Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി പിന്നോട്ടില്ല...വിശ്വാസികൾ ഇല്ലാതെ പള്ളികൾക്ക് എന്തു ഭരണം? മുനയുള്ള ചോദ്യങ്ങൾ ഉന്നയിച്ച് പടുകൂറ്റൻ മാർച്ച് നടക്കുമ്പോൾ അണിനിരന്നവരുടെ ഉള്ളിൽ നിന്നും ഉയർന്നതും സർക്കാരിന് ഇനി കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന വികാരം; സ്വാതന്ത്ര്യത്തിലേക്കുള്ള തുടക്കമാണ് ചർച്ച് ആക്റ്റിനായുള്ള പ്രക്ഷോഭമെന്ന സിസ്റ്റർ ലൂസിയുടെ വാക്കുകൾക്ക് നിറഞ്ഞ കൈയടി; ചർച്ച ആക്ട് ബിൽ ആക്ഷൻ കൗൺസിലിന്റെ ബുധനാഴ്ചത്തെ മാർച്ച് വൻവിജയമായത് ഇങ്ങനെ

ഇനി പിന്നോട്ടില്ല...വിശ്വാസികൾ ഇല്ലാതെ പള്ളികൾക്ക് എന്തു ഭരണം? മുനയുള്ള ചോദ്യങ്ങൾ ഉന്നയിച്ച് പടുകൂറ്റൻ മാർച്ച് നടക്കുമ്പോൾ അണിനിരന്നവരുടെ ഉള്ളിൽ നിന്നും ഉയർന്നതും സർക്കാരിന് ഇനി കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന വികാരം; സ്വാതന്ത്ര്യത്തിലേക്കുള്ള തുടക്കമാണ് ചർച്ച് ആക്റ്റിനായുള്ള പ്രക്ഷോഭമെന്ന സിസ്റ്റർ ലൂസിയുടെ വാക്കുകൾക്ക് നിറഞ്ഞ കൈയടി; ചർച്ച ആക്ട് ബിൽ ആക്ഷൻ കൗൺസിലിന്റെ ബുധനാഴ്ചത്തെ മാർച്ച് വൻവിജയമായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: മാറിമാറി വന്ന സർക്കാരുകൾ കണ്ടില്ലെന്ന് നടിച്ചതാണ് ചർച്ച് ആക്റ്റ്. കാത്തിരുന്നു ക്ഷമ കെട്ടു. ഇനിയെങ്കിലും അത് നടപ്പാക്കാൻ കേരള സർക്കാർ തയ്യാറാവണമെന്നാവശ്യപ്പെട്ടായിരുന്നു അഖില കേരള ചർച്ച് ആക്റ്റ് ആക്ഷൻ കൗൺസിൽ ചർച്ച് ആക്റ്റ് ക്രൂസേഡ് ബുധനാഴ്ച സെക്രട്ടറിയേറ്റിന് മുന്നിലേക്ക് കൂറ്റൻ മാർച്ച് നടത്തിയത്. ഒരു ലക്ഷത്തോളം ക്രൈസ്തവർ സമരത്തിൽ അണിചേർന്നു.

ക്രൈസ്തവ സഭാ സ്വത്തു കൈകാര്യംചെയ്യൽ സുതാര്യമാക്കുന്നതിനു ചർച്ച് ആക്ട് ബിൽ നടപ്പാക്കണമെന്നതായിരുന്നു മുഖ്യ ആവശ്യം. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് വിവിധ ക്രൈസ്തവ സഭകളിലെ ചർച്ച് ആക്ട് സംഘടനകൾ ചേർന്നു നടത്തിയ മാർച്ചിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തത്. ബുധനാഴ്ച രാവിലെതന്നെ ധർണയിലും സമരത്തിലും പങ്കെടുക്കാനെത്തിയവരെക്കൊണ്ട് തലസ്ഥാന നഗരത്തിലെ വീഥികൾ നിറഞ്ഞിരുന്നു. ര

ചർച്ച് ആക്ട് നടപ്പാക്കുക, സഭാ സ്വത്തുനിയമം പാസാക്കുക, പള്ളികൾ ഇടവകക്കാരുടേത്, വേണം ചർച്ച് ആക്ട് തുടങ്ങിയ പ്ലക്കാർഡുകൾ കൈയിലേന്തി സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ മാർച്ചിൽ പങ്കെടുത്തു. കൊടുംവെയിലിലും സെക്രട്ടേറിയറ്റിനു മുന്നിലെ റോഡിൽ കുത്തിയിരുന്ന ഇടവകാംഗങ്ങൾ ക്രൈസ്തവ സഭാ സ്വത്തുവകകളുടെ കൈകാര്യം സുതാര്യമാക്കുന്നതിന് ചർച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടു.

സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ റാലി ഉദ്ഘാടനം ചെയ്തത്. പാളയത്തു നിന്നു പ്രകടനമായാണു സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്. മൂന്നു മണിക്കൂറോളം എംജി റോഡിൽ ഗതാഗതം സ്തംഭിച്ചു. സ്വാതന്ത്ര്യത്തിലക്കുള്ള തുടക്കമാണു ചർച്ച ആക്ടിനായുള്ള പ്രക്ഷോഭമെന്നും സ്വത്തുവകകൾ തിരഞ്ഞെടുക്കപ്പെട്ട അൽമായർ കൈകാര്യം ചെയ്യട്ടേയെന്നും സിസ്റ്റർ ലൂസി പറഞ്ഞു. മാർച്ച് തിരുവനന്തപുരം പാളയം ബിഷപ്പ് പെരേര ഹാളിന് മുന്നിൽ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. ചർച്ച് ആക്റ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് & ഇൻസ്റ്റിറ്റിയൂഷൻസ് ട്രസ്റ്റ് ബിൽ 2009 വിശദീകരിച്ച് റവ.ഡോ വത്സൻ തമ്പു മുഖ്യ പ്രഭാഷണം നടത്തി.

അതേസമയം, ചർച്ച് ആക്ട് നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ദുരുദേശ്യപരമാണെന്നും മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ 25,26 അനുഛേദങ്ങളുടെ ലംഘനമാണെന്നും ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളിലെ മെത്രാന്മാരും വികാരി ജനറൽമാരും വിവിധ ചുമതലകൾ വഹിക്കുന്ന വൈദികരും ഉൾപ്പെട്ട സംയുക്ത സമിതി വിലയിരുത്തി

മറ്റു മതങ്ങൾക്ക് നിലവിലില്ലാത്ത നിയമനിർമ്മാണം ക്രിസ്ത്യാനികൾക്കു മാത്രമായി നടത്താനുള്ള ശ്രമങ്ങളിൽ നിന്നു സർക്കാർ പിന്മാറണമെന്ന് സമിതി ആവശ്യപ്പെട്ടു.ന്മ ചർച്ച് ആക്ട് സംബന്ധിച്ചു ആരുടെയും സമ്മർദത്തിനു വഴങ്ങി സർക്കാർ തീരുമാനമെടുക്കുമെന്നു കരുതുന്നില്ലെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയും ആരോപിച്ചു. പള്ളിക്കണക്കുകൾ വിശ്വാസികൾക്കു ലഭിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും കാനൻ, സിവിൽ നിയമങ്ങൾ പ്രകാരം സംവിധാനമുണ്ട്. പുതിയ നിയമത്തിന്റെ ആവശ്യമില്ലെന്നു സർക്കാരിനു ബോധ്യമുള്ളതാണെന്ന് കെഎൽസിഎ അഭിപ്രായപ്പെട്ടു.

ചർച്ച് ആക്റ്റ് എന്തിന്?

ക്രൈസ്തവ സഭകളിലെയും പള്ളികളിലെയും സ്വത്ത് കൈകാര്യം ചെയ്യൽ സംബന്ധിച്ച കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് ബിൽ വൈകിപ്പിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. നിലവിൽ സഭാ നേതൃത്വത്തിനു മാത്രം അധികാരമുള്ള പള്ളി ഭരണത്തിൽ വിശ്വാസികൾക്കു കൂടി പങ്കാളികളാകാൻ അവസരം ഒരുങ്ങുന്നതാണ് നിയമം. കത്തോലിക്കാ, യാക്കോബായ, ഓർത്തഡോക്സ് അടക്കം എല്ലാ സഭകളിലെയും, പള്ളികളിലെയും, സ്ഥാപനങ്ങളിലെയും സ്വത്ത് ഭരണത്തിൽ വിശ്വാസി സമൂഹത്തെ കൂടി ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതാണ് ബിൽ. 2009 ൽ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ നേതൃത്വം നൽകിയ നിയമപരിഷ്‌കരണ കമ്മീഷൻ ചർച്ച് ആക്റ്റ് തയ്യാറാക്കി കേരള സർക്കാരിന് സമർപ്പിച്ചതാണ്. എന്നാൽ, പിന്നീട് വന്ന ഇടതു വലതു സർക്കാരുകൾ ബിൽ നിയമമാക്കാതെ ഒളിച്ചു കളിക്കുകയായിരുന്നു. ഒടുവിൽ പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം കടുത്ത പ്രതിഷേധമുണ്ടായതോടെ കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് ബിൽ 2019ന് ഫെബ്രുവരി 14ന് കരട് രൂപമായിരുന്നു. ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എന്നാൽ, കരട് ബിൽ പ്രസിദ്ധീകരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ഇതിൽ തുടർനടപടികൾ സ്വീകരിക്കാൻ സർക്കാർ മുതിർന്നില്ല. ഇതിനെതിരെയായിരുന്നു സമരം.

ഏറെ വിവാദങ്ങളുണ്ടാക്കിയ അങ്കമാലി എറണാകുളം അതിരൂപതയിലെ ഭൂമി കുംഭകോണവും മറ്റ് പല പള്ളികളിലെയും സ്വത്തു ഭരണം സംബന്ധിച്ച് വിശ്വാസികളും അധികാരികളും തമ്മിലുണ്ടായിക്കൊണ്ടിരിക്കുന്ന തർക്കങ്ങളുമാണ് പുതിയ നിയമത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചകൾ വേഗത്തിലാക്കിയത്. പള്ളി സ്വത്തുക്കളുടെ പേരിൽ തർക്കമുണ്ടാകുകയോ സ്വത്തുക്കൾ ആരെങ്കിലും ദുരുപയോഗം ചെയ്യുകയോ ചെയ്താൽ ട്രിബ്യൂണൽ മുമ്പാകെ പരാതിപ്പെടാമെന്നാണ് കരട് ബിൽ വ്യക്തമാക്കുന്നത്.

റിട്ട. ജില്ലാ ജഡ്ജി അധ്യക്ഷനായ ഏകാംഗ/മൂന്നംഗ ട്രിബ്യൂണൽ രൂപീകരിക്കും. ജില്ലാ ജഡ്ജിയാകാൻ യോഗ്യതയുള്ള ഒരാൾ, വിരമിച്ച ഗവ.സെക്രട്ടറി എന്നിവരായിരിക്കും മൂന്നംഗ ്രൈടബ്യൂണലിലെ മറ്റ് അംഗങ്ങൾ. ട്രിബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും.സംസ്ഥാനത്തെ എല്ലാ ക്രൈസ്തവ സഭകളെയും നിയമത്തിന് കീഴിൽ കൊണ്ടുവരും. സഭയുടെ വസ്തുക്കൾ കൈകാര്യം ചൈയ്യാനുള്ള പൂർണ അധികാരം, ചുമതലപ്പെട്ട ഡിനോമിനേഷനായിരിക്കും. ഡിനോമിനേഷനുകൾ തങ്ങളുടെ അധികാരപരിധിയിലുള്ള അതത് ഇടവകകൾ ഭരിക്കുവാൻ ചട്ടങ്ങൾ ഉണ്ടാക്കണം. വസ്തുവകകളുടെയും വരവു ചിലവുകളുടെയും കൃത്യമായ കണക്കുകൾ സൂക്ഷിക്കണം. ഇവർ നിശ്ചയിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റിനെ കൊണ്ട് ഓഡിറ്റിങ് നടത്തി വാർഷിക പരിധി യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കണം.

സ്വതന്ത്രമായി നിലകൊണ്ട ക്രിസ്ത്യൻ സഭാ സ്വത്ത് വിനിമയത്തെക്കുറിച്ച് വ്യക്തമായ വ്യവസ്ഥകളോടെയും ഭരണരീതികളിൽ പോലും കാര്യമായ മാറ്റങ്ങൾ നിർദ്ദേശിച്ചുമാണ് കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് കരട് ബിൽ. ജസ്റ്റിസ് കെ.ടി. തോമസ് ചെയർമാനായും കെ.ശശിധരൻ നായർ വൈസ് ചെയർമാനായും കെ ജോർജ് ഉമ്മൻ, എൻ കെ ജയകുമാർ, ലിസമ്മ അഗസ്റ്റിൻ എന്നിവർ അംഗങ്ങളായും പ്രവർത്തിക്കുന്ന നിയമ പരിഷ്‌കരണ കമ്മീഷനാണ് കരട് പ്രസിദ്ധീകരിച്ചത്. ഫെബ്രുവരി 14ന് പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തോട് പരസ്യമായും രഹസ്യമായും പ്രതികൂലിച്ച് ക്രിസ്തീയ സഭകൾ രംഗത്ത് എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP