Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നോട്ടുനിരോധനക്കാലത്ത് സ്വന്തം വീട്ടിൽ 2000 രൂപയുടെ പുതിയ നോട്ടുകെട്ടുകൾ അടിച്ചിറക്കി പാർട്ടിയെ നാറ്റിച്ച മുൻ യുവമോർച്ചാ നേതാവ് കള്ളനോട്ടുകേസിൽ മൂന്നാമതും അറസ്റ്റിൽ; അന്തിക്കാട്ടുവെച്ച് പിടിയിലായത് 54 ലക്ഷം രൂപയുടെ കള്ളനോട്ടുമായി; മൂന്നുമാസം മുമ്പ് കൊടുവള്ളിയിൽവെച്ച് അറസ്റ്റിലായ ഇയാൾ ഇപ്പോൾ ജാമ്യത്തിൽ; കള്ളനോട്ട് കേസ് ഭീകരവാദ പ്രവർത്തനമാക്കിയിട്ടും ഇയാൾക്കെതിരെ ശക്തമായ വകുപ്പുകൾ ഇല്ല; രാകേഷിന് നോട്ടടി കുലത്തൊഴിലോ?

നോട്ടുനിരോധനക്കാലത്ത് സ്വന്തം വീട്ടിൽ 2000 രൂപയുടെ പുതിയ നോട്ടുകെട്ടുകൾ അടിച്ചിറക്കി പാർട്ടിയെ നാറ്റിച്ച മുൻ യുവമോർച്ചാ നേതാവ് കള്ളനോട്ടുകേസിൽ മൂന്നാമതും അറസ്റ്റിൽ; അന്തിക്കാട്ടുവെച്ച് പിടിയിലായത് 54 ലക്ഷം രൂപയുടെ കള്ളനോട്ടുമായി; മൂന്നുമാസം മുമ്പ് കൊടുവള്ളിയിൽവെച്ച് അറസ്റ്റിലായ ഇയാൾ ഇപ്പോൾ ജാമ്യത്തിൽ; കള്ളനോട്ട് കേസ് ഭീകരവാദ പ്രവർത്തനമാക്കിയിട്ടും ഇയാൾക്കെതിരെ ശക്തമായ വകുപ്പുകൾ ഇല്ല; രാകേഷിന് നോട്ടടി കുലത്തൊഴിലോ?

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: നോട്ടുനിരോധനക്കാലത്ത് വീട്ടിൽ യന്ത്രംവെച്ച് പുതിയ 2000രൂപയുടെ കള്ളനോട്ടുകൾ അടിച്ചതിന് പിടിയിലായി പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട മൂൻ യുവമോർച്ചാ നേതാവ് കള്ളനോട്ടുമായി മൂന്നാമതും അറസ്റ്റിൽ. അമ്പത്തിനാല് ലക്ഷം രൂപയുടെ കള്ളനോട്ടുമായി കൊടുങ്ങല്ലൂർ ശ്രീനാരായണപുരം അഞ്ചാംപരത്തി സ്വദേശി എരാശ്ശേരി വീട്ടിൽ രാകേഷാണ് പിടിയിലായത്. അന്തർസംസ്ഥാന കള്ളനോട്ടടി സംഘത്തിലെ പ്രധാനിയായ രാകേഷിനെ തൃശൂർ ജില്ലയിലെ അന്തിക്കാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശമുള്ള 40 ലക്ഷത്തിന്റെ കള്ളനോട്ട് വിതരണം ചെയ്യാൻ പോകുന്നതിനിടെയാണ് സഹായികളായ രണ്ടുപേരെയും കാരമുക്കിൽ വച്ച് അന്തിക്കാട് എസ്ഐ കെജെ ജിനേഷിന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടുന്നത്. ഇവരുടെ വീട് റെയ്ഡ് ചെയ്ത് 13.46 ലക്ഷം രൂപയുടെ കള്ളനോട്ട് കൂടി പിടികൂടിയിരുന്നു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രാകേഷിന് പിടിവീഴുന്നത്.

നേരത്തെ രണ്ട് ലക്ഷം രൂപയുടെ കള്ളനോട്ട് കേസടക്കം രണ്ട് കേസുകളിൽ ഇയാൾ പ്രതിയാണ്. ക്രൈം നമ്പർ 686/19 പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്തതിന് ഇന്ത്യൻ ശിക്ഷാ നിയമം 489ബി, 489സി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എൻഐഎ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്നത് ഭീകരവാദ പ്രവർത്തനമാണ്. എന്നാൽ ഇയാൾക്കെതിരെ ഈ കേസുകൾ ഒന്നും എടുത്തിട്ടില്ല.

കൊടുവള്ളിയിൽ പിടിയിലായത് മൂന്നുമാസം മുമ്പ്

ഈവർഷം സെപ്റ്റമ്പർ 20നാണ് കോഴിക്കോട് കൊടുവള്ളിയിൽവെച്ച് ഇയാൾ വീണ്ടും പിടിയിലാവുന്നത്. ഓമശ്ശേരി ഭാഗത്ത് സ്‌കൂട്ടറിൽ കള്ളനോട്ട് വിതരണം ചെയ്യാനെത്തിയപ്പോഴാണ് പണി പാളിയത്. ഇവരിൽ നിന്ന് രണ്ടുലക്ഷത്തോളം രൂപയുടെ കള്ളനോട്ടാണ് പൊലീസ്് പിടിച്ചെടുത്തത്. കൂട്ടാളി മലപ്പുറം സ്വദേശി സൂനീർ അലിയും അന്ന് പടിയിലായിരുന്നു.അധോലോകവും ഗോൾഡ് മാഫിയയും അരങ്ങു തകർക്കുന്ന കൊടുവള്ളിയിൽ വിതരണത്തിനു എത്തിച്ച കള്ളനോട്ടുകളാണ് പിടിയിലായത്. ഒറിജിനൽ നോട്ടുകളും വ്യാജനും തമ്മിൽ തിരിച്ചറിയാൻ പ്രയാസമുണ്ടാക്കുന്ന രീതിയിലുള്ള കള്ളനോട്ടുകളാണ് പിടികൂടിയതിൽ ഉണ്ടായിരുന്നത്. ശ്രദ്ധിച്ച് നോക്കിയാൽ മാത്രമേ വ്യാജനെ മനസിലാക്കാൻ സാധിക്കൂ. നോട്ടു കൈകാര്യം ചെയ്യാൻ കഴിയുന്ന ആളുകൾക്ക് മാത്രമാണ് ഇവ തിരിച്ചറിയാൻ കഴിയുക. അത്ര സസ്മൂക്ഷമം അച്ചടിച്ച നോട്ടുകൾ ആണിവ.

കള്ളനോട്ടു കേസിൽ പിടിയിലായി തൃശൂർ മതിലകം ജയിലിൽ കിടന്നപ്പോഴാണ് കള്ളനോട്ടുകൾ ഉൾപ്പെടുന്ന വൻ അധോലോക മാഫിയയുമായി രാകേഷ് അടുപ്പത്തിലാകുന്നത്. ഈ അടുപ്പം തന്നെയാണ് കർണാടക കള്ളനോട്ടു വിപണി നിയന്ത്രിക്കുന്ന മുരുകനുമായി നേരിട്ട് ബന്ധത്തിലേക്ക് രാകേഷിനെ നയിച്ചത് എന്നാണ് കൊടുവള്ളി പൊലീസ് കരുതുന്നത്. മുരുകന്റെ കയ്യിൽ നിന്നും രാകേഷ് വാങ്ങിയതാണ് ആണ് ഈ കള്ളനോട്ടുകൾ. രാകേഷിനൊപ്പം അറസ്റ്റിലായ സുനീറാണ് കൊടുവള്ളിയിൽ കള്ളനോട്ടു വിതരണം നടത്താനുള്ള ഇടപാടുകാരനെ രാകേഷിനു കണ്ടെത്തിക്കൊടുക്കുന്നത്. ഇവർക്ക് കൈമാറാനായി ഒരു ലക്ഷത്തി എഴുപതിനായിരം കള്ളനോട്ടുകൾ ആണ് രാകേഷും സുനീറും കൂടി എത്തിച്ചത്. 50000 രൂപ ഇടപാടുകാരൻ നല്കിയാ ഇവർ ഒരു ലക്ഷത്തി എഴുപതിനായിരം കള്ളനോട്ടുകൾ ഇടപാടുകാരനു കൈമാറും. അധികമായി രാകേഷ് കയ്യിൽ കരുതിയതാണ് 20000 രൂപയുടെ കള്ളനോട്ടുകൾ. കള്ളനോട്ടുകൾ പിടികൂടിയപ്പോൾ അധികമായി കരുതിയ കള്ളനോട്ടുകൾ കൂടി ഒപ്പം പിടിയിലായി.

കർണാടകയിലെ അധോലോകവും കള്ളനോട്ടും നിയന്ത്രിക്കുന്നതിൽ വലിയ പങ്കുള്ളയാളാണ് പൊലീസ് എപ്പോഴും ശ്രദ്ധ വയ്ക്കുന്ന മുരുകൻ. കഴിഞ്ഞ തവണ കള്ളനോട്ടു കേസിൽ തൃശൂരിൽ രാകേഷ് ജയിലിൽ കിടന്നപ്പോൾ അധോലോക മാഫിയകളുമായി നേരിട്ട് ബന്ധമുണ്ടാക്കി. തൊണ്ണൂറു ദിവസം ജയിലിൽ കിടന്നു പുറത്തിറങ്ങിയപ്പോൾ രാകേഷ് മുരുകനുമായി ബന്ധമുണ്ടാക്കി. മുരുകനിൽ നിന്നാണ് കള്ളനോട്ടുകൾ കേരളത്തിലേക്ക് രാകേഷ് എത്തിക്കുന്നത്. രാകേഷിനു കൂട്ട് കർണാടകയിലെ മുരുകനും. മുരുകന്റെ വിശ്വസ്തനാണ് പൊലീസ് പിടിയിലുള്ള ഈ മുൻ യുവമോർച്ചാ നേതാവ്. കർണാടകയിലെ കള്ളനോട്ടു രംഗം നിയന്ത്രിക്കുന്ന കർണാടക പൊലീസിന്റെ നോട്ടപ്പുള്ളിയാണ് മുരുകൻ. മുരുകൻ വഴി വരുന്ന കള്ളനോട്ടുകൾ കേരളത്തിൽ രാകേഷ് എത്തിക്കുമ്പോൾ രാകേഷിനെ സഹായിക്കുന്നയാളാണ് ഇപ്പോൾ പൊലീസ് പിടികൂടിയ സുനീർ. രാകേഷ് കള്ളനോട്ടുകൾ എത്തിക്കും. സുനീർ ഇടപാടുകാരെ എത്തിക്കും. ഇങ്ങിനെ ഇടപാടുകാരിലെക്ക് രാകേഷിനെ എത്തിക്കുമ്പോഴാണ് സുനീറും പൊലീസ് പിടിയിലായത്.

നോട്ട് നിരോധന പ്രചാരണത്തിനിടെ ആദ്യമായി കുടുങ്ങി

2016 നവംബറിൽ രാജ്യത്ത് നോട്ട് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്നുള്ള മാസങ്ങളിൽ ബിജെപിക്ക് വലിയ നാണക്കേട് സൃഷ്ടിച്ച സംഭവമായിരുന്നു കള്ളനോട്ടടി കേസിൽ തൃശൂരിലെ പാർട്ടി നേതാവ് അറസ്റ്റിലായത്. 2017 ജൂൺ മാസത്തിൽ 1.37 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രവുമായി രാകേഷ് നേരത്തെ അറസ്റ്റിലായിരുന്നു. യുവമോർച്ച ശ്രീനാരായണപുരം കിഴക്കൻ മേഖല കമ്മിറ്റി പ്രസിഡന്റും ബിജെപി ബൂത്ത് പ്രസിഡന്റുമായും പ്രവർത്തിച്ചിട്ടുള്ള വ്യക്തിയായിരുന്നു രാകേഷ്. നോട്ട് നിരോധനം കള്ളനോട്ടിനെതിരെയുള്ള പോരാട്ടമാണെന്നും പുതുതായി പുറത്തിറക്കിയ 2000 രൂപയുടെ കള്ളനോട്ടുകൾ അച്ചടിക്കാനാവില്ലെന്നും ബിജെപി വലിയ പ്രചരണം നടത്തുന്നതിനിടയിലായിരുന്നു രാകേഷ് അറസ്റ്റിലായത്. ഇതിനെ തുടർന്ന് ദേശീയ തലത്തിൽ തന്നെ രാകേഷിനെ മുൻനിർത്തി ബിജെപിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ ആരോപണങ്ങൾ നടന്നിരുന്നു. സംഭവത്തെ തുടർന്ന് രാകേഷിനെ ബിജെപി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കം പുറത്താക്കിയിരുന്നു

2017 ൽ 1, 37,590 രൂപയുടെ കള്ളനോട്ടുകളായിരുന്നു രാകേഷിൽ നിന്ന് പിടിച്ചെടുത്തത്. 2000 രൂപയുടെ 64 എണ്ണം , 500 രൂപയുടെ 13, 50 രൂപയുടെ 5, 20 രൂപയുടെ പത്ത് എന്നിങ്ങനെയായിരുന്നു പിടിച്ചെടുത്ത നോട്ടുകളുടെ എണ്ണം. തൃശൂർ മതിലകത്തെ ഇരുനില വീടിന്റെ മുകളിലെ നിലയിലെ മുറിയിൽ ലാപ്ടോപും സ്‌കാനറും ആധുനിക രീതിയിലുള്ള കളർ പ്രിന്ററും സജ്ജീകരിച്ചായിരുന്നു നോട്ടടി. പൊലീസ് നടത്തിയ പരിശോധനയിൽ എ ഫോർ പേപ്പറിൽ കള്ളനോട്ടുകൾ പ്രിന്റ് ചെയ്ത നിലയിലായിരുന്നു പിടിച്ചെടുത്തത്. രാഗേഷ് പലിശയ്ക്ക് പണം കൊടുക്കുന്നെന്ന പരാതിയിലാണ് പൊലീസ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്. അപ്പോഴാണ് വീട്ടിൽത്തന്നെയുള്ള നോട്ടടിയന്ത്രങ്ങൾ കണ്ടെടുത്തത്.

നോട്ട് അടിക്കാൻ കമ്പ്യൂട്ടറും, ലാപ്ടോപ്പും, ബോണ്ട് പേപ്പറും, കളർ പേപ്പറും, മഷിയും മുറിയിൽ സജ്ജീകരിച്ചിരുന്നു. കൊള്ളപ്പലിശ ഈടാക്കുന്ന മുദ്രപ്പത്രങ്ങളും വീട്ടിലുണ്ടായിരുന്നു. എല്ലാ നോട്ടുകളും അന്ന് വിശദമായി പരിശോധിച്ച വ്യാജമാണെന്ന് പൊലീസ് ഉറപ്പു വരുത്തിയിരുന്നു.റിസർവ് ബാങ്ക് അച്ചടിക്കുന്ന നോട്ടിന്റെ അതേമാതൃകയിൽ കമ്പ്യൂട്ടറിൽ കറൻസി തയ്യാറാക്കി, കറൻസി പേപ്പറിന് സമാനമായ രീതിയിലും കട്ടിയിലുമുള്ള പേപ്പർ വാങ്ങി പ്രിന്റെടുത്ത് മുറിച്ചാണ് ഇയാൾ വിതരണം നടത്തിയിരുന്നത്. പെട്രോൾ പമ്പിലും ബാങ്കിലുമാണ് പ്രധാനമായും നോട്ടുകൾ മാറിയെടുത്തിരുന്നത്. സംഭവത്തിൽ രാകേഷിന്റെ സഹോദരൻ രാജീവിനേയും പൊലീസ് പ്രതിചേർത്തിരുന്നു. തൃശൂർ ജില്ലയിൽ വ്യാപകമായി നടത്തിയ ഓപ്പറേഷൻ കുബേര റെയ്ഡിലായിരുന്നു രാകേഷിന്റെ വീട്ടിൽ നിന്ന് കള്ളനോട്ടുകൾ കണ്ടെടുത്തത്. രാകേഷ് പലിശ ഇടപാട് നടത്തുന്നതായി സൂചന ലഭിച്ചതിനെ തുടർന്നായിരുന്നു എസ് ഐ മനു വി നായരുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.

തീരദേശമേഖലയിലെ സാധാരണ ജനങ്ങളെയാണ് ഇവർ കള്ളനോട്ട് നൽകി കബളിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഉയർന്ന സാങ്കേതിക വിദ്യ ഉപയോഗിക്കാതെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ള നോട്ടുകളായിരുന്നു അച്ചടിച്ചത്. അതിനാൽ തന്നെ വലിയ കടകളിലും മറ്റും നൽകാതെ മൽസ്യത്തൊഴിലാളികളും ലോട്ടറി വിൽപ്പനക്കാരും അടക്കമുള്ള സാധാരണക്കാർക്ക് കള്ളനോട്ടുകൾ നൽകി വഞ്ചിക്കുകയായിരുന്നു.രാകേഷിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു ഒബിസി മോർച്ച കയ്പംഗലം മണ്ഡലം ജനറൽ സെക്രട്ടറിയായ രാജീവ് ഏരാച്ചേരിയേയും കേസിൽ പ്രതിചേർത്തത്.പൊരിബസാർ പെട്രോൾ പമ്പിൽ 2000 രൂപയുടെ കള്ളനോട്ട് നൽകി പെട്രോൾ അടിക്കാൻ രാജീവ് ശ്രമിച്ചിരുന്നു. സംഭവത്തിൽ പ്രതിരോധത്തിലായ ബിജെപി ഇരുവരേയും ഉടൻ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP