Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വഞ്ചിയൂർ കോടതി മുറി പൂട്ടിയിട്ട സംഭവം: മജിസ്‌ട്രേട്ട് സി ജെ എമ്മിന് നൽകിയ പരാതി വഞ്ചിയൂർ പൊലീസിന് കൈമാറി; ബാർ അസോസിയേഷൻ പ്രസിഡന്റിനും സെക്രട്ടറിക്കും കണ്ടാലറിയാവുന്ന 10 അഭിഭാഷകർക്കുമെതിരെ ജാമ്യമില്ലാ കേസ്; മജിസ്‌ട്രേട്ട് ദീപാ മോഹന്റെ കോടതി ബഹിഷ്‌കരിച്ച് അഭിഭാഷകർ

വഞ്ചിയൂർ കോടതി മുറി പൂട്ടിയിട്ട സംഭവം: മജിസ്‌ട്രേട്ട്  സി ജെ എമ്മിന് നൽകിയ പരാതി വഞ്ചിയൂർ പൊലീസിന് കൈമാറി; ബാർ അസോസിയേഷൻ പ്രസിഡന്റിനും സെക്രട്ടറിക്കും കണ്ടാലറിയാവുന്ന 10 അഭിഭാഷകർക്കുമെതിരെ ജാമ്യമില്ലാ കേസ്; മജിസ്‌ട്രേട്ട് ദീപാ മോഹന്റെ കോടതി ബഹിഷ്‌കരിച്ച് അഭിഭാഷകർ

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: വാഹന അപകട കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് പ്രതിയായ കെ എസ് ആർ ടി സി ഡ്രൈവറെ ജാമ്യം റദ്ദാക്കി കോടതി റിമാന്റ് ചെയ്തതുമായി ബന്ധപ്പെട്ട് മജിസ്ട്രേട്ടിന്റെ നീതിന്യായ നിർവ്വഹണം തടസ്സപ്പെടുത്തിയതിനും തുടർന്ന് കോടതിയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടും തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റിനും സെക്രട്ടറിക്കും കണ്ടാലറിയാവുന്ന 10 അഭിഭാഷകർക്കുമെതിരെ വഞ്ചിയൂർ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. എഫ് ഐ ആർ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. മജിസ്‌ട്രേട്ട് ദീപാ മോഹൻ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടിന് നൽകിയ പരാതിയിൽ നടപടിയെടുക്കാനായി സിജെഎം വഞ്ചിയൂർ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ കേസ്. വ്യാഴാഴ്ച മജിസ്ട്രേട്ട് ദീപാ മോഹന്റെ കോടതി അഭിഭാഷകർ ബഹിഷ്‌ക്കരിച്ചു.

തിരുവനന്തപുരം ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട് കോടതിയിലാണ് ബുധനാഴ്ച നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പ്രതിയെ ജയിലിലേയ്ക്ക് കൊണ്ടു പോകാതിരിക്കാനായി ആരോ കോടതി മുറി പൂട്ടിയിടുകയും ചെയ്തു. ക്ലൈമാക്‌സിൽ വൈകിട്ടോടെ പ്രതിക്ക് ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നു. ബുധനാഴ്ച ഉച്ചക്ക് 1.30 മണിക്കാണ് മജിസ്‌ട്രേട്ട് ദീപാ മോഹൻ പ്രിസൈഡിങ് ഓഫീസറായ കോടതി മുറി നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.

തിരുവനന്തപുരം സിറ്റി ട്രാഫിക് പൊലീസ് ചാർജ് ചെയ്ത് വിചാരണ തുടങ്ങിയ സി സി 1067/ 2016 നമ്പർ കേസിലാണ് സംഭവം. അലക്ഷ്യമായും ഉദാസീനമായും മനുഷ്യജീവന് ആപത്ത് വരത്തക്കവിധം സാഹസികമായി കെ എസ് ആർ ടി സി ബസ് ഓടിച്ച് യുവതിക്ക് ദേഹോപദ്രവം ഏൽപ്പിച്ച് പരിക്ക് സംഭവിച്ചിച്ച മോട്ടോർ വാഹന അപകട കേസിന്റെ വിചാരണ 12.30 മണിക്ക് തുടങ്ങി. പാപ്പനംകോട് കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർ മണിയാണ് കേസിലെ പ്രതി.

സാക്ഷി വിസ്താരം നടക്കവേ ഒന്നാം സാക്ഷിയും കൃത്യത്തിൽ ഹേതുവായി പരിക്കേറ്റയാളുമായ യുവതി സാക്ഷിക്കൂട്ടിൽ നിന്ന് തന്നെ പ്രതിയായ ഡ്രൈവറും അഭിഭാഷകനും സ്വാധീനിക്കാൻ ശ്രമിക്കുകയും പ്രതിയായ ഡ്രൈവർ ഭീഷണിപ്പെടുത്തുകയും ചെയ്തതായി മൊഴി നൽകി. കൃത്യ ബസിന്റെ ഡ്രൈവറെ അറിയില്ലെന്ന് കോടതിയിൽ മൊഴി നൽകണമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു യുവതി മൊഴി നൽകിയത്. നടന്ന സംഭവങ്ങൾ കൃത്യമായി വിവരിച്ച് തനിക്ക് പരിക്ക് പറ്റിയ റോഡപകടം ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിങ് മൂലമാണെന്നും പ്രതിക്കൂട്ടിൽ നിന്ന പ്രതിയെ കോടതിയിൽ തിരിച്ചറിഞ്ഞ് അവർ സാക്ഷിമൊഴി. മൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേട്ട് ദീപാ മോഹൻ പ്രതിയുടെ ജാമ്യ ബോണ്ട് റദ്ദാക്കി പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്യാൻ ഉത്തരവിട്ടു. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 436 (2) , 446 എ പ്രകാരമാണ് ബോണ്ട് റദ്ദാക്കിയത്.

എന്നാൽ മജിസ്‌ട്രേട്ട് നടപടിക്രമങ്ങൾ പാലിക്കാതെയാണ് പ്രതിയുടെ ജാമ്യം റദ്ദാക്കിയതെന്ന് ആരോപിച്ച് അഭിഭാഷകർ സംഘടിച്ചു. 1.30 മണിക്ക് കേസ് നടപടികൾ അവസാനിപ്പിച്ച് മജിസ്‌ട്രേട്ട് കോടതി ഹാളിൽ നിന്ന് ചേംബറിലേക്ക് പോയി. തുടർന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ ചേംബറിൽ ചെന്ന് മജിസ്‌ട്രേട്ടുമായി സംസാരിച്ചു. എന്നാൽ താൻ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാൻ തനിക്ക് അധികാരമില്ലെന്നും മേൽക്കോടതിയെ സമീപിക്കുവാനും ജാമ്യം റദാക്കിയ ഉത്തരവ് ഉടൻ ടൈപ്പ് ചെയ്ത് നൽകാൻ സ്റ്റെനോഗ്രാഫർക്ക് നിർദ്ദേശം നൽകാമെന്നും അവർ അറിയിച്ചു. എന്നാൽ ഇതിനിടെ ആരോ പ്രതിഷേധ സൂചകമായും പ്രതിയെ ജയിലിലേക്ക് കൊണ്ടുപോകാതിരിക്കാനായി കോടതി ഹാൾ മുറി സാക്ഷ പൂട്ടിയിട്ടു.

മജിസ്‌ട്രേട്ട് ഉടൻ ഫോണിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിനെ ഫോണിലൂടെ വിവരം ധരിപ്പിച്ചു. സിജെഎം പ്രഭാഷ് ലാൽ രണ്ടാം നിലയിൽ നിന്നും താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഒന്നാം കോടതിയിലെത്തി. ബാർ അസോസിയേഷൻ പ്രതിനിധികൾ ജില്ലാ ജഡ്ജിയോടും സി ജെ എമ്മിനോടും നടപടിക്രമം പാലിക്കാതെ ഒരു സാക്ഷിമൊഴിമാത്രം വച്ച് യാന്ത്രികമായാണ് മജിസ്‌ട്രേട്ട് ഉത്തരവിട്ടതെന്ന് ധരിപ്പിച്ചു. തുടർന്ന് ജില്ലാക്കോടതിയിൽ ഒരു സത്യവാങ്മൂലവും ജാമ്യാപേക്ഷയും സമർപ്പിക്കാനും ഉടൻ ജാമ്യം അനുവദിക്കാമെന്നുമുള്ള ധാരണയിലെത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.അതു വരെ റിമാന്റ് ചെയ്ത പ്രതിയെ ജയിലിൽ കൊണ്ടു പോകാതെ കോടതി മുറിയിൽ തന്നെ നിർത്തി. 2 മണിയോടെ മജിസ്‌ട്രേട്ട് പൊലീസ് അകമ്പടിയിൽ ചേംബറിൽ നിന്ന് സമീപത്തെ ക്വോർട്ടേഴ്‌സിസിലേക്ക് ഉച്ച ഭക്ഷണം കഴിക്കാനായി പോയി. ഉച്ചതിരിഞ്ഞ് വൻ പൊലീസ് സന്നാഹം വഞ്ചിയൂർ കോടതി വളപ്പിൽ അണിനിരന്നു. ജില്ലാ കോടതി ഉച്ചതിരിഞ്ഞ് 3 മണിയോടെ ജാമ്യം അനുവദിച്ച് 4.30 മണിയോടെ പ്രതി പുതിയ ജാമ്യ ബോണ്ടിൽ പുറത്തിറങ്ങി. അതോടെ കൈമാക്‌സിന് തിരശ്ശീല വീണു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP