Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എല്ലാവരും ഉറങ്ങുമ്പോൾ ഉണരും; അർദ്ധരാത്രി പറമ്പിൽ പണിയെടുക്കുന്നത് പാന്റ്‌സും ഷർട്ടും ഷൂസും തൊപ്പിയും ധരിച്ച് ഹെഡ് ലൈറ്റും ധരിച്ച്; രാത്രി ഉറക്കമില്ലാത്ത പ്രതിയെ ഉറങ്ങാൻ അനുവദിക്കാത്തെ ചോദ്യം ചെയ്യുന്ന പൊലീസിന്റെ സ്ഥിര നമ്പർ ഏറ്റതുമില്ല; അച്ഛനും അമ്മയും മരിച്ചപ്പോൾ ഭാര്യ ഉപേക്ഷിച്ചു; തനിച്ചായപ്പോൾ കാവലിന് കൂട്ടിയ നായ്ക്കളെ എതിർത്തവർ ആജന്മശത്രുക്കൾ; പട്ടിയും കുട്ടിയും മദ്യപിക്കാത്ത സൗമ്യനെ കുടുക്കി; റിട്ട എസ് ഐയുടെ കൊലപാതകം സിജുവിലേക്ക് എത്തിയത് ഇങ്ങനെ

എല്ലാവരും ഉറങ്ങുമ്പോൾ ഉണരും; അർദ്ധരാത്രി പറമ്പിൽ പണിയെടുക്കുന്നത് പാന്റ്‌സും ഷർട്ടും ഷൂസും തൊപ്പിയും ധരിച്ച് ഹെഡ് ലൈറ്റും ധരിച്ച്; രാത്രി ഉറക്കമില്ലാത്ത പ്രതിയെ ഉറങ്ങാൻ അനുവദിക്കാത്തെ ചോദ്യം ചെയ്യുന്ന പൊലീസിന്റെ സ്ഥിര നമ്പർ ഏറ്റതുമില്ല; അച്ഛനും അമ്മയും മരിച്ചപ്പോൾ ഭാര്യ ഉപേക്ഷിച്ചു; തനിച്ചായപ്പോൾ കാവലിന് കൂട്ടിയ നായ്ക്കളെ എതിർത്തവർ ആജന്മശത്രുക്കൾ; പട്ടിയും കുട്ടിയും മദ്യപിക്കാത്ത സൗമ്യനെ കുടുക്കി; റിട്ട എസ് ഐയുടെ കൊലപാതകം സിജുവിലേക്ക് എത്തിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: റിട്ട എസ് ഐ ശശിധരന്റെ മരണത്തിൽ സിജു കുറ്റ സമ്മതം നടത്തിയത് പൊലീസിന്റെ അതിബുദ്ധിക്ക് മുമ്പിൽ. രാത്രി ഉറക്കമില്ലാത്ത സിജുവിനോട് ഉറങ്ങാൻ അനുവദിക്കാതെ ചോദ്യം ചെയ്യുന്ന സ്ഥിരം നമ്പർ ഏറ്റില്ല. ഓരോ സമയത്തും ഓരോ സ്വഭാവമാണ് സിജു കാട്ടിയത്. ഭീഷണിയും അനുനയവുമൊന്നും നടന്നില്ല. ഒടുവിൽ മർമ്മത്തിൽ പിടിച്ച് ചോദ്യം ചെയ്യൽ. ഇതോടെ ശശിധരന്റെ കൊലപാതകിയെ കണ്ടെത്തി. പട്ടിയും കുട്ടിയുമായിരുന്നു സിജുവിന്റെ വീക്ക്‌നസ്. രണ്ട് കൂട്ടരോടും അതിയായ സ്‌നേഹം. അങ്ങനെ ഗാന്ധിനഗർ സ്‌റ്റേഷൻ പരിധിയിലെ കൊലപാതകത്തിലെ ചുരുൾ അഴിഞ്ഞു.

എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ ഉണരുന്ന സ്വഭാവക്കാരനായിരുന്നു സിജു. രാത്രിയിൽ കൈക്കോട്ടെടുത്തു പറമ്പിലേക്കിറങ്ങും. കഠിനമായി അധ്വാനിക്കും. പാന്റ്‌സും ഷർട്ടും ഷൂസും തൊപ്പിയും ധരിച്ച് രാത്രി പറമ്പു കിളയ്ക്കുന്ന കൃഷിക്കാരനെ നാട്ടുകാർക്കും അറിയാം. ഹെഡ് ലൈറ്റ് വച്ച് പണിയെടുക്കുന്ന വിചിത്രമായ സ്വഭാവക്കാരൻ. വിനയത്തോടെ പെരുമാറുന്ന ഇയാൾ മദ്യപിച്ചു ആരും കണ്ടിട്ടില്ല. ക്ലീൻ ഷേവ് ചെയ്തു നടക്കുന്ന സിജൂ ഇഷ്ടമുള്ളവരെ ചേട്ടായി എന്നാണു വിളിച്ചിരുന്നത്. വിരോധമുള്ളവരോടു പക സൂക്ഷിച്ച് തക്കം പാർത്ത് ആക്രമിക്കുന്ന സ്വഭാവവും. വിരോധമുള്ളവരുമായി പരസ്യമായി ഏറ്റുമുട്ടാറില്ല. ഇവരുമായി സൗഹൃദമില്ല. പ്രദേശത്ത് അതിക്രമങ്ങൾ പെരുകിയപ്പോൾ നാട്ടുകാർ സിജുവിനെ സംശയിച്ചു തുടങ്ങി. എതിരാളികളുടെ വീടുകളിൽ മനുഷ്യ വിസർജ്യം ഇടുന്നു, 2 പേരെ ആക്രമിച്ചു, ഒരാളുടെ കാർ കത്തിച്ചു, വിരോധികളെ നിരന്തരമായി കേസിൽ കുടുക്കി. ഈ കേസുകൾ ലക്ഷ്യത്തിലെത്താത്ത് ശശിധരന്റെ ഇടപെടൽ കാരണമായിരുന്നു.

പൊലീസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ 50 മണിക്കൂർ പിടിച്ചു നിന്ന സിജു വീണത് നായ്ക്കളോടുള്ള സ്‌നേഹത്തിനു മുന്നിലായിരുന്നു. 5 നായ്ക്കളാണ് സിജുവിന്റെ വീട്ടിൽ. പ്രേതാലയം പോലുള്ള മതിലില്ലാത്ത വീട്ടിലെ നായ്ക്കളുണ്ടാക്കുന്ന പൊല്ലാപ്പാണ് നാട്ടുകാരുമായുള്ള പ്രശ്‌നത്തിന് കാരണം. നാട്ടുകാരുടെ പരാതി പൊലീസ് ഗൗരവത്തോടെ കാണുകയും ചെയ്തു. ശശിധരനുമായുള്ള പ്രശ്‌നത്തിൽ പ്രധാന കാരണവും നായക്കളായിരുന്നു. സ്‌നേഹത്തോടെ തന്നെ നായ്ക്കളുടെ കാര്യം പൊലീസ് സംഭാഷണവിഷയമാക്കി. ഇതോടെ സിജു വാചാലനായി. നായ്ക്കളും വീടും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നു പൊലീസ് സൂചിപ്പിച്ചു. ഇതോടെ പതിയെ സത്യത്തിലേക്ക് സിജു അടുത്തു. പിന്നെ എല്ലാം സമ്മതിച്ചു. അങ്ങനെ ശശിധരന്റെ കൊലയിലെ ചുരുൾ അഴിഞ്ഞു.

ഭാര്യ പിരിഞ്ഞു പോയശേഷം ഒരു യുവതിയും കുഞ്ഞുമാണു സിജുവിനൊപ്പമുള്ളത്. കുഞ്ഞിനെ സിജുവിനു വലിയ ഇഷ്ടവുമാണ്. വീട്ടിൽ പോകണം, കുഞ്ഞിനെ കാണണം, നായ്ക്കളുടെ കാര്യം നോക്കണം എന്നതായിരുന്നു ചോദ്യം ചെയ്യലിനിടെയിലെ സിജുവിന്റെ ആവശ്യം. പട്ടിയോടും കുട്ടിയോടുമുള്ള താൽപ്പര്യം പൊലീസ് തിരിച്ചറിഞ്ഞു. കാര്യങ്ങൾ തുറന്നു പറഞ്ഞാൽ വീട്ടിൽ വിടാമെന്നു പൊലീസ് പറഞ്ഞെു. സമ്മർദ്ദത്തിനൊടുവിൽ കൊല്ലപ്പെട്ട ശശിധരനെതിരെ സിജു ഒടുവിൽ പറഞ്ഞു തുടങ്ങി. അച്ഛനും അമ്മയും മരിക്കുകയും ഭാര്യ ഉപേക്ഷിച്ചുപോകുകയും ചെയ്തതോടെ കുറച്ചുകാലം സിജു തനിച്ചായിരുന്നു. ഈ സമയം വീടിനു കാവലായി നായ്ക്കളെ കെട്ടി. നായ്ക്കളുടെ കുര അയൽവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കി. ഇതു ചോദ്യം ചെയ്തവരെ സിജു വെറുത്തു.

പൊലീസുകാരനെന്ന നിലയിൽ നാട്ടിലെ പ്രശ്‌നങ്ങളിൽ ഇടപെടുന്നതു ശശിധരനാണ്. ഇതോടെ ശശിധരനോടു വിരോധമായി. ശശിധരൻ സർവീസിലുള്ള സമയത്തുതന്നെ അദ്ദേഹത്തോടു സിജുവിനു വിരോധമുണ്ടായിരുന്നു. അയൽവാസികൾക്ക് എതിരെ താൻ നൽകിയ കേസുകൾ ശശിധരൻ ഇടപെട്ടു മരവിപ്പിച്ചുവെന്നും ശശിധരന്റെ വീട്ടിലേക്കു പോകുന്ന വഴി സംബന്ധിച്ചു തർക്കമുണ്ടെന്നും സിജു പൊലീസിനോടു പറഞ്ഞു. പ്രതികാരം തീർക്കാൻ മൂന്ന് തവണ കൊല്ലാൻ ശ്രമിച്ചു. ഒന്നും വിജയിച്ചില്ല. ഇതിനിടെയാണ് ശശിധരൻ അയർലണ്ടിലേക്ക് പോകുന്നത് അറിഞ്ഞത്. ഇതോടെ നാലാം തവണ കൊലപാതക ശ്രമം എത്തിയത്. രണ്ടും കൽപ്പിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. നാട്ടുകാരും സിജുവിനെ സംശയിച്ചു. പൊലീസിനോട് പറഞ്ഞു. എന്നാൽ ചോ്ദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയില്ല. ഇതിനിടെ ചില വിളികളും. ഇതോടെ സിജുവിനെ വിട്ടിയച്ചു.

വിട്ടയച്ച സിജു മുങ്ങിയതോടെ കൊലയിൽ പങ്കുണ്ടെന്നു പൊലീസിന് ഉറപ്പിക്കാനായി. പ്രഭാത നടത്തത്തിന്റെ സമയത്ത് ആക്രമിക്കാനായിരുന്നു പദ്ധതി. അഞ്ചു മണിയോടെയാണു ശശിധരൻ സാധാരണ നടക്കാൻ ഇറങ്ങാറുള്ളത്. ഇതു മനസ്സിലാക്കി വളരെ മുൻപുതന്നെ വീടിന്റെ മുൻവശത്തെ വഴിയോരത്ത് ഇരുമ്പു പൈപ്പുമായി ഇരുന്നു, ശശിധരനെ അടിച്ചു. പൊലീസിന്റെ ചോദ്യങ്ങൾക്കു സിജു മറുപടി പറഞ്ഞതു ചെറുചിരിയോടെയായിരുന്നു. അറസ്റ്റിലായ സിജുവിനെ വീട്ടിലും ആയുധങ്ങൾ ഉപേക്ഷിച്ച കുത്തിയതോട് കടവിലും തെളിവെടുപ്പിനു കൊണ്ടു വന്നു. ഇന്നലെ രാവിലെ 11 നു പാറമ്പുഴ കുഴിയാലിപ്പടിവെള്ളൂപ്പറമ്പ് റോഡരികിലെ കുത്തിയ തോട്ടിൽ സിജുവിനെ എത്തിച്ചു.

കൊല്ലാൻ ഉപയോഗിച്ച ഇരുമ്പു പൈപ്പുകൾ കടവിലിറങ്ങി കളഞ്ഞുവെന്നു സിജു പറഞ്ഞിരുന്നു. മുട്ടൊപ്പം വെള്ളമേ തോട്ടിലുള്ളു. ഒന്നര അടി നീളവും 4 ഇഞ്ച് വ്യാസവും വരുന്ന 2 ഇരുമ്പു പൈപ്പുകൾ തോടിന്റെ മധ്യഭാഗത്തു നിന്നു കണ്ടെടുത്തു. രണ്ടിലും തുരുമ്പു കയറിയ നിലയിലായിരുന്നു. ഒരു പൈപ്പ് കഷണം കൂടിയുണ്ടെന്ന് സിജു പറഞ്ഞതോടെ പൊലീസ് 2 മണിക്കൂറിലധികം പ്രദേശം മുഴുവൻ അരിച്ചു പെറുക്കി. എന്നാൽ കണ്ടെത്താനായില്ല. മൂന്നരയോടെ സിജുവിന്റെ വീട്ടിലെത്തി. കൂടെ താമസിക്കുന്ന യുവതിയെയും കുട്ടിയെയും വീട്ടിലെത്തിച്ചു. കൊല്ലപ്പെട്ട ശശിധരന്റെ വീട്ടിൽ നിന്ന് ഈ സമയം കൂട്ടക്കരച്ചിൽ ഉയർന്നു. വീടിനുള്ളിൽ ഒന്നര മണിക്കൂർ നീണ്ട തെളിവെടുപ്പു നടത്തി. ഫൊറൻസിക് അധികൃതരും തെളിവെടുപ്പിൽ പങ്കെടുത്തു.

കസ്റ്റഡിയിൽ എടുത്ത ശേഷം വിട്ടയച്ചപ്പോൾ, കടന്നുകളയാൻ കാട്ടിയ വ്യഗ്രതയാണ് സിജുവിനെ കുടുക്കിയത്. കൊല നടന്ന ദിവസംതന്നെ കസ്റ്റഡിയിൽ എടുത്ത സിജുവിനെ മതിയായ തെളിവുകളുടെ അഭാവത്തിൽ പിറ്റേ ദിവസം പൊലീസ് വിട്ടു. തിങ്കളാഴ്ചതന്നെ വീണ്ടും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനായിരുന്നു പൊലീസ് പദ്ധതി. ഇതിനിടെയാണ് ഇയാൾ പൊലീസിന്റെ കണ്ണു വെട്ടിച്ചു കടന്നത്. ഇതിനിടെ ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ കയ്യേറ്റം ചെയ്തതും പൊലീസുകാരന്റെ സ്‌കൂട്ടർ മോഷ്ടിച്ചതും വിനയായി. ചൊവ്വാഴ്ച രാവിലെ പിടിയിലായ സിജുവിനെതിരെ ഈ കുറ്റങ്ങൾക്കും കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP