Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യാജ ആത്മഹത്യ ബെൽറ്റ് ധരിച്ച ഭീകരൻ കുത്തിയത് 12 പേരെ; ലണ്ടൻ ബ്രിഡ്ജിലെ അക്രമത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു; അക്രമിയെ വെടിവെച്ചുവീഴ്‌ത്തി പൊലീസ്; ലണ്ടൻ നഗരം അതീവ ജാഗ്രതയിൽ

വ്യാജ ആത്മഹത്യ ബെൽറ്റ് ധരിച്ച ഭീകരൻ കുത്തിയത് 12 പേരെ; ലണ്ടൻ ബ്രിഡ്ജിലെ അക്രമത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു; അക്രമിയെ വെടിവെച്ചുവീഴ്‌ത്തി പൊലീസ്; ലണ്ടൻ നഗരം അതീവ ജാഗ്രതയിൽ

സ്വന്തം ലേഖകൻ

കുറച്ചുകാലമായി യൂറോപ്പിൽനിന്ന് അകന്നുനിന്നിരുന്ന കത്തിയാക്രമണം വീണ്ടും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ലണ്ടൻ ബ്രിഡ്ജിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ചാവേറെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ശരീരത്തിൽ ബെൽറ്റ് ഘടിപ്പിച്ചെത്തിയ ഭീകരനെ പൊലീസ് വെടിവെച്ചുകൊന്നു. എട്ടുപേരുടെ മരണത്തിനിടയാക്കിയ ലണ്ടൻ ബ്രിഡ്ജ് ആക്രമണത്തിന് രണ്ടരവർഷം കഴിഞ്ഞാണ് ബ്രിട്ടൻ വീണ്ടും ഭീകരാക്രമണത്തിന്റെ ഭീതിയിലമരുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലണ്ടനിലും പ്രമുഖ യൂറോപ്യൻ നഗരങ്ങളിലും കടുത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

ലണ്ടൻ ബ്രിഡ്ജിന്റെ വടക്കുഭാഗത്താണ് ഉച്ചയ്ക്ക് രണ്ടുമണിയോടെ ഭീകരാക്രമണം ഉണ്ടായത്. ആൾക്കൂട്ടത്തിലേക്ക് കടന്നുകയറിയ ഇയാൾ കണ്ണിൽക്കണ്ടവരെയൊക്കെ കുത്തുകയായിരുന്നു. പേടിച്ചരണ്ട ആളുകൾ തലങ്ങും വിലങ്ങും പാഞ്ഞു. ഭീകരനെ കീഴ്‌പ്പെടുത്താനും ചില നാട്ടുകാരുടെ സഹായം പൊലീസിന് ലഭിച്ചു. അവർ കാണിച്ച ധീരതയാണ് കാര്യങ്ങൾ വേഗത്തിൽ നിയന്ത്രണത്തിലാക്കാൻ സഹായിച്ചതെന്ന് മെറ്റ് പൊലീസ് ക്രൈം കമ്മിഷണർ ക്രെഡിഡ ഡിക്ക് പറഞ്ഞു. കുത്തേറ്റ് മരിച്ച രണ്ടുപേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനുള്ള ശ്രമങ്ങൾ ഭീകര വിരുദ്ധ സ്‌ക്വാഡ് നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനക്കൂട്ടത്തിൽനിന്ന് സർവസജ്ജരായി മുന്നോട്ടുവന്ന ആറുപേർ ചേർന്നാണ് അക്രമിയെ കീഴടക്കിയത്. ഒരാൾ ഇയാളെ പിന്തുടരുകയും മറ്റൊരാൾ തീയണയ്ക്കുന്ന യന്ത്രമുപയോഗിച്ച് ഇയാളെ നേരിടുകയും ചെയ്തു. പെട്ടെന്നുതന്നെ സ്ഥലത്തെത്തിയ പൊലീസ് അക്രമിയെ കീഴടക്കുകയായിരുന്നു. ഇയാളോട് അനങ്ങരുതെന്ന് പൊലീസ് രണ്ടുതവണ ആവശ്യപ്പെടുന്നതിന്റെയും പിന്നീട് വെടിവെക്കുന്നതിന്റെയും ശബ്ദം കേട്ടതായി ദൃകക്‌സാക്ഷികൾ പറഞ്ഞു. വളരെ അടുത്തുനിന്നാണ് ഇയാൾക്കുനേരെ പൊലീസ് വെടിയുതിർത്തത്. പാലത്തിന്റെ മറുഭാഗത്തുനിന്ന് ഓടിയെത്തിയയാളാണ് കത്തിയുമായി നിന്ന ഭീകരന്റെ മേൽക്ക് ചാടിവീണതും ഇയാളെ കീഴ്‌പ്പെടുത്തിയതും.

ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് പൊലീസ് മുന്നെത്തന്നെ സംശയിച്ചിരുന്നയാളാണ് അക്രമിയെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന സൂചന. 2010-ൽ ലണ്ടൻ സ്റ്റോക്ക് എക്സേഞ്ച് ആക്രമണ ഗൂഢാലോചനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ച 28കാരനായ ഉസ്മാൻ ഖാൻ ആണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. ആൾക്കൂട്ടത്തിന് നേരെ യുവാവ് കത്തി കൊണ്ട് ആക്രമണം നടത്തുകയായിരുന്നു. ചിലരുടെ പരിക്ക് ഗുരുതരമാണ്.

സംഭവത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പ്രചരിച്ചു. അക്രമിയെ വെടിവെക്കുന്ന 14 സെക്കന്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളും പ്രചരിച്ചു. 2017-ലും ലണ്ടൻ ബ്രിഡ്ജിൽ ആക്രമണം നടന്നിരുന്നു. ട്രക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിൽ അന്ന് നിരവധി പേർക്ക് പരിക്കേറ്റു. ഇസ്ലാമിക തീവ്രവാദികളായിരുന്നു അന്നത്തെ ആക്രമണത്തിന് പിന്നിൽ. ഇപ്പോഴത്തെ സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധം പൊലീസ് ആരോപിച്ചു. അക്രമി സ്‌ഫോടക വസ്തുക്കളുമായാണ് എത്തിയതെന്നും ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് പറയുന്നു. ആക്രമണത്തെ അപലപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും രംഗത്തെത്തി. ആക്രമണത്തെ പ്രതിരോധിച്ച പൊലീസിന് അദ്ദേഹം നന്ദി പറഞ്ഞു.

സംഭവമുണ്ടായ ഉടൻതന്നെ ലണ്ടൻ ബ്രിഡ്ജിന്റെ തെക്കുഭാരം പൊലീസ് ഒഴിപ്പിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു. ബോറോ മാർക്കറ്റിന് സമീപം ഭയചകിതരായ ആളുകളെ പൊലീസ് പൊലീസ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു. ലണ്ടനിലെ പ്രധാന ധനകാര്യ ഇടപാട് മേഖലയ്ക്ക് സമീപമാണ് ആക്രമണമുണ്ടായത്. ധനകാര്യ സ്ഥാപനമേധാവികളും ഇടപാടുകാരുമടക്കം ആയിരക്കണക്കിന് യാത്രക്കാർ ഇതുവഴി കടന്നുപോകാറുണ്ട്. ഫിഷ്‌മോംഗേഴ്‌സ് ഹാളിന് പുറത്തുള്ള കെട്ടിടത്തിനടുത്തുനിന്നാണ് ആക്രമണം തുടങ്ങിയത്. സംഭവത്തെത്തുടർന്ന് ഇവിടെയുള്ള സ്ഥാപനങ്ങളിൽ സുരക്ഷ വർധിപ്പിക്കുകയും റോഡ് ക്ലോസ് ചെയ്യുകയും ചെയ്തു.

2017 ജൂണിലാണ് ഇതിനുമുമ്പ് ലണ്ടൻ ബ്രിഡ്ജ് ഭീകരാക്രമണത്തിന് വേദിയായത്. ഖുറം ബട്ട്, റാച്ചിഡ് റെഡോൺ, യൂസഫ് സാഗ്ബ എന്നീ ഭീകരർ ചേർന്ന് നടത്തിയ ആക്രമണത്തിൽ എട്ടുപേരാണ് അന്ന് കൊല്ലപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP