Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോടതി അലക്ഷ്യം; ഓർത്തഡോക്‌സ് സഭയുടെ ഹർജിയിൽ ഒൻപത് എതിർ കക്ഷികൾക്ക് നോട്ടീസ്; ചീഫ് സെക്രട്ടറി, അഡിഷനൽ ചീഫ് സെക്രട്ടറി, റവന്യു സെക്രട്ടറി, പൊലീസ് മേധാവി ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ എന്നിവർക്ക് അടക്കം നോട്ടീസ് നൽകിയത് സുപ്രീം കോടതി

കോടതി അലക്ഷ്യം; ഓർത്തഡോക്‌സ് സഭയുടെ ഹർജിയിൽ ഒൻപത് എതിർ കക്ഷികൾക്ക് നോട്ടീസ്; ചീഫ് സെക്രട്ടറി, അഡിഷനൽ ചീഫ് സെക്രട്ടറി, റവന്യു സെക്രട്ടറി, പൊലീസ് മേധാവി ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ എന്നിവർക്ക് അടക്കം നോട്ടീസ് നൽകിയത് സുപ്രീം കോടതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികളുടെ ഭരണം 1934ലെ ഭരണഘടനപ്രകാരമെന്നു വ്യക്തമാക്കിയുള്ള വിധികൾ നടപ്പാക്കാത്തതു കോടതിയലക്ഷ്യമാണെന്നാരോപിച്ച് ഓർത്തഡോക്‌സ് സഭ നൽകിയ ഹർജികളുടെ ഭാഗമായ ഇടക്കാല അപേക്ഷയിൽ ഒൻപത് എതിർകക്ഷികൾക്കു നോട്ടീസ് അയയ്ക്കാൻ സുപ്രീം കോടതി നിർദേശിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ നൽകിയ കോടതിയലക്ഷ്യ ഹർജി കഴിഞ്ഞ 18ന് പരിഗണിച്ചിരുന്നു. കോടതിയലക്ഷ്യമെന്നു കരുതാവുന്ന നടപടികൾ കൃത്യമായി വ്യക്തമാക്കി അപേക്ഷ നൽകാൻ അന്നു നിർദേശിച്ചു. ഈ അപേക്ഷയിലെ 3 പ്രധാന ആവശ്യങ്ങൾ സംബന്ധിച്ചാണ് ഇന്നലത്തെ നോട്ടിസ്.ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

ചീഫ് സെക്രട്ടറി, അഡിഷനൽ ചീഫ് സെക്രട്ടറി, റവന്യു സെക്രട്ടറി, പൊലീസ് മേധാവി എന്നിവർക്കും ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ, കുര്യാക്കോസ് മാർ യൗസേബിയോസ്, ഏലിയാസ് മാർ അത്തനാസിയോസ്, ജോസഫ് മാർ ഗ്രിഗോറിയോസ്, ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് എന്നിവർക്കുമാണ് നോട്ടിസ്.

1934 ലെ ഭരണഘടനപ്രകാരം നിയമിക്കപ്പെട്ട വികാരിമാർക്ക് ഇടവകകളുടെ നടത്തിപ്പിനും ആരാധന, മൃതദേഹ സംസ്‌കാരം, മറ്റു ചടങ്ങുകൾ തുടങ്ങിയവയ്ക്കും പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയോടും മറ്റും നിർദേശിക്കുക. 1934ലെ ഭരണഘടനപ്രകാരം പ്രവർത്തിക്കുന്ന എല്ലാ പള്ളികളിലും ആരാധന, മൃതദേഹ സംസ്‌കാരം, മറ്റ് ചടങ്ങുകൾ തുടങ്ങിയവ സഭാ ഭരണഘടനപ്രകാരം നിയമിക്കപ്പെട്ട വികാരിമാരും വൈദികരും വ്യക്തികളും മാത്രം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ എതിർകക്ഷികളോടു നിർദേശിക്കുക.

2017 ൽ കെ.എസ്.വർഗീസ് കേസിൽ നൽകിയ വിധിയും അനുബന്ധ വിധികളും 1934ലെ ഭരണഘടനയും പാലിക്കുമെന്നും 34ലെ ഭരണഘടന ബാധകമാകുന്ന പള്ളികളുടെ നടത്തിപ്പിലും ഭരണത്തിലും ഇടപെടില്ലെന്നും മലങ്കര ഓർത്തഡോക്‌സ് സഭയുടെയും അതിനു കീഴിലുള്ള പള്ളികളുടെയും നടത്തിപ്പിന് സമാന്തര ഭരണസംവിധാനത്തിനു ശ്രമിക്കില്ലെന്നും ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായും 4 ബിഷപ്പുമാരും നിരുപാധിക ഉറപ്പു നൽകുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ.

മൊത്തം 6 കോടതിയലക്ഷ്യ ഹർജികളാണ് ഓർത്തഡോക്‌സ് സഭയ്ക്കുവേണ്ടി വരിക്കോലി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി വികാരി ഫാ. വിജു ഏലിയാസ് ഉൾപ്പെടെ 15 ഹർജിക്കാർ നൽകിയിരുന്നത്. എല്ലാം ഒരേ പ്രശ്‌നവും ആവശ്യങ്ങളുമുന്നയിച്ചായതിനാൽ 5 ഹർജികൾ പിൻവലിക്കാൻ കോടതി അനുമതി നൽകി. ഹർജിക്കാർക്കുവേണ്ടി രാകേഷ് ദ്വിവേദി, കൃഷ്ണൻ വേണുഗോപാൽ, ഇ.എം.സദ്രുൾ അനാം എന്നിവർ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP