Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർജ്ജവത്തിന്റെ വെള്ളിടിവെട്ടം തീർത്ത മഹാകവി ഇടതുപക്ഷ ഇടപെടലകളോടുള്ള വിയോജിപ്പിൽ നിന്നുയർന്ന 'ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം' ; മാനവികതയിലൂന്നി നിന്നുള്ള ആത്മീയതയും ആഴത്തിലുള്ള ദാർശനികതയും മുഖമുദ്രയാക്കിയ പ്രതിഭ; സ്‌നേഹശൂന്യവും അതുകൊണ്ട് അധാർമ്മികവുമാകുന്ന വിപ്‌ളവം വിജയിക്കയില്ലെന്ന് ദീർഘദർശിതയോടെ ആദ്യമായി വിളംബരം ചെയ്ത കൃതിയുടെ കർത്താവ്; അക്കിത്തത്തെ തേടി പുരസ്‌കാരം എത്തുമ്പോൾ

ആർജ്ജവത്തിന്റെ വെള്ളിടിവെട്ടം തീർത്ത മഹാകവി ഇടതുപക്ഷ ഇടപെടലകളോടുള്ള വിയോജിപ്പിൽ നിന്നുയർന്ന 'ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം' ; മാനവികതയിലൂന്നി നിന്നുള്ള ആത്മീയതയും ആഴത്തിലുള്ള ദാർശനികതയും മുഖമുദ്രയാക്കിയ പ്രതിഭ; സ്‌നേഹശൂന്യവും അതുകൊണ്ട് അധാർമ്മികവുമാകുന്ന വിപ്‌ളവം വിജയിക്കയില്ലെന്ന് ദീർഘദർശിതയോടെ ആദ്യമായി വിളംബരം ചെയ്ത കൃതിയുടെ കർത്താവ്; അക്കിത്തത്തെ തേടി പുരസ്‌കാരം എത്തുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം' എന്ന് 61 വർഷങ്ങൾക്ക മുമ്പേ , എഴുതി വെച്ച് കവിതയിൽ ആർജ്ജവത്തിന്റെ വെള്ളിടിവെട്ടം തീർത്ത മഹാകവിയാണ് അക്കിത്തം എന്ന അക്കിത്തം അച്യുതൻ നമ്പൂതിരി.1948-49-ൽ കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവർത്തിത്ത്വത്തിൽ നിന്നുമാണ് ഈ വരികൾ ഉൾക്കൊള്ളുന്ന 'ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം' എന്ന കവിത അക്കിത്തം എഴുതുന്നത് .ആ കാലഘട്ടത്തിലെ ഇടതുപക്ഷഇടപെടലകളോടുള്ള വിയോജിപ്പിൽ നിന്നാണ് 'ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം' പിറക്കുന്നത് . 

സ്വഭാവികമായും ആ കവിത പുറത്ത് വന്നതോട് കൂടി ഇ.എം.എസ്സ് തുടങ്ങിയ നിരവധി കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അക്കിത്തം കമ്യൂണിസ്റ്റ് വിരുദ്ധനായി ചിത്രീകരിക്കരിക്കപ്പെട്ടു.ചരിത്രം എന്തുപറഞ്ഞാലും പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനായി മഹാകവി അക്കിത്തം. മാനവികതയിലൂന്നി നിന്നുള്ള ആത്മീയതയും ആഴത്തിലുള്ള ദാർശനികതയും അക്കിത്തം കവിതകളിലെ മുഖമുദ്രയാണ്. സ്നേഹത്താൽ നിർമ്മിക്കപ്പെടേണ്ടതാണ് ജീവിതം അദ്ദേഹത്തിന്റെ ഓരോ രചനയും ഓർമ്മിപ്പിക്കുന്നു.

കവിത, നാടകം, ചെറുകഥ, ഉപന്യാസം, വിവർത്തനം എന്നിങ്ങനെ വിവിധമേഖലകളിലായി ആകെ 47 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മലയാളകവിതയിൽ ആധുനികത ആരംഭിക്കുന്നത് അക്കിത്തം 1952 ൽ പ്രസിദ്ധീകരിച്ച ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന ഖണ്ഡകാവ്യത്തിലാണ്. അക്കാലത്തും തുടർന്നും കേരളത്തിലുടനീളം ആ കൃതി അവഗാഢമായ ആസ്വാദനത്തിന്നും നിശിതമായ വിമർശനത്തിന്നും വിഷയമായി. ഈ കാവ്യം സുവർണ്ണജൂബിലികൊണ്ടാടുന്ന ഈ കാലഘട്ടത്തിലും നിരൂപകർക്ക് ചർച്ചാ-വിഷയമായി-രിക്കുന്നു.

പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂർ അക്കിത്തത്ത് മനയിൽ 1926 മാർച്ച് 18ന് അക്കിത്തത്ത് വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനത്തിന്റേയും മകനായി ജനനം.ചെറുപ്പത്തിൽ തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അദ്ദേഹം 1946 മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരി യുടെ പ്രസാധകനായി. ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.

ബലിദർശനം എന്നകൃതിക്ക് 1972 ൽ കേരള സാഹിത്യഅക്കാദമി അവാർഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, 1974 ലെ ഓടക്കുഴൽ അവാർഡ്, സഞ്ജയൻ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീർത്തി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛൻ പുരസ്‌കാരം , 2008 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം എന്നിവയും മഹാകവി അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്. 'അക്കിത്തം' എന്ന പേരിൽ തന്നെ അദ്ദേഹത്തിന്റെ സഹോദരനും മകനും പിന്നീട് പ്രശസ്തരായി . ചിത്രകാരൻ അക്കിത്തം നാരായണനാണ് സഹോദരൻ. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്.

 മാവറെ അച്യുതവാരിയരാണ് ആദ്യ ഗുരു. 8 മുതൽ 12 വയസ്സു വരെ പിതാവിൽനിന്നും മറ്റും ഋഗ്വേദവും പിന്നീട് കൊടക്കാട്ട്ശങ്കുണ്ണി നമ്പീശനിൽനിന്നു സംസ്‌കൃതം, ജ്യോതിഷം എന്നിവയും പതിനാലാം വയസ്സിൽ തൃക്കണ്ടിയൂർകളത്തിൽ ഉണ്ണി-കൃ-ഷ്ണ-മേനോനിൽനിന്ന് ഇംഗ്‌ളീഷ്,കണക്ക് എന്നിവയും അഭ്യസിച്ചു. ടി.പി.കുഞ്ഞുകുട്ടൻനമ്പ്യാരി ൽനിന്നു കാളി-ദാസകവിതയും, വി.ടി. ഭട്ടതിരിപ്പാടിൽ നിന്നു തമിഴും പഠിച്ചിട്ടുണ്ട്.

കുമരനല്ലൂർ ഗവണ്മെന്റ് ഹൈസ്‌ക്കൂൾ വിദ്യാഭ്യാസത്തിന്നു ശേഷം കോഴിക്കോട്‌സാമൂതിരി കോളേജിൽ ഇന്റർമീഡിയറ്റിന്നു ചേർന്നുവെങ്കിലും പഠിപ്പു തുടരാൻ ഇടവന്നില്ല. ചിത്രകല, സംഗീതം എന്നിവയിലായിരുന്നു ശൈശവകൗമാരങ്ങളിൽ താത്പര്യം. എട്ടു വയസ്സിൽകവിത എഴുതാൻ തുടങ്ങി. ഇടശ്ശേ-രി, ബാലാമണിയമ്മ, നാലപ്പാടൻ, കുട്ടികൃഷ്ണമാരാര്, വി.ടി., എം. ആർ.ബി. എന്നിവരുടെ സന്തതസാഹചര്യങ്ങളും ശിഷ്യത്വവും അക്കിത്തത്തിലെ കവിവ്യക്തിത്വെത്ത വളർത്തി. 1946 മുതൽ 49 വരെ ഉണ്ണിനമ്പൂതിരി മാസികയുടെ പ്രസാധകൻ. യോഗക്ഷേമം ആഴ്ചപ്പതിപ്പ്, മംഗളോദയം മാസിക എന്നിവയുടെ ഉപപ്രതാധിപർ. 1956 ജൂൺ മുതൽ 1985 ഏപ്രിൽ വരെ ആകാശവാണി കോഴിക്കോട് - തൃശ്ശൂർ നിലയങ്ങളിൽ ജോലിചെയ്തു. 1985 ൽ എഡിറ്റർ പോസ്റ്റിൽ നിന്നു വിരമിച്ചു.

യോഗക്ഷേമസഭ (തൃശ്ശൂർ) യിലെ അംഗമെന്ന നിലയിൽ, നമ്പൂതിരി സമു-ദായപരി-ഷ്‌കരണങ്ങൾക്കു വേണ്ടി പ്രയത്‌നിച്ചു. മഹാത്മജി-യുടെ നേതൃത്വത്തിൽ ശക്തമായിരുന്ന ദേശീയപ്രസ്ഥാനത്തിന്റെ സ്വാധീനം ഈ പ്രവർത്തനങ്ങൾക്കുണ്ടായിരുന്നു. 1946 - 49 കാലത്ത് യോഗക്ഷേമസഭയുടെപ്രമുഖനേതാക്കളായിരുന്ന വി.ടി. ഭട്ടതിരിപ്പാട്, ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഒ.എം.സി. നാരായണന്റെ നമ്പൂതിരിപ്പാട് എന്നിവരുടെ പേഴ്‌സണൽ സെക്രട്ടറിയായിരുന്നു. 1950 - 52 കാലഘട്ടത്തിൽ പൊന്നാനി കേന്ദ്രകലാസമിതി-യുടെ സെക്രട്ടറി, 1953 - 54 ൽ പ്രസിഡണ്ട്. ഇടശ്ശേ-രി, വി.ടി., നാലപ്പാടൻ, വി എം. നായർ, ബാലമണിയമ്മ, എൻ.വി.കൃഷ്ണവാരിയർ, സി.ജെ.-തോമസ്, എം. ഗോവിന്ദൻ, ചിറക്കൽ ടി. ബാലകൃഷ്ണൻനായർ, എസ്.കെ. പൊറ്റെക്കാട്ട് എന്നിവർക്ക് ഈ കലാസമിതി-യുമായി അവഗാഡമായ ബന്ധമുണ്ടായിരുന്നു. പൊന്നാനി കേന്ദ്രകലാസമിതിയാണ്, പിൽക്കാലത്ത്, കേരളത്തിലെ നാടകപ്രസ്ഥാനത്തെ വളർത്തുന്നതിൽ മുഖ്യപങ്കുവഹിച്ച മലബാർ കേന്ദ്രകലാസമിതിയായി വികസിച്ചത്.

തൃശ്ശൂർ, തിരുന്നാവായ, കടവല്ലൂർ, എന്നി-വിടങ്ങളിലെ പ്രശസ്തമായ വേദപാഠശാലകളോടു ബന്ധപ്പെട്ട് വേദവിദ്യാപ്രചാരണത്തിന്നു പരി്രശമിച്ചു. 1974-88 കാലത്ത് പാഞ്ഞാ-ളി-ലും, തിരുവനന്തപുരത്തും കുണ്ടൂരിലും നടന്ന യജ്ഞങ്ങൾക്കു പിറകിൽ പ്രവർത്തിച്ച ശക്തിയായിരുന്നു. വൈദികപാരമ്പര്യത്തിന്റെ ഉദാത്തമായ പ്രപഞ്ചദർശനം ഇരുളിൽ കെടാതെ സൂക്ഷിക്കുകയും യാഥാസ്ഥിതികവിരുദ്ധമായ ആധുനിക വീക്ഷണം ആവോളമുൾക്കൊണ്ട് അബ്രാഹ്മണർക്കിടയിലും വേദവിജ്ഞാനം പ്രചരിപ്പിക്കണമെന്ന് നിശിതമായി വാദിക്കുകയും ചെയ്തു. ഒടുവിൽ അദ്ദേഹം വിജയിച്ചു. പ്രശാന്തവും ധീരവുമായ ആ വ്യക്തിത്വ തേജസ്സിന്നുമുന്നിൽ യാഥാസ്ഥിതികത്വം മഞ്ഞുപോലെഉരുകിപ്പോവുകയും വേദപഠനം സംബന്ധിച്ച് വിശാലവും ഉദാരവുമായ കാഴ്ചപ്പാട് സർവ്വാദൃതമാവുകയും ചെയ്തു. മനുഷ്യെന മനുഷ്യനിൽ നിന്നകറ്റിനിർത്തുന്ന യാഥാസ്ഥി-തികത്വത്തിന്ന് അക്കിത്തം എന്നും ഒരു ഭീഷണിയായിരുന്നു. തീണ്ടലിനെതിരെ 1947 ൽ നടന്ന പാലിയം സത്യാഗ്രഹത്തിൽ അദ്ദേഹം പങ്കെടുക്കുകയുണ്ടായി.

മനുഷ്യ സ്‌നേഹത്തിലധിഷ്ഠിതമായ ഒരു സാമൂഹിക ജീവിതദർശനത്തിന്റെ ഉദാത്തഭാവങ്ങളാണ് ലളിതവും അഗാധവുമായ ഈ ഇതിഹാസം പ്രസരിപ്പിക്കുന്നത്. സ്‌നേഹശൂന്യവും അതുകൊണ്ട് അധാർമ്മികവുമാകുന്ന വിപ്‌ളവം വിജയിക്കയില്ലെന്ന് ദീർഘദർശിതയോടെ ആദ്യമായി വിളംബരം ചെയ്ത കൃതിയാണിത്. ഈ തത്ത്വം ഉദീരണം ചെയ്യുന്ന The God that Failed, Dr.Zhivago, Darkness at noon എന്നീ രചനകൾ 1950 കളുടെ ഒടുവിലും അറുപതുകളുടെ ആരംഭത്തിലുമാണ് ഇന്ത്യയാൽ പ്രത്യക്ഷപ്പെട്ടത്. ഇതിഹാസം 1951 ൽ എഴുതപ്പെടുകയും 30-8-1952 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.

1978 - 82 കാലത്ത് ഇന്ത്യാഗവണ്മെന്റിന്റെ സീനിയർ ഫെല്ലോ-ഷി-പ്പോടുകൂടി മഹാത്മജി-യുടെ ജീവിതത്തേയും കൃതികളേയും സംബന്ധിച്ചു നിർവഹിച്ച ഗവേഷണത്തിന്റെ ഉേപാത്പന്നമാണ് ധർമ്മസൂര്യൻ (1999) എന്ന ഖണ്ഡകാവ്യം.ശ്രീമദ്ഭാഗവതത്തിന്റെ മലയാളപരിഭാഷ (1999) അക്കിത്തത്തിന്റെ ചിരന്തനകാവ്യതപസ്സിന്റെ ഫലവും ആത്മസാക്ഷാത്കാരവുമാണ്.

മറ്റു കൃതികൾ: വീരവാ-ദം, വളക്കിലുക്കം, മനഃസാക്ഷിയുടെ പൂക്കൾ, മധുവിധു, മധുവിധുവിന്നുശേ-ഷം, അഞ്ചു നാടോടിപ്പാട്ടുകൾ, കരതലാമലകം, അരങ്ങേറ്റം, മനോരഥം, അനശ്വരന്റെ ഗാനം, ഇടിഞ്ഞുപൊളിഞ്ഞ ലോകം, വെണ്ണക്കല്ലിന്റെ കഥ, സഞ്ചാ-രികൾ, കടമ്പിൻപൂക്കൾ, ഒരു കുടന്ന നിലാവ്, മാനസപൂജ, നിമിഷക്ഷ്രേതം, അമൃതഘടിക, ആലഞ്ഞാട്ടമ്മ, സ്പർശമണികൾ, കളിക്കൊട്ടിലിൽ, ഒരു കുല മുന്തിരിങ്ങ, ഉണ്ണിക്കിനാവുകൾ, സമന്വയത്തിന്റെ ആകാശം, അന്തിമഹാകാ-ലം, പഞ്ചവർണ്ണക്കിളികൾ, ശ്‌ളോകപുണ്യം, അക്കിത്തത്തിന്റെ കുട്ടിക്കവിതകൾ (കവി-താസമാഹാരങ്ങൾ), ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദർശനം, കുതിർന്ന മണ്ണ്, ദേശസേവിക, ധർമ്മസൂര്യൻ, (ഖണ്ഡ-കാ-വ്യങ്ങൾ), ഈ ഏടത്തി നൊണേ പറയൂ (നാടകം), അവതാളങ്ങൾ, കാക്കപ്പുള്ളികൾ (ചെ-റുകഥാസമാഹാരങ്ങൾ), ഉപനയനം, സമാ--വർത്തനം, ഹൃദയത്തിലേക്കു നോക്കി എഴുതൂ, പൊന്നാനിക്കളരി, ്രശൗതശാസ്ത്രപാരമ്പര്യം കേരളത്തിൽ, സഞ്ചാ-രിഭാവം, കവിതയിലെ വൃത്തവും ചതുരവും (ലേഖനസമാഹാരങ്ങൾ), സാഗരസം-ഗീതം (കവിത - വിവർത്തനം), സനാതനധർമ്മം തന്നെ ദേശീയത ശ്രീ അരവിന്ദന്റെ ഉത്തരപ്പാറ പ്രസംഗം- വിവർത്തനം), നാടോടി തെലുങ്ക്കഥകൾ (വിവർത്തനം), ശ്രീമഹാഭാഗവതം (കവിത- വിവർത്തനം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP