിച്ചു. അവൾക്കാകട്ടെ പട്ടാളക്കാരനോടുള്ളതിനെക്കാൾ ഇഷ്ടം ചിത്രസേനനോടായിരുന്നുതാനും. അവൾ സമ്മതിച്ചു.

കല്യാണി കോപ്പുകാരനെയും ദാക്ഷായണി ആണിക്കാരനെയും കുഞ്ഞിപ്പെണ്ണ് പട്ടാളക്കാരനെയുമാണ് കല്യാണം കഴിച്ചതെങ്കിലും അവർ സ്‌നേഹിച്ചത് യഥാക്രമം ലക്ഷ്മണനെയും രാമചന്ദ്രനെയും ചിത്രസേനനെയുമായിരുന്നു. അവരെ സ്‌നേഹിച്ചതും ഈ ആണുങ്ങളായിരുന്നു.

ചെറുപ്പത്തിൽ കല്യാണിയേച്ചിക്കൊപ്പം എഴുത്തുകാരി കണ്ടുമുട്ടിയതാണ് ലിസിയെ. പഴശ്ശികനാൽ പണിക്ക് തെക്കുനിന്നെത്തിയ എഞ്ചിനീയർ വിൻസിച്ചന്റെ ഭാര്യയായിരുന്നു, ലിസി. തുടലിൽ പൂട്ടിയ ജീവിതമായിരുന്നു അവളുടേത്. രണ്ടാമത്തെ കുഞ്ഞും പെണ്ണായതോടെ വിൻസിച്ചൻ ഭാര്യയെ ഉപേക്ഷിക്കുന്നു. അയാൾ കൊല്ലാതിരിക്കാൻ മാത്രം അവൾ കുഞ്ഞുങ്ങളെയും കൊണ്ട് സ്വന്തം അപ്പന്റെ കൂടെ നാടുവിട്ടു.

മേല്പറഞ്ഞ മുഴുവൻ പെണ്ണുങ്ങൾക്കുമൊപ്പം നോവലിൽ വളർന്നുനിൽക്കുന്ന മറ്റൊരു സ്ത്രീയാണ് ചേയിക്കുട്ടി. തന്റെ കാലത്ത്, തന്റേതായ ജീവിതം ജീവിച്ചവർ. സഹോദരിയോടൊപ്പം സന്തോഷത്തോടെ ഒരു പുരുഷനെ പങ്കിട്ടവർ. ചേച്ചി കിണറ്റിൽ ചാടി ചത്തതോടെ ജീവിതം തകിടം മറിഞ്ഞുപോയവൾ. ചേച്ചിയുടെയും തന്റെയും മക്കളെ ഒരുപോലെ വളർത്തിയവർ. നാരായണൻ നാടുവിട്ടുപോയിട്ടും അവന്റെ ഭാര്യയെയും കുഞ്ഞിനെയും തന്റെ വീട്ടിൽ കൊണ്ടുവന്നു താമസിപ്പിച്ചവർ. ഉറക്കിമല്ലാതെ, രാത്രികളിൽ തന്റെയും മറ്റുള്ളവരുടെയും ജീവിതങ്ങൾക്കു കാവലിരുന്നവർ. ഒടുവിൽ ചേച്ചിയുടെ പിന്നാലെ കിണറ്റിലേക്കുതന്നന്നെ കൂപ്പുകുത്തിയവർ.

ഈ ആറുപെണ്ണുങ്ങളെയും പോലെയല്ലെങ്കിലും കമലയും കൈശുമ്മയും നെബീസുവും ആയിഷയും മരിച്ചുപോയ വല്യേച്ചിയും ഗർഭിണിയായ പ്രേതവുമൊക്കെ ഓരോ സ്ത്രീയവസ്ഥകളുടെ പ്രതിനിധികളാണ്. ചത്താലും ജീവിച്ചിരുന്നാലും പെണ്ണിന്റെ വിധി ഒന്നുതന്നെയെന്നും തെളിയിക്കുന്ന കഷ്ടജന്മങ്ങൾ.

പുരുഷന്മാരെക്കുറിച്ചാണ് തന്റെ നോവൽ എന്ന് എഴുത്തുകാരി കല്യാണിയോടു പറയുന്നുണ്ട്. പുരുഷന്മാരെക്കുറിച്ചുള്ള എഴുത്ത് സ്ത്രീകളെക്കുറിച്ചുള്ള വായനയായി മാറുന്നു, നോവലിൽ. ലോകവും കുടുംബവും പുരുഷനും സ്ത്രീയോടു ചെയ്യുന്നതെന്ത് എന്ന അന്വേഷണമാണ് തന്റെ കൃതിയും കഥയും അനുഭവവും എന്ന് എഴുത്തുകാരിക്കറിയാം. സ്വന്തം ജീവിതം തിരികെപ്പിടിക്കാനുള്ള പരക്കം പാച്ചിലിൽ കത്തുന്ന ഉടലും പൊള്ളുന്ന ആത്മാവുമായി ഓരോ സ്ത്രീയും കടന്നുപോകുന്ന സഹനങ്ങളുടെ കഥയാണത്. കല്യാണിയാണ് അതിന്റെ വൈവിധ്യങ്ങൾ അവൾക്കു പറഞ്ഞുകൊടുക്കുന്നത്. പലതരം പുരുഷന്മാരെക്കുറിച്ച് എഴുത്തുകാരി പറയുമ്പോൾ സ്ത്രീകളെക്കുറിച്ച് കല്യാണി പറയും. ഒന്നാമധ്യായം വായിക്കൂ. ഈ നോവലിന്റെ പ്രാണനാളിയുടെ മിടിപ്പറിയാം.

“കല്യാണിയേച്ചി: എന്നാണേ മണങ്ങീറ്റ് ചെയ്യ്ന്ന്? വെറ്റ്‌ലേമ്മല് നൂറ് തേക്ക്ന്നാ?

ഞാൻ: എഫ്ബി പോസ്റ്റിടാനാ കല്യാണിയേച്ചീ, ഫോണിലെഴുതുവാണ്.

കല്യാണിയേച്ചി: എന്നാന്ന്?

ഞാൻ: പുരുഷന്മാരെക്കുറിച്ചാണ്.

കല്യാണിയേച്ചി: അയ്‌ന് നിനിക്ക് ആണ്ങ്ങളപ്പറ്റി എന്ത്ന്ന് അറിയല്? മണ്ണാങ്കട്ടയാ?

ഞാൻ: അറിയുന്നത് എഴുതാലോ?

കല്യാണിയേച്ചി: നീ എയ്ത്ന്നത് പറയ്, നോക്കട്ട്.

ഞാൻ: ഞാൻ കണ്ടിട്ടുള്ള പുരുഷന്മാരെക്കുറിച്ചാണ്. കിട്ടുന്ന അവസരത്തിലെല്ലാം സ്വയം പുകഴ്‌ത്തി മനുഷ്യരെ വെറുപ്പിച്ചുകളയുന്ന ചിലരുണ്ട്. പേടിയാണ് എനിക്കവരെ.

കല്യാണിയേച്ചി: നേരന്നെ. ഈലും നല്ലദ് ആള മുന്നില് മുണ്ട് കരന്ന് കേറ്റ്ന്നദാന്ന് അനക്കൊര്ത്തനോട് പറയണ്ടി ബന്നിന്. സയിക്കൂലപ്പാ.

ഞാൻ: ചിലർക്ക് ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും വേണം. പക്ഷേ, പല കാരണങ്ങൾ കൊണ്ട് നിവൃത്തിയില്ല. അപ്പോൾ മറ്റുള്ളവരെ വിധിക്കാനും പരദൂഷണം പറയാനും ഇറങ്ങും.

കല്യാണിയേച്ചി: പണ്ടൊര്ത്തന് ഞാൻ മൊട്ടക്ക്ന്ന് ഒന്ന് കൊട്ത്തിന്. കെട്ടെടുത്ത് കുന്ന് കീയുമ്പം കിള്മ്പീറ്റ്...അയില് പിന്ന ഞാൻ മറ്റേ പണിയാ എട്ക്ക്‌ന്ന്ന്‌ന് പര.യലാ ഓന്റെ പണി. നായി.

ഞാൻ: ചിലർ ഉള്ളിൽ നന്മയുള്ളവരായിരിക്കും. പക്ഷേ എല്ലാവരെയും പേടിയാണ്. ആൾക്കാർ എന്തു പറയുമെന്നുമാത്രം വിചാരിച്ച് ജീവിച്ച് മരിക്കും. നീട്ടി. കൈപോലും പിടിക്കില്ല.

കല്യാണിയേച്ചി: എന്ത്ന്നാണേ അങ്ങനത്തെ കായ്‌ത്തോല് പോലെള്ളോനെയെല്ലാം കിട്ടിപ്പോയാ ആക്കണ്ട്?

ഞാൻ: ചിലർ ഒന്നാന്തരം ഇരപിടിയന്മാരാണ്. കൈയിലുള്ള വിഭവങ്ങളത്രയും അവർ വേട്ടയ്ക്ക് ഉപയോഗിക്കും. ഒരു മൃഗത്തെ ഒരുതവണയേ വേട്ടായാടാനാവൂ എന്നവർക്കറിയാം. പുല്ലുകൊണ്ടു മൂടിയ കിണർ എന്ന് പണ്ട് ശകുന്തള പറഞ്ഞ കൂട്ടർ.

കല്യാണിയേച്ചി: പക്ഷേങ്കില് അയിറ്റിങ്ങള അധികോ തിരിയൂല മോളേ. പൊള്ളുമ്പളേ തിരിയൂലും. ചെലപ്പം തിരിഞ്ഞിറ്റും കാര്യൂല്ലാന്നായിറ്റ്ണ്ടാവും. എന്ത്ന്ന് പറയാൻ! അയിറ്റിങ്ങള പിന്നാലെ പായ്ന്ന പെണ്ണ്ങ്ങള മൊത്തി പിടിച്ച് നെലത്തൊരക്കുവാന്നല്ലാണ്ട്.

ഞാൻ: പിന്നെ ചിലരുണ്ട്. നാട്ടുകാരോട് മുഴുവൻ യുദ്ധത്തിന് നടക്കുന്നവർ. ഉടക്കിയാൽ വംശപരമ്പരകളോടടക്കം ഒരു കാര്യവുമില്ലാതെ മത്സരിച്ചുകളയും.

കല്യാണിയേച്ചി: അയിറ്റൾ പാവങ്ങളാ. കയിഞ്ഞ ജന്മത്തില് മാമാങ്കത്തിന് പോയി മരിച്ചോരാ ഓര്.

ഞാൻ: കാര്യങ്ങൾ മനസ്സിലാവുന്ന ചിലരുണ്ട്. അറിയാത്ത കാര്യങ്ങൾ പ്രസ്താവിക്കാൻ നടക്കില്ല. ചിരിക്കാനറിയുന്നവരും സ്ത്രീകളെ അക്കാരണം കൊണ്ട് മാനിക്കുന്നവരുമാകും അവർ. വിഷമം കാണുമ്പോൾ മിണ്ടാതെ അടുത്തുവന്നിരിക്കും. അവരെ എനിക്കിഷ്ടമാണ് കല്യാണിയേച്ച്.

കല്യാണിയേച്ചി: ഉയ്‌ശെന്റപ്പാ, അയിറ്റാലൊന്നിന അട്ത്ത ജന്മത്തിലെങ്കും അനക്ക് കിട്ടീനെങ്കില്. പണീം അറീല്ല പണിക്കോലൂല്ലങ്കിലും ഞാൻ സയിച്ചിനേനും.

ഞാൻ: കല്യാണിയേച്ചി....”.

നാരായണൻ ഓരോ രാത്രിയിലും ഇടിഞ്ഞുതളർന്നു വീഴുമ്പോൾ കല്യാണി കശുമാവിൻതോപ്പിലെ ലഹരി കനച്ച വായുവിൽ ലക്ഷ്മണനെ പ്രാപിക്കുന്നു.

“ക്ഷീണം കാരണം അവൾ നിലത്ത് മലർന്നു കിടന്നു. പുഴുങ്ങിയ കോഴിമുട്ടയുടെ വെള്ളനിറത്തിൽ കറുത്ത മാങ്ങകളും അങ്ങിങ്ങ് സ്വർണനൂലുകളുമുള്ള ദുബായ് സാരി ആകാശത്തു വിരിഞ്ഞു. കണ്ണുകൾ അടഞ്ഞുപോകുന്നു.

‘ഇതെന്നാ? എന്നാ ങ്ങക്ക്?’

ലക്ഷ്മണൻ പരിഭ്രമിച്ച് കല്യാണിയുടെ അടുത്തേക്കു ചെന്നു.

‘ആ സാരി ചുളിക്കല്ലപ്പാ’.

കല്യാണി പുലമ്പി.

‘ഇല്ല’. ലക്ഷ്മണന്റെ ശബ്ദം വളരെയടുത്തുനിന്ന് അവൾ കേട്ടു.

അടുത്ത നിമിഷം കല്യാണിയുടെ കാഴ്ച മറച്ചുകൊണ്ട് അയാളുടെ മുഖം അവൾക്കും ആകാശത്തിനുമിടയിൽ ഉയർന്നുനിന്നു. പഴുത്ത കശുമാങ്ങക്കൂട്ടം ചിതറിവീണു. തന്റെ ഉടലിന്റെ പാതി മാങ്ങാക്കൂനയിലാണുള്ളതെന്ന് തിരിച്ചറിയുമ്പോഴേക്കും ലക്ഷ്മണന്റെ മുഖം കല്യാണിയുടെ കാഴ്ചപ്പുറത്തുനിന്ന് മാഞ്ഞ് വീണ്ടും ആകാശത്തു വിരിച്ചുപിടിച്ച ദുബായ് സാരി തെളിഞ്ഞു. കല്യാണിയുടെ ശരീരത്തിൽനിന്ന് കശുമാങ്ങയുടെ നീരിന്റെ കുത്തലിനോടൊപ്പം അനാദിയായ ഒരു ഗന്ധം ലക്ഷ്മണൻ അറിഞ്ഞു. കാണക്കാണെ അതിൽ മുങ്ങി. പിന്നീട് ശ്വാസം കിട്ടാതെ ഉഴന്നുപോയ ലക്ഷ്മണന്റെ പിൻകഴുത്തിലും മുടിയിലും കൂടി കൂട്ടിപ്പിടിച്ച് ഒറ്റവലിക്ക് കല്യാണി അയാളെ തനിക്ക് അഭിമുഖമായി, തനിക്കു മീതെ സ്ഥാപിച്ചു. ഇടയ്‌ക്കെപ്പോഴോ അവളുടെ കണ്ണുകൾ അയാളുടെ കഴുത്തിനിടയിലൂടെ ചാലിലെ മരങ്ങൾക്കിടയിലേക്ക് സഞ്ചരിച്ചു. സ്വന്തം പറമ്പിൽനിന്ന് ഒരു ഇലക്കഷണംപോലും എടുക്കാൻ ആരെയും സമ്മതിക്കാത്ത ഒരുവൾ മറഞ്ഞുനില്പുണ്ടോ? ഇലക്കൂട്ടങ്ങൾക്കിടയിലൂടെ എണ്ണിയാൽത്തീരാത്ത ഇഴച്ചിലൊച്ചകൾ കല്യാണി കേട്ടു. ആദ്യമൊക്കെ എണ്ണിനോക്കിയെങ്കിലും പിന്നീടത് സംഖ്യകൾക്ക് പുറത്തേക്കു പോയി. കേൾവി ഇലകളുടെ കിലുക്കത്തിൽ മരവിച്ചുനിന്നു. ഒച്ചയുടെ ഒടുക്കത്തെ ആയത്തിൽ കശുമാവുകളും ദുബായ് സാരിയും മാങ്ങാക്കൂട്ടവും ചുവപ്പുരാശിയും ലക്ഷ്മണനും എല്ലാംകൂടി ഒരു ഗോളമായി കല്യാണിയുടെ മേൽ പതിച്ചു. ഇലക്കൂട്ടത്തോടുകൂടി മണ്ണുകുഴിഞ്ഞ് അവൾ ഭൂമിയിലേക്കു താണു. എരിവുമണംകൊണ്ട് മൂക്കടഞ്ഞു. വായിൽ നിറയെ ഉപ്പാണ്. ഉപ്പിന്റെ ഇളയ രുചി.

ലക്ഷ്മണൻ തിടുക്കപ്പെട്ടു പോയതിന്റെ പിന്നാലെ, കല്യാണി തട്ടിക്കുടഞ്ഞ് എഴുന്നേറ്റു. നേരം സന്ധ്യയാവുന്നുണ്ട്. ചീഞ്ഞ മാങ്ങകൾ അവൾ കാലുകൊണ്ട് തടുത്തുകൂട്ടി പഴയ കൂനയുടെ രൂപത്തിലാക്കാൻ നോക്കി.

‘നല്ല അണ്ടി പൊറ്ക്കലായി...’.

കൈമുട്ടിൽ പറ്റിയ ഇലപ്പൊടികളും മണ്ണും തട്ടിക്കളഞ്ഞുകൊണ്ട് അവൾ ആരോടെന്നില്ലാതെ പറഞ്ഞു”.

ദാക്ഷായണിയുടെ ഉണ്മയെയും ചോദനകളെയും തകർത്തത് ആണിക്കാരന്റെ ആർത്തിയാണ്. കിടപ്പറയിൽപോലും വിലപേശി അയാൾ അവളെ വെറുപ്പിച്ചു. കോപ്പുകാരൻ നിസ്സഹായനായിരുന്നു. സ്‌നേഹമുള്ളവനും. ആണിക്കാരനാകട്ടെ, നികൃഷ്ടനായിരുന്നു, സ്‌നേഹരഹിതനും. ആൺകോയ്മയുടെ നെറികെട്ട വിഷസർപ്പം ആണിക്കാരനിൽ സദാ ഫണം നീർത്തിനിന്നു. ഇടയ്ക്കിടെ അത് വിഷം ചീറ്റി.

ഒരു നിറഗർഭിണിയായ പ്രേതം ദാക്ഷായണിയുടെ കൂട്ടുകാരിയായി. അവൾക്കു ഭ്രാന്താണെന്ന് എല്ലാവരും കരുതി. ഭർത്താവിനെയും തന്നെ ഭരിക്കാൻവന്ന മുഴുവൻ പേരെയും അവൾ തെറിവിളച്ചു. പൂമുഖത്തെ ചാരുകസേരയിൽ കാൽകയറ്റിവച്ചിരുന്ന് അവൾ ഭരിച്ചു. ഏതോ പ്രസംഗത്തിൽ ഒരിക്കൽ കേട്ട കരുതൽതടങ്കൽ എന്ന വാക്ക് അവളെ തേടിവന്നു. തന്റെ ജീവിതമാണതെന്നവൾ തിരിച്ചറിഞ്ഞു. ഏ.കെ.ജി.യുടെ ശവമഞ്ചം തിരുവനന്തപുരത്തുനിന്ന് കണ്ണൂർക്ക് പുറപ്പെട്ട ദിവസം തന്നെ ദാക്ഷായണി വീടുവിട്ടിറങ്ങി തീവണ്ടി കയറി നാട്ടിലെത്തി (അന്നുതന്നെയാണ് കല്യാണിയുടെയും ദാക്ഷായണിയുടെയും കഥയെഴുതാൻ എഴുത്തുകാരി ജനിച്ചത്).

കുഞ്ഞിപ്പെണ്ണാണ്, അവൾമാത്രമാണ്, പ്രണയത്തിന്റെ രാജകുമാരിയായി നോവലിൽ കിരീടം ചൂടി നിൽക്കുന്നത്. എത്ര സമർഥമായാണവൾ തന്റെ രണ്ടു പുരുഷന്മാരെയും ഒപ്പം നിർത്തുന്നത്! ചിത്രസേനൻ, താൻകൂടി അനിയന്റൊപ്പം അവളെ വേൾക്കട്ടെ എന്നു ചോദിക്കുമ്പോൾ, ഉള്ളിൽ തിളച്ചുമറിയുന്ന കടൽ അടക്കിവച്ച് അവൾ നടത്തുന്ന ഈ പ്രകടനം ഒന്നു വായിക്കൂ:

“അതു കുഞ്ഞിപ്പെണ്ണിനുറപ്പില്ല. അവൾ പതറി. പട്ടാളക്കാരന്റെ ജീവിത്തിൽ താൻ അനപപേക്ഷണീയയാണെന്നൊന്നും അവൾക്ക് തോന്നിയിട്ടില്ല. ഒന്നിച്ചുണ്ടായിരുന്ന ചെറിയ കാലയളവിൽ അയാൾ അവളോട് അധികം സംസാരിച്ചിട്ടൊന്നുമില്ല. ഒന്നിച്ച് ചില വിരുന്നുകൾക്ക് പോയിട്ടുണ്ട്. അയാൾ കഴിച്ച പാത്രത്തിൽ ഉണ്ടിട്ടുണ്ട്. എല്ലാ രാത്രികളിലും ഇരുട്ടുവാക്കിന് അയാളുടെ പരാക്രമങ്ങൾക്ക് മപ്പുകടിച്ചും ശ്വാസം വിടാതെയും വിധേയയായിട്ടുണ്ട്. അയാളെ തൊടാൻ അവൾക്ക് പേടിയായിരുന്നു. എവിടെ എങ്ങനെ തൊടണമെന്നറിയില്ല. തൊട്ടാൽ അതിഷ്ടമാകുമോ എന്നറിയില്ല. കാലെടുത്ത് അയാളുടെ മേൽ വയ്ക്കാനോങ്ങിയിട്ട് അവൾ പിൻവലിച്ചിട്ടുണ്ട്. താൻ കിടക്കുന്നത് ഒരു ദേശത്തിന്റെ ശരീരരൂപമാർന്ന സൈനികസന്നാഹത്തോടൊപ്പമാണെന്നും അതിലൊരു തരിപോലും സ്വന്തമാക്കുന്നത് അക്ഷന്തവ്യമായ അപരാധമായിരിക്കുമെന്നും കുഞ്ഞിപ്പെണ്ണ് മനസ്സിലാക്കിയിരുന്നു. താത്കാലികമായി ഇളവേൽക്കാൻ അത് തന്റെയരികിൽ വന്നിരിക്കുകയാണ്; ഉടനെ തിരിച്ചുപോകും. അത് കീഴടക്കിയ ഒരു ചെറിയ ദരിദ്രദേശമാണ് കുഞ്ഞിപ്പെണ്ണ്. അതിന് വെള്ളം കൊടുക്കുന്നതും ഭക്ഷണം കൊടുക്കുന്നതും പരിചരിക്കുന്നതും ശരീരത്തിൽ ഇടം കൊടുക്കുന്നതും അവളുടെ കടമയാണ്. അതിന്റെ ഇഷ്ടമാണ് അവളുടെ നിയമാവലി.

ചിത്രൻ കൊച്ചാട്ടാ, വെള്ളം അനത്തീട്ടേക്കുവാണേ.
ചിത്രൻ കൊച്ചാട്ടാ, ഈ വരാല് എനിക്ക് വെട്ടാൻ വയ്യ.
ചിത്രൻ കൊച്ചാട്ടാ, ഈ ചീനിയൊന്നു പൊളിച്ചുതരാവോ?
ചിത്രൻ കൊച്ചാട്ടാ, ഈ പശൂന്റെ കാലേലൊന്നു പിടിച്ചേ...

കുഞ്ഞിപ്പെണ്ണേ, നിനക്കാ ചെരിപ്പ് ഇട്ടോണ്ടു വന്നാലെന്താ? ഇത്രേം വെള്ളം ഒറ്റയ്ക്ക് എടുത്തുപൊക്കിയോ നീ?

കുഞ്ഞിപ്പെണ്ണേ, ദേണ്ട് ഇച്ചിരെ ചാരം മുഷിയേലും വരാലേലും തേച്ചുവെയ്. പിച്ചാത്തി മൂർച്ചയൊള്ളതാണേ, കൈ കണ്ടിക്കരുത്.

കുഞ്ഞിപ്പെണ്ണേ, ദേണ്ട് ചീനി ശരിക്ക് കഴുകിക്കോ. മണല് കടിച്ചാ കൊള്ളത്തില്ല.

കുഞ്ഞിപ്പെണ്ണേ, നീയാ പശൂന്റെ കീഴിലോട്ടു കേറിയിരിക്കാതിരി. തൊഴിച്ചിടും അവളു നിന്നെ.

പട്ടാളക്കാരന്റെ മറുപടിക്കത്ത് മൂന്നാഴ്ച കഴിഞ്ഞാണെത്തിയത്. പുറത്തെ വരാന്തയിൽ അമ്മയ്ക്കരുകിലിരുന്ന് കുഞ്ഞിപ്പെണ്ണ് അത് പൊട്ടിച്ചു. കത്തുണ്ട് എന്നു കേട്ടപ്പോൾ പെട്ടെന്ന് അവളുടെ ചങ്കിടിച്ചു. കുറച്ചുനേരം അവളത് തൊട്ടില്ല. ഇല്ലാത്ത ചില ജോലികൾ ചെയ്തുകൊണ്ട് അവൾ അടുക്കളയിൽ കറങ്ങിത്തിരിഞ്ഞു. എടുത്തതൊന്നും അവൾക്ക് കൈയിൽ കിട്ടിയില്ല. കത്ത് പൊട്ടിക്കുന്ന കാര്യം ആലോചിക്കുമ്പോഴൊക്കെ അവൾക്ക് ഒന്നിനും രണ്ടിനും പോണമെന്നു തോന്നി. കാരണമൊന്നുമില്ലാഞ്ഞിട്ടും അവളുടെ കണ്ണുനിറഞ്ഞിരുന്നു. ആരെങ്കിലും അതൊന്നു പൊട്ടിച്ചു വായിച്ച് കാര്യം പറഞ്ഞിരുന്നെങ്കിൽ എന്നവൾ നീറി. ഇനിയിതൊന്നു വായിക്കാൻ എന്തരവളുടെ കാല് പിടിക്കണായിരിക്കും എന്ന് അമ്മായിയമ്മ അലറിയപ്പോൾ അതെടുക്കാതെ അവൾക്ക് നിവൃത്തിയില്ലാതായി.

കത്തിലെ അക്ഷരങ്ങൾ അവൾക്ക് പിടികൊടുക്കാതെ ഇളകി. കത്തിൽ ഏതെങ്കിലുമൊരു വരിയിൽ, ഏതെങ്കിലുമൊരു തിരിവിൽ പട്ടാളക്കാരൻ തന്നിലുള്ള ഉടമസ്ഥത പ്രഖ്യാപിച്ചേക്കുമെന്ന് അവൾക്കൊരു കുതിപ്പുണ്ടായി.

ഒക്കത്തില്, കുഞ്ഞിപ്പെണ്ണ് എന്റെയാ. അമ്മ അമ്മേടെ ജോലി നോക്ക് എന്ന വാക്യം മുങ്ങിയെടുക്കാനെന്നോണം അമ്മയ്ക്ക് വായിച്ചുകൊടുക്കുന്നതിനു മുൻപ് അവൾ കത്തു മുഴുവൻ ഒറ്റശ്വാസത്തിൽ നീന്തി. അവസാനത്തെ വാക്യം വരെ ഒറ്റയടിക്കു പരതി.

.....മറ്റുള്ള കാര്യങ്ങളൊക്കെ അമ്മ ആലോചിച്ചു തീരുമാനിച്ചാൽ മതി. ലീവ് കിട്ടുമ്പോൾ ഞാൻ വരാം. എന്നു സ്വന്തം മകൻ.

കുഞ്ഞിപ്പെണ്ണ് നിശ്ശബ്ദമായ ഒരു ആന്തൽ വിഴുങ്ങിക്കൊണ്ട് വായിച്ചുനിർത്തി.

കത്ത് അമ്മയുടെ കൈയിൽക്കൊടുത്തിട്ട് അവൾ കാറ്റത്തെന്നോണം തൊഴുത്തിലേക്കു നടന്നു. തൊഴുത്തിലെ തിണ്ടിലിരുന്ന് മുളന്തണ്ടിൽ നെറ്റിയമർത്തി. വൈക്കോലിന്റെ മണം മൂക്കിലേക്ക് തള്ളിക്കയറി.

കുഞ്ഞിപ്പെണ്ണ് കരയുവാണോ? നെനക്ക് ഇഷ്ടവില്ലാത്തതൊന്നും ഇവിടെ നടക്കത്തില്ല കേട്ടോ.

അവൾ ഞെട്ടി തലയുയർത്തിയപ്പോൾ ചിത്രസേനൻ ദേഷ്യപ്പെട്ട് നില്ക്കുന്നതു കണ്ടു.

അമ്മയോട് വഴക്കിട്ടേച്ചാണോ കൊച്ചാട്ടൻ വരുന്നെ?

അവൾ ചാടിയെണീറ്റു.

അമ്മേടെ കാര്യം പോട്ട്. നീ കരഞ്ഞതെന്തിനാ? ഞാനൂടെ നിന്നെ അന്നഴിക്കുന്നത് പേടിച്ചാന്നോ?

ചിത്രസേനന് അതറിയണമെന്നുണ്ട്. അതേ അറിയേണ്ടൂ.

കുഞ്ഞിപ്പെണ്ണ് കുറച്ചു നേരം മിണ്ടാതെ നിന്നു. മൂക്കുപിഴിഞ്ഞ് മുണ്ടിന്റെ തുമ്പിൽ തുടച്ചു.

പറ കുഞ്ഞിപ്പെണ്ണേ.

ചിത്രസേനൻ വിവശനായി.

അങ്ങേരൂടാന്നല്ലോ എന്നെ അന്നഴിക്കുന്നതെന്നോർത്താ ചിത്രൻ കൊച്ചാട്ടാ

അവൾ ഉച്ചത്തിൽ കരഞ്ഞു. ”.

ചിത്രസേനന്റെയും കുഞ്ഞിപ്പെണ്ണിന്റെയും ആദ്യരാത്രി മലയാളനോവലിലെ ഒരു ക്ലാസിക് രംഗം തന്നെയാണ്.

കുടുംബങ്ങളുടെ ജീർണിച്ച അകത്തളങ്ങളെക്കുറിച്ചുള്ള ഒരു ഗാഢപ്രബന്ധമാണ് ഈ നോവൽ. കാറ്റും വെളിച്ചവും കടക്കാത്ത ഉള്ളറകൾ. സ്‌നേഹരഹിതമായ ബന്ധങ്ങൾ. പകമുറ്റിയ സഹവാസങ്ങൾ. ചതിയുടെ തേറ്റയൊളിപ്പിച്ച ചിരികൾ. ഒറ്റയൊറ്റ ജീവിതങ്ങളുടെ വ്യർഥമായ കൂട്ടിപ്പിടുത്തങ്ങൾ. കല്യാണി എഴുത്തുകാരിക്ക് ഒരിക്കൽ പറഞ്ഞുകൊടുക്കുന്നുണ്ട്: “എന്നാണോ നിന്റെ മൊത്തി ബല്ലാണ്ട്?

ഒന്നൂല്ല കല്യാണിയേച്ചി.

ഒന്നൂല്ലാണ്ട് പിന്നാ/

ഒന്നൂല്ല. ഈ ജീവിതം എന്നു പറഞ്ഞാൽ വലിയ അതിശയമാണല്ലേ?

അമ്മോപ്പാ. ഇതാന്ന് ജീവിതംന്നു പറഞ്ഞ് ജീവിക്കാന്തൊടങ്ങ്യാ ചെലപ്പം അതിശയേരിക്കും. നമ്മളെല്ലം ഒപ്പരങ്ങ് നടന്നകൊണ്ട് അത് തിരിഞ്ഞിറ്റ്‌ല. എന്തേനു?

കല്യാണിയേച്ചീ, നമുക്കൊരാളെ ഉപദ്രിച്ചുകൊണ്ട് സ്‌നേഹിക്കാൻ പറ്റുമോ?

എണേ, സ്‌നേഹിക്ക്വാന്ന് പറഞ്ഞാത്തന്നെ ബയങ്കര ഉപദ്രവല്ലെണേ? എന്നാ കാര്യം?

സ്‌നേഹമില്ലാതെ, മിണ്ടാതെ ഒരു വീട്ടിൽ കഴിയാൻ ആർക്കെങ്കിലും പറ്റുമോ കല്യാണിയേച്ചീ?

കൊറച്ചുകാലം ആരിക്കും പറ്റും. ഒരുപാട് കാലം കയ്യണങ്ക് ബാര്യക്കും ബർത്താവിനും മാത്രേ അത് പറ്റൂ. നീ കാര്യം പറയ്”.

കല്യാണിയുടെയും ദാക്ഷായണിയുടെയും ജീവിതാനുഭവങ്ങളെ ഫേസ്‌ബുക്കിൽ എഴുപതോളം പോസ്റ്റുകളാക്കിയവതരിപ്പിച്ച രാജശ്രീ, അവയെ ഒരു നോവലാക്കി ക്രമീകരിച്ചപ്പോൾ പത്തധ്യായങ്ങൾ കൂട്ടിച്ചേർത്തു. തുടക്കത്തിൽ മൂന്നും ഒടുവിൽ ഏഴും. ആനുകാലികങ്ങളിലെ പ്രതിവാര അധ്യായവായനക്കുപകരം ഫേസ്‌ബുക്കിലെ പ്രതിദിനവായനക്കായി സങ്കല്പിക്കപ്പെട്ട ഒരാഖ്യാനമായിരുന്നു, ഈ രചന. പിന്നീടാണ് ഇതൊരു നോവലായി രൂപം മാറുന്നത്. ആഖ്യാതാവായ സ്ത്രീയുടെയും വിനയന്റെയും ദാമ്പത്യവും എഞ്ചിനീയറുടെയും ഭാര്യയുടെയും ജീവിതവും ഈ ഘട്ടത്തിൽ കൂട്ടിച്ചേർക്കപ്പെട്ടതാണ്.

കുടിയേറ്റക്കാരായ തെക്കർ വടക്കേ മലബാറിന്റെ സാമൂഹ്യജീവിതത്തിൽ സൃഷ്ടിച്ച ഏറ്റവും പ്രതിലോമപരമായ സാംസ്‌കാരിക സ്വാധീനമായാണ് ആൺകോയ്മയുടെ അശ്ലീലവും ആൺകുട്ടിക്കുവേണ്ടിയുള്ള പിടിവാശിയും രാജശ്രീ അവതരിപ്പിക്കുന്നത്. എഞ്ചിനീയറുടെ പാരമ്പര്യമാണ് ഈ രണ്ടർഥത്തിലും വിനയൻ പിൻപറ്റുന്നത്. പെണ്ണിൽനിന്ന് കാലം കവർന്നെടുത്ത ജീവിതത്തിന്റെ ഊർജ്ജങ്ങളെയും ആനന്ദങ്ങളെയും ഹർഷങ്ങളെയും സ്വപ്നങ്ങളെയും തിരിച്ചുപിടിക്കുമ്പോൾ എഴുത്തുകാരിക്കു കൂട്ടാകുന്നത് കല്യാണിയും ദാക്ഷായണിയുമാണ്. നോവലിന്റെ അവസാന അധ്യായം ഇതാണ് - പെണ്ണിനു കൈവരുന്ന കാലപ്പകർച്ച, കാമനകളുടെ ജൈവരാഷ്ട്രീയമായി മാറേണ്ടതിന്റെ പ്രഖ്യാപനമാണത്.

രണ്ടു ദേശങ്ങൾ. രണ്ടു ഭാഷകൾ. രണ്ടു സാമൂഹ്യവ്യവസ്ഥകൾ- നോവലിന്റെ സാംസ്‌കാരിക ഭൂമിശാസ്ത്രം വടക്കൻ മലബാറിന്റെയും തിരുവിതാംകൂറിന്റെയും കഴിഞ്ഞ നൂറ്റാണ്ടിലെ നിരവധിയായ ചരിത്ര, രാഷ്ട്രീയ സന്ദർഭങ്ങളിലൂടെയാണ് അതിന്റെ സ്ഥലഭാവനയും ഭാഷണകലയും രൂപപ്പെടുത്തുന്നത്. ദേശവും ഭാഷയും ചേർന്നുനിർമ്മിക്കുന്ന സ്ത്രീത്വത്തെ മുൻനിർത്തിയുള്ള ആഖ്യാനത്തിന്റെ ഈ പ്രത്യയശാസ്ത്രമാകട്ടെ ആൺകോയ്മയുടെ നാനാതരം മനുഷ്യവിരുദ്ധയുക്തികളെയാണ് റദ്ദാക്കാൻ ശ്രമിക്കുന്നത്. ശരീരം, ജാതി, സമ്പത്ത്, കക്ഷിരാഷ്ട്രീയം, അധികാരം, ലൈംഗിക സദാചാരം തുടങ്ങിയ വ്യവഹാരണങ്ങളൊന്നടങ്കം ഈയൊരു ലിംഗസമരത്തിന്റെ നീതിബോധത്തിലാണ് വിചാരണ ചെയ്യപ്പെടുന്നത്.

ഈ നോവലിലുടനീളം രൂപപ്പെടുന്ന രണ്ടു ഭാഷണലോകങ്ങൾ കണ്ണൂരിന്റേതും ഓണാട്ടുകരയുടേതുമാണ്. ഉദാഹരണങ്ങൾ നോവലിലുടനീളമുണ്ട്. ആഖ്യാതാവിന്റെ മാനകഭാഷയ്ക്കും ആഖ്യാനത്തെത്തന്നെ പ്രശ്‌നവൽക്കരിക്കുന്ന അക്കാദമിക പാരഡികൾക്കുമപ്പുറം ഈ രണ്ടു ഭാഷണവ്യവസ്ഥകൾ നോവലിന്റെ ഭാഷാഭൂപടത്തെ രണ്ടു ജീവിത-മൂല്യ വ്യവസ്ഥകളായിത്തന്നെ പുനഃസൃഷ്ടിക്കുന്നു.

വടക്ക്, ജാതി ഒരു അധീശഘടനയും വ്യവസ്ഥയുമായി നിലനിൽക്കാത്ത കാലത്തെയാണ് നോവൽ പ്രത്യക്ഷവൽക്കരിക്കുന്നത്. തെക്കാകട്ടെ, ജാതിയാണ് ജീവിതം. ഇരുദേശത്തും സ്ത്രീയുടെയും പുരുഷന്റെയും കാമനാലോകങ്ങൾ പോലെതന്നെ തെഴുത്തുനിൽക്കുന്ന ഭാവമണ്ഡലമായി നോവൽ ഏറ്റെടുക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ കപടവും ക്ഷുദ്രവുമായ ലൈംഗിക-സദാചാരപ്പൊലീസിംഗാണ്. പാർട്ടിയിലെ എതിരാളിയെ രാഷ്ട്രീയമായും സാമൂഹികമായും മാനസികമായും തകർക്കാൻ ഇക്കാലമത്രയും പ്രയോഗിക്കപ്പെട്ടുപോരുന്ന ഏറ്റവും ഹീനമായ അടവുനയമായി ഈ വൃത്തികേടിനെ നോവൽ തുറന്നുകാട്ടുന്നു. ചിത്രസേനനെ പാർട്ടിയാപ്പീസിൽ സദാചാരവിചാരണ ചെയ്യാൻ, അയാൾക്കൊപ്പം കലാപത്തിൽ പങ്കാളിയായിരുന്നിട്ടും ഉണ്ണിക്കുറുപ്പിനെ പ്രേരിപ്പിച്ചത് തങ്ങൾ രണ്ടു ജാതിയാണ് എന്നതത്രെ. നായന്മാരുടെ പെൺബാന്ധവരീതി കൊട്ടികൾ ഏറ്റെടുത്തതിലാണ് അയാൾ ക്ഷുഭിതനാകുന്നത്. കല്യാണിയുടെ വീട്ടുമുറ്റത്ത് അബൂബക്കറിന്റെ ചെരുപ്പുകൾ കണ്ടതുമാത്രം മതിയായിരുന്നു, ബാലനും മറ്റു സഖാക്കൾക്കും പാർട്ടിക്കമ്മറ്റി കൂടി അയാളെ വിചാരണ ചെയ്യാനും പുറത്താക്കാനും. ഇ.എം.എസും പറവൂർ ടി.കെ. നാരായണപിള്ളയും ശൂരനാട് കലാപവും ശങ്കരനാരായണൻതമ്പിയും എം വി രാഘവനും ഏ.കെ.ജി.യും മാത്രമല്ല ബാബ്‌റിമസ്ജിദിന്റെ തകർച്ചയും സൂചിതമാകുന്നുണ്ട് നോവലിൽ. എങ്കിലും ചരിത്രം ഈ രചനയുടെ ആഖ്യാനത്തിൽ തിളച്ചുതൂവുന്നത് കമ്യൂണിസ്റ്റ് പാർട്ടി കാലങ്ങളായി തുടർന്നുപോരുന്ന ഈയൊരു വിപൽസദാചാരസന്ദേശത്തെ രാഷ്ട്രീയവൽക്കരിക്കുമ്പോഴാണ്. രണ്ടു സന്ദർഭങ്ങൾ നോക്കുക:

ഉണ്ണിക്കുറുപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ടു മുറിക്കടയുടെ ഒരു ഭാഗം തങ്കപ്പന്റെ തയ്യൽക്കടയാണ്. മറുഭാഗത്തെ മുറിയിൽ പത്തുപന്ത്രണ്ടു പേരുടെ മുന്നിൽ ചിത്രസേനനും തങ്കപ്പനും ഒന്നിച്ചാണ് ഇരുന്നിരുന്നത്. തങ്കപ്പനെക്കുറിച്ച് ഗൗരവമുള്ള ആരോപണമുണ്ട്. അയാൾ കട ഒഴിയണം. കൂട്ടത്തിലുള്ള ആളൊക്കെത്തന്നെയാണ്. പക്ഷേ, ഇത്തരം ലീലാവിലാസങ്ങൾ പൊറുപ്പിക്കാൻ വയ്യ. ഒന്നും രണ്ടും വ്യക്തികളുടെ അഭിമാനപ്രശ്‌നമല്ല ഇത്. ഒരു പ്രസ്ഥാനം നാണംകെടുകയാണ്.

തങ്കപ്പൻ പക്ഷേ, വിട്ടുകൊടുത്തില്ല.

ആണ്ട് ഞാനൊരു കാര്യം പറഞ്ഞേക്കാം. ഞാന ഒരു തയ്യക്കട നടത്തുവാ. അല്ലാതെ അജൂക്കച്ചേരി നടത്തുവല്ല തട്ടേക്കേറി ഇരിക്കാൻ. പെണ്ണുങ്ങളും പെങ്കൊച്ചുങ്ങളും തുണി തയ്പിക്കാനും അളവെടുക്കാനുവൊക്കെ വന്നെന്നിരിക്കും. ആക്ഷേപം വല്ലതുമൊണ്ടെങ്കി അവര് പറയട്ട്. അല്ലാതെ അവര്‌ടെ മൊലയ്ക്ക് പിടിച്ചു, ചന്തിക്കു പിടിച്ചൂന്നൊക്കെ പറയുന്നോരു വന്ന് രാപകല് അവിടെ നോക്കിയിരിക്കട്ട്. ശ്ശെടാ പാടേ!

അവസാനഭാഗം കേട്ടിരുന്നവർ തങ്ങളത് കേട്ടിട്ടില്ല എന്ന് പരസ്പരം ധരിപ്പിക്കുന്ന തിരക്കിലായി. തങ്കപ്പൻ ദേഷ്യംകൊണ്ടു തുള്ളിനില്ക്കുകയാണ്.

ഇത്തരം ഫാഷയൊന്നും ഇവിടെ പറയണ്ട.

ഉണ്ണിക്കുറുപ്പ് വിലക്കി.

ഈ ഫാഷയ്ക്ക് എന്തുവാ കൊഴപ്പം? നിങ്ങളല്ലിയോ ഞാനിതൊക്കെ ചെയ്‌തെന്നു പറഞ്ഞത്?

തങ്കപ്പൻ ചെറഞ്ഞു.

ഇയാള് വല്യ ന്യായവൊന്നും പറയണ്ട. കടേ വന്ന പൊന്നമ്മേടെ താടി പിടിച്ചു പൊക്കിയതൊക്കെ കണ്ടോരൊണ്ട്. അതൊക്കെ അളവെടുക്കാനാരിക്കും! അതൊന്നും ഈനാത്ത് നിന്നോണ്ട് പറ്റത്തില്ല.

കൂട്ടത്തിൽ ചെറുപ്പക്കാരൻ ഉച്ചത്തിൽ പറഞ്ഞു. ഉണ്ണിക്കുറുപ്പ് അയാളോട് ഇരിക്കാൻ പറഞ്ഞെങ്കിലും അതുണ്ടായില്ല.

ഈനാത്ത് നിന്നോണ്ട് പറ്റത്തില്ലാന്നോ ഇവിടെ പറ്റത്തില്ലാന്നോ?

തങ്കപ്പൻ രണ്ടും കല്പിച്ച മട്ടിൽ ചോദിച്ചു. അതു രണ്ടും തമ്മിൽ ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം വലിയ വ്യത്യാസമുണ്ടായിരുന്നില്ല. അതുകൊണ്ട് അയാൾ അതുറപ്പിച്ചു.

രണ്ടായാലും പറ്റത്തില്ല

തങ്കപ്പന്റെ ചുണ്ട് കോടി.

അയിനു നിന്റമ്മേ പൊറുക്കാനയച്ചപ്പോ കൊടുത്തതല്ലല്ലോ ഈ നാട്. ആന്നോ?

.................................................................

തങ്കപ്പൻ തല കുടഞ്ഞു.

എന്റെ ചിത്രണ്ണാ. ഇതതൊന്നുവല്ല. നിങ്ങള് അനിയന്റെ പെമ്പ്രന്നോത്തിയെയല്ലിയോ അന്നഷിക്കുന്നേന്നോർത്ത് ഇവിടുന്ന് ഡല്ലിവരെ ആരും ഒറങ്ങീട്ടില്ല, വല്ലോം അറിഞ്ഞാര്‌ന്നോ? ചിത്രസേനൻ വാപൊളിച്ചു. അതിലെന്താന് പ്രശ്‌നം? എത്ര സാധാരണമായ കാര്യമാണ്. ഉണ്ണിക്കുറുപ്പടക്കമുള്ള എത്രയോ പേർ അങ്ങനെയൊരു മേൽപ്പുര പങ്കുവെക്കുന്നുണ്ട്. അത്രയൊന്നുമില്ലാത്ത നിസ്സാരനായ ചിത്രസേനന്റെ സഞ്ചാരങ്ങൾ ഒരു രാജപാതയെ കളങ്കപ്പെടുത്തുന്നതെങ്ങനെ.

ഉണ്ണിക്കുറുപ്പിന്റെ കാര്യം ചിത്രസേനൻ എടുത്തിട്ടത് മനഃപൂർവമായിരുന്നില്ല. പക്ഷേ, ആ താരതമ്യത്തിൽ കുറുപ്പ് ഏറ്റവും ക്ഷുഭിതനായി.

ഞങ്ങടെ ജാതീത്തന്നൊള്ള ആചാരവാ അത്. അല്ലാതെ കൊട്ടിക്കഴ്‌വര്‌ടെ മക്കള് മേപ്പോട്ടു നോക്കി ഓരോന്ന് പകർത്തുന്നപോലല്ല.

ചിത്രസേനൻ തരിച്ചുപോയി. തങ്കപ്പൻ പല്ലു ഞെരിച്ച് അലറി.

തന്തീലാഴിക പറയല്ല്.

പിന്നൊന്നും അയാൾക്ക് പറയാൻ കിട്ടിയില്ല.

ഉണ്ണിക്കുറുപ്പദ്ദേഹം അങ്ങനെ പറയല്ല്. തങ്കപ്പന്റെ എതിരാളിയായ ചെറുപ്പക്കാരൻ ചിരിച്ചു.

മേളിലിരുന്ന് താപ്പോട്ടു നോക്കിയേ ചെലർക്ക് ശീലം കാണത്തൊള്ള്.

തങ്കപ്പൻ ഇരുന്നിടത്തുനിന്ന് ചാടിയെഴുന്നേറ്റ് ഉണ്ണിക്കുറുപ്പിന്റെ മുന്നിലേക്കു ചെന്നു.

ആ വിളിച്ചത് ഒന്നൂടെ വിളിക്കാവോ തന്തീലക്കഴ്‌വര്‌ടെ മോനേ..

തങ്കപ്പനെ തല്ലാനുള്ള ഊറ്റവുമായി ചെറുപ്പക്കാരനും അയാളെ പിന്തുടർന്ന് മൂന്നാലുപേരും മുന്നോട്ടു നീങ്ങി. ചിത്രസേനൻ എഴുന്നേറ്റ് ഇരുകൂട്ടരുടെയും ഇടയിൽ നിന്നു.

ഉണ്ണിക്കുറുപ്പിനും ശങ്കരപ്പിള്ളയ്ക്കുമൊപ്പം താൻ ഉള്ളന്നൂര് കുളത്തിൽ മീൻപിടിക്കാനിറങ്ങിയപ്പോൾ അമ്മയുടെ വയറ്റിൽപ്പോലും കുരുത്തിട്ടില്ലാത്ത ആ ചെറുപ്പക്കാരനെ ചിത്രസേനൻ അനന്തമായ സ്‌നേഹത്തോടെ നോക്കി. പായ്ക്കാലിൽ വീട്ടിൽ നിന്നാണവൻ. അവനോട് അയാൾക്ക് യാതൊന്നും പറയാനുണ്ടായിരുന്നില്ല. അയാൾ ഉണ്ണിക്കുറുപ്പിനു നേരേ തിരിഞ്ഞു.

ഞാനിപ്പം ഒന്നും പറയുന്നില്ല. മുമ്പേം ഇത്തരം വർത്തമാനത്തിന് ഞാൻ വാകൊണ്ടല്ല ഉത്തരം പറഞ്ഞിട്ടൊള്ളത്. ഇതിനാത്തൊന്നും തലപൊകയ്ക്കണ്ട കാര്യം ഒരു കുറുപ്പിനും ഇല്ലെന്നുമാത്രം ഇപ്പപ്പറയുവാ. തങ്കപ്പൻ ചോദിച്ചത് കൂടിപ്പോയീന്ന് അന്നേരം തോന്നി, കൊറഞ്ഞുപോയീന്ന് ഇപ്പം തോന്നുവാ. ഞാനൊണ്ടെന്നു കരുതി ആർക്കും വെഷമം വേണ്ട. കാര്യങ്ങൾ നടക്കട്ട്.

പുറത്തേക്കിറങ്ങുമ്പോൾ തങ്കപ്പൻ പിന്നാലെ വന്നു. അയാൾ പാമ്പ് ചീറ്റുന്നതുപോലെ ചീറ്റിക്കൊണ്ടിരുന്നു. വിയർത്തൊട്ടിയിട്ടുണ്ട്.

മലയാളത്തിൽ പെണ്ണെഴുത്ത്, ഷിസോഫ്രോനിയയെ അതിന്റെ ഏറ്റവും ഭാവതീവ്രമായ ആഖ്യാനപദ്ധതിയാക്കി മാറ്റുന്നതിനെക്കുറിച്ച് കെ.ആർ. മീര , സംഗീതാശ്രീനിവാസൻ, ലിജിമാത്യു തുടങ്ങിയവരുടെ രചനകൾ മുൻനിർത്തി ഈ പംക്തിയിൽ തന്നെ വിശദീകരിച്ചിട്ടുണ്ട്. രാജശ്രീയുടെ നോവൽ ഭ്രാന്തിനെയും നാട്ടുദേവതകളെയും മിത്തുകളെയും ഭൂതപ്രേതവിശ്വാസങ്ങളിലൂന്നിയ ജീവിതസന്ദർഭങ്ങളെയും ഏറ്റവും സ്വാഭാവികമായ സ്ത്രീയവസ്ഥകളും അനുഭവങ്ങളുമാക്കി മാറ്റുന്നു. ദാക്ഷായണി തിരുവിതാംകൂറിൽനിന്നു രക്ഷപെടുന്നതുപോലും നിറഗർഭിണിയായ ഒരു പ്രേതത്തിന്റെ ഉപദേശത്തിലാണ്. ‘തിരിഞ്ഞുനോക്കരുത്’ എന്ന തന്റെ ജീവിതത്തിൽ അവൾകേട്ട ഏറ്റവും ഘനമുള്ള വാക്ക് ആ പ്രേതത്തിന്റെ വായിൽനിന്നാണു വന്നത്. ദാക്ഷായണി മാത്രമല്ല കല്യാണിയും തിരിഞ്ഞുനോക്കിയില്ല. നോവലിലെ താക്കോൽവാക്കായി മാറുന്നതും മറ്റൊന്നല്ല. സി.അയ്യപ്പന്റെ കഥകളിൽ മാത്രമേ മലയാളഭാവന ഇത്രമേൽ രാഷ്ട്രീയോർജ്ജമുള്ള പ്രേതഭാഷണങ്ങൾ ശ്രവിച്ചിട്ടുള്ളു.

ചേയിക്കുട്ടിയും വല്യേച്ചിയും തമ്മിൽ എന്നും സംസാരമുണ്ട്. വീട്ടിൽ ജീവിച്ചിരിക്കുന്ന ഒരംഗത്തെപ്പോലെതന്നെയാണ് ചേയിക്കുട്ടിക്ക് ഇപ്പോഴും വല്യേച്ചി. കുടുംബത്തിലെ പിളർപ്പുകളും വിങ്ങലുകളും അവർക്കു പറഞ്ഞുപങ്കിടാൻ മറ്റൊരാളില്ല. സ്വന്തം പെണ്മക്കളോടുപോലും പറയാത്ത സങ്കടങ്ങൾ അവർ ചേച്ചിയോടു പങ്കിട്ടു. ഒടുവിൽ ചേച്ചിക്കു പിന്നാലെ ചേയിക്കുട്ടിയും കിണർ തന്റെ വഴിയാക്കി മാറ്റി.

പ്രേതഭാഷണങ്ങളുടെയും ഭൂതബന്ധങ്ങളുടെയും ഈ സമാന്തര ജീവിതം, ഭദ്രമായ ഭൗതികലോകബോധങ്ങളുടെ അട്ടിമറി മാത്രമല്ല ആണധികാരവ്യവസ്ഥകൾക്കു തുണയേറ്റുന്ന ലോകക്രമങ്ങൾക്കു നേരെയുള്ള പെൺകാമനകളുടെ പൊട്ടിത്തെറി കൂടിയാണ്.

രാജശ്രീയുടെ നർമബോധം അപാരമാണ്. ജീവിതത്തോടു നടത്തുന്ന ബുദ്ധിപരമായ സംവാദത്തിന്റെ ഇണയാണ് നർമം. കല്യാണി, ദാക്ഷായണിമാരുടെ ഭാഷണങ്ങളിൽ പരസ്പരം മത്സരിച്ചു മുന്നേറുന്ന മുനവച്ച പരിഹാസങ്ങളുടെ പരമ്പരതന്നെയുണ്ട് നോവലിൽ. ഇരട്ടനാവുള്ള പാമ്പുകളെപ്പോലെ അവ പുരുഷന്റെ ഉദ്ധൃതാഹന്തകളെ വരിഞ്ഞുതകർക്കുന്നു. തെറികളുടെ പെൺപൂരം കല്യാണി, ദാക്ഷായണിമാരുടെ ജീവിതത്തെ ഉത്സവീകൃതമായ ആയോധനകലയാക്കി മാറ്റുന്നു. പുച്ഛവും പ്രണയവും രതിയും വിരതിയും പകയും വെറിയും തെറികളിലൂടെ അവരാവിഷ്‌ക്കരിക്കുന്നു. ആണുങ്ങൾക്ക് അപ്രാപ്യമായ, പെണ്ണുങ്ങളുടെ ഭാഷണലോകത്തുനിന്നുള്ള നിരവധി പ്രയോഗങ്ങൾ രാജശ്രീ നോവലിൽ കൊണ്ടുവരുന്നു.

ചുരുക്കിപ്പറഞ്ഞാൽ തന്റെ അസ്തിത്വത്തിനുമേൽ നിരന്തരം പിടിമുറുക്കുന്ന ആൺകോയ്മയുടെ അധീശത്വങ്ങൾക്കെതിരെ സ്വന്തം കാമനകൾകൊണ്ടു നടത്തുന്ന സ്വാതന്ത്ര്യസമരമാണ് സ്ത്രീക്കു ജീവിതം എന്നു തെളിയിക്കുന്നു ഈ നോവൽ. നിസംശയം പറയാം, ശരീരത്തിന്റെ സ്‌ത്രൈണരാഷ്ട്രീയം കാമനകളുടെ ജൈവരാഷ്ട്രീയമാക്കി മാറ്റി ഇത്രമേൽ കരുത്തുറ്റ രൂപകങ്ങളിലൂടെ ആവിഷ്‌ക്കരിക്കുന്ന മറ്റൊരു മലയാളനോവലില്ല. കാമനകളുടെ പടപ്പുറപ്പാടിൽ പുളഞ്ഞുയരുന്ന പെണ്ണുടലിന്റെ നെറിവുറ്റ നഗ്നതകൂടിയാണ് നോവലിലുടനീളം കാണാൻ കഴിയുക. എത്രമേൽ സത്യസന്ധവും സൗന്ദര്യാത്മകവുമാണോ അത്രമേൽ സർഗാത്മകവും പ്രത്യയശാസ്ത്രപരവുമാണ് അവയൊന്നടങ്കം. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത (പെണ്ണുങ്ങളുടെ എന്നായിരുന്നു ഈ ശീർഷകമെങ്കിൽ!) മലയാളനോവലിന്റെ ഭാവനാചരിത്രത്തിൽ ഇടംപിടിക്കുന്നതും ഈയൊരു സർഗാത്മക സത്യസന്ധതയുടെ പേരിൽത്തന്നെയായിരിക്കും - സൗന്ദര്യാത്മകരാഷ്ട്രീയത്തിന്റെയും.

നോവലിൽനിന്ന്:-

“ഒരാളോടു തോന്നുന്ന അനിഷ്ടം അവനവനെത്തന്നെ ദഹിപ്പിച്ചുകളയുമെന്ന് ബോധ്യപ്പെട്ടാൽ പിന്നെ അയാളെ സ്‌നേഹിക്കുന്നതാണ് ബുദ്ധിയെന്ന് പെണ്ണുങ്ങൾക്കറിയാം. ദാക്ഷായണിക്ക് നന്നായി അറിയാം. പക്ഷേ, അതിനിടയിൽ അയാൾ നേടുന്ന താത്കാലികവിജയങ്ങൾ പോലും അവരെ ഭ്രാന്തുപിടിപ്പിച്ചെന്നിരിക്കും. ചിലർ അതുവരെ ഒരു ദിശയിലേക്ക് മെനക്കെട്ട് കറക്കിവെച്ചിരുന്ന ചക്രം തിരികെ കറക്കിവിടും.

നാട്ടിലായിരുന്നപ്പോൾ ആണിക്കാരനുമേൽ ചില വിജയങ്ങള് ദാക്ഷായണിയുടെ ക്രെഡിറ്റിൽ ഉണ്ടായിരുന്നു; അയാളുടെ മുന്നേറ്റങ്ങൾ കൃത്യമായി തടയാൻ സാധിച്ചതുകൊണ്ട്. അയാളെ കരയ്ക്കടുക്കാൻ പോയിട്ട് തോണിയിറക്കാൻ വരെ സാധിക്കാത്തതരത്തിൽ അവൾ ബന്ധിച്ചിരുന്നതാണ്. പക്ഷേ, ആണിക്കാരന്റെ തട്ടകത്തിൽ ദാക്ഷായണിയുടെ മന്ത്രശക്തികൾ നശിച്ചുപോയിരിക്കുന്നു.

‘എങ്ങനൊണ്ടെടീ, രൂപായ്‌ക്കൊണ്ടോ?’ ആണിക്കാരൻ വിജയോന്മാദത്തിന്റെ നിമിഷത്തിൽ പതിവുപോലെ അവളോട് ആരാഞ്ഞു. സത്യത്തിൽ ദാക്ഷായണിക്ക് കാര്യങ്ങളുടെ കിടപ്പ് അങ്ങനെയല്ല ഇങ്ങനെയാണെന്ന് പിടികിട്ടിയിരുന്നില്ല. ദാമ്പത്യത്തിന്റെ രണ്ടാം എപ്പിസോഡിൽ അയാൾ ആവിഷ്‌കരിച്ച കേളീതന്ത്രങ്ങൾ അവൾ നിരീക്ഷിച്ചുവരികയായിരുന്നു. ഏറ്റവുമടുത്ത ഒരാളിന്റെ മരണം കഴിഞ്ഞായാലും മനുഷ്യർക്ക് വിശക്കുമല്ലോ. രുചിയെക്കുറിച്ചുള്ള പരിഗണനകൾ മാറ്റിവെച്ചും അവർ ഭക്ഷണത്തെ സമീപിക്കും. ആണിക്കാരനൊപ്പം ഒരേ ഒഴുക്കിലേക്ക് വീഴുന്നതിന് തൊട്ടുമുൻപായിരിക്കും അയാൾ ദാക്ഷായണിയുടെ കൈയിൽനിന്ന് പാത്രം തട്ടിത്തെറിപ്പിക്കുക. അത് ഏകദേശം ഇതുപോലെയാണ്.

‘എന്റെ കട്ടിലേക്കെടക്കാനൊള്ള ഫാഗ്യമൊണ്ടായല്ലോ നെനക്ക്..’.

അയാളുടെ കിതപ്പുകൾ അവളുടെ ചെവിയിൽ വീണ് വഴുവഴുക്കും.

തൽക്ഷണം അവൾ ഉടലിൽനിന്ന് മനസ്സിനെ പിൻവലിച്ചുകൊണ്ട് പല്ലുകടിക്കും.

‘നായീന്റെ മോൻ’

തന്നെ തോല്പിക്കാൻ ദാക്ഷായണി കണ്ടെത്തിയ കിടപ്പറതന്ത്രങ്ങളെ നേരിടാൻ പറ്റിയ പ്രതിരോധമന്ത്രമായി ആണിക്കാരൻ അങ്ങനെ ചില രക്ഷാമാർഗങ്ങൾ കൈക്കൊണ്ടുകഴിഞ്ഞിരുന്നു. കൃത്യസമയത്ത് അവ ജപിച്ചാൽ അയാൾക്ക് അടുത്ത റൗണ്ടിലേക്കുള്ള ടിക്കറ്റ് കിട്ടുമെന്ന് ദിവസങ്ങൾകൊണ്ട് ദാക്ഷായണിക്കു മനസ്സിലായി. തന്നെ ഇടങ്കാൽകൊണ്ടു തടഞ്ഞിട്ട് ഗോൾ മുഖത്തേക്കുള്ള കുതിപ്പ്!

‘അയ് ശരി...’

നെറ്റിയിൽ തുളഞ്ഞുകയറിയിരിക്കുന്ന ആണി അവൾ തടവിനോക്കി. കുറെനാളായി അവളതുംകൊണ്ട് നടക്കുന്നു.

‘എന്തോ പയുന്നെടീ? തന്ന കാശിനൊണ്ടോ?’

ആണിക്കാരൻ കിതച്ചു. ഇത്തവണ അയാൾക്ക് ചെറിയൊരബദ്ധം പറ്റി.

ഒന്നുരണ്ടു കാര്യങ്ങൾകൂടി ഓർമിപ്പിച്ചാൽ ദാക്ഷായണി കുറെക്കൂടി പരാജിതയാകുമെന്നും അതുവഴി തന്റെ വിജയം ഇനിയും ആധികാരികമാകുമെന്നും കണക്കുകൂട്ടാനുള്ള മണ്ടത്തരം അയാൾ കാണിച്ചു.

‘എന്തിയേടി നിന്റെ കാശ്?’

‘എന്തിയേടി നിന്റെ പശു?’

ഓരോ ചോദ്യത്തിനുമൊപ്പം നിലന്തല്ലിപോലെ അയാൾ ദാക്ഷായണിയുടെ മേൽ വീണുകൊണ്ടിരകുന്നു.

‘എന്തിയേടി നിന്റെ കല്യാണി?’

കല്യാണി!

അതൊരു ചരിത്രനിമിഷമായിരുന്നു. ഞാൺ പൊട്ടിയ വില്ലുപോലെ ദാക്ഷായണി നിവർന്നു. നെറ്റിയിലെ ആണി ഊരിത്തെറിച്ചു.

ചുണ്ടിൻകോണുകൊണ്ട് ചിരിച്ചിട്ട് അവൾ ആണിക്കാരനോട് ചോദിച്ചു;

‘അല്ലപ്പാ, കൊറേയായി ഞാൻ ചോയ്ക്കണംന്ന് ബിചാരിക്ക്ന്ന്. നിങ്ങക്ക് എന്തെങ്കിലും കയ്യായിത്തംണ്ടാ? അല്ലെങ്ക്പ്പിന്ന എന്നാ നിങ്ങളെ കീച്ചലിന്റെ അർത്തം? ഇതെന്നാ നിങ്ങള് കളിക്ക്ന്ന്?’

ആണിക്കാരൻ ഉയരങ്ങളിൽനിന്ന് കൈവിട്ടു. ദാക്ഷായണി ചിരിയൊതുക്കി.

‘നമ്മളാട്‌ത്തെ ആ മരമില്ല് നിങ്ങക്കറീല്ലേ?’

‘ആട ഊർച്ചക്ക് ബന്നിനേനും രണ്ട് ചെക്കമ്മാറ്. മരക്കഷ്ണട്ത്ത് ബെക്ക്ന്ന കാണാം. രണ്ട് കഷ്ണായി ബീവ്ന്ന കാണാ... എന്നാ പണീന്നറിയാ? അയിറ്റിയക്ക് രണ്ടിനും കൂടി ആയ്ച്ചക്ക് അഞ്ഞൂറേനും കൂലി. ങ്ങളൊന്ന് പോയ് നോക്ക്ന്നാ? ന്തായാലും ഈന് നിങ്ങള് ന്ക്കാത്തെയാ നല്ലദ്.’

തൽക്ഷണം ആണിക്കാരന്റെ തേർച്ചക്രങ്ങൾ മണ്ണിൽ പൂണ്ടു. മന്ത്രം പാഴിലായതോടെ അയാൾ നിരായുധനായി.

ഓരോ മന്ത്രത്തിനും ഇത്ര ഉരുനെന്നൊരു കണക്കുണ്ട്. പ്രയോഗസാധ്യതകൾ ലിമിറ്റഡാണ്. ഏതു നിമിഷവും ചാർജ് തീർന്നുപോകുന്ന പവർബാങ്കുകളാണ് മന്ത്രങ്ങൾ. അക്ഷരങ്ങൾ തെറ്റുകയോ കൂടിച്ചേരുകയോ ചെയ്താൽ തിരിച്ചടിക്കും. അതിൽ മാത്രം വിശ്വസിച്ച് ഒരു പോരാട്ടത്തിനും ഇറങ്ങരുത്. അത് മനസ്സിലാവാതെപോയതാണ് ആണിക്കാരന്റെ ദുര്യോഗം. അയാൾ നിലംപരിശായി ദാക്ഷായണിയുടെ മേൽ കിടന്നു.

‘നെഞ്ഞുമ്മന്ന് കീഞ്ഞാട്ടെ. ശാസം കയ്ക്കട്ട്.’

പകയില്ലാതെ അവൾ പറഞ്ഞു”.

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത
ആർ. രാജശ്രീ
മാതൃഭൂമി ബുക്‌സ്
2019, 300 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP