Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കയർ കേരളയുടെ എട്ടാംപതിപ്പ് ഡിസംബർ നാല് മുതൽ; ഗവർണർ ഉദ്ഘാടനം ചെയ്യും

കയർ കേരളയുടെ എട്ടാംപതിപ്പ് ഡിസംബർ നാല് മുതൽ; ഗവർണർ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

ആലപ്പുഴ: കയർ കേരളയുടെ എട്ടാംപതിപ്പ് ഡിസംബർ നാലിന് രാവിലെ 10.30ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ധനം-കയർ വകുപ്പ് മന്ത്രി ടി.എം. തോമസ് ഐസക്ക് അധ്യക്ഷനാകും. അന്തർദേശീയ പവിലിയനുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവ്വഹിക്കും. ആഭ്യന്തര പവിലിയൻ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമനും, സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിർവ്വഹിക്കും. അഡ്വ. എ.എം.ആരിഫ് എംപി, കൊടിക്കുന്നിൽ സുരേഷ് എംപി തുടങ്ങിയവർ പങ്കെടുക്കും.

ഉദ്ഘാടനദിവസം വൈകിട്ട് 4.30 ന് സാംസ്‌കാരിക സന്ധ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം നിമിഷ സജയൻ, ഡോ. ഖദീജ മുംതാസ്, ഡോ. കെ. ശാരദക്കുട്ടി, ഡോ. പി.എസ്. ശ്രീകല എന്നിവർ സംബന്ധിക്കും. മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ എട്ട് വാദ്യപ്രമാണിമാർ പങ്കെടുക്കുന്ന കേരളീയ തുകൽ വാദ്യങ്ങളുടെ താളവാദ്യലയ സമന്വയം, ചലച്ചിത്ര പിന്നണി ഗായകരായ മധു ബാലകൃഷ്ണൻ, സയനോര, രാജലക്ഷ്മി തുടങ്ങിയവർ പങ്കെടുക്കുന്ന പാട്ടുൽസവം എന്നിവയാണ് ആദ്യദിവസത്തെ കലാപരിപാടികൾ.

രണ്ടാം കയർ പുനഃസംഘടനയുടെ നേട്ടങ്ങളും ഭാവിവഴികളും ചർച്ച ചെയ്യുന്ന കയർ സഹകരണ സെമിനാർ ഉദ്ഘാടന ദിവസമായ നാലിന് രാവിലെ മുതൽ ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും. 1500 പേർ പങ്കെടുക്കും. മത്സ്യബന്ധനം-ഹാർബർ - കശുവണ്ടി വികസന വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ സെമിനാർ ഉദ്ഘാടനം ചെയ്യും.

മണ്ണുജല സംരക്ഷണത്തിന് കയർ ഭൂവസ്ത്രം എന്ന ശിൽപ്പശാല ഏഴിന് രാവിലെ 9.30 ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് 2000 പേരാണ് ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്. കയറിന്റെ പുത്തൻ ഉൽപ്പന്നങ്ങളും ഉപയോഗസാധ്യതകളും സംബന്ധിച്ച ടെക്നിക്കൽ സെക്ഷൻ ഡിസംബർ 5ന് ചുങ്കത്തുള്ള കയർ മെഷിനറി ഫാക്ടറിയിൽ നടക്കും. കയർ ബൈന്റ്ലസ് ബോർഡുകൾ, കയർ യന്ത്രങ്ങളുടെ പരിണാമം, കയർ കോമ്പോസിറ്റ് ബോർഡുകളുടെ വ്യാവസായിക ഉപയോഗം എന്നിവ സംബന്ധിച്ച നാല് സമാന്തര സെഷനുകളാണ് ഈ ദിവസം നടക്കുക.

ആറിനു നടക്കുന്ന ബയർ സെല്ലർ മീറ്റിൽ 100 വിദേശ വ്യാപാരികളും 150 ആഭ്യന്തര വ്യാപാരികളുമാണ് പങ്കെടുക്കുന്നത്. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളുടെ സാന്നിദ്ധ്യവും താൽപ്പര്യവുമാണ് ഒരു പ്രത്യേകത. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ ബയർ സെല്ലർ മീറ്റിൽ പങ്കെടുക്കും. 100 സംരംഭകർ പങ്കെടുക്കുന്ന ഡീഫൈബറിങ് മില്ലുകളുടെ ബിസിനസ് മീറ്റ് എട്ടിന് നടക്കും.

എട്ടാം തീയതി നടക്കുന്ന സമാപന സമ്മേളനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ അധ്യക്ഷനായിരിക്കും. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിവിധ അവാർഡുകളും സമ്മാനങ്ങളും വിതരണം ചെയ്യും. തൈക്കൂടം ബ്രിഡ്ജിന്റെ സംഗീത പരിപാടിയാണ് അവസാനദിവസത്തെ കലാസന്ധ്യയിൽ അരങ്ങേറുക. ഉച്ചയ്ക്ക് 2.30ന് ടൗൺ സ്‌ക്വയറിൽ നിന്ന് ഇഎംഎസ് സ്റ്റേഡിയത്തിലേക്ക് സാംസ്‌കാരിക ഘോഷയാത്രയും നടക്കും.

രണ്ടാം കയർ പുനഃസംഘടനയ്ക്ക് കയർ കേരളകൂടുതൽ കരുത്തുപകരും

ആലപ്പുഴ: കയർ കേരളയുടെ എട്ടാംപതിപ്പ് ഡിസംബർ നാല് മുതൽ എട്ടു വരെ ആലപ്പുഴയിൽ നടക്കും. കഴിഞ്ഞ രണ്ടു വർഷമായി കയർ മേഖലയിൽ നടക്കുന്ന രണ്ടാം കയർ പുനഃസംഘടനയുടെ പശ്ചാത്തലത്തിലാണ് 2019ലെ കയർ കേരള അരങ്ങേറുന്നത്. കാലങ്ങളായുള്ള കയർ വ്യവസായത്തിന്റെ അടിസ്ഥാനദൗർബല്യങ്ങളെ അഭിമുഖീകരിക്കാൻ കഴിയുന്നുവെന്നതാണ് രണ്ടാം പുനഃസംഘടനയുടെ പ്രാധാന്യം. ഇതിന്റെ ഗുണപരമായ ചലനങ്ങൾ വ്യവസായത്തിൽ ദൃശ്യമായിത്തുടങ്ങിയിരിക്കുന്നുവെന്ന് ധനകാര്യ, കയർ വകുപ്പു മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു.

മൂന്നുകൊല്ലം മുമ്പ് 10,000 ടണ്ണിൽ താഴെയായിരുന്നു സംസ്ഥാനത്തെ കയർ ഉൽപ്പാദനം. കേരളത്തിലെ കയർ വ്യവസായത്തിന്റെ പ്രൗഡിയുടെ കാലത്ത് ഒരുലക്ഷം ടൺ കയർ ഉൽപ്പാദിപ്പിച്ചുകൊണ്ടിരുന്ന സ്ഥിതിയിൽ നിന്നായിരുന്നു ഈ പതനം. ചകിരിക്കു വേണ്ടിയുള്ള സമ്പൂർണ്ണ പരാശ്രിതത്വമാണ് വ്യവസായത്തെ ഈ നിലയിൽ എത്തിച്ചതിന്റെ ഒരു പ്രധാന കാരണം. 2017-18ൽ ഉൽപ്പാദനം 14,500 ടണ്ണായി ഉയർന്നിട്ടുണ്ട്. 2019-20 സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേയ്ക്കും സംസ്ഥാനത്ത് കയർ ഉൽപ്പാദനം 20,000 ടണ്ണായി ഉയരുമെന്ന് നിശ്ചയമാണ്. 2020-21ൽ 40,000 ടൺ കയർ ഉൽപ്പാദനമാണ് ലക്ഷ്യമിടുന്നത്.

കയർ ഉൽപ്പാദനത്തിൽ ഈ ലക്ഷ്യം കൈവരിക്കുന്നതിന് കയർപിരി സംഘങ്ങളെ ആധുനീകരിക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനുമുള്ള ശക്തമായ നടപടികൾ പുരോഗമിക്കുകയാണ്. പരമ്പരാഗത പിരിമേഖലയെ സംരക്ഷിച്ചുകൊണ്ടുതന്നെ വ്യവസായത്തിന്റെ ആധുനീകരണമാണ് രണ്ടാം കയർ പുനഃസംഘടന ലക്ഷ്യം വയ്ക്കുന്നത്. ഇലക്ട്രോണിക് റാട്ടുകളും ഫാക്ടറി അടിസ്ഥാനത്തിലുള്ള ഓട്ടോമാറ്റിക് സ്പിന്നിങ് മില്ലുകളും വേഗതയിൽ വിന്യസിക്കുകയാണ്. തൊഴിലാളികളുടെ ജോലി ഭാരത്തിൽ കുറവ് ഉണ്ടാകുകയും ഉൽപ്പാദനക്ഷമത ഉയരുകയും ചെയ്യുകയാണ്. സ്വാഭാവികമായും ലഭ്യമാകുന്ന കൂലിയും വർദ്ധിക്കും.

കയർഫെഡ് സംഭരിക്കുന്ന കയർ, വിപണിയില്ലാതെ കെട്ടിക്കിടക്കുന്ന സ്ഥിതിയായിരുന്നു ഇതുവരെ. ഇന്ന് സംഭരിക്കുന്ന കയർ മുഴുവൻ വിറ്റഴിക്കപ്പെടുകയാണ്. ഇത് ഉൽപ്പന്നമേഖലയിൽ തന്നെയാണ് വിനിയോഗിക്കപ്പെടുന്നത്. കയർഫെഡിന്റെ കയർ വിപണനം 2015-16ൽ 7,029 ടൺ ആയിരുന്നത് 2018-19 ൽ 15,792 ടണ്ണായി ഉയർന്നു.

അധികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന കയർ ഉപയോഗിച്ച് ആവശ്യമുള്ള ഉൽപ്പന്നങ്ങളിലേയ്ക്ക് മാറാനാണ് ശ്രമം. 2017 കയർ കേരളയിൽ തദ്ദേശഭരണ സ്ഥാപനങ്ങളുമായി നൂറിലധികം കോടി രൂപയുടെ കയർ ഭൂവസ്ത്രത്തിനുള്ള കരാറാണ് ഒപ്പുവച്ചത്. പക്ഷെ, ഇത് പൂർണ്ണമായും നൽകാനായില്ല. അതേസമയം 60 കോടിയിലധികം രൂപയുടെ കയർ ഭൂവസ്ത്രം തൊഴിലുറപ്പ് പദ്ധതിയിൽ വിനിയോഗിക്കാൻ കഴിഞ്ഞു. കയർ ഭൂവസ്ത്രത്തിന് പുതിയ ഉപയോഗമേഖലകളും ഉണ്ടായിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിർമ്മാണത്തിൽ കയർ ഭൂവസ്ത്ര വിനിയോഗത്തിന് അംഗീകാരമായി. കേന്ദ്ര പിഡബ്ല്യുഡിയുടെ റോഡ് നിർമ്മാണങ്ങൾക്കും കയർ ഭൂവസ്ത്രം അംഗീകൃത ഉൽപ്പന്നമായി വിജ്ഞാപനം ഇറങ്ങുകയാണ്. ഉയർന്നുവരുന്ന ഈ പുതിയ ഡിമാന്റിന് അനുസരിച്ച് കയർ ഭൂവസ്ത്രം ഉൽപ്പാദിപ്പിക്കാനായാൽ കേരളത്തിലെ വ്യവസായത്തിന്റെ ഭാവി ശോഭനമായിരിക്കും.

ചകിരി ദൗർലഭ്യമാണ് മറ്റൊരു പ്രശ്‌നം. രണ്ടാം കയർ പുനഃസംഘടനയുടെ പ്രധാനപ്പെട്ട ഊന്നൽ ചകിരി ഉൽപ്പാദനത്തിലാണ്. തൊണ്ട് സുലഭമായ ഇടങ്ങളിൽ മില്ലുകൾ സ്ഥാപിച്ച് ചകിരി ഉൽപ്പാദിപ്പിക്കുയാണ്. 2016-19 കാലയളവിൽ 120 ചകിരി മില്ലുകൾ സ്ഥാപിച്ചു. ഇരുനൂറോളം ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകളും ഇരുപതിനായിരത്തോളം ഇലക്ട്രോണിക് റാട്ടുകളും കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മെഷീൻ മാനുഫാക്ച്വറിങ് കമ്പനി നിർമ്മിച്ച് വിതരണം ചെയ്തിട്ടുമുണ്ട്. സ്വകാര്യ മേഖലയിലും സഹകരണ മേഖലയിലും കുടുംബശ്രീപോലുള്ള സംവിധാനങ്ങൾ വഴി തൊണ്ട് ശേഖരിച്ച് ചകിരി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളാണ് വിജയം കൈവരിക്കുന്നത്. 2015-16ൽ ആഭ്യന്തര ചകിരി ഉൽപ്പാദന രംഗത്ത് ഒരു ശതമാനം പോലും ഉത്പാദിപ്പിക്കാത്ത സാഹചര്യത്തിൽ നിന്നും ഇപ്പോൾ കയർഫെഡ് സംഭരിക്കുന്ന ചകിരിയുടെ 44 ശതമാനവും സംസ്ഥാനത്തിന് അകത്തുനിന്നുള്ള ഉൽപ്പാദനമാണ്. കഴിഞ്ഞ മൂന്നു വർഷം കൊണ്ട് കയർഫെഡിൽ 1,11,000 ക്വിന്റൽ ചകിരിയും 4,87,000 ക്വിന്റൽ കയറും സംഭരിച്ചിട്ടുണ്ട്.

ഉൽപ്പന്നമേഖലയിലും ഈ ഉണർവ്വ് പ്രകടമാണ്. 2015-16 ൽ 97.99 കോടിയുടെ ഉൽപ്പന്നം സംഭരിച്ചിരുന്ന സ്ഥാനത്ത് 2018-19ൽ കയർ കോർപ്പറേഷൻ വഴിയുള്ള ഉൽപ്പന്ന സംഭരണം 153.19 കോടിയായി ഉയർന്നു. കയർ കോർപ്പറേഷന്റെ വിറ്റുവരവ് ഈ സാമ്പത്തികവർഷം നവംബർവരെ 120 കോടി രൂപയാണ്. വർഷാവസാനമാകുമ്പോൾ ഇത് 250 കോടിയായി ഉയരും.

കയർ ഭൂവസ്ത്രം മണ്ണുജല സംരക്ഷണത്തിനും റോഡ് നിർമ്മാണത്തിനുമെല്ലാം ഉതകുന്ന ഈടുറ്റ ഉൽപ്പന്നമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കയർ ഭൂവസ്ത്രത്തിന് ലഭിക്കുന്ന ഓർഡർ പൂർണ്ണമായും നിറവേറ്റാനായാൽ വ്യവസായത്തിന്റെ ഭാവി ശോഭനമായിരിക്കും. കയർ ഉൽപ്പന്നങ്ങളുടെ ആഭ്യന്തര വിപണി വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യ ഒട്ടാകെ ശൃംഖലകളുള്ള വിവിധ സ്ഥാപനങ്ങളുമായി ചർച്ചകൾ നടത്തുകയും അതിന്റെ ഭാഗമായി ധാരണയിൽ ഏർപ്പെടുകയും ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിനു തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. ഇത് കയർ ഉൽപ്പന്ന മേഖലയ്ക്ക് പുത്തൻ ഉണർവ്വാണ് പകരുന്നത്.

കയർ മേഖലയിൽ സംസ്ഥാന സർക്കാർ മുടക്കുന്ന പണത്തിന്റെ അളവും ഗണ്യമായി ഉയർന്നിട്ടുണ്ട്. 2015-16 ൽ സർക്കാർ മുടക്കിയ പണം 68.29 കോടി രൂപയായിരുന്നുവെങ്കിൽ 2018-19 ൽ ഇത് 131.43 കോടി രൂപയായി ഉയർന്നു. കയർ സഹകരണ സംഘങ്ങളുടെ ആധുനീകരണത്തിനായി 200 കോടി രൂപയുടെ എൻസിഡിസി സഹായം നേടിയെടുക്കാനും കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

കയർ വികസന വകുപ്പ് സെക്രട്ടറി പി.വേണുഗോപാൽ, കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ, കയർ മാനുഫാക്ച്വറിങ് കമ്പനി ചെയർമാൻ അഡ്വ. കെ.പ്രസാദ്, ഫോംമാറ്റിങ്‌സ് ചെയർമാൻ അഡ്വ. കെ.ആർ.ഭഗീരഥൻ, കയർ വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.എസ്.പ്രദീപ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP