Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രണ്ടില വീണ്ടും ജോസഫിന്; ജോസ് കെ. മാണിക്ക് വീണ്ടും തിരിച്ചടി; പാലാ ഉപതെരഞ്ഞെടുപ്പിന് ശേഷം രണ്ടില അനുവദിക്കുന്നത് ഇതാദ്യം; ശക്തി തെളിയിക്കാൻ കൺവൻഷൻ വിളിച്ച് കൂട്ടി ജോസഫ് വിഭാ​ഗം

രണ്ടില വീണ്ടും ജോസഫിന്; ജോസ് കെ. മാണിക്ക് വീണ്ടും തിരിച്ചടി; പാലാ ഉപതെരഞ്ഞെടുപ്പിന് ശേഷം രണ്ടില അനുവദിക്കുന്നത് ഇതാദ്യം; ശക്തി തെളിയിക്കാൻ കൺവൻഷൻ വിളിച്ച് കൂട്ടി ജോസഫ് വിഭാ​ഗം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം∙ അകലക്കുന്നം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പി. ജെ.ജോസഫിന് രണ്ടില ചിഹ്നം അനുവദിച്ചു. കേരള കോൺഗ്രസിന്റെ ശക്തികേന്ദ്രമായ അകലക്കുന്നം പഞ്ചായത്തിൽ ആണ് ജോസ് കെ മാണി വിഭാഗത്തിന് ഇതോടെ തിരിച്ചടിയുണ്ടായിരിക്കുന്നത്. കോട്ടയം അകലക്കുന്നം ഗ്രാമപ്പഞ്ചായത്തിലെ പൂവത്തിളപ്പ് വാർഡ് ഉപതിരഞ്ഞെടുപ്പിലാണ് ജോസഫ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിക്കാൻ തീരുമാനിച്ചത്.

പി.ജെ ജോസഫ് നിർദേശിക്കുന്ന സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കാമെന്ന് വരണാധികാരിയെ തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. രണ്ടില ചിഹ്നം ലഭിക്കുന്നത് സംബന്ധിച്ച് കേരള കോൺഗ്രസിലെ പി.ജെ. ജോസഫ്, ജോസ് കെ.മാണി വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഉണ്ടായിരിക്കുന്നത്. പഞ്ചായത്തിലെ ആറാം വാർഡായ പൂവത്തിളപ്പിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ജോസ് വിഭാഗം സ്ഥാനാർത്ഥിയായി ജോർജും, ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി ബിപിൻ തോമസും പത്രിക നൽകിയിരുന്നു.

ഇതോടെ ബിപിൻ തോമസിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടില ചിഹ്നം അനുവദിക്കുകയായിരുന്നു. കേരള കോൺഗ്രസ് വർക്കിങ് ചെയർമാനായ പിജെ ജോസഫിനാണ് ചിഹ്നം സംബന്ധിച്ച് അധികാരമുള്ളതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ജോസ് കെ. മാണിയുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. ബളാൽ പഞ്ചായത്തിലെ വള്ളിക്കടവ് വാർഡ് ഉപതിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം അനുവദിക്കണമെന്ന ആവശ്യമാണ് കമ്മീഷൻ തള്ളിയിരുന്നത്. പാലാ ഉപതിരഞ്ഞെടുപ്പിൽ ചിഹ്നം സംബന്ധിച്ച് ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങൾ തമ്മിൽ കടുത്ത തർക്കം ഉടലെടുത്തിരുന്നു. നിലവിൽ ചിഹ്നം സംബന്ധിച്ച തർക്കം കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിഷന്റെ പരിഗണനയിലാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP