Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൈരളി ടിവിയിലെ ചർച്ചകളിലൂടെ രംഗപ്രവേശം; ഏഷ്യാനെറ്റ് ന്യൂസിലൂടെ അംബാനിഫിക്കേഷൻ കടന്ന് എത്തിയത് ന്യൂസ് 18 കേരളയിൽ; ഇഎംഎസ് സ്മൃതി വിഭാഗം പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയത് വാർത്താ അവതാരകനായ ശരത്; ഖജനാവിൽ നിന്ന് 83 ലക്ഷം രൂപ ഒഴുക്കുന്നത് ആർക്ക് വേണ്ടിയെന്ന് ഇനിയും വ്യക്തമാക്കാതെ ഒളിച്ചു കളി; സ്പീക്കറുടെ ഉറ്റ സുഹൃത്തിന്റെ പ്രോജക്ടിലെ വിവാദം ആളിക്കത്തിക്കാൻ പ്രതിപക്ഷവും; ന്യൂസ് 18 കേരളയിലെ ശരതിന് പണമൊന്നും നൽകിയില്ലെന്ന് നിയമസഭാ സെക്രട്ടറിയും

കൈരളി ടിവിയിലെ ചർച്ചകളിലൂടെ രംഗപ്രവേശം; ഏഷ്യാനെറ്റ് ന്യൂസിലൂടെ അംബാനിഫിക്കേഷൻ കടന്ന് എത്തിയത് ന്യൂസ് 18 കേരളയിൽ; ഇഎംഎസ് സ്മൃതി വിഭാഗം പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയത് വാർത്താ അവതാരകനായ ശരത്; ഖജനാവിൽ നിന്ന് 83 ലക്ഷം രൂപ ഒഴുക്കുന്നത് ആർക്ക് വേണ്ടിയെന്ന് ഇനിയും വ്യക്തമാക്കാതെ ഒളിച്ചു കളി; സ്പീക്കറുടെ ഉറ്റ സുഹൃത്തിന്റെ പ്രോജക്ടിലെ വിവാദം ആളിക്കത്തിക്കാൻ പ്രതിപക്ഷവും; ന്യൂസ് 18 കേരളയിലെ ശരതിന് പണമൊന്നും നൽകിയില്ലെന്ന് നിയമസഭാ സെക്രട്ടറിയും

എം മനോജ് കുമാർ

തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ നിയമസഭാ മ്യൂസിയത്തിൽ ഇ.എം.എസ് സ്മൃതി വിഭാഗം നിർമ്മിക്കാൻ എൺപത്തിരണ്ട് ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി കൊടുത്തത് സിപിഎം ബന്ധമുള്ള മാധ്യമ പ്രവർത്തകന് നൽകിയ പ്രോജക്ടിൽ. മുകേഷ് അംബാനിയുടെ സ്വന്തം ചാനലയായ ന്യൂസ് 18 കേരളയിലെ അവതാരകൻ ശരത് ചന്ദ്രന് നൽകിയ പ്രോജക്ടിനാണ് ഖജനാവിൽ നിന്ന് 83 ലക്ഷത്തോളം രൂപ ചെലവഴിക്കുന്നത്. ഇത് കോൺഗ്രസിന്റെ ഫെയ്‌സ് ബുക്ക് പേജുകളിൽ ചർച്ചയായി കഴിഞ്ഞു. ഈ വിഷയം പ്രതിപക്ഷവും ചർച്ചാ വിഷയമാകും. ഏതായാലും പദ്ധതിക്ക് സ്്പീക്കർ ഭരണാനുമതി നൽകിയിട്ടുണ്ട്. ഏഴ്‌ലക്ഷം രൂപമുടക്കി നിർമ്മിച്ച കുട്ടികളുടെ ലൈബ്രറി പൊളിച്ചുമാറ്റിയാണ് ഇ.എം.എസ് സ്്മൃതി സ്ഥാപിക്കുന്നത്.

82, 56, 377 രൂപയാണ് ഇ.എം.എസ് സ്്മൃതി വിഭാഗം നിർമ്മിക്കാനായി അനുവദിച്ചിട്ടുള്ളത്. നിയമസഭാ മ്യൂസിയത്തിലെ കുട്ടികൾക്കുള്ള ലൈബ്രറി പൊളിച്ചുമാറ്റിയാണ് ഇ.എം.എസ് സ്്മൃതി സജ്ജീകരിക്കുന്നത്. കൈരളി ടിവിയിലൂടെ മാധ്യമ പ്രവർത്തനം തുടങ്ങിയ ശരത് ചന്ദ്രൻ ടി വി പ്രേക്ഷകരുടെ പരിചിത മുഖമാണ്. കൈരളിയിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിലേക്ക് കൂടുമാറി. അവിടെ നിന്നും ന്യൂസ് 18 കേരളയിലേക്കും. പല പ്രമഖരേയും വൻ തുക ശമ്പളം കൊടുത്ത് എടുത്തിട്ടും ന്യൂസ് 18 കേരളയ്ക്ക് വേണ്ടത്ര മുൻതൂക്കമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇതിനിടെ ജീവനക്കാരെ പിരിച്ചു വിടുന്നത് പോലും അംബാനി ആലോചിക്കുന്നുണ്ടെന്ന് വാർത്തയെത്തി. ഈ സാഹചര്യത്തിനൊപ്പമാണ് ശരത് ചന്ദ്രന്റെ പ്രോജക്ടിന് 83 ലക്ഷത്തോളം രൂപ അനുവദിക്കുന്നതെന്നതാണ് സോഷ്യൽ മീഡിയയിലെ പരിഹാസം. എന്നാൽ ഈ പ്രോജക്ട് കൊണ്ട് ശരത്തിന് സാമ്പത്തിക ലാഭം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് നിയമസഭാ സെക്രട്ടറി മറുനാടനോട് വിശദീകരിക്കുന്നത്.

പ്രോജക്ട് നൽകിയത് മാധ്യമ പ്രവർത്തകൻ ശരത് ചന്ദ്രന് ആണ്. ഒരേ ഒരു പ്രോജക്റ്റ് മാത്രമാണ് സ്മൃതി മന്ദിരവുമായി ബന്ധപ്പെട്ടു വന്നത്. ഈ പ്രോജക്റ്റ് ശരത് ചന്ദ്രന്റെതാണ്. ഈ പ്രോജക്റ്റ് കൊള്ളാം എന്ന് കമ്മറ്റിക്ക് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് അഡ്‌മിനിസ്‌ട്രെറ്റീവ് അനുമതി നൽകിയത്-നിയമസഭാ സെക്രട്ടറി എസ്.വി.ഉണ്ണിക്കൃഷ്ണൻ നായർ മറുനാടനോട് പറഞ്ഞു. കമ്മറ്റിയിൽ വച്ചാണ് പ്രോജക്റ്റ് പാസാക്കിയത്. ടെൻഡർ വിളിച്ചിട്ടാണ് പ്രോജക്റ്റ് നിർമ്മാണ കരാർ നൽകുന്നത്. പക്ഷെ നടപടി ക്രമങ്ങൾ ഒന്നുമായിട്ടില്ല. പ്രതിപക്ഷ-ഭരണപക്ഷ എംഎൽഎമാർ ഉൾപ്പെടുന്ന കമ്മറ്റിയാണ് എല്ലാം തീരുമാനിക്കുന്നത്. കരാർ എല്ലാം ഇനി നൽകുകയേയുള്ളൂ-നിയമസഭാ സെക്രട്ടറി പറയുന്നു.

ജി.കാർത്തികേയനും, എൻ.ശക്തനും സ്്പീക്കർമാരായിരുന്നപ്പോൾ ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് നിയമസഭയിൽ ലൈബ്രറി സജ്ജീകരിച്ചത്. ഇപ്പോൾ അവിടുള്ള പുസ്തകങ്ങളുൾപ്പെടെയുള്ളവ മറ്റൊരു മുറിയിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇ.എം.എസ് സ്്മൃതിയുടെ നിർമ്മാണ ചുമതല ആർക്കാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നില്ല. നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻതമ്പി ലൗഞ്ച് ഇരുപതര കോടി ചെലവഴിച്ച് നവീകരിക്കുന്നത് വിവാദമായിരുന്നു. ഊരാളുങ്കൽ സൊസൈറ്റിക്കാണ് ഈ നിർമ്മാണ ചുമതല. ലോകകേരള സഭക്കുവേണ്ടിയാണ് നവീകരണമെന്നാണ് വിശദീകരണം. കൂടാതെ നിയമസഭാ സമുച്ചയത്തോട് ചേർന്ന് പ്രത്യേക ഗസ്റ്റ് ഹൗസും നിർമ്മിക്കുന്നുണ്ട്. ഇതൊന്നും പ്രതിപക്ഷത്തിന്റെ അറിവില്ലാതെയാണ്. വലിയ നിർമ്മാണങ്ങൾ പ്രതിപക്ഷത്തെ കൂടി അറിയിക്കണമെന്ന ചട്ടവും അനുസരിക്കപ്പെട്ടിട്ടില്ല.

ലോകകേരള സഭയുടെ ആദ്യസമ്മേളനത്തോട് അനുബന്ധിച്ചും നിയമസഭാ സമുച്ചയത്തിൽവിപുലമായ നവീകരണ പ്രവർത്തികൾ നടത്തിയിരുന്നു. സാധാരണ ഇത്തരം കാര്യങ്ങൾ കക്ഷിനേതാക്കളുമായി ആലോചിക്കാറുണ്ടെന്നും ഇത്തവണ അത് ഉണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് തന്നെ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം. ഇ.എം.എസ് സ്്മൃതി വിഭാഗത്തിന് ബജ്റ്റ് വിഹിതത്തിൽ നിന്നാണ് സ്്പീക്കർ തുക അനുവദിച്ചതെന്നാണ് നിയമസഭാ സെക്രട്ടേറിയറ്റിന്റെ വിശദീകരണം. കുട്ടികളുടെ ലൈബ്രറി പൊളിച്ചു മാറ്റിയിട്ടുണ്ട്. ഈ സ്ഥാനത്ത് ഇഎംഎസ് സ്മൃതി മന്ദിരം നിർമ്മിക്കാൻ സർക്കാർ അനുമതിയും നൽകി. ശരത്തിന്റെ പ്രോജക്ടിൽ ഈ പദ്ധതി നിർമ്മിക്കുക ആരെന്നതാണ് ഇനി ശ്രദ്ധേയം.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. സംസ്ഥാന സർക്കാർ സാമ്പത്തിക ഞെരുക്കത്തിലാണെന്നു ധനമന്ത്രി അടക്കം തുറന്നു പറഞ്ഞിട്ടും സിപിഎം നേതാക്കൾക്കായുള്ള ധൂർത്തിന് അറുതിയില്ലെന്ന് വ്യക്തമാക്കുന്നതാണ് നിയമസഭയിലെ നിർമ്മാണം. ശരത് ചന്ദ്രന് പണം കൊടുത്തതിലും നിറയുന്നത് ഇതു തന്നെയാണ്. ശരത്ചന്ദ്രൻ എന്ന വ്യക്തി സമർപ്പിച്ച പ്രോജക്റ്റിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി അംഗീകരിച്ചിരിക്കുന്നത്. ശരത് ചന്ദ്രൻ ആരാണെന്നു ഉത്തരവിൽ വ്യക്തമാക്കുന്നില്ല. മ്യൂസിയം ഫോർ സ്റ്റഡി ആൻഡ് റിസർച്ച് എന്ന ബജറ്റ് വിഹിതത്തിൽ നിന്ന് തുക വിനിയോഗിക്കാനാണ് ഉത്തരവ്. എന്താണ് വിശദ പ്രോജക്ട് റിപ്പോർട്ടെന്നതും വ്യക്തമല്ല. ഇതിനിടെയാണ് ശരത്തിന്റെ പേര് സജീവ ചർച്ചയാകുന്നത്.

സാധാരണ ഇത്തരം ഉത്തരവുകളിൽ ശരത് ചന്ദ്രന്റെ വിലാസവും കൊടുക്കേണ്ടതാണ്. എന്നാൽ ഇവിടെ അത് മറച്ചു വച്ചു. ചാനലുകളും പത്രങ്ങളുമെല്ലാം ഈ വാർത്ത നൽകിയെങ്കിലും മാധ്യമ പ്രവർത്തകന്റെ പേര് പുറത്തു വിട്ടില്ല. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ശരത് ചന്ദ്രന്റെതാണ് പ്രോജക്ട് റിപ്പോർട്ട് എന്ന് വ്യക്തമാകുന്നത്. സ്പീക്കർ ശ്രീരാമകൃഷ്ണനുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കലുടെ ഗുഡ് ബുക്കിലൂമാണ് ശരത് ചന്ദ്രൻ. ഈ സാഹചര്യത്തിലാണ് ഖജനാവിൽ നിന്ന് 82 ലക്ഷം രൂപ കളയുന്നത് വിവാദമാകുന്നത്. എന്നാൽ ഈ പ്രോജക്ടിന്റെ പേരിൽ ഇതുവരെ പണമൊന്നും ശരത് ചന്ദ്രന് കിട്ടിയിട്ടുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP