Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്ത്രീകളെ പരസ്യമായി കൂട്ട ബലാത്സംഗത്തിനിരയാക്കും; എതിർക്കുന്നവരെ കെട്ടിടത്തിൽ നിന്ന് എറിഞ്ഞു കൊല്ലും, കഴുത്തറത്തു തലകീഴായി കെട്ടിത്തൂക്കിയും ഭീതി പരത്തും; നഗരത്തിലൂടെ സഞ്ചരിക്കാൻ പ്രത്യേക തുരങ്കങ്ങൾ; കൈയിൽ റോക്കറ്റ് ലോഞ്ചറും ഗ്രനേഡും അടക്കം അത്യാധുനിക യുദ്ധസാമഗ്രികൾ; സർപ്പസുന്ദരികളായ വനിതാ സ്‌ക്വാഡും സമാന്തരമായി രംഗത്ത്; മയക്കുമരുന്ന് കുത്തിയൊഴുകിയതോടെ ഭീകരസംഘടനായി പ്രഖ്യാപിക്കാൻ ട്രംപിന്റെ നീക്കം; ഐഎസിനേക്കാൾ ഭീകരരായ മെക്സിക്കൻ മയക്കുമരുന്ന് മാഫിയയുടെ കഥ

സ്ത്രീകളെ പരസ്യമായി കൂട്ട ബലാത്സംഗത്തിനിരയാക്കും; എതിർക്കുന്നവരെ കെട്ടിടത്തിൽ നിന്ന് എറിഞ്ഞു കൊല്ലും, കഴുത്തറത്തു തലകീഴായി കെട്ടിത്തൂക്കിയും ഭീതി പരത്തും; നഗരത്തിലൂടെ സഞ്ചരിക്കാൻ പ്രത്യേക തുരങ്കങ്ങൾ; കൈയിൽ റോക്കറ്റ് ലോഞ്ചറും ഗ്രനേഡും അടക്കം അത്യാധുനിക യുദ്ധസാമഗ്രികൾ; സർപ്പസുന്ദരികളായ വനിതാ സ്‌ക്വാഡും സമാന്തരമായി രംഗത്ത്; മയക്കുമരുന്ന് കുത്തിയൊഴുകിയതോടെ ഭീകരസംഘടനായി പ്രഖ്യാപിക്കാൻ ട്രംപിന്റെ നീക്കം; ഐഎസിനേക്കാൾ ഭീകരരായ മെക്സിക്കൻ മയക്കുമരുന്ന് മാഫിയയുടെ കഥ

എം മാധവദാസ്

ന്യൂയോർക്ക്: ഒരു പാർസൽ കിട്ടുമ്പോൾ മാത്രമാണ്, നിങ്ങളുടെ പ്രിയപ്പെട്ട ആരോ തട്ടിക്കൊണ്ടുപോവപ്പെട്ടതായി അറിയുക. അതിൽ മിക്കവാറും ബന്ദിയുടെ കുറച്ച്് മുടി ആയിരിക്കും. അത് നിങ്ങൾക്കുള്ള അപായ സൂചനയാണ്. പറഞ്ഞ പണം അന്നുതന്നെ കൈമറിയില്ലെങ്കിൽ അടുത്ത ദിവസം വരിക വിരലായിരിക്കും. അത് കടുത്ത അപായ സൂചനയാണ്. എന്നിട്ടും നിങ്ങൾ സെറ്റിൽ ചെയ്തില്ലെങ്കിൽ പിന്നെ തട്ടിക്കൊണ്ടുപോയയാളുടെ ചെവിയാണ് കിട്ടുക. പിന്നെ നിങ്ങൾ അയാളെ അല്ലെങ്കിൽ അവളെ നോക്കേണ്ട. റോഡരുകിൽ എവിടെ നിന്നെങ്കിലും വികൃതമാക്കപ്പെട്ട മൃതദേഹം കിട്ടും. ഇനി നിങ്ങൾ പൊലീസിൽ പരാതി പറയുകയും, ഈ മാഫിയാ സംഘത്തെ പിടിക്കാൻ ശ്രമിക്കുകയും ചെയ്താലോ? ഇരയുടെ തലവെട്ടി പൊതുസ്ഥലത്തായിരിക്കും പ്രദർശനം.- അതാണ് യാക്കൂസ. ലോകത്തെ വിറപ്പിക്കുന്ന ജപ്പാനിൽ തുടങ്ങി പിന്നീട് ഇറ്റലി വഴി കൊളമ്പിയിലേക്കും മെക്സിക്കോയിലേക്കും വളർന്ന മാഫിയാ സംഘം!

പിറന്നത് ജപ്പാനിലാണെങ്കിലും യാക്കൂസയുടെ പ്രവർത്തനകേന്ദ്രം ഇന്ന് ആഗോള മയക്കുമരുന്ന് മാഫിയയുടെ തലസ്ഥാനമായ മെക്സിക്കോയിലാണ്. സിനലോവ കാർട്ടലെന്ന പേരുകേട്ടാൽ ജനം വിറയ്ക്കുന്ന മയക്കുമരുന്ന് മാഫിയാ സംഘവുമായി, തട്ടിക്കൊണ്ടുപോകൽ സംഘമായ യാക്കൂസ കൈകോർത്തതോടെ സ്വസ്ഥത നഷ്ടാവുന്നത് അമേരിക്കയ്ക്ക് കൂടിയാണ്. യുഎസിലെ മാര സൽവാട്രൂച്ച എന്ന സാത്താൻ ആരാധകരായ അധോലോക സംഘവുമായി ഇവർ ബന്ധം സ്ഥാപിച്ചതോടെ അമേരിക്കയിലേക്ക് മെക്സിക്കോയിൽ നിന്ന് മയക്കുമരുന്ന് കുത്തി ഒഴുകുകയാണ്. ഇക്കാരണങ്ങൾ ഒക്കെ കൊണ്ടുതന്നെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംമ്പ് മെക്സിക്കൻ അതിർത്തിയിൽ വൻ മതിൽ പണിയുമെന്ന് പ്രഖ്യാപിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ ഭീകര സംഘടന അൽഖ്വായിദയോ, ഇസ്ലാമിക്ക് സ്റ്റേറ്റേ അല്ല മെക്സിക്കോയിലെ ലഹരിമരുന്നു രാജാവ് വാക്വീൻ ഗുസ്മാന്റെ നേതൃത്വത്തിലുള്ള സിനലോവ കാർട്ടലാണെന്നാണ് ട്രംമ്പ് പറയുന്നത്. യുഎസിലെ മൻഹാട്ടനിലുള്ള ജയിലിൽ വാക്വീൻ ഗുസ്മാൻ ജീവപര്യന്തത്തിനൊപ്പം 30 വർഷവും തടവ് അനുഭവിക്കുമ്പോഴും സിനലോവ കാർട്ടലെന്ന കൊടും മാഫിയ സംഘത്തിന്റെ അടിവേരുകൾക്കു തെല്ലും ഇളക്കമില്ല. പോരാത്തതിന് അവർക്ക് ഇപ്പോൾ യാക്കുസയുടെയും, സൽവാട്രൂച്ചയുടെയും പിന്തുണയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മെക്സിക്കൻ ലഹരി മരുന്ന് മാഫിയയെ ഭീകര സംഘടനയായി പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് ട്രമ്പ് ഇപ്പോൾ. പ്രസിദ്ധ മാധ്യമപ്രവർത്തകൻ ബിൽ ഒ റെയ്‌ലിയുമായുള്ള അഭിമുഖത്തിലാണ് ട്രംമ്പിന്റെ തുറന്നു പറച്ചിൽ. 'കഴിഞ്ഞ 90 ദിവസങ്ങളായി ഞാൻ ഇതിന്റെ പുറകിലാണ്. നിങ്ങൾക്കറിയാമല്ലോ, പ്രഖ്യാപനം അത്ര എളുപ്പമല്ല. പല പ്രക്രിയകളിലൂടെയും കടന്നു പോകാനുണ്ട്. നിലവിൽ മികച്ച രീതിയിലാണ് മുന്നേറ്റം. വൈകാതെ തന്നെ പ്രഖ്യാപനമുണ്ടാകും...' ട്രമ്പിന്റെ വാക്കുകളാണിത്. അദ്ദേഹം നടത്താനിരിക്കുന്ന ആ 'വലിയ പ്രഖ്യാപനം' രാജ്യാന്തര ലഹരിമരുന്നു കടത്തിലുണ്ടാക്കാൻ പോകുന്ന ആഘാതവും ചെറുതല്ല.

നംവബർ 4ന് മെക്സിക്കോ-അരിസോണ അതിർത്തിയിൽ ഒൻപതു പേരെ ലഹരിമരുന്നു മാഫിയ വെടിവച്ചുകൊന്നതാണ് മെക്സിക്കോയിൽ അരങ്ങുവാഴുന്ന മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ട്രംമ്പിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. യുഎസ-മെക്സിക്കോ ഇരട്ടപൗരത്വമുള്ള മൂന്ന് സ്ത്രീകളും ആറ് കുട്ടികളുമാണ് അന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആറു കുട്ടികൾ അടുത്തുള്ള വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. എട്ടുമാസം മാത്രം പ്രായമായ ഇരട്ടക്കുട്ടികളും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഭീകര സംഘടനയായി പ്രഖ്യപിക്കുന്നതോടെ അന്താരാഷ്ട്ര തലത്തിലുള്ള നടപടിയാണ് യുഎസ് ഉദ്ദേശിക്കുന്നത്. കൊളമ്പിയ, നിക്കരാഗ്വേ, അർജന്റീന, ബ്രസീൽ, തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലൂടെയാണ് മയക്കുമരുന്ന് മാഫിയയുടെ മറ്റ് കേന്ദ്രങ്ങൾ. ഉൽപ്പാദക രാഷ്ട്രങ്ങളിൽ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ആഫ്രിക്കൽ രാജ്യങ്ങളും വരും. മയക്കുമരുന്ന് മാഫിയകളെ ഭീകര സംഘടനകളായി പ്രഖ്യാപിക്കുന്നതോടെ യുഎസിന് ഇവിടെയൊക്കെ ഇടപെടാൻ കഴിയും. അടിത്തട്ടുതൊട്ടുള്ള നടപടിയിലൂടെ മാത്രമേ മയക്കുമരുന്ന് മാഫിയയുടെ വേര് അറക്കാൻ കഴിയൂവെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കരുതുന്നത്.

ഐഎസിനേക്കാൾ വലിയ ഭീകരർ

ലോകത്തിലെ കൊടും ഭീകരർ ആരാണെന്ന് ചോദിച്ചാൽ മറുപടി ഇസ്ലാമിക് സ്്റ്റേറ്റ് എന്നായിരിക്കും എന്നാൽ ഡ്രഗ് കാർട്ടലുകൾ നടത്തിയ കൊള്ളയും കൊലയും ക്രൂരതയും നോക്കിയാൽ അത്് ഐഎസിനും മുകളിൽ പോവും. 2006 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ 60,000 പേരാണ് ലഹരിമാഫിയകളുടെ കുടിപ്പകയിൽ ജീവിതം ഹോമിക്കപ്പെട്ടത്. ഒരോ അരമണിക്കൂറിലും മെക്സിക്കോയിൽ ഒരാൾ വീതം കൊല്ലപ്പെടുന്നുവെന്നു മെക്സിക്കൻ ഭരണകൂടം തന്നെ സാക്ഷ്യപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ത്രീകളെ പരസ്യമായി ബലാത്സംഗത്തിനിരയാക്കിയും എതിർക്കുന്നവരെ കെട്ടിടത്തിൽ നിന്ന് എറിഞ്ഞുകൊന്നും കഴുത്തറത്തു തലകീഴായി കെട്ടിത്തൂക്കിയും ആളുകളിൽ ഭീതിപടർത്തുന്ന ഐഎസ് ഭീകരരുടെ മറ്റൊരു പതിപ്പാണ് മെക്സിക്കോയിലെ ലഹരിക്കടത്തു മാഫിയയെന്നും യുഎസ് ആരോപിക്കുന്നു. 2013ൽ മാത്രം മെക്സിക്കോയിലെ മയക്കുമരുന്നു മാഫിയ കൊന്നുതള്ളിയത് 16,000ത്തോളം നിരപരാധികളെയാണ് യുഎൻ പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ഇതിന്റെ ഏറ്റവും ഒടുവിലായാണ് നവംബർ 4ന് മെക്സിക്കോ-അരിസോണ അതിർത്തിയിൽ ഒൻപതു പേരെ ലഹരിമരുന്നു മാഫിയ വെടിവച്ചുകൊന്ന സംഭവം ഉണ്ടായത്. സൊനാറ സംസ്ഥാനത്തു നിന്ന് ചിഹുവ സംസ്ഥാനത്തേക്കു യാത്ര ചെയ്യുന്നതിനിടെ ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. സൊനാറായിൽ താമസിച്ചിരുന്ന മോർമൺ കമ്യൂണിറ്റിയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ യാത്ര തിരിച്ച കുടുംബമാണ് അപകടത്തിൽപെട്ടത്. സംഭവത്തിനു പിന്നിൽ സിനലോവ കാർട്ടലാണെന്നു ആരോപണം ഉയർന്നിരുന്നു. ശത്രുസംഘമാണെന്നു തെറ്റിദ്ധരിച്ചു കൊലപ്പെടുത്തിയതാകാമെന്ന അഭ്യൂഹങ്ങളും ഉയർന്നു. ഇതോടെയാണ് മയക്കുമരുന്ന് മാഫിയക്കെതിരെ വൻ പ്രതിഷേധം അമേരിക്കയിൽ ഉയർന്നത്.

ലഹരിമരുന്നു മാഫിയകളെ ഭീകരസംഘടനകളായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ തന്നെ ട്രംമ്പ് നടപടി തുടങ്ങിക്കഴിഞ്ഞു. സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ മെക്സിക്കൻ മാഫിയ സംഘങ്ങൾക്ക് തങ്ങളുടെ സ്ഥാപനം വഴി ഏതെങ്കിലും തരത്തിൽ സഹായം എത്തുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നു യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റിന് ട്രംമ്പ് നിർദ്ദേശം നൽകിക്കഴിഞ്ഞു. നിരോധിത സംഘടനകൾക്കു ഏതെങ്കിലും തരത്തിലുള്ള സഹായം വാഗ്ദാനം ചെയ്യുന്നതും ബന്ധം പുലർത്തുന്നതും യുഎസ് നിയമമനുസരിച്ച് ഗുരുതരമായ കുറ്റമാണ്. മെക്സിക്കൻ ഭരണകൂടം തയാറാണെങ്കിൽ ലഹരിമരുന്നു മാഫിയകളെ മെക്സിക്കൻ മണ്ണിൽ നിന്ന് തുടച്ചു നീക്കാൻ താൻ തയാറാണെന്നും ട്രംമ്പ് ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു.

ലഹരിമരുന്നു മാഫിയകളെ ഭീകരസംഘടനകളായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റായി കൂടുതൽ ചർച്ചകൾ നടത്തുമെന്നും വ്യക്തത വരുത്തിയ ശേഷം മാത്രം പ്രതികരിക്കാമെന്നുമാണു മെക്സിക്കൻ ഭരണകൂടത്തിന്റെ നിലപാട്. ലഹരിമരുന്ന് സംഘത്തിന് പണവും ആയുധങ്ങളും ലഭിക്കുന്നതു തടയാനുള്ള സംയുക്ത ശ്രമത്തെപ്പറ്റിയും ചർച്ച ചെയ്യും. യുഎസ് നിയമ പ്രകാരം, ഒരു സംഘത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ചാൽ അതുമായി ബന്ധപ്പെട്ടവർക്ക് പിന്തുണ നൽകുന്നത് നിയമവിരുദ്ധമാകും. സംഘത്തിൽപ്പെട്ടവർക്ക് മെക്സിക്കോയിലേക്കു പ്രവേശനം ഉണ്ടാകില്ല. അഥവാ വന്നാൽത്തന്നെ നാടുകടത്തുകയും ചെയ്യും. ഐഎസ് ഭീകരരേക്കാൾ വിനാശികാരികളാണ് മെക്സിക്കോയിലെ ലഹരിക്കടത്ത് മാഫിയയെന്ന യുഎസ് ഭരണകൂടത്തിന്റ ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടന പുറത്തു വിട്ട കണക്കുകൾ പറയുന്നത്.

യുഎസ് പ്രസിഡന്റായി ട്രംമ്പ് അധികാരമേൽക്കുന്നതിനുതൊട്ടുമുൻപായിരുന്നു കൊടുംകുറ്റവാളി വാക്വീൻ ഗുസ്മാനെ മെക്സിക്കോ യുഎസിനു വിട്ടുകൊടുത്തത്. അന്നത്തെ മെക്സിക്കോ പ്രസിഡന്റ് എന്റീക് പെന നിയെറ്റോ, ഗുസ്മാനെ യുഎസിനു വിട്ടുകൊടുക്കേണ്ടെന്ന നിലപാടിലായിരുന്നെങ്കിലും ജയിൽചാട്ടം തുടർക്കഥയായപ്പോൾ തീരുമാനം മാറ്റുകയായിരുന്നു. ഗുസ്മാൻ ജയിലായിട്ടും അനുചരർ സുഖമായി മാഫിയാ പ്രവർത്തനം നടത്തുകയാണ്. പ്രസിഡന്റ് പദവി ഒഴിയുന്ന ബറാക് ഒബാമയ്ക്കുള്ള വിടപറയൽ സമ്മാനമായും മെക്സിക്കോ വിരുദ്ധനായ ട്രംമ്പുമായി സമാധാനത്തിൽ പുലരാനുള്ള പ്രതീകാത്മക നീക്കവുമായിരുന്നു അത്. വാക്വീൻ ഗുസ്മാൻ പിടിയിലായതോടെ മെക്സിക്കൻ യുഎസ് അതിർത്തിയിൽ സമാധാനം പുലരുമെന്നും ട്രംമ്പും കണക്കുകൂട്ടി. എന്നാൽ ഗുസ്മാന്റെ അറസ്റ്റോടെ സിനലോവ കാർട്ടലിനു ചരമഗീതം എഴുതാമെന്ന മെക്സിക്കൻ ഭരണകൂടത്തിന്റെയും യുഎസിന്റെ കണക്കുകൂട്ടലുകൾ തെറ്റുന്നതാണ് പിന്നീട് കണ്ടത്.

പഠനം നിർത്തി പൊതിക്കഞ്ചാവ് വിറ്റ് തുടങ്ങി ശതകോടീശ്വരനായ ഗുസ്മാൻ

ഹോളിവുഡ്ഡ് മസാല സിനിമാക്കഥകളെ അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു, സിനലോവ കാർട്ടൽ സ്ഥാപകൻ വാക്വീൻ ഗുസ്മാന്റെ വളർച്ച. മൂന്നാംക്ലാസ്സിൽ പഠനം നിർത്തി അച്ഛനൊപ്പം പൊതിക്കഞ്ചാവു വിറ്റു നടന്ന ബാലൻ മെക്സിക്കോയിലെ ലഹരിക്കടത്തു സംഘത്തിന്റെ തലവനായത് ചോര ചിന്തി തന്നെയാണ്. വെറും നാലരയടിമാത്രം ഉയരംമാത്രമുള്ളതനാൽ 'കുള്ളൻ' എന്ന് ഇരട്ടപ്പേരുവീണ ഗുസ്മാൻ മനോധൈര്യവും തോക്ക് ഉപയോഗിക്കുന്നതിലെ മിടുക്കമാണ് തുണയായത്. കൗമാര പ്രായത്തിൽ എത്തിയപ്പോഴേക്കും ഇയാൾ പ്രാദേശിക ഗുണ്ടകളുടെ തലവനായി. ഈ സംഘാടനമികവാണ് ഗുസ്്മാനെ വളർത്തിയതെന്നാണ് ബിബിസി എഴുതുന്നത്. യൗവനത്തുടക്കത്തിൽ തന്നെ രാജ്യത്തിന്റെ നാനാ ഭാഗത്തുമുള്ള കള്ളക്കടത്തുകാരെ ഏകോപിപ്പിച്ച് സിനലോവ കാർട്ടൽ എന്ന ആരും പേടിക്കുന്ന സംഘടനയുണ്ടാക്കാൻ ആയാൾക്ക് കഴിഞ്ഞു.

തനിക്കെതിരെ നീങ്ങുന്നവർ പൊലീസ് ഓഫീസറായാലും പത്രപ്രവർത്തകനായാലും ഗുസ്മാൻ തല അറുക്കുമെന്നുറപ്പാണ്. ഒറ്റുകാരെ പരസ്യമായി കെട്ടിത്തൂക്കി കൊല്ലും. അതായത് ശത്രുക്കളെ കണ്ടെത്തി തല അറുത്ത് റോഡരികിൽ പ്രദർശിപ്പിപ്പിക്കുന്ന നിഷ്ഠൂരനാണിയാൾ. മെകിസിക്കോയിൽ പതിവായ ഒരു കൊലപാതക രീതിയുമാണിത്. കൊലപാതക പരമ്പര ജയിലിലേക്കും വ്യാപിപ്പിച്ചു. നോർത്ത് മെക്‌സിക്കോയിലെ ടോപോ ചികോ ജയിലിലാണ് രണ്ട് വിഭാഗത്തിൽ പെട്ട മയക്കുമരുന്ന് കടത്ത് സംഘത്തിലുള്ള പ്രതികൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 52 പേരാണ് കൊല്ലപ്പെട്ടത്.

മയക്കുമരുന്ന് കള്ളക്കടത്തിലൂടെ വരുമാനം കുമിഞ്ഞുകൂടിയപ്പോൾ ആധുനിക ആയുധങ്ങൾ വാങ്ങി തന്റെ സേനയെ ഇയാൾ നവീകരിച്ചു.  ്ഗ്രനേഡുകളും റോക്കറ്റുകളുംപോലും ഈ സംഘത്തിന്റെ കൈയിലുണ്ട്. പൊലീസ് പിടിക്കാതിരിക്കാൻ നഗരങ്ങളിൽ തുരങ്കങ്ങൾ ഉണ്ടാക്കിയായിരുന്നു സഞ്ചാരം! ജയിലിൽ അടച്ചാലും ചാൾസ് ശോഭരാജിനെ വെല്ലുന്ന രീതിയിൽ ഗുസ്മാൻ രക്ഷപ്പെടും. ജയിൽപ്പുള്ളികളുടെ അലക്കുതുണിക്കെട്ടിനുള്ളിൽ പതുങ്ങിയിരുന്നാണ് നാലരയടി മാത്രം ഉയരമുള്ള ഗുസ്മാൻ ഒരിക്കൽ രക്ഷപ്പെട്ടത്.

ഒന്നര കിലോമീറ്റർ നീളമുള്ള തുരങ്കത്തിലൂടെയും ഒരിക്കൽ രക്ഷപ്പെട്ടു. തുരങ്കത്തിലെ പാളങ്ങളിലൂടെ ഓടുന്ന പ്രത്യേക മോട്ടർ സൈക്കിളും അനുയായികൾ തയാറാക്കി വച്ചിരുന്നു. 2009ൽ ഫോബ്‌സ് മാസിക തയാറാക്കിയ അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ ഗുസ്മാൻ യുഎസിലേക്ക് ഏറ്റവും കൂടുതൽ കൊക്കെയിനും മരിജുവാനയും കയറ്റിപ്പോകുന്ന മെക്സിക്കൻ നഗരമായ ലോസ് മോചിസാണു തട്ടകമാക്കിയത്.

തന്റെ ജീവിത കഥ സിനിമയാക്കാനുൾപ്പെടെശ്രമം നടത്തുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. ബറാക് ഒബാമയ്ക്കുള്ള വിടപറയൽ സമ്മാനമായും മെക്സിക്കോ വിരുദ്ധനായ ട്രംമ്പുമായി സമാധാനത്തിൽ പുലരാനുള്ള നീക്കമായും മുൻ മെക്സിക്കൻ പ്രസിഡന്റ് എന്റീക് പേനിയ നിയത്തോ യുഎസിനു വച്ചുനീട്ടിയത് ഗുസ്മാനെയായിരുന്നു. എത്ര സുരക്ഷാസന്നാഹമുള്ള ജയിലിൽ പിടിച്ചിട്ടാലും പുല്ലുപോലെ ചാടിപ്പോരുന്ന കുറ്റവാളിയെ തളയ്ക്കാൻ യുഎസിനു മാത്രമേ സാധിക്കൂവെന്ന തിരിച്ചറിവും ആ നാടുകടത്തലിനു പിന്നിലുണ്ടെന്നും രാജ്യാന്തരമാധ്യമങ്ങൾ വിധിയെഴുതി. ജീവപര്യന്തംതടവിനു ശിക്ഷിക്കപ്പെട്ട ഗുസ്മാൻ യുഎസിൽ തടവിലാണിപ്പോൾ. ജീവപര്യന്തത്തിനൊപ്പം 30 വർഷവും തടവും യുഎസ് കോടതി ഗുസ്മാനു വിധിച്ചിരുന്നു.

പക്ഷേ ഗുസ്മാൻ അകത്തായിട്ടും കാർട്ടൽ ശക്തി പ്രാപിക്കയാണ് ഉണ്ടായത്. ഹോസെ റോഡ്രിഗോ ഏരെചിക, ക്ലോഡിയ ഓച്ചോവ ഫെലിക്സ്, എന്നിവരിലൂടെ സിനലോവ കാർട്ടൽ വളർന്നു. ഏരെചികയെ യുഎസ് പിടികൂടി. ക്ലോഡിയ ഓച്ചോവ ഫെലിക്സ് ദുരൂഹ സാഹചര്യത്തിൽ സെപ്റ്റംബറിൽകൊല്ലപ്പെട്ടു. പക്ഷേ എന്നിട്ടും കാർട്ടൽ തളർന്നില്ല.

പിതാവിനെ വെല്ലുന്ന മകൻ

പിതാവിനെ വെല്ലുന്ന മകന്റെ അരങ്ങേറ്റമാണ് പിന്നീട് ലോകം കണ്ടത്. ഗുസ്മാന്റെ മകൻ ഒവിഡിയോ ഗുസ്മാൻ ലോപ്പസ് സിനലോവ കാർട്ടലിന്റെ അമരത്തെത്തിയതോടെ കാര്യങ്ങൾ പൂർവാധികം ശക്തമയായി. ഒക്ടോബറിൽ ഒവിഡിയോയെ പിടികൂടാൻ മെക്സിക്കൻ ഭരണകൂടവും യുഎസും നടത്തിയ ശ്രമങ്ങൾ അവർക്കു തന്നെ നാണക്കേട് ഉണ്ടാക്കി. മാഫിയ സംഘം നേരിട്ടെത്തി ഒവിഡിയോയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു.

അന്നു വടക്കു പടിഞ്ഞാറൻ മെക്സിക്കോയിലെ കുലിയാകാൻ നഗരം അക്ഷരാർഥത്തിൽ നിന്നു കത്തി. മെക്സിക്കോയുടെ പൊലീസും സൈന്യവും നിസ്സഹായരായി നിൽക്കെ, ഗുസ്മാന്റെ ലഹരി മാഫിയാ സംഘം നഗരത്തിലങ്ങോളമിങ്ങോളം ഓട്ടമാറ്റിക് തോക്കുകൾ ഘടിപ്പിച്ച വാഹനങ്ങളിൽ പാഞ്ഞുനടന്ന് തുരുതുരാ നിറയൊഴിച്ചു. പൊലീസ് വണ്ടികളടക്കം കത്തിച്ചു. പൊലീസ് പോസ്റ്റുകൾ ആക്രമിക്കുകയും ഗതാഗതസ്തംഭനം സൃഷ്ടിക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ പൊലീസ് തന്നെ ഒവിഡിയോയെ മോചിപ്പിച്ചു.

കൊലക്കളമായി മാറിയ കുലിയകാൻ നഗരം ശാന്തമാക്കാൻ 400 ഓളം പട്ടാളക്കാരെ നിയോഗിച്ചിട്ടും സ്ഥിതിഗതികളിൽ മാറ്റമുണ്ടായില്ല. യുഎസ് സൈന്യം ഉപയോഗിക്കുന്ന അത്യാധുനിക യന്ത്രത്തോക്കുകൾ ഉപയോഗിച്ചാണ് സിനലോവ കാർട്ടൽ സൈന്യത്തിനു നേരേ നിറയൊഴിച്ചത്. മെക്സിക്കോയുടെ പടിഞ്ഞാറൻ സംസ്ഥാനമായ ഹലീസ്‌കോയിലെ പ്രമുഖ നഗരമായ ഗ്വാഡലഹാരയിലെ കിണറ്റിൽ നിന്നു 44 മൃതദേഹങ്ങൾ സെപ്റ്റംബറിൽ കണ്ടെടുത്തിനു പിന്നിലും സിനലോവ കാർട്ടലായിരുന്നു.

മെക്സിക്കൻ ഭരണകൂടത്തിന് എല്ലാ പിന്തുണ നൽകിയിട്ടും ലഹരിമരുന്നു കടത്ത് സംഘത്തെ നിലയ്ക്കു നിർത്താൻ സാധിക്കാത്ത സാഹചര്യത്തിൽ നേരിട്ടു കളത്തിലിറങ്ങാനാണ് യുഎസ് തീരുമാനം. ഇതിന്റെ ആദ്യപടിയാണ് മെക്സിക്കൻ ലഹരിമരുന്നു കടത്ത് സംഘത്തെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനുള്ള യുഎസ് ഭരണകൂടത്തിന്റെ തീരുമാനമെന്നും വിലയിരുത്തപ്പെടുന്നു.

സർപ്പസുന്ദരി മരിച്ചതിന്റെയും ദുരൂഹത മാറുന്നില്ല

ആണുങ്ങൾ അടക്കിവാണ മെക്സിക്കൻ ലഹരിമരുന്നു സാമ്രാജ്യത്തെ ഞെട്ടിച്ച പെൺ പുലിയായിരുന്നു ക്ലോഡിയ ഓച്ചോവ ഫെലിക്സ്. ഗുസമാനെ വളർത്തുന്നതിൽ വലിയ പങ്കുവഹിച്ച ഇവർ കഴിഞ്ഞ ഒക്ടോബറിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയായിരുന്നു. 2014 ജൂണിൽ ട്വീറ്റ് ചെയ്ത രണ്ടു ചിത്രങ്ങളിലൂടെയാണു ലഹരിമരുന്നു മാഫിയ ലോകത്തേക്കുള്ള ക്ലോഡിയയുടെ വരവ് ലോകം അറിയുന്നത്. പിങ്ക് നിറത്തിലും സ്വർണ നിറത്തിലുമുള്ള എകെ 47 തോക്കുകൾ പിടിച്ചുള്ള രണ്ടു ചിത്രങ്ങളായിരുന്നു അത്. പതിനായിരങ്ങളാണ് അതിനു പിന്നാലെ ട്വിറ്ററിൽ ക്ലോഡിയയെ പിന്തുടരാനെത്തിയത്. ഇവർ മയക്കുമരുന്ന് മാഫിയിൽ പേരെടുത്തതോടെ സമാന്തരമായ വനിതാ സ്‌ക്വാഡും ഉണ്ടാക്കിയിരുന്നു.

മെക്സിക്കോയിലെ സൂപ്പർ മോഡലായ അവർ അന്ന് അറിയപ്പെട്ടിരുന്നത് റിയാലിറ്റി ഷോ താരം കിം കർദഷിയാന്റെ പേരിലായിരുന്നു. കർദഷിയാനുമായുള്ള രൂപസാദൃശ്യമായിരുന്നു കാരണം. കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരിക്കുമ്പോൾ അവരുടെ കൃത്യമായ പ്രായം പോലും ആർക്കും അറിയില്ലായിരുന്നു. പക്ഷേ 35 വയസ്സിനിടെ അവർ നേടിയെടുത്ത കുപ്രസിദ്ധി മെക്സിക്കോയിൽ മറ്റൊരു വനിതയ്ക്കും ഇന്നേവരെയില്ലാത്തതാണ്. ലഹരിമാഫിയയുടെ പല പ്രവർത്തനങ്ങൾക്കു പിന്നിലും ക്ലോഡിയയാണെന്നു നേരത്തേ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. നൈറ്റ് ക്ലബുകളിൽ തോക്കേന്തിയ അംഗരക്ഷകരുടെ അകമ്പടിയോടെയെത്തുന്ന അവരെ അതുവരെ കൗതുകത്തിന്റെ കണ്ണുകളോടെയായിരുന്നു മെക്സിക്കോക്കാരും കണ്ടിരുന്നത്. എന്നാൽ മോഡൽ പദവിയിൽ നിന്ന് മെക്സിക്കൻ ലഹരിമരുന്നു മാഫിയയിലെ ഏറ്റവും കരുത്തുറ്റ വനിതയെന്ന നിലയിലേക്ക് ഏതാനും വർഷംകൊണ്ടായിരുന്നു അവരുടെ വളർച്ച.

സിനലോവ കാർട്ടലെന്ന കൊടുംമാഫിയ സംഘത്തിന്റെ നെടുംതൂണായ വാക്വീൻ ഗുസ്മാൻ അറസ്റ്റിലായതും പിന്നാലെയെത്തിയ ഹോസെ റോഡ്രിഗോ ഏരെചികയെ യുഎസ് കുരുക്കിയതുമെല്ലാം ലഹരിക്കടത്തുകാർക്കു വൻ തിരിച്ചടിയാണു നൽകിയത്. എന്നാൽ ഗുസ്മാന്റെ അറസ്റ്റോടെ സിനലോവ കാർട്ടലിനു ചരമഗീതം എഴുതാമെന്ന മെക്സിക്കൻ ഭരണകൂടത്തിന്റെയും യുഎസിന്റെയും കണക്കുകൂട്ടലുകളെ അപ്പാടെ അട്ടിമറിക്കുന്നതായിരുന്നു ക്ലോഡിയയുടെ ഇടപെടൽ. പാവപ്പെട്ടവരെ സഹായിച്ചും തന്റെ കീഴിലുള്ള ലഹരികടത്തു ഗ്രാമങ്ങളിൽ സിനലോവ കാർട്ടൽ കമ്പനിയുടെ സിഎസ്ആർ പരിപാടികൾ മുഖേന വികസന പ്രവർത്തനങ്ങൾ നടത്തിയും പ്രദേശവാസികളുടെ പിന്തുണ നേടാൻ ഗുസ്മാനെ സഹായിച്ചിരുന്നവരിൽ പ്രമുഖയായിരുന്നു ക്ലോഡിയ. ജനങ്ങളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതിനാൽ പലപ്പോഴും പൊലീസിനു വെട്ടിച്ച് രക്ഷപ്പെടാൻ ഈ മാഫിയ സംഘങ്ങൾക്കു സാധിച്ചിരുന്നു. ഗുസ്മാന്റെ പെൺരൂപമായിരുന്നു ക്ലോഡിയയെന്നാണു വിശേഷിപ്പിക്കപ്പെടുന്നത്.

ആഡംബര ജീവിതത്തോട് അമിതഭ്രമമുള്ള ക്ലോഡിയ മെക്സിക്കോയിൽ മോഹവിലയുള്ള മോഡൽ ആയിരുന്നു. സമൂഹമാധ്യമങ്ങളിലെ ഫോട്ടോകളിലൂടെയും ഇവർ വിവാദങ്ങളിൽ ഇടംപിടിച്ചു. സ്വന്തം മകനെ കിടക്കയിൽ കെട്ടുകണക്കിന് ഡോളറുകൾക്കിടയിലിട്ടുള്ള ചിത്രമായിരുന്നു അതിലൊന്ന്. ബിഎംഡബ്ല്യു കാറിൽ എകെ 47 സൂക്ഷിച്ച ചിത്രവും വൈറലായി. ആഡബംര കാറുകൾക്കും സിംഹത്തിനും ചീറ്റപ്പുലിക്കുമെല്ലാം ഒപ്പം ക്ലോഡിയയെടുത്ത ചിത്രങ്ങളും അവർക്ക് സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരെ സൃഷ്ടിച്ചു.നീന്തൽ വേഷത്തിലും ആഡംബര വസ്ത്രത്തിലുമെല്ലാമുള്ള ചൂടൻ ചിത്രങ്ങൾ വഴി മെക്സിക്കൻ യുവാക്കളുടെയും ഹരമായിരുന്നു ക്ലോഡിയ. ബിക്കിനി ധരിച്ച, അഴകളവുകളുള്ള കൊലയാളി, സർപ്പസുന്ദരി എന്നിങ്ങനെയായിരുന്നു രാജ്യാന്തരമാധ്യമങ്ങൾ ക്ലോഡിയയെ വിശേഷിപ്പിച്ചിരുന്നത്. ഇൻസ്റ്റഗ്രാമിലെയും താരങ്ങളിലൊരായിരുന്നു ക്ലോഡിയ.

സിനലോവ കാർട്ടലിന്റെ ബി ടീമായ ലോസ് ആന്ത്രാക്സിന്റെ തലവൻ ഹോസെ റോഡ്രിഗോ ഏരെചികയുടെ കാമുകിയായിരുന്നു ക്ലോഡിയയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 'ആന്ത്രാക്സിന്റെ മഹാറാണി'യെന്നായിരുന്നു അവരുടെ വിശേഷണം തന്നെ. ലഹരിക്കടത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സിനലോവ കാർട്ടൽ ചെയ്യുമ്പോൾ ആവശ്യമെങ്കിൽ കൊലപാതകങ്ങളിലൂടെ അവർക്കുള്ള വഴിയൊരുക്കിയിരുന്നത് ആന്ത്രാക്സ് സംഘമായിരുന്നു. സിനലോവയുടെ കൊലയാളി സംഘമെന്നു തന്നെ വിശേഷിപ്പിക്കാം ആന്ത്രാക്സിനെ.

ലഹരിക്കടത്തു സംഘത്തിന്റെ പ്രവർത്തനത്തിനു തടസ്സം നിൽക്കുന്നവരെ കണ്ടെത്തി കൊലപ്പെടുത്തുന്ന ആന്ത്രാക്സിന്റെ 'സംഘടിത' നീക്കങ്ങളുടെ തലപ്പത്തു പ്രവർത്തിച്ചത് ക്ലോഡിയയാണ്. 2014 മേയിൽ ഇവരെ കൊലപ്പെടുത്താനും ശ്രമമുണ്ടായി. എന്നാൽ ആളുമാറി വെടിയേറ്റു മരിച്ചത് മറ്റൊരു വനിതയായിരുന്നു. സിനലോവ കാർട്ടലിന്റെ പേരിൽ മെക്സിക്കോയിൽ അരങ്ങേറിയിരുന്ന പല കൊലപാതകങ്ങളുടെയും ആസൂത്രണത്തിനു പിന്നിൽ ക്ലോഡിയ ആയിരുന്നെങ്കിലും അവരെ കുരുക്കാൻ മാത്രം െപാലീസിനു കഴിഞ്ഞിരുന്നില്ല.

വാക്വീൻ ഗുസ്മാൻ എന്ന അധോലോക രാജാവ് കൊടുംക്രൂരതകൾക്കു വേണ്ടി ഉപയോഗിച്ചിരുന്ന സുന്ദരമായ മുഖമായിരുന്നു ക്ലോഡിയ എന്നതു പരസ്യമായ രഹസ്യമായിരുന്നു. എന്നാൽ െപാതുമധ്യത്തിൽ ഗുസ്മാനുമായുള്ള ബന്ധം ക്ലോഡിയ നിഷേധിച്ചിരുന്നു. ഗുസ്മാന്റെ നിർദേശങ്ങൾ കേട്ടു തുള്ളിയിരുന്നു ഒരു കളിപ്പാവയെന്നായിരുന്നു എൽ കീനോയെന്നു വിളിപ്പേരുള്ള ഹോസെയ്ക്കു മാധ്യമങ്ങൾ നൽകിയിരുന്ന വിശേഷണം

സെപ്റ്റംബർ 14ന് ഒരു ഫ്ലാറ്റിൽ ശ്വാസംമുട്ടിയാണ് ക്ലോഡിയ മരിച്ചതെന്നായിരുന്നു പൊലീസ് നിഗമനം. രക്തത്തിൽ അമിത അളവിൽ മദ്യത്തിന്റെ അംശവുമുണ്ടായിരുന്നു. വിഷവാതകമോ മറ്റെന്തെങ്കിലും ശ്വാസതടസ്സമുണ്ടാക്കുന്ന പദാർഥമോ ബലമായി ശ്വസിപ്പിച്ച് കൊലപ്പെടുത്തിയതാകാമെന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്.തലേന്ന് നൈറ്റ് പാർട്ടിയിൽ ഒരാൾക്കൊപ്പം ക്ലോഡിയ പങ്കെടുത്തതിനു തെളിവുകൾ ഉണ്ട്. നൈറ്റ് പാർട്ടിക്കു ശേഷം അപാർട്ട്മെന്റിൽ തിരിച്ചെത്തിയ ക്ലോഡിയയെ പിറ്റേന്നു രാവിലെ വിളിച്ചപ്പോൾ എണീക്കാതായതോടെയാണ് പൊലീസിനെ അറിയിച്ചത്. ഇവർക്ക് എന്തു സംഭവിച്ചുവെന്ന കാര്യത്തിൽ അന്വേഷണ സംഘത്തിനും വ്യക്തതയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടും വരാനിരിക്കുകയാണ്.

മെക്സിക്കോയുടെ പടിഞ്ഞാറൻ സംസ്ഥാനമായ ഹലീസ്‌കോയിലെ പ്രമുഖ നഗരമായ ഗ്വാഡലഹാരയിലെ കിണറ്റിൽ നിന്നു 44 മൃതദേഹങ്ങൾ കണ്ടെടുത്തതിനു തൊട്ടുപിന്നാലെയാണ് ക്ലോഡിയയുടെ ദുരൂഹമരണവും ചർച്ചയാകുന്നത്. മെക്സിക്കോയിൽ നൂറുകണക്കിനു ആളുകളാണ് മാഫിയ ചേരിപ്പോരിന്റെ പോരിൽ ദിവസവും കൊല്ലപ്പെടുന്നത്. ഈ െകാലപാതകങ്ങളുടെ കൂട്ടത്തിൽ ക്ലോഡിയയുടെ മരണത്തെ ചേർത്ത് വയ്ക്കുന്നവരുമുണ്ട്.

സിനലോവ, യാക്കൂസ, സൽവാട്രൂച്ച, കോസ നോസ്ട്ര

ലോകത്തെ നടുക്കുന്ന പത്തിലേറെ ഡ്രഗ്-മാഫിയാ കാർട്ടലുകൾക്ക് ഒന്നിച്ച് തിരശ്ശീലയിട്ടാൽ മാത്രമേ അമേരിക്കയ്ക്ക് ഈ വിപത്തിൽനിന്ന് മോചനം ഉണ്ടാവുകയയുള്ളൂവെന്നാണ് യുഎസ് സ്റ്റേറ്റ ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൂട്ടൽ. സിനലോവ-യാക്കുസ- സൽവാട്രൂച്ച കൂട്ടുകെട്ടാണ് ഇപ്പോൾ എറ്റവും ഭീതിദമായിട്ടുള്ളത്. സിനലോവക്ക് ഏറ്റവും വലിയ പിന്തുണ നൽകുന്നത്് ഇപ്പോൾ യാക്കുസയാണ്. ജപ്പാനിലെ പരമ്പരാഗത കുറ്റവാളി സംഘടനകൾക്ക് പൊതുവായി പറയുന്ന പേരാണ് യാക്കൂസ. ലോകത്തിലെ ഏറ്റവും പഴക്കമുള്ള കുറ്റവാളി സംഘടനകൂടിയാണ് ഇത്. ഇവ ഗോക്കുദോ, വയലൻസ് ഗ്രൂപ്പ് എന്നീ പേരുകളിലും അറിയപ്പെടുന്നു. 17ാം നൂറ്റണ്ടിലാണ് ഇത് സ്ഥാപിതമായതെന്ന് കരുതപ്പെടുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കുറ്റകൃത്യ സംഘടനകളിൽ ഒന്നാണ് യാക്കൂസ. ജപ്പാനിൽത്തന്നെ ഇതിന് ഏതാണ്ട് 84,700 അംഗങ്ങളുണ്ട്.. ഭീഷണിപ്പെടുത്തി പണം വാങ്ങൽ , നിയമ വിരുദ്ധ ചൂതാട്ടം, ചൂതാട്ടകേന്ദ്രം, വേശ്യാവൃത്തി, കള്ളക്കടത്ത് എന്നിവയാണ് ഇവരുടെ പ്രധാന വരുമാന മേഖലകൾ. ഇവരിലെ ഒരു വിഛാഗമാണ് സിനലോവയുമായി കൈ കോർത്തത്.

മെക്സിക്കോയിലുള്ള ഈ സംഘങ്ങൾക്ക് പക്ഷേ അമേരിക്കയിൽ പിന്തുണ നൽകുന്നത് സാത്താൻ ആരാധകർ ആണെന്ന് കരുതുന്ന സൽവാ ട്രൂച്ചയാണ്. അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രീകരിച്ച ഈ ഗ്യാങ്ങിന്റെ പാർട്ടികൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി വരുന്ന മയക്കുമരുന്ന് മറച്ച് കടത്തിക്കൊണ്ടാണ് ഇവർ വിതരണ മേഖലയിലേക്ക് കടക്കുന്നത്. ഇപ്പോൾ വൻതോതിലുള്ള ആയുധ ശേഖരവും, അത്യാധുനിക സംവിധാനങ്ങളുമൊക്കെയായി അവർ അമേരിക്കയെ വിറപ്പിക്കായാണ്. ഇന്ന് യുഎസ് സ്റ്റേറ്റ ഡിപ്പാർട്ട്മെന്റിന്റെ നമ്പർ വൺ ഹിറ്റ് ലിസ്റ്റിലാണ് ഇവർ ഉള്ളത്. കടുത്ത വംശീയ വാദികൾ കൂടിയാണ് ഈ സംഘം. അമേരിക്കയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേർക്കുള്ള ആക്രമണങ്ങൾ ഉണ്ടായപ്പോൾ ഇവർ പ്രതിക്കൂട്ടിലായിരുന്നു. നോർത്ത് ടെക്‌സാസിലെ ലേക്ക് ഹൈ ലാൻഡ്‌സിലെ ഹിന്ദു മന്ദിർ ആണ് ആക്രമിക്കപ്പെട്ടപ്പോൾ, ക്ഷേത്രത്തിന്റെ ചുമരിൽ മാര സൽവാട്രൂച്ച എന്ന സംഘത്തിന്റെ മുദ്രകൾ പതിപ്പിച്ചത് ഏറെ ചർച്ചയായിരുന്നു.

മറ്റൊരു വാണ്ടഡ് മാഫിയ കാർട്ടൽ ആയ കോസ നോസ്ട്ര ഇറ്റലിയിൽ നിന്ന് തുടങ്ങി ന്യൂയോർക്കിൽ എത്തിയ മാഫിയാ സംഘമാണ്. മെക്സിക്കോയിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വേരുകളുള്ള ഇവർ സിനലോവ കാർട്ടലിന്റെ കടുത്ത ശത്രുക്കളായാണ് അറിയപ്പെടുന്നത്. ഈ സംഘങ്ങളുടെ ഏറ്റുമുട്ടലുകൾ അമേരിക്കയും മെകിസ്‌ക്കോയും നേരിടുന്ന വലിയ ക്രമസമാധാന പ്രശ്നമാണ്. ഈ രീതിയിലുള്ള പത്തോളം സംഘടനകളെയാണ് അമേരിക്ക ഭീകരസംഘടനകളായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP