Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുപ്പത്തൊട്ടിയിൽനിന്ന് തിന്നും പൈപ്പ് വെള്ളം കുടിച്ചും ഈന്തപ്പനച്ചോട്ടിൽ കിടന്നുറങ്ങിയും മരുഭൂമിയിൽ താണ്ടിയത് മുപ്പതുവർഷം; 23ാം വയസ്സിൽ ഉള്ളതെല്ലാം പണയംവെച്ചും കടം വാങ്ങിയും ബഹ്റൈനിൽ എത്തിയ യുവാവിന് സ്പോൺസറുടെ ചതിയിൽ നഷ്ടപ്പെട്ടത് ജീവിതം തന്നെ; ദേഹാമസകലം വ്രണങ്ങൾ ബാധിച്ച് പുഴുക്കൾ നുരക്കുന്ന അവസ്ഥയിൽ ഇയാളെ രക്ഷിച്ചത് പ്രവാസിയായ സാമൂഹ്യപ്രവർത്തകൻ സലാം മമ്പാട്ടുമൂല; ആടുജീവിതത്തിലെ നജീബിനെ അതിശയപ്പിക്കുന്ന അനുഭവങ്ങളുമായി സുന്ദരേശൻ ഒടുവിൽ നാടണയുമ്പോൾ

കുപ്പത്തൊട്ടിയിൽനിന്ന് തിന്നും പൈപ്പ് വെള്ളം കുടിച്ചും ഈന്തപ്പനച്ചോട്ടിൽ കിടന്നുറങ്ങിയും മരുഭൂമിയിൽ താണ്ടിയത് മുപ്പതുവർഷം; 23ാം വയസ്സിൽ ഉള്ളതെല്ലാം പണയംവെച്ചും കടം വാങ്ങിയും ബഹ്റൈനിൽ എത്തിയ യുവാവിന് സ്പോൺസറുടെ ചതിയിൽ നഷ്ടപ്പെട്ടത് ജീവിതം തന്നെ; ദേഹാമസകലം വ്രണങ്ങൾ ബാധിച്ച് പുഴുക്കൾ നുരക്കുന്ന അവസ്ഥയിൽ ഇയാളെ രക്ഷിച്ചത് പ്രവാസിയായ സാമൂഹ്യപ്രവർത്തകൻ സലാം മമ്പാട്ടുമൂല; ആടുജീവിതത്തിലെ നജീബിനെ അതിശയപ്പിക്കുന്ന അനുഭവങ്ങളുമായി സുന്ദരേശൻ ഒടുവിൽ നാടണയുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബെന്യാമിന്റെ വിഖ്യാതമായ നോവൽ ആടുജീവിതം മലയാളി ഏറെ ചർച്ചചെയ്തിട്ടുള്ളതാണ്. ഗൾഫ് നാട്ടിൽ ജോലിക്കെത്തി ഒടുവിൽ മരുഭൂമിയിൽ അടിമയെപ്പോലെ ആടുകൾക്കൊപ്പം കഴിയേണ്ടിവന്ന നജീബിന്റെ കഥന കഥ ആരും മറന്നിട്ടുണ്ടാവില്ല. എന്നാൽ അതിലും ഭീകരമായ ജീവിതാനുഭവമാണ് പത്തനംതിട്ട കൊടുമൺ സ്വദേശി സുന്ദരേശന് (55) പറയാനുള്ളത്. മുപ്പതുവർഷത്തെ അലച്ചിലിനുശേഷം ഗൾഫ് മാധ്യമം പത്രത്തിന്റെയും പ്രവാസിയായ സാമൂഹ്യപ്രവർത്തകൻ സലാം മമ്പാട്ടുമൂലയുടെയും സഹായത്തൊടെ നാട്ടിൽ എത്തുമ്പോൾ സുന്ദരേശന് വാക്കുകൾ കിട്ടുന്നല്ല.

30 വർഷത്തെ ദുരിതപർവം താണ്ടി വെറുംകൈയോടെയാണ് വെള്ളിയാഴ്ച പുലർച്ച സഹോദരൻ നീലാംബരന്റെ വീട്ടിലെത്തിയത്. 1988 ആഗസ്റ്റിലാണ് കൊടുമൺ രണ്ടാംകുറ്റി വേട്ടക്കോട്ട് കിഴക്കേതിൽ സുന്ദരേശൻ 23ാം വയസ്സിൽ ഉള്ളതെല്ലാം പണയംവെച്ചും കടം വാങ്ങിയും ബഹ്റൈനിൽ തയ്യൽജോലിക്ക് പോയത്. സ്പോൺസറുടെ ചതിയിൽ ജോലി നഷ്ടമായി. ലൈസൻസില്ലാത്ത കടയിലായിരുന്നു ആദ്യംജോലി. അതിനാൽ ജോലി ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ഒരു മലയാളിയുടെ സഹായത്തോടെ സ്വന്തം തുന്നൽകട തുടങ്ങി. എന്നാൽ, കെട്ടിട ഉടമ അറിഞ്ഞില്ല. സാധനങ്ങൾ മോഷ്ടിച്ചതായി കാണിച്ച് അയാൾ പരാതി നൽകി. തുടർന്ന് യാത്രാ വിലക്കുണ്ടായി. പാസ്പോർട്ടും മറ്റ് രേഖകളും ഏജന്റിന്റെ കൈവശമായിരുന്നു. അയാളെ കണ്ടെത്താനുമായില്ല. നഷ്ടപരിഹാരം നൽകിയാലെ യാത്രാവിലക്ക് നീങ്ങൂവെന്ന് മനസ്സിലായപ്പോൾ തളർന്നു. പ്രതീക്ഷ അസ്തമിച്ചതോടെ ഉൾഗ്രാമങ്ങളിലും മരുഭൂമിയിലും അലച്ചിൽ തുടങ്ങി. കുപ്പത്തൊട്ടിയിൽനിന്ന് തിന്നും പൈപ്പ് വെള്ളം കുടിച്ചും ഈത്തപ്പനച്ചോട്ടിൽ കിടന്നുറങ്ങിയും വർഷങ്ങളോളം കഴിച്ചുകൂട്ടി.

ആൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും വീട്ടുകാർ സംശയിച്ചു. ഒന്നര വർഷം മുമ്പ് പത്തനംതിട്ട ജില്ല പൊലീസ് ചീഫിന്റെ ഓഫിസിൽനിന്ന് അന്വേഷണം വന്നപ്പോഴാണ് ജീവിച്ചിരിക്കുന്നതായി അറിഞ്ഞത്. തുടർന്ന് ഇളയസഹോദരൻ നീലാംബരനെ ഒരു തവണ ഫോൺ വിളിച്ചിരുന്നു. പിന്നീട് വിവരങ്ങൾ ഒന്നും ഇല്ലാതെയിരിക്കുമ്പോഴാണ് പ്രവാസിയായ സലാം മമ്പാട്ടുമൂല ഫോണിൽ നീലാംബരനെ വിളിച്ച് സുന്ദരേശന്റെ വിവരങ്ങൾ പറഞ്ഞത്. മകനെ കാണാതെ 28 വർഷം മുമ്പ് പിതാവ് സുകുമാരനും ഒമ്പത് വർഷം മുമ്പ് മാതാവ് ജാനകിയും മരിച്ചു. നാട്ടിൽ വിമാനം ഇറങ്ങിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിലും തിക്താനുഭവം ഉണ്ടായി. ബഹറൈനിലെ ഇന്ത്യൻ എംബസി അഡീഷനൽ സെക്രട്ടറിയുടെ ഒപ്പ് എമർജൻസി സർട്ടിഫിക്കറ്റിൽ ഇല്ലെന്നു പറഞ്ഞ് രാത്രിയിൽ നാല് മണിക്കൂർ തടഞ്ഞു വെച്ചു. ഒടുവിൽ കൊടുമൺ പൊലീസ് സ്റ്റേഷനിൽ വിമാനത്താവള അധികൃതർ ഫോണിൽ ബന്ധപ്പെട്ട ശേഷമാണ് പുറത്തിറങ്ങാനായത്.

സുന്ദരേശന് മൂന്ന് സഹോദരങ്ങളാണ്. മൂത്തയാൾ അരവിന്ദാക്ഷൻ ഓച്ചിറയിലും രണ്ടാമൻ രാധാകൃഷ്ണൻ പാലക്കാട്ടുമാണ് താമസം. ഇളയ സഹോദരനാണ് നീലാംബരൻ. പെയിന്റിങ് തൊഴിലാളി നീലാംബരൻ ഒരു ദിവസം പണിക്ക് പോയില്ലെങ്കിൽ പട്ടിണിയാകുന്ന നിലയിലാണ് കുടുംബം. തയ്യൽജോലിചെയ്ത് ജീവിക്കണമെന്നാണ് സുന്ദരേശന്റെ ആഗ്രഹം. പിന്നെ ഒരു ചെറിയ കൂരയും. സുമനസ്സുകളുടെ സഹായം ഉണ്ടെങ്കിലേ അതിനും കഴിയൂ.

ശരീരത്തിൽ വ്രണങ്ങൾ ബാധിച്ച് പുഴുക്കളുമായി കഴിയുന്ന വിവരം അറിഞ്ഞെത്തിയ പ്രവാസിയായ സാമൂഹ്യപ്രവർത്തകൻ മലപ്പുറം വണ്ടൂർ ചോക്കാട് സ്വദേശി സലാം മമ്പാട്ടുമൂലയാണ് സുന്ദരേശന് രക്ഷകനായത്. മനാമ സെൻട്രൽ മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയാണ് സലാം.തന്നെ നാട്ടിൽ എത്തിക്കാൻ സലാം സഹിച്ച കഷ്ടപ്പാടുകൾ വലുതാണെന്ന് സുന്ദരേശൻ പറഞ്ഞു. പണം മുടക്കി ചികിത്സിച്ചതും വ്രണങ്ങൾ കഴുകി മരുന്നുവെച്ചതും ഭക്ഷണം നൽകിയതും മറക്കാൻ കഴിയില്ല. പലപ്പോഴും ജോലി മുടക്കിയാണ് ശുശ്രൂഷിച്ചത്. കോടതി കയറിയിറങ്ങി സുന്ദരേശന്റെ പേരിലുള്ള കേസുകൾ അവസാനിപ്പിക്കാനും സലാം ഏറെ പ്രയത്നിച്ചു. പ്രവാസികളുടെ സഹായത്തോടെ 442 ദിനാർ നൽകി യാത്രാ വിലക്ക് നീക്കിയതും സലാമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP